Saturday, October 15, 2011

രാജേഷേ സഖാവിന്റെ ഭാവം, തീവ്രം...

നല്ല നടന്‍മാരൊക്കെ രാഷ്ട്രീയക്കാരായ കാലമുണ്ടായിരുന്നു കേരളത്തില്‍. നിത്യഹരിത നായകന്‍ പ്രേംനസീര്‍ മുതല്‍ മുരളി വരെയുള്ളവര്‍ രാഷ്ട്രീയം കളിക്കുകയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്‌തെങ്കിലും ബാലകൃഷ്‌ണ പിള്ള മകന്‍ ഗണേഷ കുമാരന്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. അഛന്‍ പ്രതിയായതുകൊണ്ട്‌ ആദ്യവും പ്രതി ശിക്ഷിക്കപ്പെട്ടതുകൊണ്ട്‌ രണ്ടാമതും അദ്ദേഹം മന്ത്രിയായി.
പക്ഷേ, രാഷ്ട്രീയക്കാര്‍ നടനും സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറുമൊന്നുമായതിന്‌ ഉദാഹരണങ്ങളില്ല, കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും. കൊല്ലത്തുനിന്ന്‌ മഞ്ചേരി വഴി ബംഗളൂരുവിലേയ്‌ക്ക്‌ എളുപ്പവഴി കണ്ടുപിടിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ജി ചില സിനിമയിലൊക്കെ മുഖം കാണിച്ചെങ്കിലും രക്ഷപ്പെടാനായില്ല. സിനിമയില്‍ മുഖ്യമന്ത്രിയായ ഉണ്ണിത്താന്‌ ജീവിതത്തില്‍ എംഎല്‍എ പോലും ആകാന്‍ കഴിഞ്ഞതുമില്ല. എന്‍സിപിയിലാണോ കോണ്‍ഗ്രസ്‌ എസിലാണോ എന്ന്‌ നിശ്ചയം പോരാത്ത ഉഴവൂര്‍ വിജയന്‍ ചില സിനിമകളില്‍ വന്നിട്ടുണ്ട്‌. സഖാവിനെ നേതാവ്‌ വിളിക്കുന്നു എന്നു പറയുന്ന ഡയലോഗും കിട്ടിയിട്ടുണ്ട്‌. മന്ത്രിയുടെ പിന്നില്‍ നിന്ന്‌ വാ പൊത്തിച്ചിരിക്കുന്ന വേഷത്തിലും തകര്‍ത്തിട്ടുണ്ടെന്നു തോന്നുന്നു.
കമ്യൂണിസ്‌റ്റ്‌ നേതാക്കളാരും സിനിമയില്‍ മുഖം കാണിക്കാനൊന്നും പോയിട്ടില്ല. മുരളി സിനിമേന്ന്‌ ഇങ്ങോട്ടു വന്നിട്ട്‌ രക്ഷപ്പെട്ടുമില്ല. ഇഎംഎസ്‌, എകെജി എന്നിവരെപ്പോലുള്ള മഹാരഥന്‍മാരായ നേതാക്കളെക്കുറിച്ച്‌ സിനിമ വന്നിട്ടുണ്ടെന്നല്ലാതെ അവരാരും നടന്‍മാരായിട്ടില്ലല്ലോ.
പുതിയ തലമുറ പക്ഷേ, അങ്ങനെ രാഷ്ട്രീയത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കാന്‍ തയ്യാറല്ല. നല്ലൊന്നാന്തരം അഭിനയം കാഴ്‌ചവെച്ച്‌ മോഹന്‍ലാലിനെയും ശ്രീനിവാസനെയും തിലകനെപ്പോലും അമ്പരപ്പിക്കാനാണ്‌ അവരുടെ ഉദ്ദേശം. മമ്മൂട്ടിയെ വെല്ലുവിളിക്കാന്‍ തല്‌ക്കാലം ഉദ്ദേശമില്ലെന്നാണു സൂചന. അദ്ദേഹം പാര്‍ട്ടി ചാനലിന്റെ ചെയര്‍മാനായതുകൊണ്ടുള്ള പ്രത്യേക പരിഗണനയാണ്‌. എന്നാല്‍, താന്‍ കോണ്‍ഗ്രസുകാരനാണെന്ന്‌ തുറന്നു പറഞ്ഞ സലിംകുമാറിന്‌ ഈ സൗജന്യം കിട്ടില്ല. സലിംകുമാറിനോട്‌ മല്‍സരിച്ച്‌ അഭിനയിക്കാന്‍ തന്നെയാണ്‌ സഖാക്കളുടെ തീരുമാനം.
