ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെ പരോക്ഷമായി കളിയാക്കൊണ്ടുള്ള സി.പി.എം. ജില്ലാ നേതാവിന്റെ കവിത പാര്‍ട്ടിക്കുള്ളില്‍ പുതിയ ചര്‍ച്ചയ്ക്ക് വഴിവെക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കവേ ഇത് പുതിയൊരു ചലനം തന്നെ സൃഷ്ടിക്കുമെന്ന് കരുതുന്നവരും കുറവല്ല. ഇനി ഔദ്യോഗിക വിരുദ്ധപക്ഷക്കാര്‍ക്ക് വിവിധ തലങ്ങളിലുള്ള സമ്മേളനങ്ങളില്‍ എടുത്ത് പ്രയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള കവിതയാണിതെന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. പരിയാരത്ത് മകള്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് നേടിയ വി.വി രമേശന്റെ നടപടികളെയാണ് കവിതയില്‍ പരിഹസിച്ചിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തം.
സി.പി.എം. ജില്ലാ കമ്മറ്റിയംഗം അഡ്വ. പി.അപ്പുക്കുട്ടന്‍ 'തുളുനാട്' മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍ എഴുതിയ 'ഏപ്രിലിന്റെ നൊമ്പരങ്ങള്‍' എന്ന കവിതയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. അച്ഛനും അമ്മയും മകനും ഉള്‍പ്പെട്ട കുടുംബത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് കവിതയ്ക്ക് ആധാരം. പത്താംതരം പരീക്ഷയ്ക്ക് മുഴുവന്‍ വിഷയത്തിലും ഉന്നതവിജയം നേടിയ മകനോട് അമ്മ പറയുന്നു- 'മെഡിസിന് ചേരണമെങ്കില്‍ മെറിറ്റില്‍തന്നെ സീറ്റ് കിട്ടണം. ഓര്‍ക്കണം, എന്‍.ആര്‍.ഐ. ക്വാട്ടയില്‍ സീറ്റുനേടാന്‍ സ്‌പോണ്‍സറിങ്ങിന് ഉണ്ണിക്ക് അമ്മാവന്മാര്‍ ആരുമില്ലല്ലോ ഗള്‍ഫില്‍, ആശ്രയമില്ലാത്തവര്‍ക്കും സ്വാശ്രയത്തില്‍ സിറ്റുകിട്ടാന്‍ കാശുതന്നെ ആശ്രയം, വഴിവിട്ടു സീറ്റുനേടുവാന്‍ ഉണ്ണിയുടെ അച്ഛന്‍ മന്ത്രിയുമല്ലല്ലോ....' തുടങ്ങിയ വരികളില്‍ വി.വി.രമേശനെ പരോക്ഷമായി പിടികൂടുന്ന വരികള്‍ സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിതെളിയ്ക്കും.
പുരോഗമനകലാസാഹിത്യ സംഘം ജില്ലാ ട്രഷററും ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവുമാണ് അപ്പുക്കുട്ടന്‍. സി.പി.എം. ജില്ലാകമ്മിറ്റിയില്‍ രമേശനും അപ്പുക്കുട്ടനും ഏറെക്കാലം സഹപ്രവര്‍ത്തകരുമായിരുന്നു. പിന്നീട് വിവാദമുണ്ടായതോടെ രമേശനെ തരംതാഴ്‌ത്തിയിരുന്നു. ഈ സമ്മേളനത്തില്‍ രമേശന്‍ വീണ്ടും ജില്ലാ കമ്മറ്റിയിലേയ്ക്ക് തിരിച്ചുകയറും എന്നൊരു സംസാരവും പാര്‍ട്ടിയ്ക്ക് ഉള്ളിലുണ്ട്. ഔദ്യോഗിക പക്ഷത്തെ ഉന്നതനേതാവിന്റെ അടുത്ത ആളാണ് രമേശന്‍ എന്നാണ് പറയപ്പെടുന്നത്. രമേശന്റെ തിരിച്ചുവരവിന് പാര പണിയുകയാണോ കവിതയുടെ ലക്ഷ്യമെന്ന് ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടി അംഗങ്ങളുമുണ്ട്. എന്നാല്‍ ആരെയും ഉദ്ദേശിച്ചല്ല കവിതയെന്നും മുന്നിലുള്ള സാധാരണപ്രശ്‌നമെന്ന നിലയിലാണത് കൈകാര്യം ചെയ്തതെന്നും അഡ്വ. പി.അപ്പുക്കുട്ടന്‍ പറയുന്നു.
ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ മകള്‍ 50 ലക്ഷം രൂപയുടെ എന്‍ആര്‍ഐ ക്വാട്ടയില്‍ എംബിബിഎസ് പ്രവേശനം നേടിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത് സ്വാശ്രയ കോളേജുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം കൂടിയാണ് രമേശന്‍. സാധാരണ നിലയില്‍ വിദേശത്ത് ജോലിയോ ബിസിനസോ ഉളളവരുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെക്കുന്നതാണ് എന്‍ആര്‍ഐ പേമെന്റ് സീറ്റുകള്‍. എന്നാല്‍ കേരളത്തിലുളളവര്‍ക്ക് വേണ്ടി എന്‍ആര്‍ഐകള്‍ക്ക് സീറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന സാങ്കേതിക ന്യായം നിരത്തി രമേശനെ ന്യായീകരിക്കുവാനും സിപിഎം ഭരണ സമിതി ശ്രമിച്ചു.
എന്നാല്‍ സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന മാനേജ്‌മെന്റ് ക്വാട്ടയും എന്‍ആര്‍ഐ ക്വാട്ടയും സ്വന്തം നേതാക്കള്‍ തന്നെ വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കുന്നതിനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ ഡിവൈഎഫ്‌ഐക്കുളളിലും പാര്‍ട്ടിക്കുളളിലും ഉയര്‍ന്നതോടെ രമേശനെ രക്ഷിക്കാനുളള ശ്രമങ്ങള്‍ കയ്യൊഴിയേണ്ടിവന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരാള്‍ക്ക് അരക്കോടിയുടെ സീറ്റില്‍ മകളെ പഠിപ്പിക്കുന്നതിനുളള സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന ചോദ്യവും ഉയര്‍ന്നു. ആരോപണങ്ങളെ തുടര്‍ന്ന് രമേശന്‍ മകളുടെ സീറ്റ് 'പാര്‍ട്ടിക്ക് വേണ്ടി' ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു
No comments:
Post a Comment
Note: Only a member of this blog may post a comment.