Friday, May 11, 2012

ടിപി വധം; പുറത്തു വരുന്നത് സി പി എം തീവ്രവാദം

ഫസലിനെ കൊലപ്പെടുത്തിയപ്പോള്‍ ഹിന്ദുതീവ്രവാദം; ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോള്‍ മുസ്ലിം തീവ്രവാദം



ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയത് മുസ്ലിം തീവ്രവാദി സംഘടനകളാണെന്നു വരുത്താന്‍ തുടക്കത്തിലേ ശ്രമിച്ച സി പി എം നേതൃത്വത്തിന്റെ കാപട്യത്തിന്റെ മറുവശമാണ് ഫസല്‍ വധക്കേസില്‍ കണ്ടത്. ഫസലിനെ കൊന്നത് ആര്‍ എസ് എസാണെന്ന് വിധിയെഴുതി അന്വേഷണോദ്യോഗസ്ഥരെ കൊണ്ട് അന്വേഷണം ആ വഴിയില്‍ തിരിച്ചു വിടാന്‍ ബോധപൂര്‍വം ശ്രമിക്കുകയായിരുന്നു അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്വവും. ഇപ്പോള്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുസ്ലിം തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്നു വരുത്താന്‍ സി പി എം നടത്തിയ ബോധപൂര്‍വമായ ശ്രമം പുറത്തു വന്നിട്ടുണ്ട്. രണ്ട് കേസിലും ക്വട്ടേഷന്‍ സംഘത്തെ നയിച്ചത് കൊടി സുനിയെന്ന ക്രിമിനലാണെന്നത് മറ്റൊരു കാര്യം.
 
ഫസല്‍ വധക്കേസിലും സി ബി ഐ ഒന്നാം പ്രതിയാക്കിയത് കൊടി സുനിയെയാണ്.2006 ഒക്ടോബര്‍ 22നു ചെറിയ പെരുന്നാള്‍ തലേന്നാണ് തേജസ് ദിനപത്രം ഏജന്റായ മാടപ്പീടികയിലെ പിലാക്കുല്‍ ഉളിയിലക്കണ്ടി മുഹമ്മദ് ഫസല്‍ ലിബര്‍ട്ടി ക്വാട്ടേഴ്‌സിനു മുന്നില്‍ വെട്ടേറ്റുമരിച്ചത്. ബൈക്കുകളിലെത്തിയ സംഘമാണ് കൃത്യം ചെയ്തത്. തലശ്ശേരി സി.ഐയായിരുന്ന പി സുകുമാരനും ഡിവൈ.എസ്.പിയായിരുന്ന കെ എ ഫിലിപ്പും ചേര്‍ന്നാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഫസലിന്റെ സൈക്കിളും ചെരിപ്പും മറ്റും ഉടനടി സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും എന്തൊക്കെയാണ് അവിടെയുണ്ടായിരുന്നതെന്നു വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. വൈകീട്ടോടെ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി രാധാകൃഷ്ണന്‍ അന്വേഷണ ചുമതല ഏറ്റെടുത്തു. ഇദ്ദേഹമാണ് കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് അല്ല, സി.പി.എമ്മാണെന്നു കണ്ടെത്തിയത്. ഫസല്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപത്തുള്ള ലിബര്‍ട്ടി ക്വാര്‍ട്ടേഴ്‌സിലുള്ളവരില്‍ നിന്നും മറ്റു സാക്ഷികളില്‍ നിന്നും ശരിയാംവണ്ണം മൊഴിയെടുത്തിട്ടുമില്ല. ഇവരെ മൂന്നാംദിവസം ഏതാനും സി.പി.എം പ്രവര്‍ത്തകരെത്തി ഭീഷണിപ്പെടുത്തുകയും മൊഴിനല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപോലും കണ്ടെത്താന്‍ പോലിസിനായില്ല. കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രതികളെ കുറിച്ച് അന്നുതന്നെ നിഗമനത്തിലെത്താനാവുമെന്നാണു സി.ബി.ഐ കരുതുന്നത്.
 
അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരും ആവശ്യപ്പെടാതെ രാധാകൃഷ്ണനെ മാറ്റുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. സി.ബി.സി.ഐ.ഡി എസ്.പി ടി കെ രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് സി.പി.എം പ്രവര്‍ത്തകരായ കൊടി സുനി എന്ന സുനില്‍കുമാര്‍, കൊയ്യേരി സജിത്ത് എന്ന പാച്ചൂട്ടി വിജേഷ്, എം കെ ജിതേഷ് എന്ന ജിത്തു എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെയാണ് സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ സി എച്ച് മറിയു ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ തെളിവുകള്‍ നശിപ്പിക്കാന്‍ പോലിസിനു മേല്‍ സമ്മര്‍ദ്ദമുണ്ടായതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പോലിസുകാരെ സംരക്ഷിക്കുന്ന വിധത്തിലാണു ക്രൈംബ്രാഞ്ച് സംഘം അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഗൂഢാലോചനയില്‍ ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നു ഭയന്നതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനെതിരേ ഡിവിഷന്‍ ബെഞ്ചിലും സുപ്രിംകോടതിയിലും അപ്പീല്‍ പോയതെന്നാണു സി.ബി.ഐ നിഗമനം.
 
