കണ്ണൂരിലെ സി.പി.എം നേതാക്കളില്‍ പ്രധാനപ്പെട്ടഒരാളും, സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന സി.കെ.പി. പത്മനാഭനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാന്‍ രണ്ടാഴ്ചയ്ക്കു മുമ്പ് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി.
കണ്ണൂരിലെ തന്നെ പി.ശശിയുടെ പേരിലുയര്‍ന്ന സ്ത്രീപീഡന ആരോപണം ആദ്യമായി ഉയര്‍ത്തിയവരില്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു സി.കെ.പി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേരിലുള്ള നടപടി തീരുമാനം വലിയ വിവാദങ്ങള്‍ക്ക് ഇടനല്‍കുകയുണ്ടായി. വലിയ പ്രതിഷേധം സാര്‍വ്വത്രികമായി നടപടിക്കെതിരായി ഉണ്ടായതുകൊണ്ടായിരിക്കും തെരഞ്ഞെടുക്കപ്പെട്ട എല്ലാകമ്മിറ്റികളില്‍ നിന്നും മാറ്റാനുള്ള തീരുമാനത്തില്‍ ചെറിയ ഭേദഗതി വരുത്താന്‍ സംസ്ഥാന നേതൃത്വം ഒടുവില്‍ നിര്‍ബന്ധിതമായത്. ഇപ്പോള്‍ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് അദ്ദേഹത്തെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി യിരിക്കുകയാണ്. ബ്രാഞ്ച്കമ്മിറ്റിയിലേക്ക് മാറ്റാനുള്ള പഴയ തീരുമാനത്തിനാണ് അഖിലേന്ത്യാനേതൃത്വം ഇടപെട്ട് ഭേദഗതി വരുത്തിയിരിക്കുന്നത്.
സി.പി.എം.നേതാക്കളില്‍ ജനകീയഅടിത്തറഉള്ളവരില്‍ ഒരാളാണ് സി.കെ.പി. പത്മനാഭന്‍. അച്യുതാനന്ദന്‍ വിഭാഗത്തോടൊപ്പമാണ് അദ്ദേഹം നിന്നിരുന്നത്. ഈ അടുത്തകാലത്തായി ശക്തമായ ചായ്‌വ് അച്ചുതാനന്ദനോട് കാട്ടിയിരു ന്നില്ലെങ്കിലും ഈ ഗ്രൂപ്പിന്റെ കരുത്തനായ വക്താവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സി.പി.എമ്മില്‍ നേതാക്കളുടെ തെറ്റായ നടപടികള്‍ക്കെതിരായി പരാതി എഴുതി നല്‍കാന്‍ സാധാരണക്കാരായ പ്രവര്‍ത്തകര്‍ ഭയക്കുകയാണ്. അതുകൊണ്ടാണല്ലോ പി.ശശിയെപ്പോലെയുളളവര്‍ വളരെക്കാലം ഈ പാര്‍ട്ടിയില്‍ വിലസിയത്. എന്നാല്‍ സി.കെ.പി ഇതിനും ഒരു അപവാദമായി മാറി. ലൈംഗികാരോപണത്തിലെ പ്രതിയായ പി.ശശിയെ വെറുതെ വിടാന്‍ സി.കെ.പി.യെപ്പോലെ ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന് കഴിയുകയില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ശശിയെപ്പറ്റിയുള്ള പരാതി പാര്‍ട്ടിക്ക് എഴുതി നല്‍കിയത്. പി. ശശിക്കെതിരായി എഴുതിനല്‍കപ്പെട്ട പരാതികളില്‍ ആദ്യത്തേതില്‍ ഒന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. പാര്‍ട്ടിയില്‍ വലിയ അംഗീകാരമുള്ള ഒരാളുടെ പരാതിയായതുകൊണ്ടുതന്നെ ശശിക്കെതിരായ നടപടികള്‍ക്ക് ഈ പരാതി ഹേതുവാകുകയും ചെയ്തു. തുടര്‍ന്ന് ശശിയെപ്പറ്റിയുള്ള അനേകം പരാതികള്‍ സ്ത്രീപീഡനവിഷയത്തില്‍ ഉണ്ടായെങ്കിലും ഈ പരാതി തന്നെയായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്തായാലും പി.ശശിക്കെതിരായ നടപടി ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും അതിന് അവര്‍ക്ക് കഴിഞ്ഞില്ല. ആരു വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയാത്ത ഏറ്റവും ഗുരുതരമായ സ്ഥിതിയിലേക്ക് ശശിയുടെ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അപ്പോഴേക്കും മാറിക്കഴിഞ്ഞിരുന്നു.
