Thursday, October 13, 2011

വാഴ്ത്തപ്പെടുന്ന വക്കീല്‍, വീഴ്ത്തപ്പെടുന്ന സി.കെ.പി


സിപിഎമ്മില്‍ നിന്ന് തരംതാഴ്ത്തപ്പെട്ട സികെപി പത്മനാഭനെ ഈയിടെ ചില മാധ്യമപ്രവര്‍ത്തകര്‍ കാണാന്‍ ചെന്നു. സി കെ പി പറമ്പില്‍ തൂമ്പായെടുത്ത് കൃഷിപ്പണി ചെയ്യുകയായിരുന്നു.
പാര്‍ട്ടിയുടെ ശിക്ഷ ഏറ്റുവാങ്ങിയ സി കെ പി ആരോടും പ്രതികരിക്കാതെ വളരെ ശാന്തനായി വീട്ടിലെ കൃഷിപ്പണിയൊക്കെ ചെയ്ത് കഴിഞ്ഞുകൂടുന്നു.ഇനി കഴിഞ്ഞദിവസം തലശേരി കോടതിയില്‍ കണ്ട കാഴ്ചയിലേക്ക്. കോഴിക്കോട് സംഭവത്തിന്റെ പേരില്‍ അക്രമം നടത്തി പൊലീസ് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐക്കാരെ കോടതിയില്‍ ഹാജരാക്കുന്നു. പ്രതികള്‍ക്കു വേണ്ടി ഹാജരായത് സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ജില്ലാ സെക്രട്ടറി പി ശശി.ഇനി പറയൂ സഖാക്കളേ ഈ പാര്‍ട്ടിയില്‍ വാഴ്ത്തപ്പെട്ടവനാര്, വീഴ്ത്തപ്പെട്ടവനാര്? പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തുക മാത്രം ചെയ്തിട്ടുള്ള പ്രമുഖ നേതാവായ സി കെ പി പദ്മനാഭന് പാര്‍ട്ടി സമ്മേളനകാലത്തു പോലും പ്രസംഗിക്കാനൊരു വേദിയില്ല. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ പി ശശിക്കാകട്ടെ പാര്‍ട്ടികേസുകള്‍ കൈയോടെ കിട്ടുന്നു. അപ്പോള്‍ ശരിക്കും പുറത്തായത് സി കെ പിയല്ലേ?

ശശിയുടെ 'ഞരമ്പുരോഗം' കുത്തിപ്പൊക്കിയതോടെയാണ് സി കെ പി പാര്‍ട്ടിക്ക് അനഭിമതനായത്. കര്‍ഷകസംഘത്തിന്റെ ഓഫീസ് സെക്രട്ടറി ലക്ഷങ്ങള്‍ തട്ടിയതിന്റെ പേരില്‍ സി കെ പിയെ കള്ളനാക്കി പാര്‍ട്ടിയില്‍ ഒതുക്കി. പ്രവര്‍ത്തകരെ ഭയന്നിട്ടാകണം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ല. എന്നാല്‍ പുറത്താക്കിയതു പോലെ തന്നെയാണു താനും. കാരണം പാര്‍ട്ടി അണികളോട് സംവദിക്കാന്‍ ഒരു വേദി സി കെ പിക്ക് എവിടെയും കൊടുക്കുന്നില്ല. അതു കൊണ്ട് തൂമ്പായെടുത്ത് വീട്ടില്‍ കൃഷിപ്പണിയെടുത്ത് കഴിഞ്ഞുകൂടുന്നു പാവം സി കെ പി.പി ശശിയുടെ വിഷയം സദാചാരപ്രശ്‌നമായിരുന്നെങ്കിലും ശശിക്ക് ഞരമ്പുരോഗമാണെന്നും കോയമ്പത്തൂരില്‍ ചികില്‍സയ്ക്ക് പോവുകയാണെന്നും പറഞ്ഞ് മുഖം പരമാവധി രക്ഷിക്കാന്‍ നോക്കിയവരാണ് പി ജയരാജനടക്കമുള്ള നേതാക്കള്‍. ശശിയെ രക്ഷിക്കാന്‍ പതിനെട്ടടവും പയറ്റി. രക്ഷയില്ല. ശശിയെ നിലനിര്‍ത്താന്‍ ഏറെക്കാലം പ്രയത്‌നിച്ചതിനൊടുവിലാണ് മനസില്ലാ മനസോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പക്ഷേ സി കെ പിയെ പോലെ കൃഷിപ്പണി ചെയ്യാന്‍ ശശി പഠിച്ചിട്ടില്ല, സന്നദ്ധനുമല്ല. വക്കീല്‍പണി പഠിച്ചിട്ടുണ്ട്.
 
