Monday, October 17, 2011

കളവു പറയാത്ത സഭാരേഖ


പ്രതിപക്ഷാംഗങ്ങളായ ജെയിംസ് മാത്യു, ടി.വി രാജേഷ് എന്നിവരെ സസ്‌പെന്റ് ചെയ്യുന്നതിലേക്ക് നീങ്ങിയത് സ്പീക്കറുടെ റൂളിംഗിനിടെ ജെയിംസ് മാത്യു ചെയറിനോട് കാട്ടിയ അനാദരവ്.
ഇന്നലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പുമുതല്‍ സ്പീക്കറുടെ ചേമ്പറില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 1.45-ഓടെയാണ് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചെയറിലെത്തിയത്. വെള്ളിയാഴ്ചത്തെ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം സഭയില്‍ റൂളിംഗ് നടത്തി.
 
അത് ഇപ്രകാരമായിരുന്നു: 
ഒക്‌ടോബര്‍ 14-ന് സഭയില്‍ ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ഒരു സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടിയെ തുടര്‍ന്ന് സഭയില്‍ നടന്ന സംഭവങ്ങള്‍ നമ്മുടെ സഭയുടെ അന്തസിനും അംഗങ്ങളുടെ വിശ്വാസ്യതയ്ക്കും ഉണ്ടാക്കിയ കോട്ടം വളരെ വലുതാണ്. പ്രസ്തുത സംഭവങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരമായിപ്പോയി. ഇതുസംബന്ധിച്ച് സര്‍വശ്രീ. ടി.വി രാജേഷ്, ജെയിംസ് മാത്യു, ശ്രീമതി കെ.കെ ലതിക എന്നീ അംഗങ്ങളും ശ്രീമതി വി.എസ് രജനി, ശ്രീ. വി അഭിലാഷ് എന്നീ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളും മര്‍ദ്ദനമേറ്റതായി പരസ്പരം ആരോപിച്ച് രേഖാമൂലം ചെയറിന് പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിനായി ചെയര്‍ പ്രസ്തുത ദിവസത്തെ നിയമസഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ കക്ഷിനേതാക്കന്മാരുടെ സാന്നിധ്യത്തില്‍ അന്നേദിവസം വൈകുന്നേരം അഞ്ചിന് പരിശോധിച്ചു.ശ്രീ. ജെയിംസ് മാത്യു, ശ്രീ. കോടിയേരി ബാലകൃഷ്ണനോട് എന്തോ സംസാരിക്കുന്നതായും പിന്നീട് നടുത്തളത്തില്‍ ഇരുന്ന ശ്രീ. ടി.വി രാജേഷ് എഴുന്നേറ്റ് ജെയിംസ് മാത്യുവിനോടൊപ്പം ഓടിവന്ന് വാച്ച് ആന്റ് വാര്‍ഡിന്റെ നിര ഭേദിച്ച് ചെയറിന്റെ ഡയസിലേക്ക് കയറുന്നതിനുള്ള ശ്രമം നടത്തുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ ശ്രമത്തിനിടയില്‍ വാച്ച് ആന്റ് വാര്‍ഡിന്റെ മുന്‍നിരയില്‍ നിന്നിരുന്ന വനിതാ വാച്ച് ആന്റ് വാര്‍ഡ് ശ്രീമതി. വി.എസ് രജനിക്ക് പരിക്കേറ്റതായി പരാതിയുണ്ടായി. അംഗങ്ങള്‍ രണ്ടുപേരും വാച്ച് ആന്റ് വാര്‍ഡ് തീര്‍ത്ത വലയം ഭേദിച്ച് ചെയറിന്റെ ഡയസ്സില്‍ എത്താന്‍ നടത്തിയ ശ്രമത്തിനിടയിലാണ് വനിതാ ജീവനക്കാരിക്ക് ഇത്തരം അനുഭവമുണ്ടായത്. സംഭവത്തില്‍ ക്ഷതമേറ്റ വി.എസ് രജനിയെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കായി പ്രവേശിപ്പിക്കുകയും 15-ാം തീയതി അവരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
 
