Thursday, May 10, 2012

കൊലയാളികള്‍ സി പി എമ്മുകാര്‍; സംരക്ഷിച്ചത് പാര്‍ട്ടി ഗ്രാമങ്ങളില്‍


ടി പി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകം നടത്തിയത് സി പി എമ്മിന്റെ അറിയപ്പെടുന്ന ക്രിമിനലുകളാണെന്ന് പ്രതിപ്പട്ടിക തയ്യാറായതോടെ വ്യക്തമായി.
ഇവരെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സംരക്ഷിച്ചതിന്റെ തെളിവുകള്‍ കൂടി പോലീസിനു ലഭിച്ചതോടെ സി പി എം കൂടുതല്‍ പ്രതിരോധത്തിലകപ്പെടുകയാണ്. പിണറായി വിജയനും കൂട്ടരും ഇനിയെത്ര പ്രസംഗിച്ചാലും ചോരക്കറ മായ്ച്ചു കളയാനാകാത്ത വിധം പാര്‍ട്ടി നേതൃത്വം  കളങ്കപ്പെട്ടു കഴിഞ്ഞു. ജനകീയനായൊരു കമ്യൂണിസ്റ്റ് നേതാവിനെ പൈശാചികമായി കൊലപ്പെടുത്തിയതില്‍ അണികള്‍ക്കുള്ള അടങ്ങാത്ത രോഷം തണുപ്പിക്കാനാണ് പാര്‍ട്ടി ഗ്രാമങ്ങളിലെല്ലാം മാരത്തണ്‍ യോഗങ്ങളുമായി പിണറായി വിജയനും പി ജയരാജനും പാഞ്ഞു നടക്കുന്നത്. കൊലയാളി നേതൃത്വത്തെ തിരിച്ചറിഞ്ഞ പാര്‍ട്ടി അണികളുടെ കൊഴിഞ്ഞുപോക്കും വി എസിനെ പോലുള്ള നേതാക്കളുടേയും സി പി ഐ നേതൃത്വത്തിന്റേയും ഉറച്ച നിലപാടുമൊക്കെ സി പി എമ്മിലെ ഔദ്യോഗികനേതൃത്വത്തെ അമ്പരപ്പിച്ച മട്ടാണ്.
 
ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ നേരിട്ടു പങ്കുള്ള ഏഴു പേരടക്കം 12 പേരുടെ പട്ടിക തയ്യാറായപ്പോള്‍ മുഴുവന്‍ പേരും സി പി എമ്മിന്റെ പ്രവര്‍ത്തകരാണ്. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലും ഇവര്‍ പ്രതികളാണ്. എല്ലാം സി പി എമ്മിനു വേണ്ടി ചെയ്ത കൊലപാതകങ്ങള്‍. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ക്ക് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തന്നെയാണ് അഭയം നല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതൊന്നും സി പി എം നേതൃത്വത്തിന്റെ അറിവോടെയല്ലാതെ നടക്കില്ലെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം.സി പി എം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് ഉറപ്പിച്ചു പറയാനാകുന്ന തരത്തിലുള്ള തെളിവുകളാണ് ഓരോ ദിവസം പിന്നിടുമ്പോഴും അന്വേഷണസംഘത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതറിഞ്ഞു തന്നെയാണ് പിണറായി വിജയന്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തകരെ പിടിച്ചുനിര്‍ത്താന്‍ വെപ്രാളപ്പെട്ട് പര്യടനം നടത്തുന്നത്.
 
ടി പിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി പി എമ്മില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ രാജിവെക്കുന്ന വലിയൊരു പ്രതിസന്ധി നേരിടവേയാണ് കണ്ണൂര്‍ ലോബിയെ രക്ഷിക്കാന്‍ പിണറായിയുടെ ഒറ്റയാള്‍ പോരാട്ടം. വല്ലാത്തൊരു ഭയം സി പി എം സംസ്ഥാന സെക്രട്ടറിയെ പിടികൂടിയിട്ടുണ്ടെന്ന് വ്യക്തം. വി എസിന്റെ രണ്ടും കല്പിച്ചുള്ള നിലപാടും ടി പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്കെതിരേ ഉയരുന്ന ജനരോഷവും കാണുമ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലും കലാപമുയരുമോയെന്ന ഭീതിയിലാണ് സി പി എം നേതൃത്വം. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറയുന്ന പിണറായി വിജയന്‍ ഇതേ വരെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ കൊടി സുനിയെന്ന ക്വട്ടേഷന്‍ സംഘത്തലവനെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല. കൊടി സുനിയടക്കമുള്ള പ്രതികള്‍ക്കെല്ലാം സി പി എമ്മിന്റെ പ്രമുഖനേതാക്കളുമായുള്ള ബന്ധം ആര്‍ക്കും നിഷേധിക്കാനാവില്ല. പരസ്യമായി തള്ളിപ്പറയാന്‍, അവര്‍ക്ക് സി പി എമ്മുമായി ബന്ധമില്ലെന്ന് പറയാന്‍ പിണറായിക്ക് സാധിക്കാത്തതും അണികള്‍ അറിയുന്ന ഈ ക്രിമിനല്‍ ബന്ധം കൊണ്ടു തന്നെ.

No comments:

Post a Comment

Note: Only a member of this blog may post a comment.