Monday, May 14, 2012

വി.എസ് തുറന്നുപറയുന്നു പാര്‍ട്ടിയെക്കുറിച്ച്...


സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടി സെക്രട്ടറിയെയും കുറിച്ച് വി.എസ് അച്യുതാനന്ദന്‍ തുറന്നു പറയുകയാണ്; പണ്ട് എം.വി രാഘവനും കെ.ആര്‍ ഗൗരിയമ്മയും പറഞ്ഞതിനേക്കാളപ്പുറം.
സിപിഎമ്മിലുണ്ടായിരുന്നവര്‍ പലരും പറഞ്ഞിട്ടുണ്ട്, നേരത്തെയും പാര്‍ട്ടിയെക്കുറിച്ച്. അവരെല്ലാം പുറത്തുവന്ന ശേഷമാണ് പലതും തുറന്നു പറഞ്ഞത്. പക്ഷെ അതുപോലല്ല ഇത്. വിഎസ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗമാണ്, പാര്‍ട്ടി നിയോഗിച്ച പ്രതിപക്ഷനേതാവാണ്. ഇതൊക്കെയാണെങ്കിലും ചിലകാര്യങ്ങള്‍ പറയാതിരിക്കുന്നതെങ്ങനെയെന്ന് വിഎസ് ചോദിക്കുന്നു. അച്ചടക്കലംഘനത്തെയോ തുടര്‍ നടപടിയെയോ ഭയക്കുന്നില്ലെന്ന് മാത്രമല്ല, ആര്‍ക്കെതിരെയാണ് അച്ചടക്ക നടപടി ഉണ്ടാവുകയെന്ന് കാത്തിരുന്നു കാണാമെന്നും വിഎസ് പറയുമ്പോള്‍ ആര്‍ക്കും തോന്നാം സിപിഎമ്മിനെക്കുറിച്ച്, അവരുടെ പാര്‍ട്ടി സെക്രട്ടറിയെക്കുറിച്ച് ചില സംശയങ്ങള്‍.
 
ഒഞ്ചിയത്ത് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന തരത്തിലാണ് ആദ്യം മുതല്‍ തന്നെ വിഎസ് പറഞ്ഞുവെച്ചത്. മാത്രമല്ല, വധിക്കപ്പെട്ട ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്നും വിഎസ് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ പാര്‍ട്ടി സെക്രട്ടറിക്ക് അത് സുഖിച്ചില്ല. തൊട്ടടുത്ത ദിവസം തന്നെ കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണെന്ന് പിണറായി ആവര്‍ത്തിച്ചു. പിന്നങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞും പോരാട്ടമായി ഇരുവരും. ഇന്നലെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറയാനാണ് വിഎസ് പത്രക്കാരെ കന്റോണ്‍മെന്റ് ഹൗസിലേക്ക് വിളിച്ചത്. നോക്കിവായിക്കുന്ന ഒരു പ്രസ്താവന, അല്ലെങ്കില്‍ പത്തുമിനിട്ട് നീളുന്ന വിശദീകരണം, ഇതില്‍ക്കൂടുതലൊന്നും മാധ്യമങ്ങള്‍ പ്രതീക്ഷിച്ചില്ല. പക്ഷെ വിഎസ് കരുതിക്കൂട്ടിത്തന്നെയായിരുന്നു. പറയാനുള്ള കാര്യങ്ങള്‍ അങ്ങ് വെട്ടിത്തുറന്നു പറഞ്ഞു; മുക്കാല്‍ മണിക്കൂറോളം. വ്യാഖ്യാനങ്ങള്‍ക്ക് ഇടകൊടുക്കാതെ നല്ല തെളിച്ചമുള്ള ഭാഷയില്‍. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോ ഇല്ലയോ എന്ന് ഇനി ആര്‍ക്കും തീരുമാനിക്കാം. അതിന് വിഎസിന്റെ വാക്കുകള്‍ വായിക്കാം.
 
വിഎസ് പറഞ്ഞത്: ''ഏറാമല പഞ്ചായത്തിലുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചതാണ് ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടിയില്‍ നിന്ന് പുറത്താകാന്‍ കാരണം. അന്ന് പാര്‍ട്ടി നേതൃത്വം അവരെ കുലംകുത്തികളെന്ന് വിളിക്കുകയും അവര്‍ പുറത്ത് തന്നെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതുകഴിഞ്ഞ് മെയ് നാലിന് ചന്ദ്രശേഖരനെ ശത്രുക്കള്‍ വളഞ്ഞ് പിടിച്ച് ബോംബെറിഞ്ഞ് അതിനുശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തി. പൈശാചികമായ ആ സംഭവം നടന്ന ദിസവും കുലംകുത്തികള്‍ പുറത്തു തന്നെ എന്ന നിലയില്‍ സഖാവ് വിജയന്റേതായി പ്രസ്താവന വന്നു. അന്നു പത്രപ്രതിനിധികള്‍ ഇങ്ങനെയാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത് സഖാവിന്റെ അഭിപ്രായമെന്താണെന്ന്  ചോദിച്ചു. എനിക്ക് ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞു. വിജയന്‍ പറഞ്ഞത് വിജയന്റെ അഭിപ്രായമാണ്. പാര്‍ട്ടി ആ അഭിപ്രായമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു.
 