ഇതിന് മുമ്പ് സഭാതലത്തില്‍ ഒമ്പതുതവണ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ബന്ധപ്പെട്ട അംഗങ്ങള്‍ക്കെതിരെ ശിക്ഷാനടപടിയും സഭ സ്വീകരിച്ചിട്ടുണ്ട്. പല സംഭവങ്ങളിലും പുരുഷന്മാരായ വാച്ച് ആന്റ് വാര്‍ഡിന് പരിക്കു പറ്റുകയും കോടതിവരെ ഇതുസംബന്ധിച്ച് പരാതി എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ സ്റ്റാഫിനെതിരെ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചത്. എന്നാല്‍ ഇത് നമ്മുടെ അംഗങ്ങളുടെ ഭാഗത്തുനിന്നും മനഃപൂര്‍വമായി ഉണ്ടായ നടപടിയായി ചെയര്‍ കരുതുന്നില്ല. അവര്‍ ആ ഉദ്ദേശത്തോടു കൂടിയാണ് അങ്ങോട്ട് പോയതെന്നും ചെയര്‍ കരുതുന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ മുന്നോട്ടുപോയതിനിടയില്‍ വന്ന കൂട്ടമായിട്ടുണ്ടായ സംഭവത്തില്‍ ഉണ്ടായതായിരിക്കും. ജനകീയ ആവശ്യങ്ങള്‍ സഭാതലത്തില്‍ കൊണ്ടുവരികയും അതിനായി ശബ്ദമുയര്‍ത്തുകയും ചെയ്യുകയെന്നത് ഒരു നിയമസഭാ സാമാജികന്റെ കടമയാണ്. എന്നാല്‍ താന്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെ പോകാം എന്നത് എല്ലാവരും ആലോചിക്കേണ്ട ഒന്നാണ്. ചെയറിന് നേരെ ആക്രോശിച്ചും കയ്യാങ്കളി നടത്തിയും എല്ലാ സീമകളും ലംഘിച്ച് സഭാതലത്തില്‍ അക്രമത്തില്‍കൂടിയും കാര്യങ്ങള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് ഈ ജനാധിപത്യ സ്ഥാപനത്തെ ശക്തിപ്പെടുത്താന്‍ എത്രമാത്രം ഉപകരിക്കും എന്ന് ചിന്തിക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു. സഭയുടെ അന്തസും മാന്യതയും കാത്തുസൂക്ഷിക്കേണ്ട കടമ രണ്ടുപക്ഷത്തുമുള്ള അംഗങ്ങള്‍ക്ക് ഉണ്ട്. നിസാരകാര്യങ്ങള്‍ക്ക് പോലും സഭയുടെ നടുത്തളത്തില്‍ ഇറങ്ങുന്ന പ്രവണത കൂടിവരുന്നു.
 
