Thursday, April 26, 2012

കേരളം ഗള്‍ഫായി മാറുന്നതെത്ര വേഗം


കേരളം പെട്ടെന്നൊരു ദിവസം ഗള്‍ഫായി മാറുന്നത്‌ സ്വപ്‌നം കാണാത്ത ഭരണാധികാരികളും സാധാരണക്കാരും കുറവായിരിക്കും. സമ്പദ്‌സമൃദ്ധിയുടെയും പളപളപ്പിന്റെയും ലോകത്തേയ്‌ക്ക്‌ മനസുകൊണ്ടൊരു യാത്ര. കണ്ണു തുറക്കുമ്പോള്‍ മുന്നില്‍ കാണുന്നത്‌ കുണ്ടും കുഴിയുമാണെങ്കിലും സ്വപ്‌നത്തിലെന്തിന്‌ അര്‍ധരാജ്യം എന്ന്‌ പണ്ടാരോ ചോദിച്ചുവച്ചിട്ടുണ്ടല്ലോ.
ഏതായാലും പെട്ടെന്നൊരു ദിവസം ഗള്‍ഫ്‌ രാജ്യത്തെ നിയമം കേരളത്തിലും ബാധമാക്കിയ മട്ടിലുള്ള വാര്‍ത്തയും വിശേഷവും കണ്ട്‌ കുറേപ്പേരെങ്കിലും ഞെട്ടിയിരിക്കുകയാണ്‌. ആരെങ്കിലും കൊല്ലപ്പെട്ടാല്‍, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ കൊലയാളിക്ക്‌ മാപ്പുകൊടുത്താല്‍ വധശിക്ഷയില്‍ നിന്നൊഴിവാക്കുന്ന നിയമമുള്ളത്‌ ഗള്‍ഫ്‌ നാടുകളിലാണല്ലോ. അതത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്നും നുലാമാലകള്‍ ഒരുപാടുണ്ടെന്നും മാധ്യമങ്ങളിലൊക്കെ വന്നിട്ടുമുണ്ട്‌. പോരാഞ്ഞിട്ട്‌ കമല്‍ സംവിധാനം ചെയ്‌ത പെരുമഴക്കാലം എന്ന സിനിമയില്‍ അക്കഥ നേരിട്ടു കണ്ടതുമാണ്‌. ഗള്‍ഫില്‍വച്ച്‌ ദിലീപിന്റെ കൈകൊണ്ട്‌ മരിക്കുന്ന വിനീതിന്റെ ഭാര്യയുടെ മാപ്പു ലഭിക്കാന്‍ ദിലീപിന്റെ ഭാര്യ മീരാ ജാസ്‌മിന്‍ നടത്തുന്ന വേദന നിറഞ്ഞ യാത്രയും അനുഭവങ്ങളുമാണല്ലോ പെരുമഴക്കാലം.
ഏതായാലും ജനാധിപത്യ ഇന്ത്യയില്‍ അങ്ങനൊരു നിയമമില്ല. ഇവിടെ കുറ്റം ചെയ്‌തവരെ നിയമപരമായി കോടതി വിചാരണ ചെയ്‌തു ശിക്ഷിക്കും. വല്ല അതിര്‍ത്തിത്തര്‍ക്കക്കേസിലോ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കം കോടതി കയറിയ കേസിലോ ഒക്കെ കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പുണ്ടാക്കുന്നതല്ലാതെ, കൊലക്കേസില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ല. കോടതിക്കു പുറത്തുമില്ല, അകത്തുമില്ല.
പക്ഷേ, കൊല്ലം നീണ്ടകര പുറംകടലില്‍ കൊല്ലപ്പെട്ട രണ്ടു മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതരുമായി, കൊലക്കേസ്‌ പ്രതികളായ നാവികര്‍ക്കു വേണ്ടി ഇറ്റലി സര്‍ക്കാരും കപ്പലുടമകളും ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു. രണ്ടു കോടി രൂപ കൊടുക്കും. പകരം കേസ്‌ എന്നിനി മിണ്ടരുത്‌. മരിച്ച ഒരാളുടെ ഭാര്യയ്‌ക്കും മകനും മകള്‍ക്കുമായി ഒരു കോടി, മരിച്ച മറ്റേയാളുടെ രണ്ട്‌ സഹോദരിമാര്‍ക്കുമായി ഒരുകോടി. പകരം അവര്‍ ദൈവനാമത്തില്‍ കൊലക്കേസ്‌ പ്രതികള്‍ക്ക്‌ മാപ്പുകൊടുത്തു. മാത്രമല്ല, ജയിലിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ നീങ്ങി എത്രയും വേഗം പാവം നാവികര്‍ ബന്ധുക്കളോടൊത്തു ചേരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്‌തു. പണത്തിനു മീതെ പറക്കാത്ത പരുന്തിന്റെ കഥ ആരോ എവിടെയോ ഇരുന്ന്‌ ഓര്‍മിപ്പിക്കുന്നു. മരിച്ചവരോ പോയി, ഇനി ജീവിച്ചിരിക്കുന്നവര്‍ക്ക്‌ സ്വന്തം കാര്യം നോക്കണ്ടേ എന്ന ആപ്‌തവാക്യം പറയാതെ പറയുന്ന ചിലര്‍ ടിവി ചാനലുകളില്‍ വന്ന്‌ ഒത്തുതീര്‍പ്പു ധാരണാപത്രം വായിക്കുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിക്കാന്‍ പോകുന്നത്‌? കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ വാദി സര്‍ക്കാരാണ്‌. അതുകൊണ്ടുതന്നെ മരിച്ചവരുടെ ബന്ധുക്കള്‍ മാപ്പു കൊടുത്തതുകൊണ്ടു മാത്രം കേസ്‌ തീരില്ല. പക്ഷേ, കേസില്‍ തുടര്‍ന്നു താല്‍പര്യം കാണിക്കുന്നതില്‍ നിന്ന്‌, കുറ്റവാളികള്‍ക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന്‌ കൊല്ലപ്പെട്ടവരുടെ വേണ്ടപ്പെട്ടവര്‍ മാറിനടക്കുന്നു. പക്ഷേ, രാജ്യം മുഴുവന്‍ ശ്രദ്ധിച്ച, രണ്ടു രാജ്യങ്ങള്‍തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍പോലും ഇടംപിടിച്ച കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി നമ്മുടെ നിയമസംഹിത അങ്ങനെയങ്ങ്‌ വളഞ്ഞുകൊടുക്കുമോ?അങ്ങനെ ചെയ്‌താല്‍ ഇനിയുള്ളകാലത്ത്‌ സമാനമായ നിരവധി കേസുകളില്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക്‌ കളമൊരുങ്ങില്ലേ, അതൊന്നും വേണ്ടെന്നു പറയാന്‍ കോടതിക്കോ മാധ്യമങ്ങള്‍ക്കോ സാധിക്കുമോ?
ചോദ്യങ്ങളാണ്‌ ഇവയെല്ലാം, ഇപ്പോള്‍. ഉത്തരം, കടല്‍ക്കൊലക്കേസിനു നാളെ എന്തു സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.