Sunday, May 13, 2012

തമ്മിലടിക്കുന്ന നേതാക്കള്‍;വിവാദങ്ങളുടെ കുത്തൊഴുക്കില്‍ സിപിഎം

വിഎസ് അച്യുതാനന്ദന്‍-പിണറായി വിജയന്‍ ഗ്രൂപ്പുകള്‍ ശക്തരായി നിന്ന് പരസ്പരം ഏറ്റുമുട്ടിയതിലും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കയാണ് സംസ്ഥാന സിപിഎം ഇപ്പോള്‍. മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കേരള ജനത മുഴുവന്‍ പഴിക്കുന്ന പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുയാണ് വിഎസ് അച്യുതാനന്ദന്റെ കടന്നാക്രമണവും. പിറവം ഉപതിരഞ്ഞെടുപ്പില്‍ സര്‍വ്വസന്നാഹങ്ങളോടെ പോരാടിയിട്ടും ഭീമന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിയാണ് നെയ്യാറ്റിന്‍കരയില്‍ ആര്‍ ശെല്‍വരാജ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. ശെല്‍വരാജ് രാജിവെച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ നെയ്യാറ്റിന്‍കര തിരിച്ചുപിടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍കൊലചെയ്യപ്പെട്ടതും. ഇതോടെ ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങളുടെ കുത്തൊഴിക്കില്‍ പടിച്ചു നില്‍#്കാന്‍ പാടുപെടുകയാണ് സംസ്ഥാന സിപിഎം.

പാര്‍ട്ടിയും ജനങ്ങളും അകലുന്നുവെന്ന തികഞ്ഞ ബോധ്യത്തില്‍ വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ ഒരിക്കല്‍കൂടി വെടിപൊട്ടിച്ചപ്പോള്‍ അത് സിപിഎമ്മിനെ ശരിക്കും ഉലക്കുകയും ചെയ്തു. കേന്ദ്ര നേതൃത്വവും പിണറായിയും മൌനം കൊണ്ട് വിവാദങ്ങള്‍ക്കു മറയിടുമ്പോഴും പാര്‍ട്ടി നീങ്ങുന്നതു ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. അസംതൃപ്തരായ അണികളും ആരോപണത്തിന്റെ മുനയില്‍ നില്‍ക്കുന്ന നേതാക്കളുമുള്ള പാര്‍ട്ടിക്ക് ഉള്ളില്‍നിന്നുതന്നെ ഏല്‍ക്കുന്ന പ്രഹരത്തെ താങ്ങാനുള്ള ശേഷി എത്രയുണ്ടെന്നു കണ്ടറിയണം. ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിഷേധിച്ച സിപിഎം അണികള്‍ തന്നെ പാര്‍ട്ടി വിട്ടുപോയി തുടങ്ങി. അണികളുടെ കൊഴിഞ്ഞുപോക്ക് ഗൌരവത്തോടെ കണ്ടില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കുമെന്നതില്‍ സംശയം വേണ്ട.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയത്തിന്റെ കുന്തമുന നീളുന്നതു കണ്ണൂര്‍ നേതാക്കള്‍ക്കു നേരേയാണ്. മുസ്ളിം ലീഗ് പ്രവര്‍ത്തകന്‍ അരിയിലെ അബ്ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊന്ന കേസിലും കണ്ണൂര്‍ നേതൃത്വം പ്രതിസ്ഥാനത്താണ്. തലശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ തലശേരി ഏരിയാ സെക്രട്ടറിയുമായ കാരായി രാജന്റെ അറസ്റ് ചെയ്യാനുള്ള അനുമതി സി.ബി.ഐക്കു ലഭിച്ചു കഴിഞ്ഞു.

ശക്തമായ തിരുത്തലുകള്‍ നേതൃതലത്തില്‍ ഉണ്ടായാല്‍ മാത്രമെ പാര്‍ട്ടിക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂവെന്നാണു ഭൂരിഭാഗം അണികളും വിശ്വസിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനവും കോഴിക്കോട്ടു നടന്ന 20 #ാ#ം പാര്‍ട്ടി കോണ്‍ഗ്രസും മറ്റൊരു ചിത്രമാണ് അണികള്‍ക്കു നല്‍കിയത്. വി.എസ്. പൂര്‍ണമായും ചവിട്ടിത്താഴ്ത്തിയ രണ്ടു സമ്മേളനങ്ങള്‍ക്കും ശേഷം നേതൃത്വത്തെ അനുസരിച്ച് വി.എസ്. ഒതുങ്ങിക്കഴിയുമെന്ന് ഔദ്യോഗിക നേതൃത്വം കരുതിയിരുന്നുവെങ്കിലും അതും ഉണ്ടായില്ല.

ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിനെച്ചൊല്ലി അണികളും അനുഭാവികളും ആശങ്കയിലാണ്. ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഒഞ്ചിയം സഖാക്കളുടെ നിലപാടാണു ശരിയെന്നു വി.എസ്. ആവര്‍ത്തിക്കുമ്പോള്‍ പിണറായിയുടെ നിലപാടുകള്‍ തെറ്റാണെന്നും ഏകാധിപതിയെ പോലെ പിണറായി പെരുമാറുന്നുവെന്നുമാണു വി.എസ്. തുറന്നുപറയുന്നത്.

പാര്‍ട്ടി സെക്രട്ടറിക്കെതിരേ വി.എസ്. പറഞ്ഞതു ശരിയോ തെറ്റോ, തെറ്റെങ്കില്‍ ഇതു കടുത്ത അച്ചടക്ക ലംഘനമല്ലേയെന്ന ചോദ്യമാണു പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. ഈ അച്ചടക്ക ലംഘനത്തിനെതിരേ നടപടിയെടുക്കേണ്ടതാണെങ്കിലും വി.എസ്. എന്ന ആനുകൂല്യത്തില്‍ കേന്ദ്രനേതൃത്വം എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ്.

വി.എസ്. സംസാരിക്കുന്നതു തെളിവുകളുടെ പിന്‍ബലത്തിലാണെന്നതാണ് ഔദ്യോഗിക പക്ഷത്തെ കുഴയ്ക്കുന്നത്. ഇതിന്റെ പേരില്‍ വി.എസിനെതിരേ നടപടിയെടുത്താല്‍ പാര്‍ട്ടി നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കും. അതിനാല്‍ കേന്ദ്രനേതൃത്വവും കരുതലോടെയാണു പോകുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.