കേരളത്തിലെ സി.പി.എം ആന്തരവൈരുദ്ധ്യങ്ങളും അഴിമതിയും അപഥസഞ്ചാരങ്ങളും കൊണ്ട് തകരുകയാണ്. നേതാക്കളുടെ അധികാരദാഹം സൃഷ്ടിച്ച ഭീകരമായ വിഭാഗീയതയ്ക്കുപിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നിരവധി അഴിമതിവാര്‍ത്തകളും പുറത്തുവരുന്നു.
സോവിയറ്റ് യൂണിയനില്‍ നിന്ന് ക്യൂബയില്‍ എത്തി അവസാനിച്ച താത്വിക പിന്‍ബലം ആവിയായപ്പോള്‍ ഗത്യന്തരമില്ലാതെ ലാറ്റിനമേരിക്കയുടെ വാലില്‍ത്തൂങ്ങി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിക്ക് ഇത്തരം അഭിലഷണീയമല്ലാത്ത സംഭവങ്ങള്‍ കേരളത്തില്‍ വിരാമചിഹ്നം ചാര്‍ത്തുമെന്ന് കാര്യബോധമുള്ളവര്‍ക്ക് അറിയാം. സി.പി.എമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി അടിക്കടി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഹീനമായ ഒളിഞ്ഞുനോട്ട സംസ്‌കാരത്തിലൂടെ ജില്ലാ സെക്രട്ടറിയുടെ അവിഹിതബന്ധം പകര്‍ത്തിയതിന് കുപ്രസിദ്ധി നേടിയ ജില്ലാ കമ്മിറ്റി ഇപ്പോള്‍ വന്‍ സാമ്പത്തിക അഴിമതിക്കുറ്റത്തില്‍ അകപ്പെട്ടിരിക്കുന്നു. എറണാകുളം ജില്ലാ സി.പി.എം കമ്മിറ്റി ദീര്‍ഘകാലം നിസ്വാര്‍ത്ഥമായി ഒരു സന്യാസിയെപ്പോലെ നയിച്ച് മണ്‍മറഞ്ഞുപോയ എ.പി വര്‍ക്കിയെ നാട്ടുകാര്‍ മറന്നിട്ടില്ല. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനെന്നവിധം ജില്ലയുടെ കിഴക്കന്‍ പ്രദേശമായ ആരക്കുന്നത്ത് ആരംഭിച്ച ആശുപത്രിയുടെ നടത്തിപ്പിനെ ചുറ്റിപ്പറ്റി ദുര്‍ഗന്ധഭരിതമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അന്തരിച്ച വര്‍ക്കിയുടെ സല്‍പ്പേര് ഉപയോഗിച്ച് നാട്ടുകാരില്‍ നിന്ന് ബക്കറ്റ് പിരിവിലൂടെ സ്വരൂപിച്ച പണംകൊണ്ട് ആരംഭിച്ചതാണ് എ.പി വര്‍ക്കി മിഷന്‍ ആശുപത്രി. ആരക്കുന്നത്ത് 27.5 ഏക്കര്‍ സ്ഥലം ഈ ആശുപത്രിയുടെ അധീനതയിലുണ്ട്.
