Wednesday, October 12, 2011

ഇടതന്മാര്‍ പലവട്ടം സ്വാശ്രയത്തില്‍ നിന്നും സര്‍ക്കാരിലേയ്ക്ക് പ്രവേശനം നല്‍കി; ഇപ്പോള്‍ പോലീസിനെ കല്ലെറിയണം വണ്ടി കത്തിക്കണം


സ്വാശ്രയ കോളെജില്‍ അഡ്‌മിഷന്‍ നേടി പഠനം ആരംഭിച്ച നിര്‍മല്‍ മാധവ് സര്‍ക്കാര്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നമെന്ന നിലയില്‍ സമരം നടത്തി വരുന്നതിനിടെ ഇടത് ഭരണ കാലത്ത് കേരളത്തിനു പുറത്ത് അന്യസംസ്ഥാനങ്ങളിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പോലും പഠിച്ചുകൊണ്ടിരുന്നവര്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ കോളെജുകളിലേയ്ക്ക് പ്രവേശനം നല്‍കിയിരുന്നു എന്ന വിവരം കേരളത്തിലെ പ്രമുഖ ദിനപത്രങ്ങള്‍ പുറത്ത് കൊണ്ടുവന്നു. ഇതോടെ പോലീസിനെ ആക്രമിച്ചും വണ്ടി കത്തിക്കലും ഓഫീസ് അടിച്ചു തകര്‍ക്കലും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ സമരം തുടര്‍ന്ന് വരുന്ന എസ്.എഫ്.ഐയുടെ ലക്ഷ്യമെന്തെന്ന് അവര്‍ക്ക് പോലും നിശ്ചയമില്ലാതെയായി.

എങ്ങനെയെങ്കിലും ഈ പ്രശ്നം ഒന്നു തീര്‍ത്താല്‍ മതിയെന്ന നിലയിലായി സി.പി.എം. അതുകൊണ്ടു തന്നെ നിര്‍മല്‍ മാധവിന്റെ അഡ്‌മിഷനേക്കാള്‍ ഇടത് നേതാക്കന്മാര്‍ ശ്രദ്ധ ചെലുത്തുന്നത് അസി. കമ്മീഷ്ണര്‍ വെടിവച്ചു എന്ന വിഷയത്തിലേയ്ക്കാണ്. നിര്‍മ്മല്‍ മാധവിന് മറ്റൊരു കോളജില്‍ പ്രവേശനം നല്‍കി ഇതു തീര്‍ക്കാം എന്ന ഒത്തുതീര്‍പ്പുമായി നടക്കുകയാണ് ഇടത് നേതാക്കള്‍ ഇപ്പോള്‍. മുഖ്യമന്ത്രി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുകയും പ്രതിപക്ഷ ഉപനേതാവ് അടക്കമുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തും കഴിഞ്ഞു. റാഗിങ്ങിനിരയായ വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥിക്കു തുടര്‍പഠനം ഉറപ്പാക്കി മാത്രമേ ഇക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയൂ. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും കുട്ടിക്കു പഠിക്കാനാവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കുക എന്ന കടമ നിറവേറ്റേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനു വേണ്ടി ‍, മറ്റേതെങ്കിലും കോളജിലേക്ക് നിര്‍മല്‍ മാധവിനെ മാറ്റി പ്രശ്‌നം അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാണു. ഈ നിലപാടാണ് പ്രതിപക്ഷം ഇപ്പോള്‍ കൊണ്ടു നടക്കുന്നതും. നിയമസഭയിലും ഈ തീരുമാനത്തോടു സഹകരിക്കാമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എ.പ്രദീപ് കുമാര്‍ എംഎല്‍എ ഇത് നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ചര്‍ച്ചകള്‍ നടത്തി രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സ്വാശ്രയ സ്ഥാപനമായ കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചു കുട്ടികളെ ആക്രമിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട എസ്എഫ്‌ഐ നേതാവ്‌ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിദ്യാര്‍ഥി വൈ.വൈ. വംശി കൃഷ്ണയ്ക്ക്‌ 2007ല്‍ ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കിയിരുന്നു. എം.ഇ.എസ്‌ കോളേജില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു പലതവണ നടപടികള്‍ക്കു വിധേയനായിരുന്നു വംശി കൃഷ്ണ. ആയുധങ്ങളുമായി എത്തി മറ്റു വിദ്യാര്‍ഥികളെ ആക്രമിച്ചതോടെയാണു പുറത്താക്കിയത്. എം.ഇ.എസില്‍ തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മന്ത്രിയായിരുന്ന എം.എ. ബേബിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിലേയ്ക്ക് പ്രവേശനം നല്‍കിയത്.

