തിരുവനന്തപുരം: നിയമനിര്‍മാണ സഭയെ അപമാനിക്കുകയും സ്പീക്കറെ വെല്ലുവിളിക്കുകയും ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയരാകേണ്ടിവന്ന അംഗങ്ങളെ ചൊല്ലി സി.പി.എമ്മിലും ഇടതുമുന്നണിയിലും ഭിന്നത.
നടപടി ചോദിച്ചു വാങ്ങിയതാണെന്ന് സി.പി.എമ്മിലെ ചില മുതിര്‍ന്ന നേതാക്കളും, നടപടിയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് മറ്റുചിലരും അഭിപ്രായമുയര്‍ത്തിയതോടെയാണ് ഭിന്നത മറനീക്കിയത്. സഭയിലെത്തി കേവലം അഞ്ചുമാസം മാത്രം പിന്നിടുന്ന വേളയില്‍ രണ്ട് അംഗങ്ങള്‍ സസ്‌പെന്‍ഷന്‍ നടപടിവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് അപമാനകരമായിപ്പോയെന്നാണ് മുന്നണിയിലെ മറ്റ് കക്ഷികളുടെ വിലയിരുത്തല്‍. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍, ടി.വി രാജേഷിനോട് ഇതിന്റെ പേരില്‍ കയര്‍ത്തു സംസാരിക്കുകയും ചെയ്തു. 'ഒറ്റയ്ക്ക് തീരുമാനമെടുക്കാനാണെങ്കില്‍ താന്‍ എന്റെ കസേരയില്‍ ഇരുന്നോളൂ'വെന്ന് ടി.വി രാജേഷിനോട് വി.എസ് പറഞ്ഞുവെന്നാണ് അറിയുന്നത്. പാര്‍ട്ടിയും മുന്നണിയും എടുക്കുന്ന തീരുമാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ ആരുമുണ്ടാവില്ലെന്ന മുന്നറിയിപ്പാണ് മുന്നണിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ നടപടിക്ക് വിധേയരായ അംഗങ്ങള്‍ക്ക് നല്‍കിയത്. അതേസമയം തെറ്റുപറ്റിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപടി അംഗീകരിക്കേണ്ടെന്ന് ഒരുവിഭാഗം അഭിപ്രായമുയര്‍ത്തി.
എന്നാല്‍ എല്‍.ഡി.എഫ് നേതാക്കള്‍ ഇത് അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ നടപടി ക്രമങ്ങള്‍ തുടങ്ങുമ്പോള്‍ അംഗങ്ങള്‍ സഭയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് നിശ്ചയിച്ചത്. തുടര്‍ന്ന് രാവിലെ നിയമസഭ തുടങ്ങിപ്പോള്‍ ഇന്നലെ സസ്‌പെന്റ് ചെയ്യപ്പെട്ട ടി.വി രാജേഷും ജെയിംസ് മാത്യുവും നാടകീയമായി പുറത്തേക്കിറങ്ങി. സഭയ്ക്കുള്ളില്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്‌നം വീണ്ടും വഷളായനേ. അതൊഴിവാക്കാനായിരുന്നു ഇരുവരുടെയും പിന്മാറ്റം. രാവിലെ എട്ടുമണിക്ക് എല്‍.ഡി.എഫ് കക്ഷിനേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. അതിനു മുമ്പ് സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളുമായും സംസാരിച്ചിരുന്നു. സഭ തുടങ്ങുമ്പോള്‍ സസ്‌പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നതിന്റെ അനൗചിത്യം മുതിര്‍ന്ന നേതാക്കള്‍ പങ്കുവെച്ചു. തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് തീരുമാനമുണ്ടായത്. സഭ സമ്മേളിക്കുന്നതിനു തൊട്ടുമുമ്പ് അങ്ങനെ ടി.വി രാജേഷും ജെയിംസ് മാത്യുവും പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴേക്കും സഭ ചേര്‍ന്ന് തിടുക്കത്തില്‍ നടപടി പൂര്‍ത്തിയാക്കി പിരിഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.