Thursday, May 10, 2012

ടി.പി ചന്ദ്രശേഖരന്റെ പ്രേതം സി.പി.എമ്മിനെ വേട്ടയാടുന്നു.


ഒരു നാടന്‍പ്രയോഗം കടമെടുത്ത് പറയട്ടെ. ടി.പി ചന്ദ്രശേഖരന്റെ പ്രേതം സി.പി.എമ്മിനെ വേട്ടയാടുന്നു. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ചന്ദ്രശേഖരന്റെ പൈശാചികമായ കൊലപാതകത്തെപ്പറ്റി ഇടതുമുന്നണിയില്‍ ഭിന്നത.
സി.പി.എമ്മില്‍ അതേക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍. സംഭവത്തില്‍ അടിമുടി ഉലഞ്ഞുപോയ സി.പി.എമ്മില്‍ നിന്ന് ഭിന്നസ്വരങ്ങള്‍ പ്രമുഖ നേതാക്കളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ ധീരനായ കമ്യൂണിസ്റ്റായിരുന്നു എന്ന് പ്രതിപക്ഷനേതാവും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

പരേതന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പാര്‍ട്ടിയുടെ അനുമതിക്ക് കാത്തുനില്‍ക്കാതെ അദ്ദേഹം കോഴിക്കോട്ട് എത്തുകയും ചെയ്തു. ഏതാനും വര്‍ഷംമുമ്പ് സി.പി.എമ്മിന്റെ നിലപാടുകളോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പുതിയൊരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയ നേതാവിന്റെ ദാരുണമായ വിയോഗത്തില്‍ പരിണിതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അച്യുതാനന്ദന്‍ പ്രകടിപ്പിച്ച ആദരവ് പൊതുമധ്യത്തില്‍ അദ്ദേഹത്തിന്റെ മഹിമയും യശസ്സും ഉയര്‍ത്തുകയാണ് ചെയ്തത്. അതേസമയം സി.പി.എം വിട്ടുപോയി പുതിയ പ്രസ്ഥാനമുണ്ടാക്കി പാര്‍ട്ടിയെ വെല്ലുവിളിച്ച ചന്ദ്രശേഖരനെയും കൂട്ടരെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരത്തെ കുലംകുത്തികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. ചന്ദ്രശേഖരന്റെ വിയോഗത്തോടെ പിണറായി വിജയന് തന്റെ മുന്‍ അഭിപ്രായവും വിലയിരുത്തലും മാറ്റണമെന്ന് തോന്നിയില്ല. എന്നുമാത്രമല്ല, കേരളം മുഴുവന്‍ അതിനീചമായ ആ കൊലപാതകത്തിന്റെ നടുക്കത്തില്‍ അനുശോചനത്തോടെ അന്താളിച്ചുനില്‍ക്കുമ്പോള്‍ കുലംകുത്തി പ്രയോഗം പിണറായി വിജയന്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു; ''കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെ. കുലദ്രോഹികളെ പിന്നെ വേറെന്ത് പേരുവിളിക്കും?''
അനുതാപം, അലിവ്, ദയ എന്നിവയൊക്കെ മനുഷ്യമനസ്സിന്റെ മഹനീയ സ്വഭാവങ്ങളാണ്. ഔചിത്യം ഒരു നേതാവിന് അനുപേക്ഷണീയമായി ഉണ്ടാവേണ്ട വലിയ ഗുണമാണ്.

