Saturday, October 8, 2011

തിരിച്ചുനടക്കുന്ന കാലാള്‍പ്പട


പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പ്രാദേശിക സമ്മേളനങ്ങള്‍ തുടങ്ങിയശേഷം സംസ്ഥാനത്തെ സി.പി.എമ്മില്‍ എന്തുനടക്കുന്നു എന്ന ബൗദ്ധികാന്വേഷണം.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പഴയ കാലത്തില്‍ നിന്നൊരു സംഭവം. ആര്‍എസ്എസ്സിന്റെ ഒരു പ്രൊഫഷണല്‍ കൊലയാളി സിപിഎമ്മുകാരുടെ പേടി സ്വപ്‌നമായി മാറുന്നു. പരസ്പരം പേടി സ്വപ്‌നമായി ജീവിക്കുകയെന്നതായിരുന്നു കണ്ണൂരിലെ അന്നത്തെ കാവിപ്പടയുടെയും ചെമ്പടയുടെയും രാഷ്ട്രീയ പ്രവര്‍ത്തനം. ഏതു വിധേനയും 'ആര്‍എസ്എസ് കൊലയാളി'യായ അയാളെ വകവരുത്താന്‍ സിപിഎം തീരുമാനിക്കുന്നു. കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു മലഞ്ചെരുവില്‍ നിന്ന് അയാള്‍ പിടിക്കപ്പെടുന്നു. ആ പ്രദേശത്തെ സിപിഎമ്മിന്റെ സഖാക്കള്‍ അയാളെ ഒരു മരത്തില്‍ കെട്ടിയിട്ട് വിജയം ആഘോഷിക്കുന്നു. അയാളെ പിടികിട്ടിയ വിവരം കണ്ണൂര്‍ ജില്ലയുടെ പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തുന്നു. ആദ്യം കൈകളും കാലുകളും വെട്ടി, പിന്നെ ശരീരമാകെ വെട്ടി, അവസാനം നെഞ്ചില്‍ കത്തിയിറക്കി അന്ത്യശ്വാസം വലിപ്പിക്കാമെന്നാണ് മലഞ്ചെരിവിലെ സഖാക്കളുടെ പരിപാടി. അന്നേരം കണ്ണൂരില്‍ നിന്നൊരു ഫോണ്‍ വന്നു: ''മുഴുവനായി കൊല്ലല്ലേ; എനിക്കും കൊല്ലണം; ഞാന്‍ കാറില്‍ പറന്നു വരുന്നുണ്ട്.'' സംഭവസ്ഥലത്ത് പറന്നെത്തിയ നേതാവ് സഖാക്കളോടൊരു കൊടുവാള്‍ ആവശ്യപ്പെടുന്നു. കൊടുവാള്‍കൊണ്ട് മരത്തില്‍ കിടക്കുന്നവന് ആഴത്തില്‍ നല്ലൊരു വെട്ട് നേതാവും കൊടുക്കുന്നു. ശവശരീരത്തെ ആഴത്തില്‍ വെട്ടി വേദനിപ്പിച്ചുവെന്നാണ് ഈ പ്രക്രിയയുടെ മാര്‍ക്‌സിസ്റ്റ് ഭാഷ്യവും ഭാഷയും.