അതിന്റെ തുടക്കമാണ്‌ സഖാവ്‌ ടി വി രാജേഷ്‌ നടത്തിയ പ്രകടനം. കറന്റടിപ്പിച്ചാല്‍ പോലും മുഖത്തൊരു ഭാവവുമുണ്ടാകാത്തയാള്‍ എന്ന്‌ ഉദയനാണു താരത്തിലെ രാജപ്പനെക്കുറിച്ച്‌ പറയുന്നുണ്ടല്ലോ. അതുപോലെയാണോ സഖാവ്‌ രാജേഷിന്റെ ഭാവാഭിനയം? രണ്ടോ മൂന്നോ മിനിറ്റുകൊണ്ട്‌ എത്ര ഭാവങ്ങളാണ്‌ ആ മുഖത്തു വിരിഞ്ഞു പരിലസിച്ചത്‌. താനും ജയിംസ്‌ മാത്യുവും വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ ആക്രമിച്ചെന്ന്‌ പി സി ജോര്‍്‌ജ്ജും കെ സി ജോസഫും പറഞ്ഞതിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോള്‍ രോഷം, പിന്നെ ശോകം, കരുണം, ആര്‍ദ്രം....
സഭാ കവാടത്തില്‍ കണ്ടുനിന്ന പ്രേക്ഷക വൃന്ദങ്ങളെയാകെ കോരിത്തരിപ്പിച്ചുകൊണ്ടാണ്‌ ഭാവങ്ങള്‍ മിന്നിമറഞ്ഞത്‌, പേരിനു മുന്നില്‍തന്നെ ടിവിയുള്ളതുകൊണ്ട്‌ ടിവിക്കാര്‍ക്ക്‌ രാജേഷിനോട്‌ അല്‌പം സ്‌നേഹം കൂടുതലുമുണ്ടെന്നു കൂട്ടിക്കോ. അതുകൊണ്ടാണ്‌ ഓരോ മിനിറ്റിലും അവരത്‌ കാണിച്ചുകൊണ്ടേയിരുന്നത്‌. വാ തുറക്കുന്ന രാജേഷ്‌, വിതുമ്പുന്ന രാജേഷ്‌, ചങ്കില്‍ കൈവച്ച്‌ പൊട്ടിക്കരയുന്ന രാജേഷ്‌...... എ കെ ശശീന്ദ്രന്‍ കൂട്ടിക്കൊണ്ടു പോയില്ലായിരുന്നെങ്കില്‍ കൂടുതല്‍ ഭാവങ്ങള്‍ വന്നുപോയേനെ.
സത്യന്‍ അന്തിക്കാട്‌, രഞ്‌ജിത്ത്‌, ബ്ലെസി എന്നിവരും ഷാജി കൈലാസും പാര്‍ട്ടിക്ക്‌ അപേക്ഷ കൊടുക്കാനുള്ള തീരുമാനത്തിലാണത്രേ. സഖാവ്‌ ടിവിആറിനെ അടുത്ത ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍. മാത്രമല്ല, ഭാവിയിലേയ്‌ക്ക്‌ കൂടുതല്‍ നല്ല നടന്മാരെ വാര്‍ത്തെടുക്കുന്നതിന്‌ പാര്‍ട്ടിയുടെ സഹായം തേടാനും ഉദ്ദേശമുണ്ട്‌. മഞ്‌ജു വാര്യര്‍, ശോഭന , മീരാ ജാസ്‌മിന്‍ തുടങ്ങിയവരുടെ അസാന്നിധ്യം പരിഹരിക്കുന്നതിന്‌ സഖാവ്‌ കെ കെ ലതികയെ രംഗത്തിറക്കാനും അഭ്യര്‍ത്ഥിക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.