Thursday, May 10, 2012

സി.പി.എമ്മില്‍ മരണവീട്ടിലെ അവസ്ഥ


റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഒടുവില്‍ സി.പി.എമ്മിനുള്ളില്‍ അപമൃത്യു നടന്ന വീട്ടിലെ പോലെ നിശബ്ദമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. പിണറായി വിജയന്‍ വീണ്ടും നടത്തിയ കുലംകുത്തി പ്രയോഗവും വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രതികരണവുമാണ് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംഘടനാപരമായി നോക്കിയാല്‍ പാര്‍ട്ടി സെക്രട്ടറി നടത്തുന്നത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നിരിക്കെ ടി. പി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന പിണറായിയുടെ അഭിപ്രായം വിജയന്റെ മാത്രമാണെന്ന വി.എസിന്റെ പരാമര്‍ശമാണ് പാര്‍ട്ടിയെ മൂകമാക്കുന്ന തരത്തിലുള്ള ഒരവസ്ഥയില്‍ കൊണ്ടുവന്നിരിക്കുന്നത്.

സി.പി.എമ്മിന്റെ സംസ്ഥാനത്തെ മുന്‍നിര നേതാക്കള്‍ പോലും ഈ വിഷയത്തില്‍ എന്തെങ്കിലുമൊരു അഭിപ്രായം നടത്തുന്നതിന് ശേഷിയില്ലാതെ തളര്‍ന്നിരിക്കുകയാണ്. ടി പി വധത്തിലെ ഗൂഢാലോചനയില്‍ പി.സി.ജോര്‍ജിന് പങ്കുണ്ടെന്ന തരത്തിലുള്ള ദയനീയമായ പ്രതികരണമാണ് പി.ജയരാജന്‍ നടത്തിയത്. അമേരിക്കയ്ക്കും ബരാക് ഒബാമയ്ക്കും ഈ ഗൂഢാലോചനയിലെ പങ്കിനെ പറ്റി പറയാന്‍ സാധ്യതയുള്ള ഇ.പി ജയരാജനാവട്ടെ ഇതുവരെ പ്രതികരിച്ച് കണ്ടിട്ടില്ല. പൊതുസമൂഹത്തിന്റെ വികാരം തങ്ങള്‍ക്ക് എതിരാണെന്ന തിരിച്ചറിവാണ് നേതാക്കന്മാരെ നിശബ്ദരാക്കിയിരിക്കുന്നത്. ഒപ്പം കൊലപാതകത്തില്‍, സി.പി.എമ്മിലെ കണ്ണൂര്‍ ലോബിയുടെ പങ്ക് വ്യക്തമാക്കുന്ന തരത്തില്‍ പുറത്ത് വന്നിരിക്കുന്ന വി.എസിന്റെ വാക്കുകളും പാര്‍ട്ടിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു.

കേരളീയ പൊതുസമൂഹം ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയ്ക്ക് എതിരാണെന്ന തിരിച്ചറിവില്‍ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും തളരാതിരിക്കുന്നതിന് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥിരമായി നടത്തി വരുന്ന അത്യദ്ധ്വാനമാണ് വി.എസ് തന്റെ ഒറ്റ പ്രതികരണത്തിലൂടെ കശക്കി എറിഞ്ഞത്. കുലംകുത്തികള്‍ തന്നെയാണെന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവന പാര്‍ട്ടി അണികള്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് വേണ്ടിയായിരുന്നു. കൊലപാതകവുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ല എന്ന് ആദ്യ ദിവസങ്ങളില്‍ ആവര്‍ത്തിച്ചിരുന്ന പിണറായുടെ വാക്കുകളിലെ വിശ്വാസ്യത പ്രതികളുടെ ലിസ്റ്റ് പുറത്ത് വന്നതോടെ തകര്‍ന്നു വീണു. ഇതോടെയാണ് പാര്‍ട്ടിയുടെ പങ്ക് പരോക്ഷമായിട്ടെങ്കിലും സമ്മതിക്കുന്ന മട്ടിലുള്ള കുലം കുത്തി പ്രയോഗം വീണ്ടുമുണ്ടായത്. എന്നാല്‍ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ ഇത് തിരുത്തിയത് പാര്‍ട്ടിയ്ക്കുള്ളില്‍ കനത്ത ആഘാതം സൃഷ്ടിക്കും.