ഈ സമ്മേളനത്തില്‍ 12 ദിവസത്തെ സഭാസമ്മേളനത്തിനിടയില്‍ ഒമ്പതു തവണയാണ് അംഗങ്ങള്‍ നടുത്തളത്തില്‍ വന്നത്. നാലുദിവസം ബഹളം കാരണം സഭാ നടപടികള്‍ നിശ്ചയിച്ച സമയത്തിന് മുമ്പേ അവസാനിപ്പിക്കേണ്ടതായി വന്നു. അക്രമ സംഭവങ്ങളും പ്രതിഷേധവും അമിത പ്രാധാന്യം നേടുന്നതോടുകൂടി യഥാര്‍ത്ഥ വസ്തുതകള്‍ പിന്തള്ളപ്പെടുന്നു. ഒന്നരവര്‍ഷം മുമ്പ് നിലവില്‍ വന്ന പെരുമാറ്റച്ചട്ടങ്ങള്‍ ഈ സമ്മേളനകാലയളവില്‍ തന്നെ എത്ര തവണ ലംഘിക്കപ്പെട്ടു എന്നത് സംബന്ധിച്ച് സഭാംഗങ്ങള്‍ സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. ചെയറിന് ജനാധിപത്യത്തിന്റെ ശ്രീകോവിലായ സഭയുടെ അന്തസ് നിലനിര്‍ത്തേണ്ടതുണ്ട്. അതോടൊപ്പം ഗവണ്‍മെന്റ് ബിസിനസ് ഭംഗിയായി നടത്തിക്കൊടുക്കേണ്ട ഉത്തരവാദിത്തവും ചെയറിനുണ്ട്. എല്ലാവിഭാഗം അംഗങ്ങളുടെയും അവകാശം സംരക്ഷിക്കുകയും ചെയ്യേണ്ടതും ചെയറിന്റെ ചുമതലയാണെന്ന് കരുതുന്നു. 
അവകാശ സംരക്ഷണത്തിന്റെ പേരില്‍ ചെയറിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുകയില്ല എന്നതാണ് ചില അംഗങ്ങളുടെ പരസ്യമായ നിലപാട്. സഭയുടെ അന്തസും നടപടിക്രമങ്ങളും ചട്ടങ്ങളും കാത്തുസൂക്ഷിക്കേണ്ട ചുമതല ചെയറില്‍ നിക്ഷിപ്തമാണ്. ഈ രണ്ടിന്റെയും മധ്യത്തിലെ ധര്‍മ സങ്കടത്തിലാണ് ചെയര്‍ പലപ്പോഴും. 14-ാം തീയതി വൈകുന്നേരവും കഴിഞ്ഞ രണ്ടുദിവസങ്ങളിലുമായി നേരിട്ടും ടെലിഫോണിലും കക്ഷിനേതാക്കളുമായി ചെയര്‍ സംസാരിച്ചിരുന്നു. ഇന്നുരാവിലെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും സാന്നിധ്യത്തില്‍ നിരവധി പ്രാവശ്യമായി ചര്‍ച്ചകള്‍ നടന്നു. സര്‍വശ്രീ ടി.വി രാജേഷും ജയിംസ് മാത്യുവും ചെയറിന്റെ ചേമ്പറില്‍വന്ന് സംഭവങ്ങളില്‍ അവര്‍ ഖേദം രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ല എന്ന് ചെയര്‍ കരുതുന്നു. സ്പീക്കറുടെ റൂളിംഗ് കഴിഞ്ഞപ്പോഴാണ് അതിനെ ചോദ്യം ചെയ്തുകൊണ്ട് ജയിംസ് മാത്യുവും ടി.വി രാജേഷും ആക്രോശിച്ച് ചാടിയെഴുന്നേറ്റത്.
 
