Sunday, May 6, 2012

ക്വട്ടേഷന്‍ സംഘത്തെവച്ചുള്ള പുതിയ ഉന്മൂലന സിദ്ധാന്തം


രാഷ്ട്രീയ പ്രബുദ്ധയുടെ വീമ്പുപറച്ചില്‍ നിര്‍ത്താന്‍ കേരളത്തിനു സമയമായെന്ന മറവില്ലാത്ത സന്ദേശമാണ് ചന്ദ്രശേഖരന്റെ അരുംകൊലയിലൂടെ സി.പി.എം നല്കിയിരിക്കുന്നത്.
ബംഗാളിലെന്നതുപോലെ പ്രത്യയ ശാസ്ത്രങ്ങളെ പാടേ മറന്ന പാര്‍ട്ടി നേതൃത്വം, തിരുത്തല്‍ ശക്തിയാകാന്‍ മുന്നിട്ടിറങ്ങുന്നവരെ ക്വട്ടേഷന്‍ സംഘത്തെവച്ച് ഉന്മൂലനം ചെയ്യേണ്ട വര്‍ഗ്ഗ ശത്രുക്കളുടെ ഗണത്തിലാണ് പെടുത്തിയിട്ടുള്ളതെന്നും വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ മറന്ന പാര്‍ട്ടിയിലെ ശക്തമായ അടിയൊഴുക്കുകള്‍ക്കുപിന്നാലെ മേല്‍ത്തട്ടിലും സംഹാരത്തിരമാലകളുയര്‍ന്ന് തങ്ങളെ വേട്ടയാടുന്നതുകണ്ടു പരിഭ്രാന്തരായ സി.പി.എം നേതൃനിര അതിജീവനത്തിനായി മറവുകളില്ലാതെ നൃശംസതയെ ആശ്രയിക്കുന്നതുകണ്ട് കേരളജനത പകച്ചുനില്‍ക്കുന്നു.തങ്ങളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ഇനി സാംഗത്യമില്ലെന്ന തിരിച്ചറിവോടെ കള്ളച്ചുവടുകളുടേയും  ഒളിയാക്രമണത്തിന്റേയും കാട്ടുനിയമത്തിന്റേയും സഹായം തേടിക്കൊണ്ട് ഫാസിസത്തിന്റെ വഴിതന്നെയാണു തങ്ങള്‍ക്കും പ്രിയങ്കരമെന്ന് മറ്റെവിടത്തെയും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെപ്പോലെതന്നെ പിണറായിയുടെ പാര്‍ട്ടിയും പരോക്ഷമായി ഏറ്റുപറഞ്ഞിരിക്കുകയാണ്.
 
പിണറായിയുടെ വഴി ശരിയല്ലെന്നു പറയാന്‍ ആഗ്രഹമുണ്ടെങ്കിലും ധൈര്യമില്ലാതെ വഴുതിനടക്കുന്ന വി.എസ്.അച്യുതാനന്ദനെക്കണ്ട് കേരളജനത മൂക്കത്തുവിരല്‍ വയ്ക്കുമ്പോള്‍ എത്രകാലം അദ്ദേഹത്തിന് ഈ ഒളിച്ചുകളി തുടരാനാകുമെന്ന ചോദ്യത്തിന് ദിനംപ്രതി  കനമേറിവുന്നു. ചന്ദ്രശേഖരന് അന്ത്യാദരമര്‍പ്പിച്ചശേഷം മാധ്യമങ്ങളോടു സ്വതന്ത്രമായി സംസാരിക്കാന്‍പോലും വി.എസിന് അനുമതി കിട്ടിയില്ലെന്നത് അതീവഗൗരവത്തോടെയാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ വീക്ഷിക്കുന്നത്.മറ്റാരോ കണിശബുദ്ധിയോടെ  പറഞ്ഞുകൊടുത്ത വാചകങ്ങള്‍ അതേപടി വായിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായതും ജനങ്ങള്‍ കണ്ടു.കുലംകുത്തികള്‍ക്കു പിണറായിയും ജയരാജനും നല്‍കിയ മുന്നറിയിപ്പിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ ചന്ദ്രശേഖരനും മറ്റും പറ്റിയ പാളിച്ച വി.എസിന്റെ കാര്യത്തില്‍ ഉണ്ടാകില്ലെന്ന് വ്യക്തമാകുന്നുമുണ്ട്.
 
പാര്‍ട്ടിവിട്ടവരെ കുലംകുത്തികളെന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്് ഒഞ്ചിയത്തെ പ്രസംഗത്തിലായിരുന്നു. പാര്‍ട്ടിയോടു കളിക്കുകയും പാര്‍ട്ടിയില്‍നിന്നു വിട്ടുപോവുകയും ചെയ്യുന്നവരുടെ കാലും കയ്യും തല്ലിയൊടിച്ചുകളയുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞതും ഒഞ്ചിയത്തുതന്നെ. കൊന്നിട്ടായാലും പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് നേതാക്കള്‍ ഒഞ്ചിയത്തു വന്നു പ്രസംