Tuesday, May 15, 2012

ചെലവ് ചുരുക്കാന്‍ കൊലയും പാര്‍ട്ടി കരാര്‍ കൊടുക്കുന്നു


കടത്തനാടന്‍ വീരയോദ്ധാക്കളുടെ പട്ടികയില്‍ ഇനി ചന്ദ്രശേഖരന്റെ പേരും എഴുതി ചേര്‍ക്കപ്പെടും. താന്‍ വിശ്വസിച്ച ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിച്ച് പൊരുതി മരിച്ച ധീരനായ കമ്മ്യൂണിസ്റ്റാണ് അദ്ദേഹം.
സ്ഥാനമാനങ്ങള്‍ക്കോ കോടികള്‍ക്കോ വേണ്ടിയാണ് ചന്ദ്രശേഖരന്‍ കാലുമാറിയതെന്ന് ക്വട്ടേഷന്‍ സംഘം പോലും വിശ്വസിക്കില്ല. ഈ മനുഷ്യന്റെ കാഴ്ചപ്പാട് മാറ്റത്തെ പൊറുക്കാനാവാത്ത തെറ്റാണെന്ന് പറഞ്ഞാല്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ ഇമ്മട്ടിലുള്ള തെറ്റ് ചെയ്തത് കൃഷ്ണപിള്ളയും എ കെ ജിയും, ഇ എം എസും  ആണെന്ന് പറയേണ്ടിവരും.
 
അവരെല്ലാം മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസിനെ മൊഴിചൊല്ലി പുതിയ പാര്‍ട്ടി (കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി) ഉണ്ടാക്കി പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ്. ചന്ദ്രശേഖരനും കൂട്ടരും അത്രയേ ചെയ്തിട്ടുള്ളു. റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കി. ചന്ദ്രശേഖരന്‍ കുലം കുത്തിയാണെങ്കില്‍ കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ കുലം കുത്തികള്‍ കൃഷ്ണപ്പിള്ളയും കൂട്ടരുമായിരിക്കും.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത് ശരിയാണ്. കുലംകുത്തികള്‍ എന്നു വിളിച്ചവര്‍ തന്നെ കുത്തി മലര്‍ത്തി കൊന്നിരിക്കുന്നു. എല്ലാരും വിചാരിച്ചത് സി പി എം ആണ് ഈ അരുംകൊല നടത്തിയതെന്ന്. പക്ഷേ എ കെ ജി സെന്റര്‍ എന്ന 'നവകോളോസിയ'ത്തിലിരുന്ന് പിണറായി വിജയന്‍ പറഞ്ഞു; ഒരു പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘമാണ് ഈ കൊല നടത്തിയതെന്ന്. ഇനി നാം അന്വേഷിക്കേണ്ടത് ആരാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നാണ്. കാര്‍ പിടിച്ചെടുത്ത് വിരലടയാളം ഒത്തുനോക്കി മൊബൈല്‍ ടവറുകള്‍ നല്‍കുന്ന സിഗ്‌നലുകളെല്ലാം ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം സി പി എമ്മിലെ  കണ്ണൂര്‍ ലോബിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
 
ഒഞ്ചിയം കൊല, കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ ഒരു നിര്‍ണ്ണായകഘട്ടമാണ്. കണ്ണൂര്‍ ലോബി നടത്തുന്ന അക്രമകൊലപാതകരാഷ്ട്രീയം പുതിയ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാര്‍ട്ടി ക്രോമ്രൈഡുകളായ ക്രിമിനലുകള്‍ നേരിട്ട് നടത്തുന്ന ഓപ്പറേഷനുകള്‍ ക്വട്ടേഷന്‍ ക്രിമിനലുകളെ ഏല്‍പ്പിക്കുന്ന ഒരു പുതിയ രീതി. ഇതിന് ഒരു പാട് ഗുണങ്ങള്‍ ഉണ്ട്. ചെലവ് കുറവാണ്, കേസും അപ്പീലും നടത്തേണ്ട, ജയിലില്‍  പോകുന്ന പ്രതികളുടെ കുടുംബം പോറ്റേണ്ട, അവരുടെ വിദ്യാഭ്യാസ, ചികില്‍സാ വിവാഹ ചെലവ് നോക്കേണ്ട ഇങ്ങനെ പാര്‍ട്ടിക്ക് ബാധ്യതകളൊന്നും ഇല്ലാത്ത ഒരു ക്രിമിനല്‍ കരാര്‍ വ്യവസ്ഥ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോര്‍പറേറ്റ് കമ്പനിയാവുന്നു എന്ന വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ് ഈ സംഭവങ്ങള്‍.
 
ഇത് ആധുനിക കോര്‍പ്പറേറ്റ് കമ്പനികള്‍ ചെലവ് ചുരുക്കാന്‍ കണ്ടുപിടിച്ച സൂത്രപ്പണി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ സമ്മേളനങ്ങളുടെ  നടത്തിപ്പുമാത്രമല്ല അക്രമരാഷ്ട്രീയവും കരാര്‍ കൊടുക്കുന്ന കാലം. കല്യാണത്തിന്  കറിക്കരക്കുന്നതുപോലും കരാര്‍ കൊടുക്കുന്ന കലികാലത്തിന് യോജിച്ച് ഉയര്‍ന്ന് പ്രവര്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ചന്ദ്രശേഖരന്‍ വധത്തില്‍ ഗൂഢാലോചന ആര് നടത്തി എന്നത് മാത്രമാണ് ഉത്തരം കിട്ടാത്ത ചോദ്യം. അത് അന്വേഷണ എജന്‍സിക്ക് വിടാം.  പക്ഷെ പട്ടുവത്തെ അബ്ദുള്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി കൊലചെയ്തതിന്റെ ഉത്തരവാദിത്വം പി. ജയരാജന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നുണ്ടല്ലോ?
 
ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ വടക്കന്‍ മലബാറില്‍ മാത്രം മൂന്ന്  പതിറ്റാണ്ടിനിടയില്‍ മുന്നൂറോളം ആളുകള്‍ കൊലക്കത്തിക്കിരയായിട്ടുണ്ട്. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ഇവിടെ മരിച്ചു വീണിട്ടുണ്ട്. എന്ത് കൊണ്ട് ഈ മേഖലയില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നു? ഈ അക്രമങ്ങളിലെല്ലാം ഒരു വശത്ത് എന്ത് കൊണ്ട് സി പി എം പ്രതിയാകുന്നു? അതുകൊണ്ടാണ് ഒഞ്ചിയം കൊലയുടെ ഗൂഢാലോചന തെളിയുന്നതിന്  മുമ്പ് തന്നെ ജനങ്ങള്‍ മനസാവാചാ സി പി എമ്മിനെ കുറ്റം പറയുന്നത്. ഇവിടെ  നിരപരാധിത്വം തെളിയിക്കാന്‍ സി പി എം പാടുപെടും. പാര്‍ട്ടി സഖാക്കളെ ബോധ്യപ്പെടുത്താന്‍ എത്രയോ പഠന ക്ലാസുകള്‍ നടത്തേണ്ടിവരും. സി പി എം ചോദിക്കുന്ന പ്രധാന ചോദ്യം ഇതാണ്. നെയ്യാറ്റിന്‍കര ഇലക്ഷന്റെ സമയത്ത് ഞങ്ങള്‍ ചെയ്യുമോ?  തിരിച്ച് ഒരു ചോദ്യം.
 
തലശ്ശേരിയില്‍ ഫസലിനെ കൊന്നത് പെരുന്നാളിന്റെ തലേന്നായിരുന്നു. വളരെ സെന്‍സിറ്റീവായിട്ടുള്ള, വര്‍ഗ്ഗീയ കലാപങ്ങളുടെ മുറിവ് ഇന്നും ഉണങ്ങാത്ത തലശ്ശേരിയില്‍ പുണ്യദിനത്തിന്റെ തലേന്ന് കൊല നടന്ന ഉടന്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആര്‍എസ് എസ് ആണ് പ്രതിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  എന്‍ ഡി എഫ് കാരനെ ആര്‍ എസ് എസ് കൊന്നു എന്ന പ്രചരണം നാടാകെ പ്രചരിച്ചപ്പോള്‍  തലശ്ശേരി വീണ്ടും കത്തുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടു. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. ഈ സംഭവം പിന്നീട് സി ബി ഐ അന്വേഷിച്ചപ്പോള്‍ സി പി എം ആണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഇത് നടത്തിയത് എന്ന് തെളിഞ്ഞിരിക്കുകയാണ്. 'പക' എന്ന രണ്ടക്ഷരം മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് നാളും നക്ഷത്രവും ചിന്തിക്കാന്‍ സാധിക്കില്ല.
 
ചന്ദ്രശേഖരന് പൊലീസ് സംരക്ഷണം എന്തേ കൊടുക്കാതിരുന്നത് എന്ന് ചോദിക്കുന്നത് ഭീഷണിപ്പെടുത്തിയവര്‍ തന്നെയാണ് എന്നത് കൗതുകകരമാണെങ്കിലും വാദം അംഗീകരിച്ചുകൊണ്ട് ചോദിക്കട്ടെ. ജയകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഗണ്‍മാന്‍മാര്‍ ഉണ്ടായിരുന്നല്ലോ? ആദ്യം ഗണ്‍മാനെ ബോധം കെടുത്തി കീഴടക്കിയാണ് ക്ലാസ് മുറിയിലിട്ട് കുട്ടികളുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നത്. അതിലെ പ്രതികള്‍ ആരായിരുന്നു? വധശിക്ഷക്ക് വിധിക്കപ്പെട്ട ആ കേസ്  കേരളത്തിന്റെ ക്രിമിനോളജിയിലെ ഭയാനകമായ ഒരു സംഭവം തന്നെയാണ്.അത്‌കൊണ്ട് ചന്ദ്രശേഖരന്റെ കൊല. ഒരു നിലപാടിന്റെ പ്രശ്‌നമാണ് 'അക്രമ രാഷ്ട്രീയം' എന്ന നയം തിരുത്തണം. അല്ലെങ്കില്‍ പിണറായി വിജയന്റെ പാര്‍ട്ടിക്ക് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. 'ഉന്‍മൂലന സിദ്ധാന്തം' പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രിയ നേതാവ് അഴീക്കോടനെ അവര്‍ കൊന്നു. അത് കൊണ്ടാണ് നക്‌സലൈറ്റ് പ്രസ്ഥാനം തകര്‍ന്ന് പോയത്. ഇവിടെ ചന്ദ്രശേഖരനെ ഒഞ്ചിയത്തെ ചെറുപ്പക്കാര്‍ ഇന്ന് വിളിക്കുന്നത് ആധുനിക ചെഗുവേര എന്നാണ്. ആ പ്രിയ സഖാവിനെ കൊന്ന പ്രസ്ഥാനം ഏതായാലും അവര്‍ക്ക് കേരളത്തിലെ നെക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവരും. ഉറപ്പ്.

No comments:

Post a Comment

Note: Only a member of this blog may post a comment.