Sunday, May 6, 2012

ദുഷ്‌കരം ഈ കര്‍മം:സുഗതകുമാരി കവയിത്രി


സുഗതകുമാരി കവയിത്രി
ഉമ്മന്‍ ചാണ്ടിയെന്ന നേതാവ് ഈ വിധം ജനപ്രിയനാകാന്‍ കാരണമെന്തെന്നതിന് ഞാനൊരിക്കല്‍ ദൃക്‌സാക്ഷിയായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദനവനസംരക്ഷണ പരിപാടിയില്‍ പരിസ്ഥിതിക്കാരെന്നു പരിഹസിക്കപ്പെടുന്ന ഞങ്ങളില്‍ ചിലരും ക്ഷണിക്കപ്പെടുകയുണ്ടായി. മഹാസമ്മേളനം. ആദിവാസികളുടെയും പാവങ്ങളുടെയും വലിയ സംഘങ്ങള്‍. മിക്കവരുടെയും കയ്യില്‍ ഓരോ അപേക്ഷക്കടലാസുമുണ്ട്. യോഗം നടക്കുന്നതിനിടയില്‍ അവര്‍ തിക്കിത്തിരക്കി മുഖ്യമന്ത്രിയുടെ മുന്നിലെത്തി കടലാസുകള്‍ നീട്ടിത്തുടങ്ങി. ഓരോന്നും അദ്ദേഹം ഏറ്റുവാങ്ങി മേശമേല്‍ വച്ച് അപ്പോള്‍ത്തന്നെ ഓരോന്നായി പരിശോധിച്ച് കുറിപ്പുകള്‍ എഴുതിത്തുടങ്ങി.
ഇത്രവേഗം എങ്ങിനെയാണിവ പരിശോധിക്കാനും കുറിപ്പെഴുതാനും സാധിക്കുന്നതെന്ന് അറിയാനുള്ള കൗതുകംകൊണ്ട് ഞാനീ അപേക്ഷകള്‍ ഒന്നു നോക്കിക്കൊള്ളട്ടെ എന്ന് അനുമതി ചോദിച്ചു. പുഞ്ചിരിയോടെ അദ്ദേഹം അവ എന്റെ മുന്നിലേക്കു നീക്കിത്തന്നു.  'ലെലി' എന്നോ ഒരു ഒപ്പോ പ്രതീക്ഷിച്ച ഞാന്‍ അദ്ഭുതത്തോടെ കണ്ടത് വ്യക്തമായ ഓര്‍ഡറുകളാണ് 'കാറ്റത്തു വീടിന്റെ കൂര വീണുപോയി'' എന്ന ആവലാതിക്ക് 'ഉടന്‍ കെട്ടിക്കൊടുക്കുക' എന്ന ഓര്‍ഡര്‍ സ്ഥലം കളക്ടര്‍ക്ക്, ക്യാന്‍സര്‍രോഗിയുടെ സങ്കടത്തിന് 'മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്ന് നല്‍കുക' എന്ന് സെക്രട്ടറിക്ക് നിര്‍ദേശം, അതിര്‍ത്തിത്തര്‍ക്ക പരാതിക്ക് അളന്നു പരിശോധിച്ച് കല്ലിട്ടു കൊടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്ക് ഓര്‍ഡര്‍, കുട്ടികളെ പഠിപ്പിക്കാന്‍ കഴിവില്ലായെന്ന ആദിവാസി സ്ത്രീയുടെ പരാതിക്ക് ഉടന്‍ പരിഹാരം കാണാന്‍ പട്ടികവര്‍ഗവകുപ്പു മേധാവിക്ക് നിര്‍ദേശം. 

ഇങ്ങനെ ഓരോന്നിലും അതു ചെയ്തുകൊടുക്കേണ്ട ഉദ്യോഗസ്ഥനുള്ള കല്പനകളാണ് ഞാന്‍ അന്നു കണ്ടത്, അതിശയിച്ചത്, അഭിനന്ദിച്ചത്. അതീവ ബൃഹത്താണല്ലോ പിന്നീടുണ്ടായ ജനസമ്പര്‍ക്കപരിപാടികളെല്ലാം തന്നെ. ഈ ഒരു മനുഷ്യനിലുള്ള വിശ്വാസത്താല്‍ ആയിരക്കണ ക്കിന് ജനങ്ങള്‍ തടിച്ചുകൂടുന്നു, ആവലാതികള്‍ സമര്‍പ്പിക്കുന്നു, ആശയോടെ തിരിച്ചുപോകുന്നു. അവരില്‍ ഏറെപ്പേരും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതിന്റെ ആശ്വാ സത്തിലാണ്. രാത്രിവരെ നീളുന്ന ഈ കഠിനയത്‌നത്തില്‍ വിശ്രമമില്ലാതെ, മുഖം വാടാതെ, ക്ഷമയോടെ, അതി ദ്രുതം മുഖ്യമന്ത്രി പണിയെടുക്കുന്നു.
നല്ല കാര്യം, വലിയ മനസ്സും തെളിഞ്ഞ ബുദ്ധിയും ഒരുപാടു സഹാനുഭൂതിയും ആരോഗ്യവും ക്ഷമയുമുള്ള ഒരു വിശിഷ്ടവ്യക്തിക്കു മാത്രം ചെയ്യാന്‍ സാധിക്കുന്ന ദുഷ്‌കരകര്‍മമാണിത്. പക്ഷേ അതോടൊപ്പം എന്റെ ശങ്കാകുലമായ മനസ്സ് ചില അപ്രിയസത്യങ്ങള്‍ കണ്ടെത്തി ഖിന്നമായിപ്പോകുന്നു.

