Monday, October 10, 2011

പിണറായിയുടെ ഇടപെടല്‍; സ്ത്രീപീഢനക്കാരനായ നേതാവിന് സംരക്ഷണം



സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ ഇടപെടല്‍ മൂലം, ഇടുക്കി ജില്ലയിലെ ഒരു പ്രമുഖ സി.പി.എം. ഏരിയാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം പിണറായി കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി സംസ്ഥാന സെക്രട്ടറി ഈ വിഷയത്തില്‍ രാവിലെ ചര്‍ച്ച നടത്തിയതിനു ശേഷമാണ് ജില്ലാ കമ്മറ്റിയില്‍ ഇത് ചര്‍ച്ച ചെയ്യേണ്ടെന്ന് ധാരണയായത്.

പാര്‍ട്ടി ഏരിയാ സെക്രട്ടറി അപമര്യാദയായി പെരുമാറിയെന്നും കരണത്തടിച്ചുവെന്നും പറഞ്ഞാണ് മഹിളാ അസോസിയേഷന്‍ നേതാവ് കേന്ദ്ര കമ്മറ്റിയ്ക്ക് പരാതി അയച്ചത്. ഏരിയാ സെക്രട്ടറി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നും എതിര്‍ത്തപ്പോള്‍ കരണത്ത് അടിച്ചുവെന്നുമാണ് പരാതി. കേന്ദ്രകമ്മറ്റിയ്ക്ക് നല്‍കിയ പരാതിയുടെ കോപ്പി സംസ്ഥാന കമ്മറ്റിയ്ക്കും ജില്ലാ കമ്മറ്റിയ്ക്കും മഹിളാ നേതാവ് നല്‍കിയിരുന്നു. ശനിയാഴ്ച ആദ്യം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തക ഏരിയാ സെക്രട്ടറിക്ക് എതിരെ അയച്ച പരാതി പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള ജില്ലാ സെക്രട്ടേറിയറ്റില്‍ പരാതി അന്വേഷണവിധേയമാക്കണമെന്നോ, നടപടിവേണമെന്ന് വാദിക്കാനോ ആളുണ്ടായില്ല. ഇതോടെ പരാതിക്കുമേല്‍ സ്വഭാവിക നടപടിക്രമം സ്വീകരിക്കുക എന്ന നിലപാടില്‍ വിഷയം അവസാനിക്കുകയായിരുന്നു. ജില്ലാകമ്മിറ്റി യോഗത്തില്‍ മാധ്യമവാര്‍ത്തകള്‍ ചില അംഗങ്ങള്‍ സൂചിപ്പിച്ചു. 'വരട്ടെ, അതെന്താണെന്നു പരിശോധിക്കാം' എന്നു ജില്ലാ സെക്രട്ടറി എം.എം.മണി മറുപടി നല്‍കിയതോടെ തുടര്‍ ചര്‍ച്ച ഉണ്ടായില്ല. ധാരണയനുസരിച്ച് സംസ്ഥാന സെക്രട്ടറി ഈ വിഷയത്തെപ്പറ്റി യാതൊന്നും പറഞ്ഞതുമില്ല. പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഈ വിഷയം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ ഇത് പുറത്തേക്ക് പോവാതിരിക്കാന്‍ സി.പി.എം നേതൃത്വം പരമാവധി ശ്രമിച്ചിരുന്നു.

പാര്‍ട്ടി സമ്മേളനങ്ങളുടെ പുരോഗതി ജില്ലാ കമ്മറ്റി യോഗം വിലയിരുത്തി. ജില്ലയിലെ 13 ഏരിയാകമ്മിറ്റികളും ഒരാഴ്ചയ്ക്കകം യോഗം ചേരും. വിവാദത്തില്‍പ്പെട്ടയാളുടെ നേതൃത്വത്തിലുള്ള ഏരിയാകമ്മിറ്റിയുടെ യോഗം 14നാണ്. അവിടെ വിഷയം വീണ്ടും ചര്‍ച്ചക്കുവന്നാലും ഔദ്യോഗികപക്ഷത്തിന് കനത്ത മേല്‍ക്കൈ ഉള്ളതിനാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ ഇടയില്ല. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയംഗമായ എം.സി. മാത്യു നല്‍കിയ കത്ത് സെക്രട്ടേറിയറ്റ് അംഗീകരിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ വിവാദമാകുന്നത് തടയുവാനാണ് വിശദമായ ചര്‍ച്ച ഒഴിവാക്കിയത്.

ഇടുക്കി ജില്ലയില്‍ സി.പി.എം നേതൃത്വം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വി.എസ് പക്ഷം ഒന്നാകെ പിണറായി പക്ഷത്തേയ്ക്ക് കൂറു മാറിയതോടെ ജില്ലയില്‍, പഴയ പിണറായി പക്ഷക്കാര്‍ മനംമടുത്ത് പാര്‍ട്ടിയില്‍ നിന്നു തന്നെ പിന്‍വാങ്ങുകയാണ്. മുന്‍ ജില്ലാ സെക്രട്ടറി പി.എം. മാനുവല്‍ അംഗത്വം പുതുക്കാതെ പിന്‍വാങ്ങിയപ്പോള്‍ മുന്‍ സെക്രട്ടേറിയറ്റംഗവും നിലവിലെ ജില്ലാ കമ്മിറ്റിയംഗവുമായ എം.സി. മാത്യു ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. അതാണ് ഇന്നലെ അംഗീകരിച്ചത്. സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ ഒ.ജി. മദനന്‍ സ്വയം ആവശ്യപ്പെട്ട് ലോക്കല്‍ കമ്മിറ്റിയിലേക്ക് മാറി. ബ്രാഞ്ച് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ച ജില്ലാ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ വി.എസ് ഏറ്റെടുത്ത മൂന്നാര്‍ ഓപറേഷനാണ് ഏറ്റവും വിശ്വസ്തനായിരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണിയെ പിണറായി പക്ഷത്തെത്തിച്ചത്. ഇതുവഴി ജില്ലാ കമ്മിറ്റി ഒന്നടങ്കം ഔദ്യോഗിക പക്ഷത്ത് ചേക്കേറി. മൂന്നാര്‍ ദൗത്യവുമായി വി.എസ് അച്യുതാനന്ദന്‍ ഇറങ്ങുംവരെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനെതിരെ കരുനീക്കുകയും ജില്ലയിലെ പിണറായി പക്ഷക്കാരെ ഇല്ലാതാക്കാന്‍ പണിപ്പെടുകയുമായിരുന്നു മണിയും കൂട്ടരും. കളംമാറി പിണറായിയുടെ വക്താക്കളായപ്പോള്‍ പഴയ പിണറായിക്കാര്‍ വീണ്ടും ഇക്കൂട്ടരുടെ ശത്രുക്കളാകുന്ന സ്ഥിതിയാണത്രേ ഉണ്ടായത്. വി.എസിനെ വെട്ടിനിരത്തി മറുകണ്ടം ചാടിയവര്‍ ജില്ലാ കമ്മിറ്റിയില്‍ ആധിപത്യം ഉറപ്പിച്ചതോടെ സംരക്ഷിക്കാന്‍ ആരുമില്ലാതായ ഈ സാഹചര്യത്തിലാണ് 'പഴയ പിണറായിക്കാര്‍' പാര്‍ട്ടി വിടുകയോ സ്വയം ഒതുങ്ങുകയോ ചെയ്യുന്നത്. വി.എസിനോട് അടുപ്പം പുലര്‍ത്താത്ത ഇവര്‍ക്ക് ഇതേ വഴിയുള്ളൂ എന്നും പറയപ്പെടുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.