കോട്ടയം ആതുരാശ്രമം എന്‍എസ്എസ് ഹോമിയോ മെഡിക്കല്‍ കോളജില്‍ പഠിച്ച, സിപിഎമ്മിന്റെ പ്രമുഖ നേതാവായ നല്ലളം റഷീദിന്റെ മകള്‍ റാഷിദയ്ക്കാ്‌ കോഴിക്കോട് കാരപ്പറമ്പ് ഹോമിയോ മെഡിക്കല്‍ കോളജിലേക്കു മാറ്റം നല്‍കിയതും ഇടതു ഭരണകാലത്ത്‌. സര്‍ക്കാര്‍ ഹോമിയോ കോളജുകളില്‍ രണ്ടാം വര്‍ഷം ഒഴിവുള്ള മൂന്നു സീറ്റുകളിലേക്കു മറ്റു മെഡിക്കല്‍ കോളജുകളില്‍നിന്നു മാറ്റം നല്‍കാന്‍ വ്യവസ്ഥയുണ്ട്. മാറ്റം ആഗ്രഹിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രകാരമാണ് ഇതു നല്‍കുക. കോഴിക്കോട്ടേക്ക് ഇത്തരത്തില്‍ മൂന്നു പേര്‍ക്കു മാറ്റം ലഭിച്ചിരുന്നു. തുടര്‍ന്ന് ആറാം റാങ്കുകാരിയായ റാഷിദ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നല്‍കണമെന്നു കാണിച്ച് കോടതിയെ സമീപിച്ചു. സാങ്കേതിക തടസങ്ങള്‍ കോടതിയില്‍ മറച്ചുവച്ച്‌ ഇടതുപക്ഷ സിന്‍ഡിക്കറ്റ് അന്ന് അനുകൂലവിധിക്ക് സാഹചര്യമൊരുക്കി. പിന്നീട് സിന്‍ഡിക്കറ്റും ഈ ട്രാന്‍സ്‌ഫറിനെ അംഗീകരിച്ചു. ഇതേതുടര്‍ന്ന് നാലും അഞ്ചും റാങ്കുകാര്‍ ഈ ആവശ്യവുമായി വന്നപ്പോള്‍ അവര്‍ക്ക് ഈ ആനുകൂല്യം നല്‍കിയുമില്ല.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ഭരണകാലത്താണ്, മുതിര്‍ന്ന ഐ.ജി. മഹേഷ്‌കുമാര്‍സിംഗ്ലയുടെ മകന്‍ നിഖിലിനെ കോയമ്പത്തൂരിലെ സ്വാശ്രയ കോളേജായ പി.എസ്.ജി കോളേജില്‍ നിന്ന് കേരള സര്‍വകലാശാലയുടെ കീഴിലേക്ക് മാറ്റം നല്‍കിയത്. ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ താത്പര്യപ്രകാരമായിരുന്നു ഈ മാറ്റമെന്ന് അന്ന് വാര്‍ത്തയുണ്ടായിരുന്നു. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജിലേക്കായിരുന്നു നിഖിലിന് അന്ന് മാറ്റം നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ബി. ഇക്ബാല്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായിരുന്ന കാലത്ത് ബറോഡയിലെ സ്വാകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കുട്ടിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റം നല്‍കിയിട്ടുണ്ട്.