തുടര്‍ന്നാണ് വി.വി ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം കഴിഞ്ഞദിവസം കണ്ടത്. ദക്ഷിണാമൂര്‍ത്തി  വിജയനെ ന്യായീകരിച്ചും എന്നെ എതിര്‍ത്തു കൊണ്ടും നടത്തിയ പ്രസ്താവന. മറ്റു പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി നയപരമായ കാര്യങ്ങള്‍ കൈക്കൊള്ളുന്നതിന് സി.പി.ഐ.എമ്മിന് ഒരു സംഘടനാ രീതിയുണ്ട്. മുസ് ലീം ലീഗിനെപ്പോലെ തങ്ങളോ, കോണ്‍ഗ്രസിനെപ്പോലെ ഹൈക്കമാന്റോ അല്ലോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് ശരിയെന്ന ധാരണ ദക്ഷിണാമൂര്‍ത്തിക്കുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്.ഒഞ്ചിയത്തെ സഖാക്കള്‍ കുലംകുത്തികളല്ല. അവര്‍ ധീര സഖാക്കളാണ്. അവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തശേഷം അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. 1964ന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഒഞ്ചിയത്തുണ്ടായിരിക്കുന്നത്. ഒരു സെറ്റ് സഖാക്കള്‍ അവരുടെ വ്യത്യസ്താഭിപ്രായം പറഞ്ഞപ്പോള്‍ അവരുമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമം നടന്നില്ല. അവരെ അപഹസിക്കുന്ന രീതിയിലുള്ള സമീപനമാണുണ്ടായത്.
 
1964ല്‍ സി.പി.ഐയില്‍ നിന്നിറങ്ങി സിപിഎം രൂപീകരിക്കേണ്ടി വന്ന സമാനമായ സാഹചര്യമാണിതെന്ന പരോക്ഷ സൂചനയും വിഎസ് നല്‍കി. പാര്‍ട്ടിയിലെ റിവിഷനിസ്റ്റ് ചിന്താഗതികള്‍ക്കെതിരെ പ്രതിഷേധിച്ചവരെ എസ്.എ ഡാങ്കെ വര്‍ഗവഞ്ചകരെന്ന് വിളിച്ച് ആക്ഷേപിച്ചു.  അങ്ങനെ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് താനുള്‍പ്പെടുന്ന 32 പേര്‍ പുറത്തുപോയി സുന്ദരയ്യ അദ്ധ്യക്ഷനായി സിപിഎമ്മും പോളിറ്റ്ബ്യൂറോയും രൂപീകരിച്ചു. വര്‍ഗവഞ്ചകര്‍  എന്ന് വിളിച്ച പാര്‍ട്ടിക്ക് പിന്നില്‍ പിന്നീട് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നതും വിഎസ് ഉദാഹരിച്ചു. പിന്നീട് അതേ ഡാങ്കെയെ സി.പി.ഐ പുറത്താക്കുകയാണുണ്ടായത്. സിപിഎമ്മില്‍ നിന്നും പുറത്തുപോയ റവല്യൂഷണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ചന്ദ്രശേഖരനും പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്.
 
പാര്‍ട്ടിയുടെ ശരിയായ നയത്തിനുവേണ്ടിയിട്ട് തെറ്റുകള്‍ക്കെതിരായി ശരിയായ പോരാട്ടം നടത്തിയതിന്റെ ഫലമായി പിന്നീട് ഈ കാലയളവിനിടയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയാണ് കണ്ടത്. ആ 32 പേരിറങ്ങിപ്പോന്നവരുടെ ശരിയായ നയത്തിനുവേണ്ടിയിട്ടുള്ള പോരാട്ടമാണ്. ഇന്ന് പാര്‍ട്ടിക്ക് പത്ത് ലക്ഷത്തോളം അംഗങ്ങളാണുണ്ടായിരിക്കുന്നത്. തെറ്റായ നയസമീപനങ്ങളെ സംബന്ധിച്ച് സഹപ്രവര്‍ത്തകരും മറ്റും അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അവരെ ഉടനെ തന്നെ വര്‍ഗ്ഗവഞ്ചകാരെന്ന് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയല്ല വേണ്ടിയിരുന്നത്. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് എന്തെല്ലാം അഭിപ്രായങ്ങളാണ് അവര് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി അതിന്റെ അടിസ്ഥാനത്തില്‍ അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ബാധ്യതയാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി തെറ്റായ സമീപനം തിരുത്തും. പാര്‍ട്ടിയുടെ പോക്കില്‍ ദു:ഖമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പാര്‍ട്ടിയെ തിരുത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിഎസ് പറഞ്ഞത്.
 
