വീണ്ടും പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങള്‍ ആലപ്പുഴയിലും പരിസരങ്ങളിലും ഒക്ടോബര്‍ 20 മുതല്‍ 27 വരെ നടക്കുകയാണ്. വമ്പിച്ച ഘോഷയാത്രകള്‍, ബാന്‍ഡുമേളങ്ങള്‍, കൊടിതോരണങ്ങള്‍, ദീപശിഖാറിലേ, കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയാണ് പരിപാടികള്‍.
ചെലവേറിയ വേദികളും പന്തലുകളും അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നു. അതില്‍ നൂറുകണക്കിന് ചുമപ്പ് പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയിട്ടുണ്ട്. നേതാക്കള്‍ വേദികളില്‍ പ്രസംഗിക്കും. നേതാക്കളുടെ വരവ് അറിയിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തോടെ പ്രചരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കും. വര്‍ഷങ്ങളായി ആലപ്പുഴക്കാര്‍ ഈ സമയത്ത് കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണിത്. 1946 ഒക്ടോബര്‍ 24-ന് പുന്നപ്ര കടലോരത്തെ പൊലീസ് ക്യാമ്പിലേക്ക് ഒരുകൂട്ടം തൊഴിലാളികള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് വെടിവെയ്പ്പും സംഘട്ടനങ്ങളും ഉണ്ടായി. ഈ സംഭവത്തില്‍ 28 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു (ഔദ്യോഗിക കണക്ക്). 5 പൊലീസുകാര്‍ വെട്ടുംകുത്തുമേറ്റ് കൊല്ലപ്പെട്ടു. സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരും മരിച്ച പൊലീസുകാരുടെ കൂട്ടത്തിലുണ്ട്. ഈ സംഭവത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് 1946 ഒക്ടോബര്‍ 27-ന് വയലാര്‍ കോയിക്കല്‍ ക്ഷേത്രമൈതാനത്തെ തൊഴിലാളി ക്യാമ്പിലേക്ക് തിരുവിതാംകൂര്‍ സ്റ്റേറ്റ് പട്ടാളം യന്ത്രത്തോക്ക് ഉപയോഗിച്ച് വെടി വെച്ചതിന്റെ ഫലമായി 103 ചെറുപ്പക്കാരായ തൊഴിലാളികള്‍ മരിച്ചുവീണു. ഈ രണ്ട് സംഭവങ്ങളുടേയും 65-ാം വാര്‍ഷികമാണ് ഇത്തവണയും പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളായി രണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ വര്‍ഷവും ആഘോഷം നടക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പുന്നപ്ര-വയലാര്‍ സംഭവങ്ങളെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചിത്രീകരിക്കാറുണ്ട്. എന്നുമാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് ഈ സംഭവങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഇപ്പോള്‍ 1150 കമ്മ്യൂണിസ്റ്റുകാര്‍ പുന്നപ്ര-വയലാറിന്റെ പേരില്‍ പ്രതിമാസം 6000 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ തരപ്പെടുത്തിയെടുത്തതാണിത്. ഈ ഇനത്തില്‍ പ്രതിവര്‍ഷം 8 കോടി 28 ലക്ഷം രൂപ സംസ്ഥാന ഖജനാവില്‍ നിന്നും ചോര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റൊരു വിശദീകരണം ഈ സംഭവങ്ങള്‍ തിരുവിതാംകൂറില്‍ നടന്ന ഉത്തരവാദ ഭരണ പ്രക്ഷോഭണങ്ങളുടെ ഭാഗമായിരുന്നു എന്നാണ്. ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കും എതിരായ തൊഴിലാളികളുടെ സമരമായിട്ടും ഇതിനെ ചിത്രീകരിച്ച് വരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒരു തലമുറയെ പറഞ്ഞ് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് നോക്കാം.