അപകടത്തില്‍ വീണു മരിച്ച തിരുവനന്തപുരം വട്ടപ്പാറ സിഎംഎസ് ഡന്റല്‍ കോളജിലെ അഞ്ജന സഞ്ജിത്തിന്റെ സഹോദരി അര്‍ച്ചന സഞ്ജിത്തിന് ഇതേ കോളജില്‍നിന്നു തിരുവനന്തപുരം ഗവ. ഡന്റല്‍ കോളജിലേക്കു കഴിഞ്ഞവര്‍ഷം മാറ്റം കൊടുത്തിരുന്നു. സഹോദരി മരിച്ച കോളജില്‍ പോകുന്നതിനുള്ള മാനസിക പ്രയാസങ്ങള്‍ പരിഗണിച്ച് മാറ്റം അനുവദിക്കണമെന്ന പിതാവിന്റെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്.

കാമ്പസില്‍ അക്രമം കാട്ടുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരില്‍ കോട്ടയം സിഎംഎസ് കോളജില്‍നിന്നു പുറത്താക്കപ്പെട്ട എസ്എഫ്‌ഐ നേതാവ് ജയ്ക് സി. തോമസിനു കോളജില്‍ പഠിക്കാതെ തന്നെ പരീക്ഷ എഴുതാന്‍ എംജി സിന്‍ഡിക്കറ്റ് അവസരം നല്‍കിയിരുന്നു. നിശ്ചിത ശതമാനം ഹാജരോ ഇന്റേണല്‍മാര്‍ക്കോ ഇല്ലാത്ത വിദ്യാര്‍ഥിയെ പരീക്ഷ എഴുതിക്കുന്നതിനായി ഇടതു സിന്‍ഡിക്കറ്റ് ഉപസമിതി തന്നെ രൂപീകരിച്ചു. ജയ്കിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ആഴ്ചകളോളം നീളുകയും അക്രമാസക്തമാവുകയും ചെയ്തു. കോളജിലെ അക്രമം നാണക്കേടും കാടത്തവുമാണെന്നു ഹൈക്കോടതിയും നിരീക്ഷിച്ചു.പിന്നീടു ജസ്റ്റിസ് കെ.ടി. തോമസ് മധ്യസ്ഥനായി നടത്തിയ ചര്‍ച്ചകളിലാണു സമരം അവസാനിപ്പിച്ചത്. ജയ്കിനു തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നായിരുന്നു ഒടുവില്‍ എസ്എഫ്‌ഐ ഉന്നയിച്ച ആവശ്യം. മറ്റേതെങ്കിലും കോളജില്‍ പഠിപ്പിക്കാമെന്നു ധാരണയുണ്ടായെങ്കിലും ഇതേ കോഴ്‌സ് സര്‍വകലാശാലയില്‍ മറ്റൊരിടത്തുമില്ലായിരുന്നു. പ്രൈവറ്റായി പരീക്ഷ എഴുതിക്കാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണു സമരത്തില്‍നിന്നു തലയൂരിയത്. ജയ്കിന് മറ്റേതെങ്കിലും കോളജില്‍ പ്രവേശനം, പ്രൈവറ്റ് റജിസ്‌ട്രേഷന് അവസരം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്.എഫ്.ഐ അന്നു സമരം നടത്തിയിരുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വാശ്രയ സ്ഥാപനമാണ് ഐഇടി. ഇവിടെ ജോലി ചെയ്യണമെങ്കില്‍ പോലും ഇടത് പിന്തുണ വേണം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഇവിടുത്ത പീഢനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയ നിര്‍മ്മലിന്, വിവരം അറിഞ്ഞ പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ നല്‍കുന്നതില്‍ നിന്നും ഇടതുഭരണത്തിലുള്ള കാലിക്കറ്റ് സര്‍വകലാശാല തടഞ്ഞു. യില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി.

നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. 2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു.

ഇടത് നേതാക്കള്‍ക്കോ അവരുടെ മക്കള്‍ക്കോ അടുപ്പക്കാര്‍ക്കോ ഏത് നിലയിലും അഡ്‌മിഷന്‍ നല്‍കാം. മറ്റുള്ളവര്‍ക്ക് പഠിക്കാന്‍ അവസരം നല്‍കിയാല്‍ പോലും രാജ്യത്ത് കല്ലേറും വണ്ടി കത്തിക്കലും നടക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.