ആതുരസേവനത്തോടൊപ്പം 21 ഏക്കര്‍ സ്ഥലത്ത് നല്ല ആദായം ലഭിക്കുന്ന റബര്‍ കൃഷിയും അതിബുദ്ധിശാലികളായ സി.പി.എം നേതാക്കള്‍ തുടങ്ങി. റബറിന് നല്ല വില ലഭിക്കുന്ന ഇക്കാലത്ത് ഏഴ് വര്‍ഷംകൊണ്ട് അത്രയും സ്ഥലത്തുനിന്ന് ലഭിച്ച ആദായം 74,864.50 രൂപയാണെന്ന് ആശുപത്രി കമ്മിറ്റി സി.പി.എം ജില്ലാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു ഭാരവാഹി റബര്‍ കൃഷിയിലൂടെ തനിക്ക് ലഭിക്കുന്ന ആദായത്തിന്റെ കണക്ക് അവതരിപ്പിച്ചുകൊണ്ട് എ.പി വര്‍ക്കി മിഷന്‍ ആശുപത്രി കമ്മിറ്റിയുടെ ഭീമമായ വെട്ടിപ്പിന്റെ കഥ പാര്‍ട്ടിക്കുള്ളില്‍ പൊളിച്ചുകാട്ടുകയുണ്ടായി. അദ്ദേഹത്തിന്റെ കാര്യകാരണ സഹിതമുള്ള വിവരണം കേട്ട് നേതാക്കള്‍ മൂക്കത്ത് വിരല്‍വെച്ചുപോയി എന്നാണ് പറയുന്നത്. കാരണം ആതുരസേവനത്തിലൂടെ ലഭിച്ചതിന്റെ നൂറിരട്ടി ലാഭം റബര്‍ കറ വെട്ടിവിറ്റ് ഭാരവാഹികള്‍ നേടിയെങ്കിലും അതിനൊന്നും കണക്കില്ല. ഉദ്ദേശ്യം അരക്കോടി രൂപയുടെയെങ്കിലും വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് നേതാക്കള്‍ തമ്മില്‍തമ്മില്‍ അടക്കം പറഞ്ഞു. അതേക്കുറിച്ചുള്ള പരിശോധന ഇപ്പോള്‍ സി.പി.എം സംസ്ഥാന കമ്മിറ്റി നടത്തിവരികയാണുപോലും. ഈ ആക്ഷേപം പാര്‍ട്ടിയില്‍ ഒരു വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കിക്കൊണ്ടിരിക്കെ, കഴിഞ്ഞദിവസം ജില്ലാകമ്മിറ്റി യോഗത്തില്‍ ആക്ടിങ്ങ് സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അംഗങ്ങളെ ഒരുകാര്യം അറിയിച്ചു. അതായത്, എ.പി വര്‍ക്കി മിഷന്‍ ആശുപത്രി സ്ഥാനത്തുനിന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുന്‍ നിയമസഭാ അംഗവുമായ എം.എം മോനായി രാജിവെച്ചു എന്ന്. അടുത്ത വെള്ളിയാഴ്ച ആശുപത്രി കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗം ചേരാനിരിക്കെ മോനായിയുടെ രാജി ഒരു വഴിത്തിരിവായി തീരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഇടപെട്ട് വെള്ളിയാഴ്ച നടക്കാനിരുന്ന പൊതുയോഗം മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
മുന്‍മന്ത്രി എസ്. ശര്‍മ്മ പ്രസിഡന്റായുള്ള ഭരണസമിതിയാണ് എ.പി വര്‍ക്കി മിഷന്‍ ആശുപത്രി ഭരിക്കുന്നത്. ലൈംഗിക അപവാദത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് തെറിക്കപ്പെട്ട നേതാവിന്റെ പ്രത്യാക്രമണം ആശുപത്രി അഴിമതിക്കഥ വെളിച്ചത്തുവന്നതിന് പിന്നില്‍ ന്യായമായും സംശയിക്കാം. സി.പി.എമ്മില്‍ ജനാധിപത്യത്തിന്റെ വെളിച്ചം കടക്കുന്നതുകൊണ്ടാണ് വിഭാഗീയത മറനീക്കി പുറത്തുവരുന്നതെന്ന് പറയാറുണ്ട്. അങ്ങനെയെങ്കില്‍ ആ വെളിച്ചം കുറേക്കൂടി ശക്തിയായി പ്രസരിക്കട്ടെ. പാര്‍ട്ടി ഇത്രകാലം അച്ചടക്കത്തിന്റെ മൂടുപടം കൊണ്ട് പൊതിഞ്ഞുവെച്ചിരുന്ന അഴിമതിയും മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും മറ്റ് കുന്നായ്മകളും ജനങ്ങള്‍ കാണട്ടെ!
No comments:
Post a Comment
Note: Only a member of this blog may post a comment.