Thursday, October 27, 2011

വരുന്നു വീണ്ടും പിണറായി, അച്യുതാനന്ദന്‍ പോര് അഥവാ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സിനുവേണ്ടി സിപിഐഎം ഒരുങ്ങുമ്പോള്‍ അത് പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തമ്മിലുള്ള 'ആശയപോരാട്ട'ത്തിന്റെ അരങ്ങുറപ്പിക്കല്‍ കൂടിയായി മാറുന്നു.

നിരവധി വെട്ടിനിരത്തലുകള്‍ക്കൊടുവില്‍ ബ്രാഞ്ച് തല യോഗങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങള്‍ തുടങ്ങുമ്പോള്‍ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് അണികളുടെ മനസ്സില്‍ ഉയരുന്നത്. ഒന്ന് തുടര്‍ച്ചയായ നാലാം തവണയും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമോ? രണ്ട്, 87ാം വയസ്സിലും കൂടുതല്‍ കരുത്തുകാട്ടുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യാതനന്ദന്റെ കാലുകള്‍ വിലങ്ങിട്ടു പൂട്ടുമോ?

പാര്‍ട്ടി തുടര്‍ച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിഎസ് എന്നും പിണറായിയെന്നും രണ്ടു പക്ഷം പാര്‍ട്ടിയില്‍ സജീവമാണ്. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയാകുമ്പോഴും വിഎസ് കൂടുതല്‍ കൂടുതല്‍ ദുര്‍ബ്ബലനായി മാറുകയാണ് ചെയ്തത്.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ഈ വിഭാഗിയത മറ നീക്കി പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് ആദ്യം ടിക്കറ്റ് നിഷേധിച്ച പാര്‍ട്ടിക്ക് അണികളുടെ പരസ്യമായ പ്രക്ഷോഭപരിപാടികളെ തുടര്‍ന്ന് അദ്ദേഹത്തെ മല്‍സരിപ്പിക്കേണ്ടി വന്നു. അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയായി. തുടര്‍ന്ന് ഭരണം നടന്ന അഞ്ചുവര്‍ഷവും പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയിലൂടെയാണ് അച്യുതാനന്ദന്‍ മുന്നോട്ടുനീങ്ങിയത്.

ഈ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും പാര്‍ട്ടി ഗണ്യമായ നേട്ടമുണ്ടാക്കിയത് വിഎസ് അച്യുതാനന്ദന്‍ ഫോര്‍മുല കൊണ്ടു തന്നെയാണ്. എന്തായാലും എംഎ ബേബി, തോമസ് ഐസക്, കൊടിയേരി ബാലകൃഷ്ണന്‍ കൂട്ടുകെട്ടിന്റെ നിലപാടായിരിക്കും ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായകമാവുക.

No comments:

Post a Comment

Note: Only a member of this blog may post a comment.