രാജ്യത്തിന്റെ ഭരണസംവിധാനം ദുര്‍ബലവും കാലവിളംബമേറിയതും അഴിമതിപുരണ്ടതും ഉദാസീനവു മായിക്കഴിഞ്ഞിരിക്കുന്നു എന്നതല്ലേ ഈ പതിനായിര ക്കണക്കിന് ആവലാതിക്കാരുടെ സാന്നിധ്യത്തിന്റെ അര്‍ഥം? ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ സമയബന്ധിതമായി, നീതിയുക്തമായി നടത്തിപ്പോരുകയാണെങ്കില്‍ ഈ ആള്‍ക്കൂട്ടത്തിന് മുഖ്യമന്ത്രിയെ തേടിവരേണ്ടതില്ലല്ലോ. ഈ യോഗങ്ങളില്‍ മാത്രമല്ല ദിനംപ്രതി സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നിലും  ജനക്കൂട്ടത്തെ നാം കാണുന്നു. ഇവരില്‍ ഓരോരുത്തരുടെയും പ്രശ്‌നം പരിഹരിക്കേണ്ടത് മുഖ്യമന്ത്രിയാണോ? തൊഴില്‍സ്ഥിര തയും മികച്ച ശമ്പളവും പെന്‍ഷനും സര്‍വ ആനുകൂ ല്യങ്ങളും ലഭിക്കുന്ന, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട ചുമതലകള്‍ ഒരു മുഖ്യമന്ത്രി ശിരസ്സിലേറ്റേണ്ടതുണ്ടോ? വില്ലേജോഫീസറും  കളക്ടറുമെല്ലാമടങ്ങിയ ഉദ്യോഗസ്ഥ മഹാമണ്ഡലം പരിഹരിക്കേണ്ട പ്രശ്‌നങ്ങളല്ലേ ഇവ യെല്ലാം? അവയ്ക്കു പരിഹാരം കിട്ടാത്തതിനാലല്ലേ ജനസഹസ്രങ്ങള്‍ ഇങ്ങനെ ഇരമ്പിക്കയറുന്നത്?  

പഴയ ഒരു പുരാണകഥ ഓര്‍മവരുന്നു.  ഒരു രാജാവ് അഭിമാനത്തോടെ താന്‍ ''ആയിരം യാചകര്‍ക്ക് ദാനം നല്‍കി'' എന്നു പ്രഖ്യാപിച്ചതു കേട്ടിരുന്ന മറ്റൊരു രാജാവു പറഞ്ഞുവത്രേ - ''ഞാന്‍ ദാനം നല്‍കാറില്ല. എന്റെ രാജ്യത്ത് ദാനം വാങ്ങാന്‍ ആരും വരാറില്ല''. അതാകട്ടെനമ്മുടെ ലക്ഷ്യം. ഉദ്യോഗസ്ഥരെക്കൊണ്ട് പണിയെടുപ്പിക്കുക. കര്‍ശനമായ ഒരു സംവിധാനം അതിനുണ്ടാക്കുക. കാലവിളംബവും ഉദാസീനതയും കാട്ടുന്നവര്‍ക്കെതിരെ നടപടിയെടുക്കുക. ഇവിടെ പഞ്ചായത്തുകളുണ്ട്, ഓരോ പ്രദേശത്തിനും അവരുടെ ജനപ്രതിനിധികളുണ്ട്. അതീവ സങ്കീര്‍ണമായ ഒരു രാജ്യവ്യാപക ഭരണതല നെറ്റ്‌വര്‍ക്കുണ്ട്. ഇവയില്‍ കുറെയെങ്കിലും ആത്മാര്‍ഥതയോടെ പണിയെടുത്താല്‍ ഈ ജനക്കൂട്ടം വരുകയില്ല. അവര്‍ക്ക് അതിന്റെ ആവശ്യ മില്ല. ആ രാജാവ് പറഞ്ഞതുപോലെ 'ദാനം വാങ്ങാന്‍ യാചകരില്ലല്ലോ' എന്ന സ്ഥിതി വരണം. അതിനാകട്ടെ ഊന്നല്‍.  

മുഖ്യമന്ത്രി ഓരോ ചെറിയ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ ഊണും ഉറക്കവുമുപേക്ഷിച്ച് കഠിനമായി പ്രയത്‌നിച്ചാല്‍ വലിയ കാര്യങ്ങളില്‍ മനസ്സും ബുദ്ധിയും അര്‍പ്പിക്കാന്‍ കഴിയാതെ പോകും. വലിയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഊര്‍ജവും നഷ്ടപ്പെട്ടുപോകും.  പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി, മനുഷ്യശരീരം ദുര്‍ബലമാണ്. അതികഠിനമായി അതിനെ ഈവിധം പണിയെടുപ്പിക്കു ന്നത് താങ്കളെ സ്‌നേഹിക്കുന്ന എന്നെപ്പോലെയുള്ളവരെ ഭയപ്പെടുത്തുന്നു. ഈ നാടിനുവേണ്ടി ഒരായിരം മഹായത്‌നങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട് എന്നോര്‍മവയ്ക്കുക. ശക്തി നേരുന്നു, വിജയം നേരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.