കൊലപാതകത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിലുണ്ടായതു സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. കൊല നടന്ന ദിവസം പുലര്‍ച്ചെ  കോടിയേരി തലശ്ശേരിയിലെത്തിയിരുന്നു. സംഭവമറിഞ്ഞ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി, കൊലപാതകം ആസൂത്രിതമാണെന്നും സംഭവത്തിനു പിന്നില്‍ ആര്‍.എസ്.എസ്സാണെന്നും കോടിയേരി പറഞ്ഞിരുന്നു. അന്നത്തെ കൂത്തുപറമ്പ് എം.എല്‍.എയും ഇപ്പോള്‍ സി.പി.എം ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എന്‍ ശംസീര്‍ തുടങ്ങിയവരും മൃതദേഹം സന്ദര്‍ശിച്ചിരുന്നു. മൂന്നു സി.പി.എം പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തപ്പോഴും കോടിയേരി തലശ്ശേരി ഗസ്റ്റ് ഹൗസില്‍ ക്യാംപ് ചെയ്തിരുന്നു. അന്വേഷണം ആര്‍.എസ്.എസിലേക്ക് ബന്ധിപ്പിക്കാന്‍ സി പി എം നേതൃത്വം പലപ്പോഴും ശ്രമിച്ചതായി വ്യക്തമായി. ആര്‍.എസ്.എസ് ശക്തികേന്ദ്രമായ ടെംപിള്‍ ഗേറ്റിലേക്കുള്ള വഴിയില്‍ നിന്നു രക്തം പുരണ്ട തൂവാല കണ്ടെത്തിയതായി പോലിസിനെ അറിയിച്ചത് സി പി എം നേതാക്കളിലൊരാളാണെന്നാണു സംശയം.
 
പാര്‍ട്ടിക്ക് വേണ്ടി വെട്ടാനും കൊല്ലാനും നിയോഗിക്കപ്പെട്ട മൂന്നു സ്ഥിരം ക്രിമിനലുകളില്‍ ഫസല്‍ വധക്കേസ് ഒതുക്കാനാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ശ്രമം നടന്നത്.  ഹൈക്കോടതി സി.ബി.ഐ ഉത്തരവിടുമെന്നുറപ്പായതോടെയാണ് പ്രതികളെന്ന പേരില്‍ ചിലരെയെങ്കിലും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ പോലിസ് നിര്‍ബന്ധിതമായത്.  നേരത്തെ ക്രൈംബ്രാഞ്ച് എസ്.പി രാജ് മോഹനനെ അന്വേഷണത്തില്‍, ഫസലിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ തലശ്ശേരിയിലെ പ്രാദേശിക സി.പി.എം നേതാവിനു മുഖ്യപങ്കുണ്ടെന്നുതുള്‍പ്പെടെയുള്ള പ്രധാന വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ നേതാവിനെ അറസ്റ്റു ചെയ്യുമെന്ന ഘട്ടമെത്തിയപ്പോഴാണ് അന്വേഷണ ചുമതലയില്‍ നിന്നും രാജ്‌മോഹനെ മാറ്റിയത്. സി.ബി.ഐ അന്വേഷണത്തില്‍ ഇത്തരം വസ്തുതകള്‍ വെളിച്ചത്തുവരുമെന്നും അതുകൊണ്ട് തന്നെ സി.ബി.ഐയുടെ കയ്യില്‍ എത്താതിരിക്കാനാണ് മൂന്നു പ്രതികളെ പോലിസ് അറസ്റ്റു ചെയ്തതെന്നും വ്യക്തമായി.
 
 കൊലക്കു പിന്നില്‍ മാര്‍ക്‌സിസ്റ്റുകാരാണെന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തായ ഘട്ടങ്ങളിലെല്ലാം കോടിയേരിയുടെ തട്ടകത്തിലെ അദ്ദേഹവുമായി അടുത്തബന്ധമുള്ള പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ ഫസല്‍ വധക്കേസ് വഴിതിരിച്ചുവിടാന്‍ പരസ്യമായി രംഗത്തുവരികയുണ്ടായി. ഒരു ഘട്ടത്തില്‍ ഹവാല ലോബിയാണ് ഫസല്‍ വധത്തിനു പിന്നിലെന്നു പ്രചരിപ്പിച്ചു കോടിയേരിയുമായി അടുപ്പമുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഫസല്‍ അധാര്‍മിക ജീവിതം നയിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുപോലും പരസ്യമായി ആരോപിച്ചിരുന്നു. ഫസല്‍ വധക്കേസ് വഴിതിരിച്ചുവിടാന്‍ സി.പി.എം നടത്തിയ കുപ്രചാരണങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ ഉത്തരംമുട്ടിക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമടക്കം അറസ്റ്റിലാകുമെന്നുറപ്പായപ്പോള്‍ സി ബി ഐക്കെതിരേ സമരം നടത്തി പ്രതിരോധത്തിനു മുതിര്‍ന്നതും പാഴായി. ഫസല്‍ വധക്കേസിനു പിന്നില്‍ കരുനീക്കം നടത്തിയ അതേ സംഘം തന്നെയാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനും ക്വട്ടേഷന്‍ നല്‍കിയതെന്ന് ഉറപ്പിച്ചു പറയാനാകുന്ന രീതിയിലാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകള്‍. ഫസല്‍ വധക്കേസില്‍ പങ്കില്ലെന്ന് പറഞ്ഞ് ഇപ്പോള്‍ ജില്ലാ നേതാക്കളടക്കം അറസ്റ്റിലാകാന്‍ പോകുന്നു. ചന്ദ്രശേഖരന്‍ വധത്തില്‍ ഇതിന്റെ തനിയാവര്‍ത്തനമുണ്ടായാല്‍ സി പി എം എന്ന പാര്‍ട്ടി ഏതു രീതിയില്‍ പിടിച്ചു നില്‍ക്കുമെന്ന് കണ്ടറിയണം.

No comments:

Post a Comment

Note: Only a member of this blog may post a comment.