Monday, October 17, 2011

വനിതാ വാര്‍ഡനെ മര്‍ദ്ദിച്ച എം.എല്‍.എമാര്‍ സസ്പെന്‍ഷന്‍ ചോദിച്ച് വാങ്ങി


വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്ത എംഎല്‍എമാരായ ടി.വി.രാജേഷിനെയും ജെയിംസ് മാത്യുവിനെയും രണ്ടു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. രാജേഷും ജെയിംസ് മാത്യുവും തന്റെ ചേംബറിലെത്തി ഖേദം പ്രകടിപ്പിച്ചെന്ന സ്പീക്കര്‍ പറഞ്ഞയുടെന്‍ ചാടിയെഴുന്നേറ്റ രണ്ട് എം.എല്‍.എമാരും കൂടി തങ്ങള്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സംഭവങ്ങളില്‍ വിഷമമുണ്ടെന്ന് അറിയിക്കുക മാത്രമാണു ചെയ്തതെന്നും പറഞ്ഞ് സ്പീക്കറുടെ വാക്കുകളെ ഖണ്ഡിക്കുകയായിരുന്നു.

എം.എല്‍.എ മാരുടെ ഭാഗത്ത് നിന്നും ഉണ്ടായ അപ്രതീക്ഷിതമായ പെരുമാറ്റത്തെ തുടര്‍ന്ന്, ഈ സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരമായി പോയെന്നും ഇത്തരത്തില്‍ സഭയില്‍ പെരുമാറുന്നതു കടുത്ത നടപടി വിളിച്ച് വരുത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന്‌ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. സസ്‌പെന്‍ഷന്‍ ഉണ്ടായതോടെ പ്രതിപക്ഷം നിയമസഭയില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. കൂടാതെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി.

വെള്ളിയാഴ്ച നിയമസഭയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നു സഭയുടെ അന്തസിനു കോട്ടം തട്ടിയെന്നും സ്പീക്കര്‍ പറഞ്ഞു. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് സഭയില്‍ ഉണ്ടായത്. ജെയിംസ് മാത്യു കോടിയേരി ബാലകൃഷ്ണനോട് എന്തോ പറയുന്നതും തുടര്‍ന്നു ടി.വി.രാജേഷിനൊപ്പം സ്പീക്കറുടെ ചേംബറിലേക്കു തള്ളിക്കയറുന്നതായും വിഡിയോയില്‍ വ്യക്തമായി കാണാം. വനിതാ വാര്‍ഡനെ കയ്യേറ്റം ചെയ്തത് മനഃപ്പൂര്‍വം ആണെന്നു കരുതുന്നില്ലെന്നും സ്പീക്കര്‍ വെളിപ്പെടുത്തി.

സഭയിലുണ്ടായ സംഭവങ്ങളില്‍ നാലു പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. സഭയ്ക്കകത്ത് അക്രമം നടത്തുന്ന പ്രവണത ശരിയല്ല. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതി ലഭിക്കുന്നത്. സഭയുടെ അന്തസിനു ചേര്‍ന്നതാണോ ഇത്തരം പ്രവര്‍ത്തനങ്ങളെന്ന്‌ എല്ലാവരും ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

കയ്യാങ്കളി വിവാദം ഒത്തു തീര്‍പ്പിലെത്തി എന്നായിരുന്നു കരുതപ്പെട്ടിരുന്നത്.  ആരോപണ വിധേയരായ എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറില്‍ എത്തി വെള്ളിയാഴ്ചയുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ മാപ്പു ചോദിക്കുന്നതായി രേഖമൂലം കത്തു നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ സഭയില്‍ ഈ വിഷയത്തില്‍ പ്രസ്താവന നടത്തിയപ്പോഴാണ് ഖേദപ്രകടനം നടത്തിയെന്ന വാക്കിനെതിരേ എതിര്‍പ്പുമായി എംഎല്‍എമാര്‍ രംഗത്ത് വന്നതും സസ്പെന്‍ഷന്‍ കിട്ടിയതും.

No comments:

Post a Comment

Note: Only a member of this blog may post a comment.