1946 കാലഘട്ടം രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള സമയമാണ്. നാട്ടില്‍ കടുത്ത തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. അരിയും ഭക്ഷണ പദാര്‍ത്ഥങ്ങളും കിട്ടാനില്ല. കിട്ടിയാല്‍ തന്നെ തീപിടിച്ച വിലകൊടുക്കണം. വസ്ത്രത്തിനും കടുത്ത ക്ഷാമമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ പട്ടാളക്കാര്‍ നാട്ടില്‍ തിരിച്ചെത്തി തൊഴിലില്ലാതെ അലയുന്നു. പുറം രാജ്യങ്ങളില്‍ ജോലിയുണ്ടായിരുന്നവരും തൊഴില്‍ രഹിതരായി നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ ജോലിയില്ല. ഉള്ള ജോലിക്ക് ന്യായമായ കൂലിയും ഇല്ലാത്ത അവസ്ഥ. കര്‍ഷകത്തൊഴിലാളികള്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കും പ്രതിദിനം ഒന്നര രൂപ പോലും കൂലി കിട്ടാത്ത അവസ്ഥ. ഈ വിധത്തില്‍ ജനങ്ങളാകെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ അവഗണനയും കൂടിയായപ്പോള്‍ സര്‍ക്കാരിനെതിരായ ജനവികാരം ശക്തിപ്പെട്ടു. നാട്ടിന്‍പുറങ്ങളിലെ സാധാരണ പാവപ്പെട്ടവരെല്ലാം വന്‍കിടജന്മിമാരുടെ കുടികിടപ്പുകാരായിരുന്നു. ജന്മിമാരുടേയും അവരുടെ കാര്യസ്ഥന്മാരായ ഗുണ്ടകളുടേയും വരുതിയില്‍ ഈ പാവപ്പെട്ടവര്‍ കഴിയേണ്ട സ്ഥിതിയായിരുന്നു. അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ പൊതുസ്ഥിതി ഇതായിരുന്നു.
അമ്പലപ്പുഴ താലൂക്കിലെ കടലോര ഗ്രാമമാണ് പുന്നപ്ര. ഇവിടെ ചെറുകിട ജന്മിമാരുടെ കുടികിടപ്പുകാരായ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളായിരുന്നു ഭൂരിപക്ഷവും.
അമ്പലപ്പുഴ താലൂക്കിലെ കടലോര ഗ്രാമമാണ് പുന്നപ്ര. ഇവിടെ ചെറുകിട ജന്മിമാരുടെ കുടികിടപ്പുകാരായ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളായിരുന്നു ഭൂരിപക്ഷവും.
ലത്തീന്‍ കത്തോലിക്കരായ സമ്പന്ന കുടുംബങ്ങളും പുന്നപ്രയിലുണ്ടായിരുന്നു. ഈ സമ്പന്ന കുടുംബങ്ങളായിരുന്നു മത്സ്യബന്ധനത്തിനുള്ള വള്ളങ്ങളുടേയും വലയുടേയും ഉടമസ്ഥര്‍. അവരുടെ കുടികിടപ്പുകാരായ മത്സ്യത്തൊഴിലാളികള്‍ ഈ വള്ളവും വലയും ഉപയോഗിച്ച് മീന്‍ പിടിക്കും. കിട്ടുന്നതില്‍ പകുതിയിലധികവും വള്ളം-വല മുതലാളി എടുക്കും. തൊഴിലാളിക്ക് കിട്ടുന്നത് കഷ്ടിച്ച് അന്നത്തേക്ക് അരിവാങ്ങാന്‍ മാത്രമുള്ള തുക. ഇങ്ങനെ മത്സ്യത്തൊഴിലാളികളും മറ്റ് വിഭാഗം തൊഴിലാളികളും വളരെ കഷ്ടപ്പെട്ടും യാതനകള്‍ അനുഭവിച്ചും ജീവിച്ചുവന്ന കാലഘട്ടത്തില്‍ പുന്നപ്രയില്‍ ചില സംഭവങ്ങള്‍ ഉണ്ടായി. പുന്നപ്രയിലെ സമ്പന്ന കുടുംബമായിരുന്ന അരശര്‍ക്കടവില്‍-പൊള്ളയില്‍ കുടുംബത്തിലെ യുവവ്യവസായിയായ അന്തപ്പന് വേണ്ടി മറ്റൊരു സമ്പന്ന കുടുംബമായിരുന്ന കറുകപ്പറമ്പിലെ സില്‍വസ്റ്ററുടെ മകള്‍ കൊച്ചുത്രേസ്യയുമായി വിവാഹാലോചന നടത്തി. അന്തപ്പന്‍ അക്കാലത്ത് വളര്‍ന്നുവന്നുകൊണ്ടിരുന്ന മത്സ്യ വ്യവസായി ആയിരുന്നു. ഈ ആലോചന നാട്ടില്‍ ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഈ വിവാഹം നടന്നില്ല. മറ്റൊരു മത്സ്യ വ്യവസായിയായിരുന്ന ഇപ്പോലിത്ത് എന്നയാള്‍ ഈ വിവാഹം മുടക്കിയതായി കഥ പ്രചരിച്ചു. ഈ വിവരം അറിഞ്ഞ് ക്ഷുഭിതനായ കൊച്ചുത്രേസ്യയുടെ സഹോദരനും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ കെ.എസ്.ബെന്‍ തൊഴിലാളികളെ പറഞ്ഞുവിട്ട് ഇപ്പോലിത്തിനെ കയ്യേറ്റം ചെയ്യിച്ചു. ഇതിന് പൊലീസ് കേസുണ്ടായി.
ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വിവരം പ്രചരിപ്പിച്ച് കൂടുതല്‍ തൊഴിലാളികളെ പ്രകോപിപ്പിച്ചുകൊണ്ട് 1946 ഒക്ടോബര്‍ 16-ന് (1122 കന്നി 31) ഉച്ചയ്ക്ക് ശേഷം പുന്നപ്ര കടപ്പുറത്ത് വ്യാപകമായ അക്രമങ്ങളും കൊള്ളയും തീവെയ്പും അരങ്ങേറി. അക്രമം നടന്നത് അന്തപ്പന്റെ കുടങ്ങളിലായിരുന്നു. ഇപ്പോലിത്തിന്റെയും ബന്ധുക്കളുടേയും വീടുകളും ആക്രമിക്കപ്പെട്ടു. അന്തപ്പന്റെ മത്സ്യഷെഡുകള്‍ തീവെച്ച് നശിപ്പിച്ചു. ഇതെല്ലാം കല്യാണം മുടങ്ങിയ വിരോധത്തിന് നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം അനുയായികള്‍ ചെയ്തതാണ്. വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിച്ച ഹീനമായ നടപടിയായിരുന്നു അത്. ഈ സംഭവങ്ങളെ തുടര്‍ന്ന് അന്നുതന്നെ പുന്നപ്രയില്‍ പൊലീസ് ക്യാമ്പ് തുറന്നു. അരശര്‍കടവില്‍ കുടുംബാംഗമായിരുന്ന അപ്ലോന്‍ അറൌജിന്റെ വീട്ടിലാണ് പൊലീസ് ക്യാമ്പ് തുറന്നത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരുടെ നേതൃത്വത്തില്‍ 28 സായുധ പൊലീസുകാരാണ് ക്യാമ്പിലുണ്ടായിരുന്നത്. പുന്നപ്ര-വയലാര്‍ സംഭവങ്ങളെക്കുറിച്ച് എഴുതിയവരാരും പുന്നപ്ര പൊലീസ് ക്യാമ്പ് തുടങ്ങാനിടയായ യഥാര്‍ത്ഥ സംഭവങ്ങള്‍ പറഞ്ഞിട്ടില്ല. ഈ പൊലീസ് ക്യാമ്പാണ് ഒക്ടോബര്‍ 24-ന് ആക്രമിക്കപ്പെട്ടത്. നിരവധി അക്രമങ്ങള്‍ക്ക് വിധേയനായ അന്തപ്പന്റെ വീട്ടിലായിരുന്നു സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാര്‍ ഊണും ഉച്ചയുറക്കവും നടത്തിയിരുന്നത്. തൊഴിലാളികളുടെ ആക്രമണങ്ങള്‍ക്കിരയായ ഇപ്പോലിത്തും അനുയായികളും പൊലീസ് ക്യാമ്പില്‍ത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. സ്വാഭാവികമായും ഇത് എതിര്‍വിഭാഗത്തിന് കൂടുതല്‍ പ്രതികാര മനോഭാവത്തിനിടയാക്കി.