പ്രത്യയശാസ്ത്രപരമായും മാര്‍ക്‌സീയമായും തന്നെ ഈ വിപ്ലവപൂര്‍വ സന്ദര്‍ഭത്തില്‍ നേതാവിന്റെ വെള്ള വസ്ത്രത്തില്‍ ചോരതെറിച്ചു. 'ഓരോ തുള്ളിച്ചോരയില്‍ നിന്നും ആയിരമായിരം...' നേതാവ് ആ ശവത്തിനുമുമ്പില്‍ നിന്നുകൊണ്ട് വലതു കൈ മുഷ്ടിചുരുട്ടി ആകാശത്തിലേക്കുയര്‍ത്തി വിപ്ലവത്തിന്റെ ധീരോജ്ജ്വലമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. എന്നിട്ട് നേതാവ് ചോര തെറിച്ച വസ്ത്രത്തില്‍ത്തന്നെ വിപ്ലവാവേശത്തോടുകൂടി കണ്ണൂരിലേക്കു പറന്നു.പാവപ്പെട്ടവരുടെ ഒരുപാട് ബലികുടീരങ്ങള്‍ പൊക്കി ഉയര്‍ത്തിക്കൊണ്ട് ഈ നേതാവ് വലുതായി. സിപിഎമ്മിനുവേണ്ടി കണ്ണൂരിന്റെ മണ്ണില്‍ മരിച്ചു വീണ പാവപ്പെട്ട മാമന്‍ വാസുമാര്‍ മാര്‍ക്‌സിസം പഠിച്ചവരായിരുന്നില്ല; പ്രാദേശിക റൗഡിസം ശീലിച്ച പാര്‍ട്ടിയുടെ അടിമകളായിരുന്നു. കമ്യൂണിസം അതിന്റെ ആരംഭം മുതല്‍ മുതലെടുത്തുകൊണ്ടിരുന്ന ഒരു യാഥാര്‍ത്ഥ്യമാണ് പ്രാദേശികതയും സ്വത്വസങ്കീര്‍ണതകളും. കണ്ണൂരില്‍നിന്നുള്ള 'ധീരരക്ത സാക്ഷിക'ളില്‍ 99 ശതമാനവും ഒരു സമുദായത്തില്‍ മാത്രം പെട്ടവരായിരുന്നു. ഒരേഒരു സമുദായത്തില്‍പെട്ടവര്‍. നമ്പൂതിരിയും നമ്പ്യാരും മേനോനും കണ്ണൂരിലോ കേരളത്തില്‍ത്തന്നെയോ ധീരരക്തസാക്ഷികളായിട്ടില്ല. സിപിഎമ്മിന് രക്തസാക്ഷികളെ നല്‍കുന്നത് എങ്ങനെയാണ് ഈ സമുദായത്തിന്റെ ബാധ്യതയായിത്തീര്‍ന്നത്? എന്നാല്‍ ആ സമുദായത്തിന്റെ മനസ്സ് ഇപ്പോള്‍ മാറിക്കഴിഞ്ഞു. അതിലെ യുവാക്കളിപ്പോള്‍ ബലികുടീരങ്ങളെ സ്വപ്‌നം കാണുന്നില്ല. പാര്‍ട്ടിക്ക് രക്തസാക്ഷികളെ സംഭാവന ചെയ്യുന്ന അജ്ഞതയില്‍നിന്ന് സി.പി.എമ്മിന്റെ കാലാള്‍പ്പട മോചനം പ്രാപിച്ചിരിക്കുന്നു. അവര്‍ ഇനിയങ്ങോട്ട് വിപ്ലവവും സോഷ്യലിസവും സ്വപ്‌നം കാണുന്നില്ല.

വര്‍ഗസമരങ്ങളില്‍ വിശ്വസിക്കുന്നില്ല. മാര്‍ക്‌സിസ്റ്റ് കാലാള്‍പ്പട സ്വന്തം ജാതികളിലേയ്ക്കും മതങ്ങളിലേയ്ക്കും സ്വത്വബോധങ്ങളിലേയ്ക്കും ദൈവങ്ങളിലേയ്ക്കും ആചാരാനുഷ്ഠാനങ്ങളിലേയ്ക്കും തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വത്തിനും അച്ചടക്ക സംഹിതകള്‍ക്കും പ്രത്യയ ശാസ്ത്രത്തിനും ഉരുക്കുമുഷ്ടികള്‍ക്കും സ്റ്റാലിനിസത്തിനും ലെനിനിസ്റ്റ് തിയറിക്കും മാര്‍ക്‌സിസ്റ്റ് കാലാള്‍പ്പടയുടെ സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്ക് തടഞ്ഞുനിര്‍ത്താനാവില്ല. സ്വത്വത്തിന്റെ അര്‍ത്ഥവും അനര്‍ത്ഥവും അറിയാതെയാണ് അവര്‍ സ്വത്വത്തിലേക്ക് തിരിച്ചു പോകുന്നത്. അവര്‍ വീണ്ടും പര്‍ശിനി മുത്തപ്പന് പയങ്കുറ്റിവച്ച് കള്ളും കടലയും ഉണക്കമീനും തേങ്ങാപ്പൂളുകളും കഴിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ ശബരിമലയിലും പഴനിയിലും കൊട്ടിയൂരും കൊടുങ്ങല്ലൂരും പോയി തുടങ്ങിയിരിക്കുന്നു. പോകുന്നതെന്തിനാണെന്ന് പണ്ടും ഇന്നും അവര്‍ക്കറിഞ്ഞുകൂടാ. തങ്ങളുടെ സ്വത്വമെന്താണെന്നും വാസ്തവത്തില്‍ അവര്‍ക്കറിഞ്ഞുകൂടാ; മാര്‍ക്‌സിസമെന്താണെന്നറിഞ്ഞുകൂടാത്തതുപോലെത്തന്നെ.പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിവിശ്വാസികളുമായ സഖാക്കള്‍ എന്ന കാലാള്‍പ്പടയ്ക്ക് അവരുടെ നേതാക്കന്മാരെ ആദരിക്കാന്‍ കഴിയുന്നില്ല. അവര്‍ നേതാക്കന്മാരില്‍നിന്ന് അമര്‍ഷത്തോടെ ഒളിച്ചോടുകയാണ്. നേതാക്കന്മാരുടെ പ്രസംഗങ്ങളും ചെയ്തികളും തമ്മിലുള്ള വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ പ്രവര്‍ത്തനങ്ങള്‍ കാലാള്‍പ്പടയ്ക്ക് സഹിക്കാനാവുന്നില്ല. നേതാക്കന്മാര്‍ സമ്പത്ത് അന്വേഷിച്ചു നടക്കുന്ന ആര്‍ദ്രതയില്ലാത്ത മുഷ്‌കന്മാര്‍ മാത്രം. വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയും എങ്ങനെയാണ് സി.പി.എമ്മിന്റെ കാലാള്‍പ്പട സ്വന്തം നേതാക്കന്മാരായി കരുതുക. അച്യുതാനന്ദനും വിജയനും പാര്‍ട്ടിക്കകത്തെ രണ്ട് പാര്‍ട്ടികളുടെ നേതാക്കന്മാരാണ്.

സി.പി.എമ്മില്‍ ഇത് നേതാക്കന്മാര്‍ തമ്മിലുള്ള വര്‍ഗസമരത്തിന്റെയും വെട്ടിനിരത്തലിന്റെയും കാലമാണ്. വഴി പിഴച്ച നേതൃത്വം കാലഹരണപ്പെട്ട ആശയങ്ങള്‍ കൈകാര്യം ചെയ്ത് പാര്‍ട്ടിയെ ചരിത്രത്തില്‍നിന്നു വലിച്ചെറിയുന്ന ഒരവസ്ഥ പാര്‍ട്ടിയില്‍ സംജാതമായിരിക്കുന്നുവെന്നാണ് ബുദ്ധദേവ് ഭട്ടാചാര്യ പറയുന്നത്. കേരളത്തിലെ സി.പി.എമ്മിന്റെ നേതൃത്വം ഈ അവസ്ഥയെ പൊലിപ്പിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. നേതാക്കന്മാരുടെ ഇടയില്‍ നിന്നുണ്ടാകുന്ന പലതരം വിഭാഗീയതകളുടെ അരങ്ങേറ്റവും പ്രകടനങ്ങളും ജനങ്ങള്‍ക്ക് അഗാധമായ മടുപ്പാണുളവാക്കുന്നത്. സ്വേച്ഛാധിപത്യത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസം എന്ന രാഷ്ട്രീയ തത്വശാസ്ത്രത്തെ അതര്‍ഹിക്കുന്ന രീതിയില്‍ത്തന്നെ ജനങ്ങള്‍ സംശയിക്കുകയും വെറുക്കുകയും തുടങ്ങിയിരിക്കുന്നു. സ്റ്റാലിനിസത്തിന്റെ കര്‍മവീര്യമാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് നേതാക്കന്മാരുടെ ലക്ഷണമിപ്പോള്‍. സ്റ്റാലിനിസത്തിന്റെ തികഞ്ഞ കര്‍മവേദിയായിത്തീര്‍ന്നിരിക്കുന്നു കേരളത്തിലെ മാര്‍ക്‌സിസ്റ്റ് മണ്ഡലം. ഫ്യൂഡലിസത്തിലെ പ്രഭുക്കന്മാരെപ്പോലെയാണ് മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതും പെരുമാറുന്നതും. കണ്ണൂരിലെ ജയരാജന്മാരും വിജയന്മാരും ബാലകൃഷ്ണന്മാരുമൊക്കെ കല്യാട്ട് യജമാനന്മാര്‍ തന്നെയാണ്. ഈ യജമാനന്മാരുടെ കവളപ്പാറ മൂപ്പില്‍സുമാരാണ് പിണറായി വിജയനും അച്യുതാനന്ദനും. പാര്‍ട്ടി പ്രവര്‍ത്തകരായ സഖാക്കളുടെ യജമാനന്മാരായ നേതാക്കന്മാര്‍ തമ്മിലുള്ള കലഹങ്ങളും വെട്ടിനിരത്തലുമാണ് കേരള മാര്‍ക്‌സിസത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ കലഹത്തിന്റെയും ആദ്യവേദി കണ്ണൂര്‍തന്നെയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ എന്തും ആദ്യമായി കണ്ണൂരില്‍ നടക്കുന്നു. കണ്ണൂര്‍ എങ്ങനെയാണ് ഭാവിയില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ തീരുമാനിക്കുക എന്നത് കേരളം ഉയര്‍ത്തുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് ചോദ്യമാണ്.

