നിയമസഭയ്ക്കുള്ളില്‍ രാവിലെ ഉശിരു കാട്ടിയ ടി.വി രാജേഷിന്റെ വൈകുന്നേരത്തെ പൊട്ടിക്കരച്ചിലോടെ പ്രതിപക്ഷ നാടകത്തിന് അന്ത്യമായി.
ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്ത സംഭവങ്ങള്‍ക്ക് നിയമസഭ സാക്ഷ്യം വഹിച്ചപ്പോള്‍ പ്രതിപക്ഷം തയ്യാറാക്കിയ തിരക്കഥയിലെ നായകന്‍ ടി.വി രാജേഷായിരുന്നു. ശൂന്യവേളയില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് കോടിയേരി രംഗത്തുവന്നതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. നടുത്തളത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചും പിന്നീട് സ്പീക്കറുടെ ചെയറിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചും ടി.വി രാജേഷ് ഉശിര് തെളിയിച്ചു. പക്ഷെ പിന്നീടുണ്ടായ സംഭവങ്ങള്‍ പ്രതിപക്ഷത്തിന് അപമാനകരമായ ഇമേജാണുണ്ടാക്കിയത്. ബഹളം കയ്യേറ്റത്തിലേക്ക് വഴിമാറിയതോടെ വനിതാ വാച്ച് ആന്റ് വാര്‍ഡിന്റെ തലയിലിരുന്ന തൊപ്പി തെറിക്കുന്നതും അവര്‍ പിറകിലേക്ക് വീഴുന്നതും കണ്ടു. സംഭവം ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ യുവനിര മുന്‍നിരയിലേക്ക് വന്നപ്പോള്‍ പ്രശ്‌നം കൈവിട്ടുപോകുന്നത് പ്രതിപക്ഷം തിരിച്ചറിഞ്ഞു. സ്പീക്കര്‍ സഭ പിരിയുന്നതായി പ്രഖ്യാപിച്ചയുടന്‍ പ്രതിപക്ഷാംഗങ്ങള്‍ പുറത്ത് പോവുകയും ചെയ്തു. ഇതിനിടെ ടി.വി രാജേഷിനും ജെയിംസ് മാത്യുവിനുമെതിരെ നടപടി വേണമെന്ന ആവശ്യം ഭരണപക്ഷത്ത് നിന്ന് ഉയര്‍ന്നുകഴിഞ്ഞിരുന്നു. അല്‍പ്പനേരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയ ടി.വി രാജേഷും കെ.കെ ലതികയും തങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് വിലപിച്ചു.
വാക്കി ടോക്കി കൊണ്ടുള്ള 'അടിയേറ്റ' ഇടതുകൈ ഉയര്‍ത്തിക്കാട്ടി രാജേഷ്. കെ.കെ ലതികയാകട്ടെ, വയറ്റിലും മൂക്കിലും 'അടി'യേറ്റതിന്റെ വിവരണങ്ങളും നിരത്തി. എം.എല്‍.എമാര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതിയല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് നടന്ന നിയമസഭാ സമ്മേളനത്തില്‍ മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ച് കോണ്‍ഗ്രസ് അംഗം കെ. ശിവദാസന്‍ നായര്‍ നടത്തിയ പരാമര്‍ശം സ്ത്രീ സമൂഹത്തിന് അപമാനകരമാണെന്ന പേരില്‍ സഭയിലും പുറത്തും കോലാഹലമുണ്ടാക്കിയ ലതികയും ഇ.എസ് ബിജിമോളും ഇപ്പോള്‍ ഒരു വനിതാ ജീവനക്കാരിക്ക് നേരെ കയ്യേറ്റമുണ്ടായതിനെ ന്യായീകരിക്കുന്നത് എന്തിനെന്നും ചോദ്യങ്ങളുയര്‍ന്നു. വൈകുന്നേരം വീഡിയോ ദൃശ്യത്തിന്റെ പരിശോധന കഴിഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് രാജേഷ് 'പൊട്ടിക്കരഞ്ഞ'ത്. രാജേഷ് 'കരയുമ്പോള്‍' കൂടെയുണ്ടായിരുന്ന നേതാക്കളില്‍ പലരുടെയും മുഖത്തുണ്ടായിരുന്ന നിറഞ്ഞ ചിരി സന്ദര്‍ഭത്തിന്റെ ഗൗരവം കുറച്ചു. വനിതാ ജീവനക്കാരിയെ താന്‍ അപമാനിച്ചുവെന്ന ആരോപണത്തിന്റെ ആഘാതത്തിലാണ് രാജേഷ് പൊട്ടിക്കരഞ്ഞത്.
സഭയ്ക്ക് അകത്തുമാത്രമല്ല, പുറത്തും രാജേഷിന്റെ പരാക്രമങ്ങള്‍ ചര്‍ച്ചാ വിഷയമാണ്. ദേശീയപാതയില്‍ ഡ്യൂട്ടി നിര്‍വഹിച്ചു കൊണ്ടിരുന്ന ഹൈവേ പൊലീസ് സംഘത്തിലെ എസ്.ഐയെ മര്‍ദ്ദിക്കുകയും വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ടി.വി രാജേഷിനെതിരെ പരാതി ഉയര്‍ന്നത് ഈ സഭാ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിലാണ്. വെഞ്ഞാറമൂടിന് സമീപത്ത് വാഹന പരിശോധന നടത്തുമ്പോള്‍ എം.എല്‍.എ സഞ്ചരിച്ച സ്വകാര്യ കാര്‍ ആളറിയാതെ തടഞ്ഞുവെച്ചതിന്റെ പേരിലായിരുന്നു പരാക്രമം. എം.എല്‍.എയെ തടഞ്ഞുവെയ്ക്കാന്‍ മാത്രമായോയെന്ന് ചോദിച്ചായിരുന്നത്രെ മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതും മുഖമടച്ച് അടികിട്ടിയ എസ്.ഐ താഴെ വീഴുന്നതും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വനിതാ പൊലീസിനെ എം.എല്‍.എയും ഡ്രൈവറും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏറെനേരത്തെ വാക്കേറ്റത്തിന് ശേഷമാണ് അന്ന് എം.എല്‍.എ കാറില്‍ മടങ്ങിയത്.
No comments:
Post a Comment
Note: Only a member of this blog may post a comment.