ഇനിയല്‍പ്പം ഫഌഷ്ബാക്ക്: സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരിക്കെയാണ് കടുത്ത വിഎസ് അനുകൂലിയായിരുന്ന ടി.പി ചന്ദ്രശേഖരനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. അച്ചടക്കനടപടിയുണ്ടായെങ്കിലും ടി.പി, വിഎസിനോടുള്ള താല്‍പ്പര്യം പരസ്യമായി പ്രകടിപ്പിച്ചു. ഇത് സഹിക്കവയ്യാതെ ടി.പിയെ പാര്‍ട്ടി പുറത്താക്കുകയും ചെയ്തു. ഇത് വിഎസിന് വന്‍ തിരിച്ചടിയായി. അന്ന് പാലക്കാട്ടും കോഴിക്കോട്ടും എറണാകുളത്തും കാസര്‍കോട്ട് അങ്ങിങ്ങും മറ്റുമായിരുന്നു വിഎസ് അനുകൂലികള്‍ പാര്‍ട്ടിക്കുള്ളില്‍ ചെറുതും വലുതുമായ കലാപം സൃഷ്ടിച്ചുകൊണ്ടിരുന്നത്. കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തും മടിക്കൈയിലും വിഎസ് അനുകൂല ഫഌക്‌സ് ബോര്‍ഡ് വിപ്ലവമാണ് നടന്നിരുന്നതെങ്കില്‍ ഒഞ്ചിയത്തെ സ്ഥിതി മറ്റൊന്നായിരുന്നു. ഏറാമല പഞ്ചായത്തിന്റെ ഭരണം സിപിഎമ്മില്‍ നിന്ന് എടുത്തുമാറ്റി എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനതാദളിന് നല്‍കിയതോടെ ഒഞ്ചിയത്തെ നില അത്യന്തം സ്‌ഫോടകാത്മകമായിരുന്നു.
 
പാര്‍ട്ടിക്കുള്ളിലുണ്ടായ ഈ ഉഗ്ര സ്‌ഫോടനമാണ് സംസ്ഥാന നേതൃത്വത്തെ പോലും അങ്കലാപ്പിലാക്കികൊണ്ട് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണത്തില്‍ കലാശിച്ചത്. സിപിഎം വിട്ട എം.വി രാഘവനും കെ.ആര്‍ ഗൗരിയമ്മയും പ്രത്യേകം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിലെ ഘടകകക്ഷികളായി മാറിയതുപോലെയായിരുന്നില്ല ഒഞ്ചിയത്തെ സ്ഥിതി. വിപ്ലവവീര്യം കൈമോശം വന്നിട്ടില്ലാത്ത രക്തസാക്ഷികളുടെ നാട്ടില്‍ രൂപീകരിക്കപ്പെട്ട പുതിയ പാര്‍ട്ടി ഒരു വേറിട്ട പാര്‍ട്ടിയായിതന്നെ നിലയുറപ്പിക്കുകയായിരുന്നു. ഒഞ്ചിയം രക്തസാക്ഷികളുമായി രക്തബന്ധമുള്ളവരും ചന്ദ്രശേഖരന്റെ പാര്‍ട്ടിയില്‍ അണിനിരന്നു. നാല് പഞ്ചായത്തുകളില്‍ ആര്‍.എം.പി ഉഗ്രശക്തിയായി. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ലോകസഭ തെരഞ്ഞെടുപ്പിലും ആര്‍.എം.പിയുടെ ശക്തിയില്‍ സിപിഎമ്മിന് കനത്ത നഷ്ടമാണ് ഉണ്ടായത്.
 
കെ.പി ഉണ്ണികൃഷ്ണന്‍ മുതല്‍ സതീദേവി വരെ ലോകസഭയിലെത്തിയ മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിജയത്തേരിലേറ്റി. വടകരയിലെ ഈ തോല്‍വിയും സിപിഎമ്മിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. ഇതോടെ ചന്ദ്രശേഖരന്‍ എന്ന വ്യക്തിയെ സി.പി.എമ്മിന് സഹിക്കാനാവുന്നതിലും അപ്പുറമായി. ടി.പിക്ക് ശത്രുക്കളായി മറ്റാരുമില്ലായിരുന്നുവെന്ന് ഭാര്യയും മകനും ഭാര്യാപിതാവും പറയുന്നു. ഒപ്പം നാട്ടുകാരും കേരള സമൂഹവും. ഇതുതന്നെയല്ലേ വിഎസും പറയുന്നതെന്ന് തോന്നിയാല്‍ ആര്‍ക്കെങ്കിലും കുറ്റം പറയാനാകുമോ?.

No comments:

Post a Comment

Note: Only a member of this blog may post a comment.