ആ സംഭവങ്ങളുടെ നിയമസഭാ രേഖ ചുവടെ.
 ജെയിംസ് മാത്യു: സര്‍, ശരിയല്ല ഇത്, കളവു പറയുകയാണ്, അങ്ങയുടെ ചേമ്പറില്‍ വന്ന് ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല....(ബഹളം).....
ടി.വി രാജേഷ്: ...(ബഹളം).... (മൈക്ക് ഓഫ്)
സ്പീക്കര്‍: (ബഹളം).....എന്താണ് ഇത്....എന്താണ് ഇത്...എന്താണ് ഇത് (ബഹളം)...മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാന്‍ എല്ലാ അംഗങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ചെയര്‍ ആഗ്രഹിക്കുന്നു.  ...(മൈക്ക് ഓഫ്)...ചെയറിന്റെ റൂളിംഗ്  പ്രൊട്ടസ്റ്റ് ചെയ്യുന്നതുതന്നെ നിരന്തരം കൂടിവരുന്നുവെന്ന വാചകം ഞാന്‍ പറഞ്ഞു നിര്‍ത്തിയതേയുള്ളൂ.  വീണ്ടും അത് ഉണ്ടായി....(ബഹളം)....അത് പറഞ്ഞല്ലോ. അതു പറഞ്ഞു. അതെല്ലാം ഞാന്‍ പറഞ്ഞു. ഞാന്‍ തീര്‍ക്കാം. ഇത് ഇന്നു രാവിലെ ഇവിടെ എത്ര പ്രാവശ്യം ചര്‍ച്ച ചെയ്തതാണ്. എത്ര പ്രാവശ്യം ചര്‍ച്ച ചെയ്തതാണ്. ഇതെല്ലാം തീര്‍ക്കാന്‍ സമ്മതിക്കേണ്ടേ? ഇത് തീരണ്ടേ? സഭ നടക്കണ്ടേ? ഇതൊക്കെ ലോകം മുഴുവനും കാണുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും നമ്മുടെ ചാനലുകള്‍ കണ്ടിട്ട് മലയാളികള്‍ വിളിക്കുന്നുണ്ട്...(ബഹളം)...ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങേയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ? 
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി: സര്‍, സര്‍വ്വശ്രീ ടി.വി രാജേഷ്, ജയിംസ് മാത്യു എന്നീ അംഗങ്ങള്‍ സഭയോട് കടുത്ത അനാദരവും ഗുരുതരമായ അച്ചടക്കലംഘനവും നടത്തിയിരിക്കുകയാണ്. നിയമസഭാ സാമാജികരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. ആയതിനാല്‍ സര്‍വ്വശ്രീ ടി.വി രാജേഷ്, ജയിംസ് മാത്യു എന്നീ അംഗങ്ങളെ ഇന്നും നാളെയും സഭ പിരിയുന്നതുവരെ സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിക്കുന്നു.....(ബഹളം).....
 
സ്പീക്കര്‍: പ്രമേയത്തെ അനുകൂലിക്കുന്നവര്‍......
പി.സി ജോര്‍ജ്: സര്‍, ഞാന്‍ പ്രമേയത്തെ പിന്താങ്ങുന്നു.
സ്പീക്കര്‍: പ്രമേയത്തെ എതിര്‍ക്കുന്നവര്‍......
പ്രമേയം സഭ അംഗീകരിച്ചിരിക്കുന്നു.
പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്. അച്യുതാനന്ദന്‍: സര്‍, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ ഞാന്‍ ശക്തിയായി പ്രതിഷേധിക്കുകയാണ്. ഇതുസംബന്ധിച്ച് ബഹുമാനപ്പെട്ട സ്പീക്കര്‍ അദ്ദേഹത്തിന്റെ വ്യക്തമായ ഒരു അഭിപ്രായം പറഞ്ഞു. അതിനെ എതിര്‍ത്തുകൊണ്ടും അനാദരിച്ചുകൊണ്ടുമുള്ള സര്‍ക്കാറിന്റെ ഈ നിലപാടിനെ ശക്തിയായി ഞങ്ങള്‍...(ബഹളം)...ഈ സര്‍ക്കാറിന്റെ ഈ സമീപനത്തെ പ്രതിഷേധിച്ചുകൊണ്ട് ഇവിടെ സത്യാഗ്രഹം തന്നെ ഇരിക്കുകയാണ് എന്ന് അങ്ങയെ അറിയിക്കുന്നു....(ബഹളം)....
(ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും മറ്റ് പ്രതിപക്ഷാംഗങ്ങളും ഡയസ്സിനു മുമ്പില്‍ സത്യാഗ്രഹം ഇരുന്നു).
സ്പീക്കര്‍: ശ്രീ. കെ. രാധാകൃഷ്ണന്‍....(ബഹളം)....(മൈക്ക് ഓഫ്)...(ബഹളം)... ബഹുമാനപ്പെട്ട അംഗങ്ങള്‍.... ബഹുമാനപ്പെട്ട അംഗങ്ങള്‍..പ്ലീസ്..പ്ലീസ്..ചേമ്പറില്‍ വച്ചുണ്ടായ ധാരണയ്ക്ക് വിരുദ്ധമായി ഒന്നും ചെയര്‍ ഇവിടെ പറഞ്ഞിട്ടില്ല. ഒന്നുകൂടി അറിയാന്‍ വേണ്ടിയാണ്. ചേമ്പറില്‍വച്ചുണ്ടായ ധാരണയ്ക്ക് എതിരായിട്ട് ഒന്നും ചെയ്തിട്ടില്ല....(ബഹളം)....ഇന്നു രാവിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തില്‍ മറ്റ് നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ നിരന്തരമായി നടന്ന ചര്‍ച്ചയുടെ അവസാനമായി സ്പീക്കരുടെ ചേമ്പറില്‍ വച്ചുനടന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇവിടെ റൂളിംഗ് നല്‍കിയത്. ഖേദപ്രകടനമെല്ലാം തീര്‍ന്നതാണ്.
 