എന്നാല്‍ ഈ നടപടിക്ക് ഹേതുവായ എതിര്‍ചേരിയിലെ നേതാക്കളെ ഓരോന്നായി തെരഞ്ഞുപിടിച്ച് പാര്‍ട്ടി നടപടിക്ക് വിധേയരാക്കാനാണ് ഔദ്യോഗിക വിഭാഗം തീരുമാനിച്ചുറച്ച് രംഗത്തുവന്നിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ആദ്യം ശശിക്കെതിരായി പരാതി നല്‍കിയ ഒരാളായ യുവജനവിഭാഗം കണ്ണൂര്‍ ജില്ലാസെക്രട്ടറിയെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഡി.വൈ.എഫ്.ഐ-യില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി കഴിഞ്ഞുവെന്ന സാങ്കേതിക കാരണം പറഞ്ഞാണ് ഈ വെട്ടിനിരത്തല്‍ അന്ന് നടത്തിയത്. എന്നാല്‍ ഡി.വൈ.എഫ്.ഐ-യില്‍ പ്രായപരിധി കഴിഞ്ഞ മറ്റെല്ലാ നേതാക്കളേയും തല്‍സ്ഥാനത്തുനിന്ന് മാറ്റിയത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ വച്ചായിരുന്നു എന്നുള്ള കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ജില്ലാ സെക്രട്ടറിയെ മാറ്റിയത് ദുരുദ്യേശ്യ പ്രേരിതമായിരുന്നു എന്ന് ഈ സംഭവം അടിവരയിട്ട് വ്യക്തമാക്കുകയാണ്. സി.കെ.പി. പത്മനാഭനെ സംബന്ധിച്ചാണെങ്കില്‍ സാമ്പത്തിക ക്രമക്കേട് എന്ന ആരോപണമാണ് പാര്‍ട്ടി അദ്ദേഹത്തിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയില്‍ നടപടികള്‍ കൈക്കൊള്ളുക എന്നത് സാധാരണ സംഭവമാണ്. എന്നാല്‍ സി.കെ.പി.യുടെ കാര്യത്തില്‍ ബോധപൂര്‍വ്വം അദ്ദേഹത്തോട് വൈരാഗ്യം തീര്‍ക്കുന്നതിനുവേണ്ടിയാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം സാര്‍വ്വത്രികമായി ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്ത് കര്‍ഷക സംഘത്തിന്റെ ഫണ്ട് തിരിമറി നടന്നതായി പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. ഈ ഫണ്ടിന്റെ കസ്റ്റോഡിയനായ ഓഫീസ് സെക്രട്ടറിക്ക് ഈ തിരിമറിയില്‍ പങ്കുണ്ടെന്ന കാര്യവും പാര്‍ട്ടിതന്നെ നേരത്തേ വ്യക്തമാക്കിയിരുന്നതുമാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി കര്‍ഷകസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തുവരുന്നത് ഓഫീസ് സെക്രട്ടറി തന്നെയാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. പണാപഹരണവുമായി സി.കെ.പിക്ക് ബന്ധമുണ്ടെന്ന് പാര്‍ട്ടിയുടെ തന്നെ അന്വേഷണ കമ്മീഷനുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ഫണ്ടില്‍ തിരിമറി നടക്കാതിരിക്കാന്‍ വേണ്ട ജാഗ്രത അദ്ദേഹം കാട്ടിയില്ലെന്ന് മാത്രമാണ് ആക്ഷേപം ഉണ്ടായതായി പുറത്തുവന്നിട്ടുള്ളത്.