ഒക്ടോബര്‍ 24ന് പകല്‍ 3.00 മണിക്ക് ഒരുസംഘം തൊഴിലാളികള്‍ (അവരില്‍ കൂടുതലും ലത്തീന്‍ കത്തോലിക്കരായ മത്സ്യത്തൊഴിലാളികള്‍) പൊലീസ് ക്യാമ്പിലേക്ക് ഇരച്ചു കയറി. പൊലീസ് വെടിവെച്ചു. അന്തപ്പന്റെ വീട്ടില്‍ ഉച്ചയുറക്കത്തിലായിരുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും കുഞ്ഞുണ്ണി എന്ന തെങ്ങുകയറ്റ തൊഴിലാളി അരിവാള്‍കൊണ്ട് നാടാരുടെ കഴുത്തിന് വെട്ടി. തലയറ്റ നാടാര്‍ മരിച്ചുവീണു. തുടര്‍ന്നുണ്ടായ രൂക്ഷമായ സംഘട്ടനത്തിലും വെടിവെയ്പ്പിലും 28 തൊഴിലാളികള്‍ മരിച്ചുവീണു. നാടാര്‍ ഉള്‍പ്പടെ 5 പൊലീസുകാരും മരിച്ചു. ഇതായിരുന്നു പുന്നപ്ര സംഭവങ്ങള്‍. രണ്ട് സമ്പന്ന കുടുംബങ്ങള്‍ തമ്മില്‍ ഒരു വിവാഹം മുടങ്ങിയത് സംബന്ധിച്ച് തര്‍ക്കങ്ങളും തുടര്‍ സംഘട്ടനങ്ങളുമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.വയലാറില്‍ നടന്നത് മറ്റൊന്നായിരുന്നു. പുന്നപ്ര വെടിവെയ്പ്പിനെ തുടര്‍ന്ന് അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. യൂണിയനുകളേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും നിരോധിക്കുകയും ക്യാമ്പുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാലത്ത് പ്രവര്‍ത്തിച്ച് വന്ന തൊഴിലാളി ക്യാമ്പുകളെല്ലാം പിരിഞ്ഞു. വയലാര്‍ കോയിക്കല്‍ ക്ഷേത്ര മൈതാനത്ത് പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് മാത്രം പിരിഞ്ഞില്ല. ഈ ക്യാമ്പിലാണ് ഒക്ടോബര്‍ 27-ന് രാവിലെ 11.30 ന് തിരുവിതാംകൂര്‍ പട്ടാളം വെടിവെച്ചത്. ക്യാമ്പിലുണ്ടായിരുന്ന നിരായുധരായ 103 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു. വിശദാംശങ്ങള്‍ നേരത്തെ ഈ കോളത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നതാണ്.
1946 ഒക്ടോബര്‍ മാസത്തിലെ ഈ രണ്ട് സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റായിരുന്നു. ഇടക്കാല സര്‍ക്കാര്‍ 1946 സെപ്തംബര്‍ രണ്ടിന് അധികാരത്തില്‍ വന്നു. അതിനുശേഷം 52 ദിവസം കഴിഞ്ഞുണ്ടായ പുന്നപ്ര പൊലീസ് വെടിവെയ്പും 55 ദിവസം കഴിഞ്ഞുണ്ടായ വയലാര്‍ പട്ടാള വെടിവെയ്പ്പും എങ്ങനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകും. നീതിമാന്‍മാരും ന്യായാസനങ്ങളും അഭിപ്രായം പറയട്ടെ. പ്രതിവര്‍ഷം 8.28 കോടി ഖജനാവില്‍ നിന്നും ചോര്‍ത്തിക്കൊണ്ടുപോകുന്നതിന്റെ ന്യായം അവര്‍ പറയട്ടെ. തിരുവിതാംകൂറില്‍ അക്കാലത്ത് നടന്ന ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമാണ് പുന്നപ്ര-വയലാറെന്നാണ് മറ്റൊരു വാദം. ഇത് ശരിയല്ല. രിതുവിതാംകൂറില്‍ 1938 മുതല്‍ ഉത്തരവാദ ഭരണത്തിന് വേണ്ടിയും രാജഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ബഹുജന സമരം നടന്നത് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു. ആ സമരം ഉത്തരവാദ ഭരണം അനുവദിച്ച 1947 ഒക്ടോബര്‍ 12 വരെ തുടര്‍ന്നു. വളരെ ശക്തമായ ജനപിന്തുണ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരത്തിന് ഉണ്ടായിരുന്നു. 1946-ല്‍ എന്‍. ശ്രീകണ്ഠന്‍നായര്‍ എഴുതിയ “വഞ്ചിക്കപ്പെട്ട വേണാട്” എന്ന ഗ്രന്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പിന്തുണയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
“സമുദായ വഴക്കുകളും ഭിന്നതകളും ത്യജിച്ച് എല്ലാ ജനവിഭാഗങ്ങളും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ കൊടിക്കീഴില്‍ അണിനിരന്നു കൊല്ലവര്‍ഷം 1113 ല്‍ (1938) തുടങ്ങിയ ഉത്തരവാദ ഭരണപ്രക്ഷോഭണം ഒന്‍പതുകൊല്ലത്തെ മര്‍ദ്ദനത്തെ അതിജീവിച്ച് ഇന്നും (1946) തീക്ഷ്ണമായി തന്നെ തുടരുന്നു. ലാത്തിയും ലോക്കപ്പ് മര്‍ദ്ദനങ്ങളും, വെടിയുണ്ടയും കഴുമരവും ജനങ്ങളെ ഭയപ്പെടുത്താന്‍ പര്യാപ്തമായില്ല. നീതിന്യായ വകുപ്പ് ഉള്‍പ്പടെ ഭരണകൂടത്തിന്റെ എല്ലാ ചക്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ജനകീയ ശക്തിയെ ഞെരിക്കാന്‍ കഴിഞ്ഞില്ല. ബഹുജനശക്തി വര്‍ദ്ധമാനമായ വീര്യത്തോടുകൂടി മുമ്പോട്ട് വന്നു. സമുദായ സംഘടനകള്‍ ഒന്നൊന്നായി തകര്‍ന്നു. എല്ലാ വിഭാഗങ്ങളും സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ലയിച്ചു” (പേജ്-21 വഞ്ചിക്കപ്പെട്ട വേണാട്)രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളേയും ഉത്തരവാദ ഭരണപ്രക്ഷോഭത്തില്‍ അണിനിരത്താന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചിരുന്നു.
