Saturday, May 5, 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ നില ഭദ്രമല്ലെന്ന്‌ മുന്നണി

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ നില ഭദ്രമല്ലെന്ന്‌ മുന്നണി നേതാക്കള്‍ക്കിടയില്‍ അനൗപചാരിക വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിപ്പോയെന്ന വികാരമാണ്‌ സിപിഎം ഒഴികെയുള്ള പാര്‍ട്ടികളുടേത്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലെത്തി നില്‍ക്കെ അത്‌ പരസ്യമായി പറയാനോ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍പോലും പ്രകടിപ്പിക്കാനോ മുതിരേണ്ടെന്നും എല്ലാ പാര്‍ട്ടികളിലെയും നേതാക്കള്‍ക്കിടയില്‍ പൊതുധാരണയുണ്ട്‌്‌. ജൂണ്‍ രണ്ടിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏതുവിധവും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഫ്‌ ലോറന്‍സിനെ ജയിപ്പിച്ചെടുക്കാന്‍ എല്‍ഡിഎഫ്‌ കക്ഷികളെല്ലാം തീവ്രശ്രമത്തിലാണ്‌.
എംഎല്‍എ സ്ഥാനം രാജിവച്ചപ്പോള്‍, യുഡിഎഫിലേയ്‌ക്കു പോകുന്നതിനെക്കാള്‍ നല്ലത്‌ ആത്മഹത്യ ചെയ്യുന്നതാണെന്നു പറഞ്ഞ ആര്‍ ശെല്‍വരാജ്‌ കോണ്‍ഗ്രസ്‌ അംഗത്വമെടുത്ത്‌ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ഇറങ്ങിയിട്ടും അതും നന്നായി മുതലെടുക്കാന്‍ കഴിയുന്നില്ലെന്നാണ്‌ ജില്ലാ, പ്രാദേശിക ഘടകങ്ങളില്‍ നിന്ന്‌ സിപിഐ, ആര്‍എസ്‌പി എന്നിവയ്‌ക്കു ലഭിച്ച റിപ്പോര്‍ട്ട്‌. ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ കൂടി വന്നതോടെ, ഇടതു സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന പ്രചാരണം മണ്ഡലത്തില്‍ വ്യാപകമായത്രേ. ശെല്‍വരാജിനെ പുറത്താക്കാനിരുന്നപ്പോള്‍ രാജിവച്ചതാണെന്ന പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ പ്രസ്‌താവന, മുന്നണി വിട്ടുപോയവരെ തിരികെ ക്ഷണിക്കുന്ന തരത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്‌ ഇതൊക്കെ ആത്മവിശ്വാസക്കുറവിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുമെന്ന്‌ പ്രമുഖ എല്‍ഡിഎഫ്‌ ഘടക കക്ഷിയുടെ ഉന്നത നേതാവ്‌ സ്‌കൂപ്‌ഇന്ത്യയോടു പറഞ്ഞു. കുതിരക്കച്ചവടത്തിലൂടെ യുഡിഎഫ്‌ ശെല്‍വരാജിനെ അടര്‍ത്തിയെടുത്തു എന്ന പ്രചണ്ഡമായ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന വിധത്തിലാണ്‌ കോടിയേരി ഇപ്പോള്‍ പറഞ്ഞതെന്നാണ്‌ മുറുമുറുപ്പ്‌. നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ ചുമതല കോടിയേരിക്കാണ്‌. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ്‌ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ്‌ പിണറായി വിജയന്‍ നയം മാറ്റ സൂചന നല്‍കിയത്‌്‌. പാര്‍ട്ടിയില്‍ നിന്നു പോയവരുടെ കാര്യത്തിലെന്ന പോലെ മുന്നണിയില്‍ നിന്നു പോയവരുടെ കാര്യത്തിലും, പുറത്തായവര്‍ പുറത്തുതന്നെ എന്ന മുന്‍ നിലപാടാണ്‌ പെട്ടെന്നു മാറ്റിയത്‌. ചാനലാകട്ടെ അത്‌ വലിയ വാര്‍ത്തയുമാക്കി. അങ്ങനെതന്നെയാണ്‌ ഉദ്ദേശിച്ചതെന്ന മട്ടില്‍ മൗനംകൊണ്ട്‌ ശരിവയ്‌ക്കുകയാണ്‌ പിണറായി ചെയ്‌തത്‌. ഇത്‌ മുന്നണിയിലെ മറ്റു