മാക്‌സിം ഗോര്‍ക്കി ''മനുഷ്യന്‍ ഹാ, എത്ര മനോഹരമായ പദം'' എന്ന് പറഞ്ഞപ്പോള്‍ മാനവികതയെക്കുറിച്ച് എത്ര വലിപ്പത്തിലാവും വിചാരിച്ചിട്ടുണ്ടാവുക. മനുഷ്യപദം മനോഹരമാണെങ്കിലും ആ പദം കൊണ്ട് വിശേഷിപ്പിക്കപ്പെടുന്നവരെല്ലാം മനോഹാരിത വഹിക്കണമെന്നില്ല. മാര്‍ക്‌സിസം മഹത്തായ മാനവവാദമാണെന്ന് അതിന്റെ പ്രണേതാക്കള്‍ ആവേശപൂര്‍വം അവകാശപ്പെടാറുണ്ട്. പക്ഷേ ആ തത്വശാസ്ത്രം ഭൂമുഖത്ത് പ്രയോഗിച്ച പലര്‍ക്കും മനുഷ്യത്വത്തിന്റെ കണികപോലും ഉണ്ടായിരുന്നില്ലെന്ന് ചരിത്രം സാക്ഷ്യംപറയും. മഹാനായ ലെനിന്റെ പിന്‍ഗാമിയായി സോവിയറ്റ് റഷ്യയില്‍ ഭരണം പിടിച്ചടക്കിയ ജോസഫ് സ്റ്റാലിന്‍ ആ രാജ്യത്ത് വിമതശബ്ദമുയര്‍ത്തിയ 4.6 കോടി ജനങ്ങളെ കൊന്നൊടുക്കിയെന്ന് ക്രൂഷ്‌ചേവ് പില്‍ക്കാലത്ത് വെളിപ്പെടുത്തി. ചൈനയില്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ മറവില്‍ മാവോ സേ തൂങ്ങ് കൊന്നൊടുക്കിയത് ഏഴുകോടി വിമതരെയാണ്.

വിപ്ലവത്തെക്കുറിച്ച് ചെയര്‍മാന്‍ മാവോയ്ക്ക് സ്വന്തമായൊരു സങ്കല്‍പമുണ്ടായിരുന്നു. അത് അദ്ദേഹം ഇങ്ങനെ നിര്‍വചിച്ചു: ''വിപ്ലവം മനോഹരമായ തൂവാല തുന്നലല്ല. നിങ്ങളുടെ സുഹൃത്തിനെ അത്താഴവിരുന്നിന് ക്ഷണിക്കലുമല്ല. വിപ്ലവം അക്രമപ്രവര്‍ത്തനമാണ്. വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യലാണ്''. ലോക കമ്യൂണിസം ഇത്തരം ക്രൂരമനസ്സുകളെയാണ് ചരിത്രത്തിന് നല്‍കിയിട്ടുള്ളത്. 'ജോസഫ് സ്റ്റാലിന്‍ വാസ് മോര്‍ ടെറിബിള്‍ ദാന്‍ ഈവന്‍ ഇവാന്‍ ദ ടെറിബിള്‍' എന്ന് പറയാറുണ്ട്.
ഉള്ളുലഞ്ഞ ഒരാളിന്റെ ഗര്‍ജ്ജനത്തോടെ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി മൈക്കിന് മുന്നില്‍ നിന്ന് ആക്രോശിക്കുന്നത് കണ്ടപ്പോള്‍ മേല്‍പ്പറഞ്ഞ കമ്യൂണിസ്റ്റ് ക്രൂരന്മാരെ ഓര്‍ത്തുപോയി. പാര്‍ട്ടിയും ഭാരവാഹികളുടെ ചട്ടക്കൂടും ഉലയാതെ കാത്തുസംരക്ഷിക്കുന്നയാളല്ല നേതാവ്. അടഞ്ഞ നാല് ചുവരുകള്‍ക്കുള്ളില്‍നിന്ന് പുറത്തുവന്ന് ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവനാണ് ജനാധിപത്യ വ്യവസ്ഥയില്‍ യഥാര്‍ത്ഥ നേതാവ്. സ്റ്റാലിനെയും മുസോളിനിയെയും ഹിറ്റ്‌ലറെയും ആരും നേതാവായി വാഴ്ത്തുമെന്ന് തോന്നുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി ഈ ചരിത്രപാഠം എന്നാണാവോ ഉള്‍ക്കൊള്ളുക?

No comments:

Post a Comment

Note: Only a member of this blog may post a comment.