തൃശൂര്‍: ഇന്ത്യയില്‍ ഇടതുപഷം ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറി നിര്‍ജ്ജീവാവസ്ഥയിലേക്ക് മാറിയെന്നും അതിനാല്‍ ചട്ടക്കൂടുകളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയണമെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായ്. എം.എന്‍ വിജയന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ -എം.എന്‍ വിജയന്‍ പഠനഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ബദലായി വ്യാവസായിക വത്കരണത്തെ കണ്ട ബുദ്ധദേവും രാഷ്ട്രീയ പ്രമാണിയായി അവരോധിക്കപ്പെട്ട പിണറായി വിജയന്‍മാരുമൊക്കെയാണ് ഇടത് പകഷത്തെ ഇല്ലാതാക്കുന്നത്. ദേശീയ വിഷയങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ വയ്യാതെ നില്‍ക്കുന്ന ഇടതുപക്ഷം പ്രായോഗികമായി നിലവിലില്ലാതായി കഴിഞ്ഞിരിക്കുന്നു എന്നും പ്രഫുല്‍ പറഞ്ഞു.
നവസാമ്പത്തിക ഉദാര വത്കരണകാലത്ത് ജപ്പാനില്‍ സമ്പന്നര്‍ നല്‍കുന്ന നികുതി എണ്‍പത് ശതമാനത്തോളമാണ്. പല യുറോപ്യന്‍ രാജ്യങ്ങളിലുമിത് അറുപത് ശതമാനം വരെയാണ്. എന്നാല്‍ ഇന്ത്യയില്‍ പതിനാല് ശതമാനം മാത്രമാണ് സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്ന വ്യക്തികള്‍ നല്‍കേണ്ട നികുതി. പ്രായോഗിക തലത്തിലെത്തുമ്പോഴിത് പൂജ്യമായി മാറുന്നു.
ഇത്തരം പ്രവണതകള്‍ക്കെതിരെ പോരാടാനുള്ള ശേഷിയും കാഴ്ചപ്പാടും ഇന്ത്യയിലെ ഇടതു പക്ഷത്തിനിപ്പോഴില്ല. പാര്‍ട്ടിയെപറ്റിയും രാജ്യത്തെപ്പറ്റിയും വികസനത്തെപ്പറ്റിയും തന്നെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ കാഴ്ചപ്പാട് അധപതിച്ചിരിക്കുന്നു. അത് കൊണ്ടാണ് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ ഇന്തേനേഷ്യയിലെ നദീം ഗ്രൂപ്പിനെ വികസനത്തിന്റെ പേര് പറഞ്ഞ് ബംഗാളിലേക്ക് വിളിച്ചു കൊണ്ടുവന്നത്. മുന്‍പ് സി.പി.ഐ.എം രാജ്യത്തിലെ ഏറ്റവും ദരിദ്രവിഭാഗങ്ങള്‍ക്ക് ഒപ്പമായിരുന്നു. എന്നാലിന്ന് പാര്‍ട്ടി പുത്തന്‍ നവീകരണ വാദികള്‍ക്കും പണക്കാര്‍ക്കും വേണ്ടിയാണ് നിലകൊള്ളുന്നത്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിലേക്ക് രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തി എത്തിയെന്ന വാര്‍ത്ത ഈയിടെയാണ് നമ്മളെല്ലാവരും വായിച്ചത്. ഇവിടെയും ഇത്തരത്തില്‍ സമ്പന്നനായ വ്യക്തിയെ പിണറായി വിജയന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് കൊണ്ട് വന്നാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ആഗോള പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക വേണ്ടി മാത്രല്ല സ്വന്തം രാജ്യത്തിന് വേണ്ടിയും രാജ്യത്തിനകത്തും പുറത്തും നടക്കുന്ന പ്രധാന പ്രശ്‌നങ്ങളെ കുറിച്ചും ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടിക്ക കഴിയണം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോഴത് സംഭവിക്കുന്നില്ല. അത് കൊണ്ടാണ് ബംഗ്ലാദേശിനെതിരെയും നേപ്പാളിനെതിരെയും ഇന്ത്യ വല്ല്യേട്ടന്‍ മനോഭാവം വെച്ച് പുലര്‍ത്തുമ്പോള്‍ എതിര്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തത്. ബംഗ്ലാദേശിന് വെള്ളം കൊടുക്കുന്ന കാര്യത്തിലും നേപ്പാളുമായുള്ള ഗതാഗത പ്രശ്‌നങ്ങളിലും പ്രതികരിക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിയുന്നില്ല.
അത് പോലെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലും ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിയാതെ പോവുന്നു. അടുത്ത കാലത്തായി കടല്‍ വെള്ളം ആറ് മീറ്റര്‍ ഉയര്‍ന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കില്‍ അടുത്തു തന്നെ ഏതാണ്ട് മുപ്പത്തിമൂന്നോളം ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാവും. ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും അതിനെതിരെ പ്രതികരിക്കാനും പാര്‍ട്ടിക്ക് കഴിയാതെ പോവുന്നു.
ഇന്ന് സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നവരെ സി.പി.ഐ.എം ആട്ടിയോടിക്കുകയാണ്. അതേ സമയം പാര്‍ട്ടിയെ ബാധിക്കുന്ന പലകാര്യങ്ങളിലും ബുദ്ധിജീവികള്‍ മൗനം പാലിക്കുന്ന പ്രവണതയാണ് കണ്ട് വരുന്നത്. ഉദാഹരണത്തിന് നന്ദിഗ്രാം പ്രശ്‌നത്തെ കുറിച്ച് പ്രഭാത് പട്‌നായിക്കിനോട് അഭിപ്രായമാരാഞ്ഞപ്പോള്‍ പാര്‍ട്ടി ഫോറത്തില്‍ പറയാം പൊതുവേദിയില്‍ പറ്റില്ല എന്നായിരുന്നു മറുപടി. പാര്‍ട്ടി ഫോറത്തില്‍ അദ്ദേഹം രൂക്ഷമായി പരിഹസിക്കപ്പെടുകയാണ് ചെയ്തത്. ഇത്തരം ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് ബുദ്ധി ജീവികള്‍ പുറത്ത് വരണം. ഇങ്ങിനെ ചട്ടക്കൂടുകളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ് പുറത്തുവന്ന് വളരെ പെട്ടെന്ന് വലിയ ശബ്ദമായി മാറിയ വ്യക്തിയായിരുന്നു എം.എന്‍. വിജയന്‍. പ്രഫുല്‍ ബിദ്വായ് പറഞ്ഞു
No comments:
Post a Comment
Note: Only a member of this blog may post a comment.