അവസാനം എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. എല്ലാം തീര്‍ന്നുവന്നതാണ്. എല്ലാം. കക്ഷിനേതാക്കന്മാരുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളുടെ ഫലമായി ചേമ്പറില്‍വന്നു ബഹുമാനപ്പെട്ട അംഗങ്ങള്‍ സംസാരിച്ചു. ഞാന്‍ അവരോട് സംസാരിച്ചു. രണ്ടുപ്രാവശ്യം വന്നു. അതിനുശേഷം ചെയര്‍ ധാരണയുടെ അടിസ്ഥാനത്തിലുള്ള....ധാരണയുടെ അടിസ്ഥാനത്തിലുള്ള റൂളിംഗ് ചെയര്‍ നല്‍കുമ്പോള്‍ ബഹുമാനപ്പെട്ട അംഗങ്ങളായ സര്‍വ്വശ്രീ ടി.വി രാജേഷും ജയിംസ് മാത്യുവും വീണ്ടും ചാടിയെണീറ്റത് വളരെ ഖേദകരമാണ്. ഇത് നടപടിചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. നമ്മുടെ എല്ലാ നിയമങ്ങള്‍ക്കും വിരുദ്ധമാണ്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല. ഇത് അംഗീകരിക്കാന്‍ സാധ്യമല്ല...(ബഹളം)...കടുത്ത നടപടികളിലേക്ക് പോകാന്‍ ദയവ് ചെയ്ത് ചെയറിനെ നിങ്ങള്‍ നിര്‍ബന്ധിക്കരുത്....(ബഹളം)...ശ്രീ. കെ.എന്‍.എ ഖാദര്‍, അങ്ങ് സംസാരിക്കുന്നുണ്ടോ? ....(ബഹളം)...ചെയര്‍ ഏകപക്ഷീയമായി പെരുമാറാത്തതുകൊണ്ടാണ് ഇത്രയും സംഭവിച്ചത്.
 
ശ്രീ.കെ.എന്‍.എ ഖാദര്‍: സര്‍, ഞാന്‍ ഈ നിയമസഭയില്‍ അവതരിപ്പിച്ച ധനാഭ്യര്‍ത്ഥനകളെ പിന്താങ്ങുകയാണ്. ഈ ധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കണമെന്ന് ഞാന്‍ ബഹുമാനപ്പെട്ട സഭയോട് അപേക്ഷിക്കുകയാണ്. ഈ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ....(ബഹളം)...പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിനും ....(ബഹളം)...അതുപോലെ സഹകരണ രംഗത്തും വിനോദസഞ്ചാരരംഗത്തുമുള്ള ഈ ധനാഭ്യര്‍ത്ഥനകളെ ഞാന്‍ പിന്താങ്ങുന്നു.
(പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് സത്യാഗ്രഹമിരുന്നു)
മി. സ്പീക്കര്‍: ശ്രീമതി ഗീതാ ഗോപി....ശ്രീമതി ഗീതാ ഗോപി...
(ബഹുമാനപ്പെട്ട പ്രതിപക്ഷാംഗം സീറ്റില്‍ ഇല്ലാതിരുന്നതിനാല്‍ സംസാരിച്ചില്ല).

No comments:

Post a Comment

Note: Only a member of this blog may post a comment.