തടവുശിക്ഷാ കാലത്ത് ആര്‍. ബാലകൃഷ്ണപിള്ള ടെലിഫോണില്‍ സംസാരിച്ചു എന്ന വിവാദവിഷയത്തില്‍ രോഷാകുലരായിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നലെ അതിനെതിരെ രണ്ടുതരം നീക്കങ്ങള്‍ക്ക് തുടക്കംകുറിച്ചു. സുപ്രീംകോടതി വിധിപ്രകാരം ശിക്ഷ അനുഭവിച്ചുവരുന്ന പ്രതിയുടെ ചട്ടലംഘന പ്രശ്‌നത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇന്നലെ ഇടതുമുന്നണി യോഗം തീരുമാനിച്ചത്.
അതേസമയം തന്നെ പിള്ളയുടെ ഫോണ്‍ സംഭാഷണത്തിനെതിരെ ഗവര്‍ണറെ കണ്ട് പ്രതിപക്ഷനേതാവ് നിവേദനവും നല്‍കി. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് എട്ടംഗ പ്രതിപക്ഷസംഘം നിവേദനത്തില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവന്ന ആര്‍ ബാലകൃഷ്ണപിള്ളയെ രോഗചികിത്സാര്‍ത്ഥം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 76 വയസ്സുള്ള പിള്ളയുടെ രോഗത്തിന്റെ കാഠിന്യവും പ്രായവും പരിഗണിച്ച് വിദഗ്ധ ചികിത്സാര്‍ത്ഥം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെ തടവുപുള്ളികള്‍ ശിക്ഷാകാലയളവില്‍ ചികിത്സ തേടി ആശുപത്രിയിലാവുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. ജയില്‍ ആശുപത്രിയിലോ രോഗത്തിന് അനുസൃതമായ വിദഗ്ധ ചികിത്സ ലഭിക്കുന്ന മറ്റ് ആശുപത്രികളിലോ തടവുപുള്ളിയെ പ്രവേശിപ്പിക്കേണ്ടത് ജയില്‍ അധികൃതരുടെ ബാധ്യതയാണ്. അതിന് നിയമപരമായ പ്രതിബന്ധങ്ങളൊന്നുമില്ല. സംസ്ഥാനത്ത് നിരവധി ആളുകള്‍ മുമ്പ് ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളും സാധാരണക്കാരുമുണ്ട്. ആര്‍. ബാലകൃഷ്ണപിള്ള തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതല്ല പ്രതിപക്ഷത്തിന്റെ രോഷപ്രകടനത്തിന് കാരണം.
അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസംതന്നെ പ്രതിഷേധം ഉയരണമായിരുന്നു. എന്നാല്‍ ചികിത്സ തേടി ആശുപത്രിയില്‍ കഴിയവേ ബാലകൃഷ്ണപിള്ള ഒരു മാധ്യമപ്രവര്‍ത്തകനോട് ടെലിഫോണില്‍ സംസാരിച്ചതാണ് വിവാദവിഷയം. ബാലകൃഷ്ണപിള്ള മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചതല്ല, മറിച്ച് അദ്ദേഹത്തിന്റെ ടെലിഫോണില്‍ മാധ്യമ പ്രവര്‍ത്തകന്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ആ സംഭാഷണത്തിനിടയില്‍ തടവുപുള്ളിയായ തനിക്ക് ഫോണില്‍ സംസാരിക്കാന്‍ അനുവാദമില്ലെന്ന കാര്യം പിള്ള ഓര്‍മിപ്പിക്കുന്നുണ്ട്. എങ്കിലും അദ്ദേഹം നടത്തിയത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. അതേക്കുറിച്ച് ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.എ കുമാരന്‍ നടത്തിയ അന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചട്ടലംഘനത്തിന് തക്ക ശിക്ഷയും പ്രഖ്യാപിച്ച് ജയില്‍വകുപ്പ് ഉത്തരവ് ഇറക്കിക്കഴിഞ്ഞു. പിള്ളയുടെ കാര്യത്തിലായാലും മറ്റാരുടെയെങ്കിലും സമാനപ്രശ്‌നത്തിലായാലും നിയമം അതിന്റെ വഴിക്ക് പോകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫിലെ ഒരു ഘടകകക്ഷിയുടെ നേതാവാണ് ആര്‍. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ പുത്രന്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ്. എന്നുകരുതി ഭരണത്തിന്റെ അവിഹിതമായ ഒരു ആനുകൂല്യവും തടവുപുള്ളിയെന്ന നിലയില്‍ ആര്‍. ബാലകൃഷ്ണപിള്ള അനുഭവിക്കുന്നതായി തെളിവൊന്നുമില്ല. മാധ്യമ പ്രവര്‍ത്തകന് പുറമെ മുഖ്യമന്ത്രിയടക്കം നിരവധിയാളുകളുമായി പിള്ള ടെലിഫോണില്‍ ബന്ധപ്പെട്ടു എന്നാണ് പ്രതിപക്ഷാരോപണം. തന്നെ പിള്ള ഫോണില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിട്ടുണ്ട്. നാലുമാസം പിന്നിട്ട യു.ഡി.എഫ് ഭരണത്തിനെതിരെ കഴമ്പുള്ള ഒരു ആരോപണം പോലും ഉന്നയിക്കാനാവാതെ സി.പി.എമ്മിലെ ആഭ്യന്തരവഴക്കില്‍ നട്ടംതിരിയുന്ന പ്രതിപക്ഷ നേതാക്കള്‍ക്ക് പിള്ള പ്രശ്‌നം ഊതിവീര്‍പ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ താല്‍പര്യമുണ്ടാകും. എന്നാല്‍ വസ്തുതകള്‍ അവരുടെ നീക്കങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തരത്തിലാണ്.
തടവുപുള്ളികള്‍ ചട്ടലംഘനം നടത്തിയതിന് ഭരണകൂടത്തിന്റെ ഒത്താശ ഏറ്റവും കൂടുതല്‍ ലഭിച്ചിട്ടുള്ളത് കമ്യൂണിസ്റ്റ് ഭരണകാലത്താണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ട് പരിശോധനകളിലായി നിരവധി സെല്‍ഫോണുകളും ആയുധങ്ങളും കഞ്ചാവും കറന്‍സിയുമൊക്കെ തടവുപുള്ളികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒന്നാമത്തെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുകിടന്ന കോടാകുളങ്ങര വാസുപിള്ള നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ എത്തിയകാര്യം കേരളത്തില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം. മാലേത്ത് ഗോപിനാഥപിള്ള എന്ന നിയമസഭാംഗം ഗുരുതരമായ ആ ചട്ടലംഘനം സഭാധ്യക്ഷന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കമ്യൂണിസ്റ്റുകാരനും ചവറയിലെ പ്രമാണിയും കൊലക്കേസ് പ്രതിയുമായ ആ തടവുപുള്ളിയെ ഉടന്‍തന്നെ വാച്ച് ആന്‍ഡ് വാര്‍ഡ് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. അത്തരം നിയമലംഘനത്തിനും സ്വജനപക്ഷപാതത്തിനും ചൂട്ടുപിടിച്ചവരുടെ ഇപ്പോഴത്തെ നീക്കത്തിന്റെ ആത്മാര്‍ത്ഥതയും ധാര്‍മ്മിക അവകാശവും ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും
No comments:
Post a Comment
Note: Only a member of this blog may post a comment.