Saturday, May 5, 2012

സി.പി.എം വിടുന്നവരെല്ലാം ചതിയന്മാര്‍, വഞ്ചകര്‍. അതില്‍ ചേരുന്നവരെല്ലാം ചിന്തകര്‍, ബുദ്ധിജീവികള്‍... ഇതെവിടുത്തെ ന്യായം?

എ.പി അബ്ദുള്ളക്കുട്ടി
മേയ് ഒന്നിന് പാലക്കാട് ജില്ലയില്‍ സി.പി. മുഹമ്മദ് എം.എല്‍.എ യുടെ മണ്ഡലത്തില്‍ വെളയൂര്‍ പഞ്ചായത്തില്‍ കുപ്പോത്ത് സി.പി.എം. വിട്ട് വന്ന മുന്‍ ഏര്യാസെക്രട്ടറിയും ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഹമ്മദ് കുഞ്ഞി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി തുടങ്ങി നൂറുകണക്കിന് ആളുകള്‍ക്ക് കോണ്‍ഗ്രസ്സിലേയ്ക്ക് വരുന്നതിന്റെ ഭാഗമായി അവര്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുന്ന ഒരു വലിയ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം കിട്ടി. ഇത് ഒറ്റപ്പെട്ട  സംഭവമല്ല. ഇതുപോലെ കേരളത്തിലെമ്പാടും ചെറുതും വലുതുമായ നിരവധി നേതാക്കളും അനുയായികളും സി.പി.എം വിട്ടുകൊണ്ടിരിക്കുകയാണ്. ഇവരെല്ലാം  പണവും സ്ഥാനമാനങ്ങളും  മോഹിച്ചിട്ടാണ് കോണ്‍ഗ്രസ്സിലേയ്ക്ക് വരുന്നത് എന്ന് പറഞ്ഞാല്‍ പിണറായി വിജയന്റെ ഒക്കത്തിരിക്കുന്ന പേരക്കുഞ്ഞ് പോലും വിശ്വസിക്കില്ല.
നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സെല്‍വരാജിനെതിരെ സി.പി.എം നടത്തുന്ന ചതിയന്‍, വഞ്ചകന്‍, കുലദ്രോഹി എന്നീ കുറ്റപ്പെടുത്തല്‍ വാക്കുകള്‍ ഒരുവശത്ത്. കോണ്‍ഗ്രസ്സും മുസ്ലിംലീഗും കേരളാകോണ്‍ഗ്രസ്സും വിട്ട് സി.പി.എമ്മില്‍ ചേക്കേറിയവരെക്കുറിച്ച് അവര്‍ പറയുന്നത് ബുദ്ധിജീവി, ചിന്തകന്‍ എന്നൊക്കെയാണ്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സ് വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍, ചിന്തകന്‍, ബുദ്ധിജീവി; തിരിച്ച് സെല്‍വരാജ് മാറിയാല്‍ ചതിയന്‍, വഞ്ചകന്‍. ഈ വിലയിരുത്തലിലെ വൈരുദ്ധ്യാന്മക കോയിനേജ് മാര്‍ക്‌സിസ്റ്റ് ശബ്ദതാരാവലി മുഴുവന്‍ മറിച്ചു നോക്കിയിട്ടും സാരം പിടികിട്ടുന്നില്ല. പോളിറ്റ് ബ്യൂറോയില്‍ എത്തിയ കന്നിക്കാരനും കഠിന മാര്‍ക്‌സിസ്റ്റ് ദാര്‍ശനികനും ആയ എം.എ ബേബിയെങ്കിലും ഇതിന്റെ പൊരുള്  രാഷ്ട്രീയ കേരളത്തിന് പറഞ്ഞുതരണം.
മാലോകരറിയുന്ന മഞ്ഞളാംകുഴി അലിമാര്‍ മാത്രമല്ല, അറിയപ്പെടാത്ത ആയിരക്കണക്കിന് ആളുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ്. ഇന്‍ഡ്യയിലെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ് കണ്ണൂര്‍ ജില്ല. (ബംഗാളിലെ 24 ഫര്‍ഗാന ജില്ലയാണോ മുന്നില്‍ എന്ന തര്‍ക്കമുണ്ട്). കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അളവുകോലാക്കുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് കോട്ടയുടെ അടിക്കല്ല് ഇളകിതുടങ്ങി. പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരന്‍ ജയിച്ചത് അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അഥവാ ഒരു ലക്ഷം ആളുകള്‍ കൂറുമാറി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പല പാര്‍ട്ടി ഗ്രാമങ്ങളും സി.പി.എമ്മിന് നഷ്ടപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് രണ്ടില്‍ നിന്ന് അഞ്ചു സീറ്റിലേയ്ക്ക് കുതിച്ചുയര്‍ന്നു. ഇപ്പോള്‍ കണ്ണൂരില്‍ എല്‍.ഡി.എഫും യു.ഡി.എഫും പതിനൊന്നംഗ നിയമസഭാ സീറ്റില്‍ ഒന്നിന്റെ വ്യത്യാസമേയുള്ളൂ.