പക്ഷേ കേസില്ലാ വക്കീലായി ശശി സഖാവ് ഓഫീസില്‍ അടയിരിക്കുന്നത് പാര്‍ട്ടിനേതൃത്വം എങ്ങനെ സഹിക്കും? പാര്‍ട്ടിയുടെ കേസെല്ലാം ശശി സഖാവിനങ്ങു വിട്ടുകൊടുക്കുക, അത്രതന്നെ. പാര്‍ട്ടികേസുകള്‍ വാദിച്ച് ശശി സഖാവ് പാര്‍ട്ടിയുമായി അടുക്കും, ബന്ധം ദൃഢപ്പെടും. വളരെ പെട്ടെന്ന് ഈ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്യും.അല്ലേലും സി പി എമ്മിനെന്താ കേസു വാദിക്കാന്‍ പാര്‍ട്ടിക്കാരായ വക്കീലന്മാരില്ലാഞ്ഞിട്ടാണോ? പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ തന്നെ കേസ് ഏല്‍പ്പിക്കണമെന്ന് വല്ല നിര്‍ബന്ധവുമുണ്ടോ? ഇതിനൊക്കെ ഉത്തരം തേടുമ്പോള്‍ ശശി സഖാവിന്റെ ഈ പാര്‍ട്ടിയിലെ പ്രസക്തി തെളിഞ്ഞുവരും. സി കെ പിയുടെ അപ്രസക്തിയും.
സി.പി.എമ്മും കണ്ണൂര്‍ എസ്.പിയും തലശേരിയിലെ സി പി എം ഏരിയാ ഓഫീസില്‍ പൊലീസ് കയറിയാല്‍ പാര്‍ട്ടിനേതാക്കളെന്തിന് ഭയക്കണം? പൊലീസിനെ അക്രമിച്ച ഡി വൈ എഫ് ഐക്കാര്‍ പാഞ്ഞുകയറിയത് പാര്‍ട്ടി ഓഫീസില്‍. സ്വാഭാവികമായൊരു കാര്യം. അവരെ പിടികൂടാന്‍ പൊലീസ് പാര്‍ട്ടി ഓഫീസ് വളയുകയെന്നതും സ്വാഭാവികം.
 
അക്രമികളെ കൈയോടെ പിടികൂടുന്നതാണല്ലോ നല്ലത്. എന്നിട്ടും തലശേരിയിലെ സി പി എം ഓഫീസില്‍ കയറി പ്രതികളെ പിടികൂടുന്നതിന് തടസമുണ്ടായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഇടപെട്ടു. കണ്ണൂര്‍ എസ് പി അനൂപ് കുരുവിളാ ജോണുമായി പിണറായി വിജയന്‍ സംസാരിച്ചതിനെ തുടര്‍ന്ന് സി പി എം ഓഫീസില്‍ റെയ്ഡ് നടത്താന്‍ മുതിര്‍ന്ന പൊലീസിനെ എസ് പി ഇടപെട്ട് പിന്തിരിപ്പിച്ചു. പ്രതികളെ പാര്‍ട്ടി ഹാജരാക്കുമെന്ന് പിണറായി ഉറപ്പു നല്‍കിയത്രേ. പാര്‍ട്ടി ഓഫീസില്‍ അക്രമികളെ കൈയോടെ പിടികൂടാന്‍ സൗകര്യമുള്ളപ്പോള്‍ പൊലീസിന് വാടകപ്രതികളുടെ ആവശ്യമെന്താണ്? സി പി എം ഭരിക്കുമ്പോഴുള്ളൊരു പതിവായിരുന്നു ഏതു കേസിലും പാര്‍ട്ടി പ്രതികളെ ഹാജരാക്കുകയെന്നത്. കേസില്‍ ഹാജരാകാന്‍ മാത്രം പാര്‍ട്ടി പോറ്റുന്ന കുറേ വാടകപ്രതികള്‍ സി പി എമ്മിനുണ്ട്. കേസ് കോടതിയിലെത്തുമ്പോഴാണ് ഇവരുടെ കുറ്റം തെളിയിക്കാനാകാതെ വരിക. പാര്‍ട്ടി ഹാജരാക്കുന്ന പ്രതികള്‍ ആ സമയത്ത് മറ്റേതെങ്കിലും സ്ഥലത്തുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവ് പ്രതിഭാഗം അഭിഭാഷകന്‍ ഹാജരാക്കും. പ്രതികളെ വെറുതേവിടും.

തലശേരിയില്‍ പൊലീസിനെ അക്രമിച്ചവരെ കൈയോടെ പിടികൂടുന്നതിന് സാഹചര്യമുണ്ടായപ്പോള്‍ കണ്ണൂര്‍ എസ് പി തന്റെ കീഴുദ്യോഗസ്ഥരെ പിന്തിരിപ്പിച്ചത് എന്തുദ്ദേശിച്ചാണെന്നറിയില്ല. പൊലീസുദ്യോഗസ്ഥരെ സി പി എം ഭരണകാലത്ത് ചെയ്തതുപോലെ പാര്‍ട്ടിയുടെ അടിമപ്പണിയെടുപ്പിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പൊലീസുദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കുമ്പോള്‍ ചില പോലീസുദ്യോഗസ്ഥര്‍ സി പി എം വിധേയത്വം പ്രകടിപ്പിക്കാന്‍ ഈയൊരു സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ഗൗരവമേറിയ കാര്യമാണ്. സി പി എമ്മിന്റെ ദാസ്യപ്പണിയെടുത്ത് ശീലിച്ചിട്ടുള്ള ചില ഉദ്യോഗസ്ഥര്‍ ശീലം മാറ്റിയില്ലെങ്കില്‍ അത് ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നേ പറയാനുള്ളൂ.

No comments:

Post a Comment

Note: Only a member of this blog may post a comment.