Monday, October 17, 2011

നേതൃസ്ഥാനം പിടിക്കാന്‍ കോടിയേരിയുടെ നാടകം


കോട്ടയം: ലോകത്തിനു മുന്നില്‍ സാംസ്‌കാരിക കേരളത്തെ നാണം കെടുത്തി പ്രതിപക്ഷം നിയമസഭയില്‍ നടത്തുന്ന അഴിഞ്ഞാട്ടത്തിനു പിന്നില്‍ സി.പി.എമ്മിലെ വിഭാഗീയത.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന അവസരത്തില്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവിനെക്കാള്‍ കേമനാണ് ഉപനേതാവെന്ന് തെളിയിക്കാന്‍ കോടിയേരി നടത്തിയ നാടകമായിരുന്നു കഴിഞ്ഞ ദിവസം വാച്ച് ആന്‍ഡ് വാര്‍ഡിനു നേരെയുണ്ടായ അക്രമത്തില്‍ കലാശിച്ചത്. തന്നെ വെട്ടിനിരത്താന്‍ കോടിയേരി നടത്തിയ കള്ളക്കളി വെളിച്ചത്തായതോടെ താനും ഒട്ടും മോശമല്ലെന്ന് തെളിയിക്കാന്‍ വി.എസും രണ്ടും കല്‍പ്പിച്ചുള്ള കളിക്കിറങ്ങിയതോടെയാണ് കേരളചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത നിര്‍ഭാഗ്യസംഭവങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. പ്രതിപക്ഷനേതാവ് സഭയിലില്ലാത്ത ദിവസം നോക്കി വ്യക്തമായ തിരക്കഥയില്‍ വേണ്ടത്ര മുന്നൊരുക്കങ്ങളുമായി തന്നെയാണ് രാജേഷിനെയും ജയിംസ് മാത്യുവിനെയും കോടിയേരി വെള്ളിയാഴ്ച്ച കളത്തില്‍ ഇറക്കിയത്. സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ അടുത്ത കാലത്ത് ഉണ്ടായ ചില മലക്കം മറിച്ചിലുകളും നേതൃസ്ഥാനത്തേയ്ക്ക് കോടിയേരിയുടെയും ഐസക്കിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ചരടു വലികളും കൂട്ടിവായിക്കേണ്ടതുണ്ട്. പാര്‍ട്ടി നേതൃസ്ഥാനം ലക്ഷ്യമിട്ട് കോടിയേരി നീക്കം നടത്തുന്നത് ഇതാദ്യമായല്ല താനും. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന അവസരത്തില്‍ ശൂരത്വം തെളിയിക്കാന്‍ നേതൃസ്ഥാനത്തേയ്ക്ക് കണ്ണും നട്ട് ഇരിക്കുന്ന കോടിയേരിക്ക് അവസരം ആവശ്യമായിരുന്നു.
ഇതിനായി പ്രതിപക്ഷനേതാവ് സഭയിലില്ലാത്ത ദിവസം തെരഞ്ഞെടുത്ത് ജയിംസിനെയും രാജേഷിനെയും ചാവേറായി നിയോഗിക്കുകയായിരുന്നു. സഭയിലെ ദൃശ്യങ്ങളില്‍ ഇക്കാര്യം ശരി വയ്ക്കും വിധമാണ് താനും. കോടിയേരിയുടെ അടുത്തെത്തി അനുവാദം വാങ്ങിയ ശേഷമാണ് ജയിംസ് മാത്യുവും രാജേഷും മുന്നിലേയ്ക്ക് കുതിക്കുന്നത്.  പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള നേതാക്കളുടെ പീഡനങ്ങളുടെ പരാതി വാര്‍ത്തകളില്‍ നിറയുന്നതും പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനും വിദ്യാര്‍ഥികളെ തെരുവിലിറക്കുന്നതടക്കം പല സമരമുഖങ്ങളും സി.പി.എം പരീക്ഷിച്ചിരുന്നു. എന്നാല്‍ വിദ്യാഭ്യാസമേഖലയില്‍  നടത്തിയ സമരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ആത്മാര്‍ഥതയെ പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്തു തുടങ്ങിയത് തിരിച്ചടിയാകുകയായിരുന്നു. മുന്‍ എം.എല്‍.ഏ വി.എന്‍ വാസവന്‍ അടക്കമുള്ള സി.പി.എം നേതാക്കളുടെ മക്കളുടെ കാര്യത്തില്‍ നേതൃത്വം സ്വീകരിച്ച ഇരട്ടത്താപ്പ് പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്തതോടെയാണ് സമരത്തിന്റെ പത്തി താഴ്ത്താന്‍ നേതൃത്വം നിര്‍ബന്ധിതരായത്. പല വഴികളും അടഞ്ഞ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് കോടിയേരി തരക്കേടില്ലാത്ത തിരക്കഥയുമായി രംഗത്ത് എത്തുന്നത്.
