Wednesday, October 12, 2011

മുഖം മറച്ച് എസ്.എഫ്.ഐ ഭീകരര്‍


മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂര മര്‍ദ്ദനം

 കണ്ണൂര്‍: ഇത് എസ്.എഫ്.ഐയുടെ പുതിയ മുഖം. താലിബാന്‍ പോരാളികളേയും മാവോയിസ്റ്റ് കലാപകാരികളേയും മാതൃകയാക്കി മുഖം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വലിയ തുണി കൊണ്ട് മറച്ചു കെട്ടി
തെരുവില്‍ അക്രമത്തിനിറങ്ങുന്ന സംഘം. തീവ്രവാദസംഘടനാപ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തുന്ന ഇത്തരമൊരു വേഷപ്പകര്‍ച്ചയിലേക്ക് വ്യതിചലിച്ചിരിക്കുകയാണ് കേരളത്തില്‍ എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടന. മുന്‍ എസ്.എഫ്.ഐ നേതാവും ഇപ്പോള്‍ ഡി.വൈ.എഫ്.ഐയുടെ നായകനുമായ എം. സ്വരാജ് കഴിഞ്ഞ ദിവസം ഒരു ചാനല്‍ചര്‍ച്ചയില്‍ പറഞ്ഞത് അഛനുമമ്മയും കോണ്‍ഗ്രസുകാരായ ഒരു എസ്.എഫ്.ഐക്കാരനാണ് തിരുവനന്തപുരത്ത് വീട്ടുകാര്‍ തന്നെ തിരിച്ചറിയാതിരിക്കാന്‍ ഇത്തരമൊരു വേഷം സ്വീകരിച്ചതെന്നാണ്. കോഴിക്കോട്ടും കണ്ണൂരിലുമെല്ലാം എസ്.എഫ്.ഐക്കാരുടെ അക്രമം ഇതേ വേഷത്തിലായിരുന്നു. സ്വരാജ് പറഞ്ഞതാണ് ശരിയെങ്കില്‍ ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകാരുടെ മക്കളാരും എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതേണ്ടി വരും. എസ്.എഫ്.ഐ പ്രകടനത്തില്‍ സകലരും തെരുവിലിറങ്ങുന്നത് മുഖം മറച്ചാണ്. മുഖം മറച്ച് അക്രമം നടത്തുന്ന തീവ്രവാദശൈലി സ്വീകരിച്ച സംഘടനയായി കേരളത്തിലെ എസ്.എഫ്.ഐ മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധപ്പേക്കൂത്തിലും വ്യക്തമായി.

വിദ്യാര്‍ത്ഥി സമരത്തെ പോലീസ് തടഞ്ഞാല്‍ പോലീസ് ഭീകരതയെന്ന് ആക്രോശിക്കും. അക്രമം തടയാന്‍ പോലീസുകാര്‍ രംഗത്തിറങ്ങാതിരുന്നാല്‍ അത് നിഷ്‌ക്രിയത്വവും. എസ്.എഫ്.ഐ കലാപകാരികള്‍ക്ക് ഇന്നലെ അക്രമിക്കാന്‍ പോലീസിനെ കിട്ടിയില്ല. അപ്പോള്‍ പിന്നെ പോലീസ് സ്റ്റേഷനു കല്ലെറിയാം, എന്നിട്ടും അരിശം തീരുന്നില്ലെങ്കില്‍ പോലീസുദ്യോഗസ്ഥരുടെ വീടുകള്‍ക്ക് കല്ലെറിയാം. കണ്ണൂരിലെ എസ്.എഫ്.ഐ കലാപകാരികള്‍ പിന്നീട് കൈത്തരിപ്പ് തീര്‍ത്തത് ദൃശ്യമാധ്യമപ്രവര്‍ത്തകരോടാണ്. എസ്.എഫ്.ഐയുടെ മുന്‍ നേതാക്കളും പ്രവര്‍ത്തകരുമൊക്കെ ആയിരുന്ന ക്യാമറാമാന്മാര്‍ക്കു തന്നെ കണക്കിന് കിട്ടി പ്രഹരം. ക്യാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.എസ്.എഫ്.ഐ ഭീകരത സംസ്ഥാനത്തെങ്ങും അശാന്തി പടര്‍ത്തുമ്പോള്‍ മുഖ്യധാരാചാനലുകള്‍ പോലും ഈ ഭീകരതയെ തമസ്‌കരിച്ച് വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണ്. ഒരു വിദ്യാര്‍ത്ഥിക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൊന്നും ആരും കാണുന്നില്ല മനുഷ്യാവകാശലംഘനം. പോലീസുകാര്‍ പരിക്കേറ്റ് ചോരയില്‍ കുളിച്ചാലും അവരെ ആശുപത്രിയിലെത്തിക്കുന്നത് തടഞ്ഞതിലുമില്ല മനുഷ്യാവകാശലംഘനം. ചര്‍ച്ച മുഴുവന്‍ കോഴിക്കോട്ട് ഒരു പോലീസുദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വറെടുത്ത് വെടിവെച്ചതിനെ ചൊല്ലിയാണ്. കോഴിക്കോട്ട് ആരുടേയും ദേഹത്ത് വെടികൊണ്ടിട്ടില്ല. ഇടതുഭരണകാലത്ത് കാസര്‍കോട്ട് സംഘര്‍ഷമുണ്ടായപ്പോള്‍ എസ്.പിയുടെ വെടിയേറ്റ് ഒരു യുവാവ് കൊല്ലപ്പെട്ട സംഭവം കൂടി ഇത്തരുണത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അന്ന് പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചവരാണ് ഇപ്പോള്‍ പോലീസ് അതിക്രമമെന്ന് പറഞ്ഞ് കോലാഹലം കൂട്ടുന്നത്. കല്ലും കുറുവടികളുമായി മുഖം മറച്ചു നീങ്ങുന്ന കലാപകാരികളെ കണ്ടാല്‍ അവര്‍ക്കൊരു കൊടിയുടെ ആവശ്യമില്ലാതായിരിക്കുന്നു. ഒറ്റനോട്ടത്തില്‍ കേരളം ഈ കലാപകാരികളെ തിരിച്ചറിഞ്ഞ് വഴിമാറിക്കൊള്ളും- രണ്ടു ദിവസം കൊണ്ട് എസ്.എഫ്.ഐ ഉണ്ടാക്കിയെടുത്ത നേട്ടം.

No comments:

Post a Comment

Note: Only a member of this blog may post a comment.