1998-ലാണ് ചടയന്‍ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയാവുന്നത്. പാര്‍ട്ടി സെക്രട്ടറി എന്ന പദവി അദ്ദേഹത്തിന് ഇപ്പോഴും അനുഭവിച്ച് മതിയായിട്ടില്ലെന്നു തോന്നുന്നു. സെക്രട്ടറി പദവിയെക്കുറിച്ച് പിണറായി വിജയന്‍ ആലോചിക്കുന്നത് സ്റ്റാലിന്റെ മനസ്സുകൊണ്ടാണ്. ഈ മനസ്സിനു ചുറ്റുമാണ് ഇന്ന് സിപിഎമ്മിലെ ശക്തികേന്ദ്രങ്ങളെല്ലാം ഒത്തുകൂടിയിരിക്കുന്നത്. ഈ ശക്തികേന്ദ്രത്തെ വിശ്വസിക്കാത്തതുകൊണ്ട് ഏറ്റവുമൊടുവില്‍ പുറത്തുപോകേണ്ടി വന്ന ഒരു നേതാവാണ് സി.കെ.പി. പത്മനാഭന്‍. അദ്ദേഹത്തെ പുറത്താക്കാനുണ്ടായ കാരണങ്ങള്‍ അവിശ്വസനീയമാണ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായതിനുശേഷം സിപിഎമ്മില്‍ നിന്നു പുറത്തുപോകേണ്ടിവന്ന എല്ലാ നേതാക്കന്മാരുടെയും കാര്യത്തില്‍ വിജയന്റെ അധികാര വ്യവസ്ഥയെ സംശയിക്കാനുണ്ട്. ഈ അധികാരവ്യവസ്ഥയെ ഇപ്പോഴും അതിജീവിക്കുന്നത് അച്യുതാനന്ദന്‍ മാത്രമാണ്. അതിന്റെ രഹസ്യങ്ങള്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും കേന്ദ്രനേതൃത്വത്തിനും അറിഞ്ഞുകൂടാ. അറിയുന്നത് പിണറായി വിജയനും അദ്ദേഹത്തിനു ചുറ്റുമുള്ള അധികാരകേന്ദ്രത്തിനും മാത്രമാണ്. എന്തായാലും ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി പാര്‍ട്ടിയെ ശുദ്ധീകരിക്കുകയെന്ന ഭാവത്തില്‍ നടക്കുന്ന വെട്ടിനിരത്തലുകള്‍ക്കാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ സ്റ്റാലിനും ട്രോട്‌സ്‌കിയും കളിക്ക് ഒരിക്കലും അന്ത്യമുണ്ടാവുകയില്ല എന്ന സൂചനയാണ് ഈ വെട്ടിനിരത്തലുകള്‍ നല്കുന്നത്. പാര്‍ട്ടിയുടെ സ്റ്റാലിനും ടോട്‌സ്‌കിയും കളിക്കിടയില്‍ കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും സജീവമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെടുകയാണ്. ആര്‍ക്കുവേണ്ടിയാണ് ഈ പാര്‍ട്ടി എന്ന വലിയ ചോദ്യത്തെത്തന്നെയാണ് പാര്‍ട്ടി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.