അഥവാ ഈ മൂന്നു തെരഞ്ഞെടുപ്പിലും കണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു പോലും ജാഥയില്‍ പങ്കെടുക്കുന്നവര്‍, പ്രവര്‍ത്തകര്‍, കെട്ടുതാലിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത അമ്മമാര്‍ പോളിംഗ് ബൂത്തിലെത്തി ഇലക്‌ട്രോണിക്‌സ് യന്ത്രത്തെ സാക്ഷിയാക്കി യു.ഡി.എഫിന് വോട്ടു ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. എന്നിട്ടും കടകംപള്ളി കാര്യങ്ങള്‍ നേരെ ചൊവ്വേ മനസ്സിലാക്കാതെ കാശുവാങ്ങിയിട്ടാണ്, സ്ഥാനമാനങ്ങള്‍ കൊതിച്ചാണ് ആളുകള്‍ സി.പി.എം. വിടുന്നത് എന്നുവാദിച്ചാല്‍,  മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധ അസംബന്ധമാണ്. ഈ സാഹചര്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന്റെ വിജയം പിറവത്തെക്കാള്‍ ഉജ്ജ്വലമായിരിക്കും. അതിന് പലകാരണങ്ങള്‍ ഉണ്ട്.
ഒന്ന്, ഈ മണ്ഡലം പാരമ്പര്യമായി കോണ്‍ഗ്രസ്സിന്റെ നല്ല വേരോട്ടമുള്ള പ്രദേശങ്ങളാണ്. 
കേരള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ കോണ്‍ഗ്രസ്സിന് ഏറ്റവും കുറഞ്ഞ സീറ്റ് ഒന്‍പതായിരുന്നു. അന്ന് ആ കെ.കരുണാകരന്റെ ലക്കിഒന്‍പതില്‍ നെയ്യാറ്റിന്‍കരയും പാറശാല മണ്ഡലങ്ങളുമുണ്ടായിരുന്നു.
രണ്ട്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന സ്വപ്‌നങ്ങള്‍ പൊതുവില്‍ ജനങ്ങള്‍ക്കും വിശേഷിച്ച് യുവാക്കള്‍ക്കും വലിയ മതിപ്പും ആവേശവുമുണ്ടാക്കിയിട്ടുണ്ട്. അവര്‍ ഈ ഗവണ്‍മെന്റിനെ നിലനിര്‍ത്താനും കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റാനും തയ്യാറാവും. മൂന്ന്, സെല്‍വരാജ് ഉയര്‍ത്തിയ സി.പി.എമ്മിന്റെ അഴിമതിയുടേയും അഹങ്കാരത്തിന്റെയും പ്രശ്‌നങ്ങള്‍ അവരുടെ അണികള്‍ക്കിടയില്‍ വലിയ ചലനങ്ങളും അടിയൊഴുക്കുകളും ഉണ്ടാക്കിയിട്ടുണ്ട്. അത് വളരെ നിശബ്ദമായി യു.ഡി.എഫിനുള്ള വോട്ടായി മാറും.
നാല്, പിറവത്തെപ്പോലെ തന്നെ കോടിയേരി ബാലക്യഷ്ണന്റെ നേത്യത്വത്തിലുള്ള കണ്ണൂര്‍ ലോബിയാണ് ഇവിടെയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നത്. അത് ഈ ജില്ലയിലെ തഴക്കവും പഴക്കവുമുള്ള നേതാക്കളായ വിജയകുമാര്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ നേതാക്കളെ വിഷമിപ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ഇത് ബാധിക്കും.
അഞ്ച്, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പാണിത്. സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചപ്പോള്‍ എം.വിജയകുമാറിനേയും, ആന്‍സലന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി പഴയ ഒരു കേരള കോണ്‍ഗ്രസ്സുകാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് അമര്‍ഷം സി.പി.എമ്മിനകത്ത് നുരഞ്ഞുപൊന്തുന്നുണ്ട്. അതുകൊണ്ട് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് സി.പി.എമ്മിന്റെ തകര്‍ച്ചയുടെ ശക്തി കൂട്ടുന്നതായിരിക്കും. സെല്‍വരാജിന്റെ ലാളിത്യവും എന്നും സാധാരണജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ച ശൈലിയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം കൂട്ടുന്ന ഘടകങ്ങളാവും. പിറവത്തെക്കാള്‍ കൂടിയ ഭൂരിപക്ഷമാകുമോ എന്നകാര്യത്തിലേ തര്‍ക്കമുള്ളൂ.

No comments:

Post a Comment

Note: Only a member of this blog may post a comment.