കക്ഷികളില്‍ വലിയ ആശയക്കുഴപ്പമാണ്‌ ഉണ്ടാക്കിയത്‌. പ്രത്യേകിച്ചും പിളര്‍പ്പു നേരിട്ട കേരള കോണ്‍ഗ്രസ്‌, ജനതാദള്‍ എന്നിവയില്‍. പി ജെ ജോസഫും കൂട്ടരും മുന്നണി വിട്ട്‌ മാണി ഗ്രൂപ്പില്‍ ലയിച്ച്‌ യുഡിഎഫിലേക്കു പോയപ്പോള്‍ അതിനു തയ്യാറാകാതെ ഇടതുമുന്നണിയില്‍ തുടര്‍ന്ന പി സി തോമസിന്റെ കേരള കോണ്‍ഗ്രസിന്‌ അന്ന്‌ സിപിഎമ്മില്‍ നിന്നു വലിയ അഭിനന്ദനമാണു ലഭിച്ചത്‌. പിന്നീട്‌ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം യുഡിഎഫിന്‌ കിട്ടിയ ശേഷം, ജോസഫ്‌ ഗ്രൂപ്പിന്റെ പഴയ എംഎല്‍എമാരില്‍ ചിലരെയും മാണി ഗ്രൂപ്പില്‍ നിന്നു ചിലരെയും അടര്‍ത്തിയെടുത്ത്‌ ഭരണമാറ്റമുണ്ടാക്കാന്‍ സിപിഎം ആശിര്‍വാദത്തോടെ പി സി തോമസും സ്‌കറിയാതോമസും ശ്രമിച്ചിരുന്നു. എന്നാല്‍ കാലു മാറ്റക്കാരെ തിരിച്ചുകൊണ്ടുവന്ന്‌ ഭരണം പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ പറഞ്ഞ്‌ ആ നീക്കങ്ങള്‍ പാതിവഴിക്ക്‌ അവസാനിപ്പിച്ചത്‌ പിണറായിയാണ്‌. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള എസ്‌ജെഡിയെക്കുറിച്ച്‌ രൂക്ഷ ഭാഷയില്‍ മാത്രമാണ്‌ സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചുപോന്നത്‌. മുന്നണിയിലെ ചെറിയ കക്ഷികളെന്ന നിലയില്‍ സിപിഎമ്മിന്റെ നിലപാടിന്‌ അനുസരിച്ചു തങ്ങളുടെ നിലപാടുകളെയും പരുവപ്പെടുത്തിയാണ്‌ ജനതാദള്‍ (സെക്കുലര്‍), കേരള കോണ്‍ഗ്രസ്‌ ( ലയന വിരുദ്ധ വിഭാഗം) എന്നിവയും പിന്നീട്‌ മുന്നോട്ടുപോയ്‌ക്കൊണ്ടിരുന്നത്‌. എന്നാല്‍ ആ പാര്‍ട്ടികളില്‍ ലയിച്ച്‌, പഴയ സുഹൃത്തുക്കള്‍ക്ക്‌ തിരിച്ചുവരാമെന്നു പിണറായി പറഞ്ഞത്‌ അവരുമായി ആലോചിച്ചായിരുന്നില്ല. പിണറായിയുടെ അഭിമുഖം വന്ന പിന്നാലെ ചാനലില്‍ നിന്ന്‌ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസിനെ ഫോണില്‍ വിളിച്ചു പ്രതികരണം തേടിയപ്പോള്‍ അദ്ദേഹം അമ്പരന്നു. ഞങ്ങള്‍ ആരുടെ മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ല എന്നു മാത്രം പറഞ്ഞ്‌ തലയൂരുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. പി സി തോമസ്‌ പ്രതികരിക്കാന്‍ തയ്യാറായുമില്ല.
ഇടതുമുന്നണിയില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ എസ്‌ജെഡിയും പഴയ ജോസഫ്‌ ഗ്രൂപ്പിലെ ചിലരും നെയ്യാറ്റിന്‍കരയില്‍ പിന്തുണ നല്‍കുമെന്നാണ്‌ സിപിഎം കരുതുന്നത്‌. അത്‌ ആത്മവിശ്വാസക്കുറവുകൊണ്ടാണെന്നാണ്‌ മുന്നണിക്കുള്ളിലെ ചര്‍ച്ച. ലോറന്‍സ്‌ പാര്‍ട്ടിക്കാരനായിരുന്നില്ലെന്നും പഴയ ജേക്കബ്‌ ഗ്രൂപ്പുകാരനായിരുന്നുവെന്നും പുറത്തുവന്നിട്ടുണ്ട്‌. സമീപകാലത്താണ്‌ അദ്ദേഹത്തിന്‌ സിപിഎം അംഗത്വം നല്‍കിയത്‌. മറ്റു പലരേയും ഒഴിവാക്കി ലോറന്‍സിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെച്ചൊല്ലിയുള്ള പ്രതിഷേധം ഇപ്പോഴും നെയ്യാറ്റിന്‍കരയിലെ സിപിഎമ്മിനുള്ളില്‍ പുകയുന്നുവെന്നും ഘടക കക്ഷികള്‍ മനസിലാക്കിയിട്ടുണ്ട്‌. ഇതും നില ഭദ്രമല്ലെന്ന വിലയിരുത്തലിനു കാരണമായി.

No comments:

Post a Comment

Note: Only a member of this blog may post a comment.