Wednesday, May 16, 2012

ടി പി ചന്ദ്രശേഖരന്‍ വധം:പാര്‍ട്ടി കോടതിയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നതിന് കൂടുതല്‍ തെളിവുകള്‍


റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവും ഇടതുപക്ഷ ഏകോപനസമിതി
സംസ്ഥാന സെക്രട്ടറിയുമായ ടി പി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സി പി എം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ നാല് സി പി എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കാവില്‍ ചെറിയപുരയില്‍ ജയസുരയില്‍ കെ സി രാമചന്ദ്രന്‍ എന്ന ബാവൂട്ടി(52), അഴിയൂര്‍ കോറോത്ത് റോഡില്‍ പാറപ്പുറത്ത് മുഹമ്മദ് ഫസല്‍(27), കോറോത്ത് കല്ലുംപുറത്ത് ദില്‍ഷാദ്(28), തലശ്ശേരി പൊന്ന്യം വെസ്റ്റ് കതിരൂര്‍ കുണ്ടുചിറയില്‍ മൂര്‍ക്കോലി വീട്ടില്‍ സനീഷ്(28) എന്നിവരെയാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
 
ഇതോടെ ടി പി വധക്കേസില്‍ സി പി എമ്മിന്റെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടക്കം ഒമ്പത് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കണ്ണൂര്‍ ലോബിയിലെ പ്രമുഖനേതാവിന് വേണ്ടിയാണ് താന്‍ കൊടി സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് കെ സി രാമചന്ദ്രന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതോടെ ടി പി ചന്ദ്രശേഖരനെ പാര്‍ട്ടിക്കോടതിയുടെ വിധിപ്രകാരം കണ്ണൂരിലെ സി പി എം പ്രമുഖനായ മുന്‍എം എല്‍ എയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കൊലപ്പെടുത്തിയതെന്നതിന് ശക്തമായ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം ടി പി വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍  ഒന്നാം പ്രതിയായ ചൊക്ലി കവിയൂര്‍ മാരന്‍കുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപനെ(34) കുന്ദമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തു. അഞ്ചാം പ്രതി സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍(47), രണ്ടാം പ്രതി കോടിയേരി ആനന്ദം വീട്ടില്‍ രജിത്ത്(23), മൂന്നാം പ്രതി അഴിയൂര്‍ രമ്യനിവാസില്‍ കുട്ടു എന്ന രമീഷ്(21), നാലാം പ്രതി അഴിയൂര്‍ കോട്ടമലക്കുന്ന് ദീപു എന്ന ദിപിന്‍(27) എന്നിവരെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വെക്കാനും ഉത്തരവായി.
 
19ന് രാവിലെ പ്രതികളെ നാലുപേരെയും കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മജിസ്‌ട്രേറ്റ് രാജീവ് ജയരാജ് ഉത്തരവിട്ടത്. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് വടകരയില്‍ നിന്നും ഡി വൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രത്യേക വാഹനത്തില്‍ പ്രതികളെ കുന്നമംഗലം കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടരയോടുകൂടി തിരിച്ചു പോവുകയും ചെയ്തു. പ്രതികളെ കാണുന്നതിനായി വന്‍ജനാവലിയാണ് കുന്നമംഗലം ടൗണില്‍ കാത്തിരുന്നത്. അതിനിടയില്‍ പ്രതികള്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന ആശങ്കയെതുടര്‍ന്ന് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം കുന്നമംഗലം ടൗണിലും കോടതി പരിസരത്തും നിലയുറപ്പിച്ചിരുന്നു. വടകര കോടതിയില്‍ മജിസ്‌ട്രേറ്റ് അവധിയിലായതിനെതുടര്‍ന്നാണ് പ്രതികളെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയത്.
 
  സി പി എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനും കുന്നുമ്മക്കര ലോക്കല്‍കമ്മിറ്റിയംഗം കെ സി രാമചന്ദ്രനും ചേര്‍ന്നാണ് ടി പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ പങ്കാളികളാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ലോബിയിലെ പ്രമുഖനേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലെത്തി ക്വട്ടേഷനും അഡ്വാന്‍സും കൈമാറിയതെന്ന് കെ സി രാമചന്ദ്രന്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ വാടകത്തുക നല്‍കിയതും, അക്രമികള്‍ക്ക് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയതും സി പി എം ലോക്കല്‍ കമ്മിറ്റിയംഗമായ രാമചന്ദ്രനാണ്. റവല്യൂഷണറി നേതാവ് കെ ടി ബാലനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി കൂടിയാണ് രാമചന്ദ്രന്‍. ദില്‍ഷാദും ഫസലും ചേര്‍ന്നാണ് കൊലയ്ക്കുപയോഗിച്ച വടിവാളുകള്‍ കൃത്യത്തിന് മുമ്പ് അഴിയൂര്‍ കോറോത്ത്‌റോഡിലെ കിഴക്കേവയലില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളില്‍ സൂക്ഷിച്ചത്.
 
സനീഷാണ് ക്വട്ടേഷന്‍ സംഘത്തിന് രക്ഷപ്പെടാന്‍ ചൊക്ലിയില്‍ നിന്ന് നിന്ന് ഓട്ടോറിക്ഷയും ബൈക്കുകളും ഏര്‍പ്പാടാക്കി കൊടുത്തത്.  ദില്‍ഷാദും ഫസലും സനീഷും സി പി എമ്മിന് വേണ്ടി ഒട്ടേറെ രാഷ്ട്രീയ അക്രമണക്കേസുകളില്‍ പ്രതികളായ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണ്. ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെയും ഇന്ന് കുന്ദമംഗലം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. അതിനിടെ ടി പി വധവുമായി ബന്ധപ്പെട്ട് പിടിയിലായ സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ സി രാമചന്ദ്രന്‍, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരുടെ വീടുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആക്രമിക്കപ്പെട്ടു. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗമായ രാമചന്ദ്രന്റെ വീട് അഗ്നിക്കിരയായി. വീട്ടുപകരണങ്ങളും മറ്റും കൂട്ടിയിട്ട് കത്തിച്ച അക്രമികള്‍ ജനല്‍പാളി പിഴുതെടുത്ത് കിണറ്റില്‍ തള്ളുകയും ചെയ്തു. 

No comments:

Post a Comment

Note: Only a member of this blog may post a comment.