1946 സെപ്തംബര്‍ 22-ന് (1122 കന്നി 7) ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ അങ്കണത്തില്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ എഴുപതോളം കമ്മ്യൂണിസ്റ്റ് അനുഭാവ യൂണിയന്‍ പ്രതിനിധികളുടെ ഒരു യോഗം ടി.വി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടി. നൂറോളം പ്രതിനിധികള്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.ടി പൊന്നൂസ് എന്നിവരും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി. കേശവനും പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചു.
1946 സെപ്തംബര്‍ 22-ന് (1122 കന്നി 7) ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ അങ്കണത്തില്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ എഴുപതോളം കമ്മ്യൂണിസ്റ്റ് അനുഭാവ യൂണിയന്‍ പ്രതിനിധികളുടെ ഒരു യോഗം ടി.വി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടി. നൂറോളം പ്രതിനിധികള്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.ടി പൊന്നൂസ് എന്നിവരും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി. കേശവനും പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചു.
സര്‍ക്കാരിനെതിരായ സമരം നയിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് മാത്രമേ പ്രാപ്തിയുള്ളൂ എന്നും അതുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമരനേതൃത്വം ഏറ്റെടുക്കണമെന്നും ട്രേഡ് യൂണിയന്‍ പണിമുടക്ക് വേണ്ടെന്നും യോഗം തീരുമാനിക്കുകയും സി.കേശവന്റെ നിര്‍ദ്ദേശ പ്രകാരം യോഗം വീണ്ടും ഒക്ടോബര്‍ 12ന് (കന്നി 27) കൂടുവാനായി തീരുമാനിച്ച് പിരിയുകയും ചെയ്തു. ഇതെല്ലാം സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ മാത്രം ഒക്ടോബര്‍ 8 ന് (കന്നി 23) തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചു. പഴയ നിയമസഭാ മന്ദിത്തിലായിരുന്നു ചര്‍ച്ച. തൊഴിലാളികള്‍ ആവശ്യപ്പെട്ടതെല്ലാം ദിവാന്‍ അംഗീകരിച്ചു കൊടുത്തു. ഇന്ത്യയിലാദ്യമായി 4% ബോണസ് മാറ്റിവെയ്ക്കപ്പെട്ട വേതനം എന്ന നിലയില്‍ ലാഭനഷ്ടം നോക്കാതെ കൊടുക്കണമെന്നും ദിവാന്‍ നിര്‍ദ്ദേശിച്ചു. തന്ത്രപരമായ നീക്കമായിരുന്നു ഇത്. ചര്‍ച്ചയ്ക്ക് ചെന്ന ടി.വി. തോമസിന് ദിവാന്റെ വസതിയായ ഭക്തിവിലാസത്തില്‍ ഒരു വിരുന്ന് സല്‍ക്കാരവും നല്‍കി. ദിവാന്റെ സ്വകാര്യ മുറിയില്‍ കൊണ്ടുപോയി രഹസ്യചര്‍ച്ചയും നടത്തി. അവരെന്താണ് ചര്‍ച്ച ചെയ്തതെന്ന് അന്ന് വൈകുന്നേരത്തോടെ മനസ്സിലായി.