കൊല്ലപ്പെട്ട സി.പി.എം. വിമതനേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന അഭിപ്രായം പാര്‍ട്ടിക്കില്ലെന്നും അതു വിജയന്റെ അഭിപ്രായമാണെന്നും വി.എസ്‌. കോഴിക്കോട്ടു വച്ച് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അധോലോക സംസ്‌കാരം കമ്യൂണിസ്‌റ്റ് രീതിയല്ലെന്ന സി.പി.ഐയുടെ അഭിപ്രായത്തോടു യോജിക്കുന്നു. പാര്‍ട്ടി വിട്ടവരെ ക്രിയാത്മകമായ ശ്രമം നടത്തിയാണു പാര്‍ട്ടിയിലേക്കു കൊണ്ടുവരേണ്ടത്‌. ആശയങ്ങളും പാര്‍ട്ടിയുടെ നിലപാടുകളും വിശദീകരിച്ചു നല്ല രീതിയില്‍ അവരെ പാര്‍ട്ടിയിലേക്കു മടക്കിക്കൊണ്ടുവരണം. തിരിച്ചുവന്നില്ലെങ്കില്‍ സ്വതന്ത്രരായി അവര്‍ പ്രവര്‍ത്തിച്ചോട്ടെ. എം.വി. രാഘവനും കെ.ആര്‍. ഗൗരിയമ്മയും പാര്‍ട്ടിയില്‍ നിന്നകന്നു വേറെ പാര്‍ട്ടി ഉണ്ടാക്കിയിട്ടുണ്ടല്ലോ?. അതുപോലെ അവരും പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കട്ടെ. വലിയ പാര്‍ട്ടികളെ പോലെ ചെറിയ പാര്‍ട്ടികളും ഇടത്തരം പാര്‍ട്ടികളും കേരളത്തിലുണ്ടെന്നും അതില്‍ അത്ഭുതമില്ലെന്നും വി.എസ്‌. കൂട്ടിച്ചേര്‍ത്തു.

വി.എസിന്റെ ഈ പരാമര്‍ശത്തിന് മറുപടിയുമായി പിണറായി ഉടന്‍ തന്നെ രംഗത്ത് വന്നു. ശത്രുപക്ഷത്തിനു സഹായകരമായ രീതിയില്‍ സ്വന്തം പാളയത്തിലുള്ളവര്‍ മുന്നോട്ടുവരുന്നതാണ്‌ ഇടതുപക്ഷത്തിന്റെ ദൗര്‍ഭാഗ്യമെന്നു, പാനൂരിനടുത്ത്‌ ചെണ്ടയാട്‌ എ.കെ.ജി മന്ദിരം ഉദ്‌ഘാടനം ചെയ്യവേ പിണറായി വിജയന്‍ പറഞ്ഞു. തൃശുരില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു താന്‍ കുലംകുത്തികളെപ്പറ്റി വീണ്ടും പറഞ്ഞത്‌. രണ്ടുതരത്തില്‍ പാര്‍ട്ടിയില്‍നിന്നു നേതാക്കളും പ്രവര്‍ത്തകരും പുറത്തുപോകാം. നടപടി നേരിട്ടു പുറത്തുപോയവരെപ്പോലെയല്ല ശത്രുപാളയത്തിലെത്തി ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. ഒഞ്ചിയത്ത്‌ ഒരു വിഭാഗം കൂടണഞ്ഞതു ശത്രുപക്ഷത്താണ്‌. ഞങ്ങളുടെ കുലത്തെ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നിലയിലാണ്‌ അവരെ കുലംകുത്തികളെന്നു വിശേഷിപ്പിച്ചത്‌. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.എമ്മിനു യാതൊരു പങ്കുമില്ലെന്നും ഇപ്പോള്‍ നടക്കുന്ന കോലാഹലത്തില്‍ പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

