Tuesday, October 18, 2011

അണ്ണാ ഹസാരെ സംഘം കലഹിച്ചുപിരിയുമ്പോള്‍


Imageഅഴിമതിക്കെതിരെ സത്യാഗ്രഹ സമരവുമായി രംഗത്തുവന്ന അണ്ണാ ഹസാരെയുടെ സന്നദ്ധ സംഘത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും പരസ്പരം കലഹിച്ചുപിരിയുകയും ചെയ്യുന്ന അവസ്ഥ വളരെ കൗതുകത്തോടെയാണ് രാജ്യം വീക്ഷിക്കുന്നത്.
വ്യത്യസ്ത നിലപാടുകളും രാഷ്ട്രീയ ഭിന്നതകളും വച്ചുപുലര്‍ത്തുന്ന വ്യക്തികള്‍ അണ്ണാ ഹസാരെയുടെ ജനപ്രീതിയെ തങ്ങള്‍ക്കിഷ്ടമുള്ള മാര്‍ഗത്തിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി നേരത്തെതന്നെ സൂചനകളുണ്ടായിരുന്നു. കാശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് സംഘത്തിലുള്ള ഒരാള്‍ നടത്തിയ അഭിപ്രായത്തെ അണ്ണാ ഹസാരെ തന്നെ കഴിഞ്ഞദിവസം നിഷേധിച്ചു. ഹിസാര്‍ തെരഞ്ഞെടുപ്പില്‍  അണ്ണാ ഹസാരെ സംഘത്തിലെ പ്രതിനിധികള്‍ എടുത്ത കക്ഷിരാഷ്ട്രീയ പ്രേരിതമായ നിലപാടും ഇപ്പോള്‍ രൂക്ഷമായ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നു. അണ്ണാ ഹസാരെ സംഘത്തിലെ രണ്ട് പ്രമുഖ അംഗങ്ങള്‍ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇന്നലെ രാജിവെച്ച് പിരിഞ്ഞു. ഏകതാ പരിഷത്ത് നേതാവും മലയാളിയുമായ ബി.പി രാജഗോപാല്‍ ആണ് അതില്‍ ഒരംഗം. മറ്റൊരാള്‍ രാജേന്ദ്രസിംഗും. അണ്ണാ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജരിവാള്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രകോപിതരായാണ് ഇരുവരുടെയും രാജി. കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പുറത്തുവരുന്ന പ്രസ്താവനകളും അഭിപ്രായങ്ങളും തങ്ങള്‍ പേറേണ്ടിവരുന്നു എന്ന് രാജിവെച്ചവര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
 
ഹിസാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവനയോട് സംഘത്തിലുള്ള എല്ലാവര്‍ക്കും യോജിപ്പില്ല. ശാന്തിഭൂഷന്റെ ജമ്മു കാശ്മീര്‍ പ്രസ്താവനയെ തുടര്‍ന്നുണ്ടായ ഭിന്നിപ്പിനുപുറമേയാണ് കഴിഞ്ഞദിവസത്തെ പുതിയ സംഭവവികാസങ്ങള്‍. രണ്ടുദിവസങ്ങളിലായി മൗനവ്രതം അനുഷ്ഠിക്കുന്ന അണ്ണാ ഹസാരെ ഇന്നലെ ബ്ലോഗിലൂടെ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടുപേരുടെ രാജി തന്റെ ലക്ഷ്യത്തെ ബാധിക്കില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. പക്ഷേ അരവിന്ദ് കെജരിവാള്‍ രാജി വാര്‍ത്തതന്നെ നിഷേധിച്ചിരിക്കുകയാണ്. അരവിന്ദിനെതിരെയാണ് രാജിവെച്ച അംഗങ്ങള്‍ ഭിന്ന അഭിപ്രായം വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ രാജിവാര്‍ത്ത നിഷേധിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വകാര്യ ആവശ്യമാകാം. ശാന്തിഭൂഷണ്‍, കിരണ്‍ബേദി, സന്തോഷ് ഹെഗ്‌ഡെ, മനീഷ് സിസോദിയ തുടങ്ങി 24 പേരടങ്ങുന്ന കോര്‍ ഗ്രൂപ്പാണ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന് നേതൃത്വം നല്‍കിവന്നത്. ജനലോക്പാല്‍ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ തുടക്കം മുതല്‍ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. സ്വാമി അഗ്നിവേശിനെ ആരംഭത്തില്‍ തന്നെ സംഘം തഴഞ്ഞു. ഹസാരെ സംഘത്തിന് ജനാധിപത്യ ബോധം തൊട്ടുതീണ്ടിയിട്ടില്ലെന്ന് ആരോപിച്ച് കഴിഞ്ഞദിവസം അഗ്നിവേശ് വീണ്ടും രംഗപ്രവേശം ചെയ്തു.
 
ഭിന്നാഭിപ്രായമുള്ളവരെ ഒറ്റപ്പെടുത്തി പുറത്താക്കാനുള്ള ശ്രമമാണ് സംഘം നടത്തുന്നതെന്ന് അഗ്നിവേശ് കുറ്റപ്പെടുത്തുന്നു. ഹിസാര്‍ തെരഞ്ഞെടുപ്പില്‍ സംഘം സ്വീകരിച്ച രാഷ്ട്രീയ നിലപാടിനോടും അദ്ദേഹം യോജിക്കുന്നില്ല. ഹസാരെയെ മുന്‍നിര്‍ത്തി തീരുമാനങ്ങളെല്ലാം എടുക്കുന്നത് ഉദ്യോഗസ്ഥ ദുഷ്പ്രഭു ആയിരുന്ന കെജരിവാള്‍ ആണെന്ന് അഗ്നിവേശ് ആരോപിച്ചു. രാംലീല മൈതാനിയില്‍ ഉപവാസം സമരം നടത്തുമ്പോള്‍ 'അണ്ണയാണ് ഇന്ത്യ, ഇന്ത്യയാണ് അണ്ണ' എന്ന കിരണ്‍ ബേദിയുടെ വൈകാരികമായ പ്രതികരണം രാജ്യത്തെ ജനാധിപത്യ വാദികളുടെ നെറ്റി ചുളിപ്പിച്ചിരുന്നു. പ്രശാന്ത് ഭൂഷണും അരവിന്ദ് കെജരിവാളും അന്നുതന്നെ കിരണ്‍ ബേദിയുടെ അഭിപ്രായത്തെ തിരുത്താന്‍ മുന്നോട്ടുവന്നത് ഓര്‍ക്കുന്നു. ഇങ്ങനെയുള്ള അഭിപ്രായ ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോയ സംഘം ഹിസാറിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലും പങ്കെടുത്തപ്പോള്‍ അംഗങ്ങളുടെ രാഷ്ട്രീയ പക്ഷപാതം മറനീക്കി പുറത്തുവരികയായിരുന്നു. സന്തോഷ് ഹെഗ്‌ഡെയെപ്പോലുള്ള ആളുകള്‍ അതില്‍ ഖിന്നരാണ്. പൊതുസമൂഹത്തിന്റെ പ്രതിനിധികളായി ഭാവിച്ച് രഹസ്യമായി രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ അഴിമതിയെന്ന തിന്മയെ ആയുധമാക്കുകയാണ് സംഘം ചെയ്തത്.
 

No comments:

Post a Comment

Note: Only a member of this blog may post a comment.