അന്ന് വൈകുന്നേരം ദിവാന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലത്ത് വെച്ച് സി.കേശവനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിലിലായതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള ഒക്ടോബര്‍ 12 ലെ (കന്നി 27) ആലപ്പുഴ ട്രേഡ് യൂണിയന്‍ സംയുക്തയോഗത്തില്‍ പങ്കെടുക്കാന്‍ സി.കേശവന് കഴിഞ്ഞില്ല. ട്രേഡ് യൂണിയന്‍ യോഗം ഒക്ടോബര്‍ 12 ന് തന്നെ കൂടുകയും സി.കേശവന്റെ സാന്നിദ്ധ്യത്തില്‍ സെപ്തംബര്‍ 22 ന് എടുത്ത തീരുമാനത്തിന് വിരുദ്ധമായി ഒക്ടോബര്‍ 20 ന് (തുലാം 5) പൊതു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. തീരുമാനവും പ്രഖ്യാപനവും ടി.വി. തോമസ് സ്വന്തംനിലയില്‍ ചെയ്തു. എന്നാല്‍ ഒക്ടോബര്‍ 12 ന് ട്രേഡ് യൂണിയന്‍ യോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചേര്‍ത്തലയില്‍ ഒരു സംഘം കമ്മ്യൂണിസ്റ്റുകാര്‍ അവിടുത്തെ വന്‍കിട ജന്മിയായിരുന്ന കട്ടിയാട്ട് ശിവരാമപ്പണിക്കരുടെ കൃഷിക്കാരനായ രാമന്‍ എന്നയാളെ മര്‍ദ്ദിക്കുകയും അയാള്‍ മരിച്ചു പോവുകയും ചെയ്തു. ഒക്ടോബര്‍ 16 നാണ് നേരത്തെ വിശദീകരിച്ച പുന്നപ്രയിലെ അക്രമണങ്ങളും തീവെയ്പ്പും പൊലീസ് ക്യാമ്പ് തുടങ്ങലും ഉണ്ടായത്. ഈ രണ്ട് സംഭവങ്ങളും പാര്‍ട്ടി നേതൃത്വം അറിയാതെ പ്രാദേശിക സംഘബലത്തില്‍ മദിച്ച ചിലയാളുകളുടെ സൃഷ്ടിയാണ്. ചേര്‍ത്തലയിലും പുന്നപ്രയിലും ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ഒക്ടോബര്‍ 18ന് ഒരു പ്രത്യേക ഉത്തരവ് മൂലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ് അനുകൂല യൂണിയനുകളേയും സര്‍ക്കാര്‍ നിരോധിച്ചു. ഇതേ തുടര്‍ന്നാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി ക്യാമ്പുകള്‍ തുറന്നത്. പുന്നപ്രയിലേയും വയലാറിലേയും വെടിവെയ്‌പ്പോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും അവര്‍ നേതൃത്വം കൊടുത്തുവന്ന യൂണിയനുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ ഇല്ലാതായി. ഈ പരാജയത്തെക്കുറിച്ച് വഞ്ചിക്കപ്പെട്ട വേണാടില്‍ എന്‍. ശ്രീകണ്ഠന്‍ നായര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
“അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അസംഘടിതവും വിവേക രഹിതവുമായ നേതൃത്വം നല്‍കി. പട്ടണം വിട്ട് ജനവാസം കുറഞ്ഞ ഗ്രാമങ്ങളില്‍ അവര്‍ ശക്തി കേന്ദ്രീകരിച്ചു. വിശദമായ പരിപാടിയോ സമര്‍ത്ഥമായ നേതൃത്വമോ ഉണ്ടായിരുന്നില്ല. സായുധസേനകള്‍ കയ്യേറി അക്രമിക്കുന്നതുവരെ അവര്‍ ക്യാമ്പുകളില്‍ കൂടി കിടന്നു.
“അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അസംഘടിതവും വിവേക രഹിതവുമായ നേതൃത്വം നല്‍കി. പട്ടണം വിട്ട് ജനവാസം കുറഞ്ഞ ഗ്രാമങ്ങളില്‍ അവര്‍ ശക്തി കേന്ദ്രീകരിച്ചു. വിശദമായ പരിപാടിയോ സമര്‍ത്ഥമായ നേതൃത്വമോ ഉണ്ടായിരുന്നില്ല. സായുധസേനകള്‍ കയ്യേറി അക്രമിക്കുന്നതുവരെ അവര്‍ ക്യാമ്പുകളില്‍ കൂടി കിടന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.