പണം അപഹരിച്ചു എന്ന് ആക്ഷേപം ഉണ്ടായ കര്‍ഷകസംഘം ഓഫീസ് സെക്രട്ടറിയായിരുന്ന എറണാകുളം പാറപ്പുറം സ്വദേശിയായിരുന്ന ഗോപനെതിരെ പാര്‍ട്ടി നടപടി എടുക്കുകയോ, പൊലീസില്‍ പരാതി നല്‍കുകയോ ചെയ്തിട്ടുമില്ല. 24 ലക്ഷം രൂപ അപഹരിച്ചു എന്ന ശക്തമായ ആക്ഷേപം വന്നിട്ടും സി.പി.എം. ഇയാള്‍ക്കെതിരെ തിരിഞ്ഞിട്ടില്ല എന്നത് വളരെ അത്ഭുതകരമാണ്. സി.കെ.പി. പത്മനാഭന്‍ കര്‍ഷകസംഘം ഭാരവാഹിയായിരിക്കേ സംശയം തോന്നി കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോഴാണ് പണം തിരിമറി കണ്ടുപിടിച്ചത്. തുടര്‍ന്ന് ഗോപന്‍ പണം തിരിച്ചടക്കാമെന്ന് സമ്മതിക്കുകയും, പണവുമായി സി.പി.എം. എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്താമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നുവത്രെ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു ദിവസം ഇതിനുവേണ്ടി സി.കെ.പി. എറണാകുളത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിവരെ കാത്തുനിന്നെങ്കിലും ഗോപന്‍ എത്തിയില്ല. തുടര്‍ന്ന് സി.കെ.പി. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഗോപനെതിരെ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ സംഘടനാ ഫയലുകള്‍ കോടതിയില്‍ എത്തുമെന്നുള്ള അവസ്ഥ ഇല്ലാതാക്കണമെന്ന് പറഞ്ഞ് പാര്‍ട്ടിയിലെ തന്നെ ഒരു ഉന്നതന്‍ ഇടപെട്ട് സി.കെ.പി.യെ കൊണ്ട് പരാതി പിന്‍വലിക്കുകയായിരുന്നു. അന്നീ പരാതി പിന്‍വലിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ കര്‍ഷകസംഘം ഫണ്ട് തിരിച്ച് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതുവരെ പണം തിരിച്ച് ലഭിക്കുകയുണ്ടായില്ല. ഗോപനെതിരെ കേസുമില്ല. മാത്രമല്ല, ഈ വര്‍ഷവും ഗോപന്റെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കുകയും ചെയ്തിരിക്കുകയാണ്. എന്തുകൊണ്ട് സി.കെ.പി.യുടെ പേരില്‍ നടപടി സ്വീകരിച്ച പാര്‍ട്ടി നേതൃത്വം ഓഫീസ് സെക്രട്ടറി ഗോപന്റെ പേരില്‍ കാര്യമായ നടപടി കൈക്കൊള്ളാന്‍ തയ്യാറാകുന്നില്ലാഎന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യവുമാണ്. കര്‍ഷസംഘം ഫണ്ടുമായി ബന്ധപ്പെട്ടാണ് സി.കെ.പി.യുടെ പേരിലുള്ള നടപടിയെന്ന് നേതൃത്വം എത്ര ഉച്ചത്തില്‍ വിളിച്ചുപറഞ്ഞാലും അത് വിശ്വസിക്കാന്‍ മാത്രം വിഢികളല്ല സംസ്ഥാനത്തെ പാര്‍ട്ടി അനുഭാവികളും, ബഹുജനങ്ങളും. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയായി മാറുകയാണ് സി.കെ.പി. ഔദ്യോഗിക നേതൃത്വത്തിനെതിരായി തിരിഞ്ഞാല്‍ ഇതായിരിക്കും ഫലമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പിണറായിയും കൂട്ടരും.
No comments:
Post a Comment
Note: Only a member of this blog may post a comment.