തന്റെ നിലപാടുകള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ സി.പി.എം. വിടേണ്ടി വന്ന ടി.പി. ചന്ദ്രശേഖരനുണ്ടായ ദുരന്തം വി.എസിനെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ്‌ അദ്ദേഹത്തോട്‌ അടുപ്പമുള്ളവര്‍ പറയുന്നത്‌. കൊലപാതകത്തില്‍ പങ്കില്ലെന്നു പാര്‍ട്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനായിട്ടില്ല. കൊലപാതകം നടന്നതിനു ശേഷം സി.പി.എം സംസ്‌ഥാന നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടുകളും രണ്ടുംകല്‍പ്പിച്ചിറങ്ങാന്‍ വി.എസിനെ നിര്‍ബന്ധിതനാക്കിയെന്നു കരുതുന്നു. ഒഞ്ചിയത്തു പാര്‍ട്ടി വിട്ടവരെ ആദ്യമായി പിണറായി കുലംകുത്തികള്‍ എന്നു വിശേഷിച്ചപ്പോള്‍ തന്നെ വി.എസ്‌. അതിനോടു യോജിച്ചിരുന്നില്ല. പിണങ്ങി വീടുവിട്ടവര്‍ പെറ്റമ്മ വിളിക്കുമ്പോള്‍ തിരികെ വരാറുണ്ടെന്ന നിലപാടാണ്‌ ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചിരുന്നത്‌. പാര്‍ട്ടി വിട്ടവരെ ചര്‍ച്ചകളിലൂടെ തിരികെ കൊണ്ടുവരണമെന്ന അദ്ദേഹത്തിന്റെ നിലപാട്‌ കേന്ദ്രനേതൃത്വവും അംഗീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു ചന്ദ്രശേഖരന്റെ കൊലപാതകം.

ഇതിനിടെ ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ നീക്കം നടത്തുന്നുണ്ട്. ഇന്നലെ കോഴിക്കോട്ടെത്തിയ വി.എസ്‌. വടകരയില്‍ ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാന്‍ ഒരുങ്ങിയെങ്കിലും നടന്നില്ല. അടുത്ത ദിവസം തന്നെ വീടു സന്ദര്‍ശിക്കാനുള്ള സന്നദ്ധത വി.എസ്‌. തന്റെ അടുത്ത കേന്ദ്രങ്ങളോടു അറിയിച്ചു. കഴിഞ്ഞ ദിവസം ഇടതുപക്ഷ എം.എല്‍.എമാര്‍ ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിക്കാന്‍ ഒരുങ്ങിയെങ്കിലും റവലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്നു നടന്നിരുന്നില്ല. വി.എസ്‌. എത്തിയാല്‍ തടയില്ലെന്നും ആര്‍.എം.പിയുടെ നിയന്ത്രണം തന്നെ വി.എസ്‌. ഏറ്റെടുക്കണമെന്നുള്ള നിലപാടില്‍ ഒഞ്ചിയം സഖാക്കള്‍ നില്‍ക്കുകയാണ്.

സി.പി.എം വിഭാഗീയതയുടെ പേരിലുള്ള ആദ്യരക്‌തസാക്ഷിയായാണ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തെ വി.എസ്‌. കാണുന്നത്‌. ടി.പിക്ക്‌ ഔദ്യോഗിക വിഭാഗത്തിനെതിരേ നിലകൊണ്ടു പുറത്തുപോകേണ്ടി വന്നതും രക്‌തസാക്ഷിയാകേണ്ടി വന്നതും വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിന്നതിനാലാണെന്നാണു കരുതുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ടി.പിക്ക്‌ അന്ത്യോപചാരമര്‍പ്പിക്കാന്‍ വി.എസ്‌. എത്തിയതും പിണറായിയുടെ നിലപാടുകള്‍ക്കെതിരേ നിലപാടെടുത്തതും. ടി.പി.യുടെ വീടു സന്ദര്‍ശിക്കുന്നതില്‍ നിന്നും വി.എസിനെ തടയാനുള്ള നീക്കം സി.പി.എം നേതൃത്വം നടത്തുണ്ട്. വി.എസ്‌. ടി.പിയുടെ വീട്‌ സന്ദര്‍ശിച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്ത്‌ മുന്‍കൂട്ടി കണ്ടാണ്‌ നേതൃത്വം ഈ വിഷയത്തില്‍ ശക്‌തമായി ഇടപെടുന്നത്‌. സി.പി.ഐക്കു പിന്നാലെ വി.എസും സി.പി.എം. ഔദ്യോഗിക വിഭാഗത്തിനെതിരേ കടുത്ത നിലപാടെടുത്തതോടെ പ്രതിരോധത്തിലേക്കാണ്‌ സി.പി.എം. നീങ്ങുന്നത്‌.

No comments:

Post a Comment

Note: Only a member of this blog may post a comment.