വനിതാ നിയമപാലകരെ ആക്രമിച്ച മുന്‍പരിചയം ടി.വി.രാജേഷിന് ചാവേറാകാനുള്ള അധികയോഗ്യതയുമായി. കുട്ടിസഖാവിന്റെ മൃഗയാ വിനോദത്തില്‍ വനിതാ നിയമപാലകര്‍ക്ക് പരിക്കേല്‍ക്കുന്നത് ഇതാദ്യമായല്ല. നടുറോഡില്‍ നിയമപാലകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് ഒരാഴ്ച തികയും മുന്‍പാണ് നീതിപാലകര്‍ക്കുനേരെ വീണ്ടും ആക്രമണം.ഡി.വൈ.എഫ്.ഐ. നേതാവുകൂടിയായ ടി.വി. രാജേഷ് വേട്ടക്കാരനാകുമ്പോള്‍ ഇരകളാകുന്നതാകട്ടെ വനിതാ നിയമപാലകരാണെന്നതും ശ്രദ്ധേയമാണ്. വെഞ്ഞാറമ്മൂട്ടില്‍ നടുറോഡില്‍ വച്ച് എസ്.ഐയെ കൈയ്യേറ്റം ചെയ്ത എം.എല്‍.എ.യും സംഘവും ഒപ്പമുണ്ടായിരുന്ന വനിതാ പോലിസിനെ അസഭ്യവര്‍ഷംകൊണ്ടാണ് അന്ന്  നേരിട്ടത്.രാജേഷിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ എസ്.ഐയും വനിതാ പോലീസും ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ച് ചെയ്യപ്പെട്ട് ഒരാഴ്ച തികയും മുന്‍പാണ് നിയമസഭയ്ക്കുള്ളില്‍ നിയമപാലകരെ കൈയ്യേറ്റം ചെയ്തതെന്നത് നിയമവാഴ്ചയോടുള്ള സി.പി.എമ്മിന്റെ വെല്ലുവിളിയാണ്. സെപ്റ്റംബര്‍ 30-നാണ് വെഞ്ഞാറമൂട്ടില്‍ എസ്.ഐ.യെ ആക്രമിച്ചതിനും വനിതാ പോലീസിനുനേരെ അപമര്യാദയായി പെരുമാറിയതിനും പോലീസ് കേസെടുത്തത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുക, സ്ത്രീകളോട് അസഭ്യമായി പെരുമാറുക എന്നീ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാത്ത വകുപ്പുകള്‍പ്രകാരമായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സ്വകാര്യ കാറില്‍ വന്ന എം.എല്‍.എയുടെ വാഹനം വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് തടഞ്ഞതാണ് അന്ന് രാജേഷിനെ പ്രകോപിപ്പിച്ചത്. നടുറോഡില്‍ എം.എല്‍.എയുടെയും സംഘത്തിന്റെയും ക്രൂരമായി മര്‍ദനത്തിനിരയായി തളര്‍ന്നുവീണ എസ്.ഐ. തോമസിനെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താന്‍ ഗതാഗതനിയമം ലംഘിച്ചാല്‍ പിടിക്കുന്നവര്‍ക്ക് 500 രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് മാതൃക ആയപ്പോഴാണ് ഗതാഗതനിയമം ലംഘിച്ചത് ചോദ്യം ചെയ്യാനൊരുങ്ങിയ പോലീസിനെ സി.പി.എം. എം.എല്‍.എ ആക്രമിച്ചത് എന്നത് സി.പി.എമ്മിന്റെ ഫാസിസ്റ്റ് മുഖം കൂടിയാണ് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.

No comments:

Post a Comment

Note: Only a member of this blog may post a comment.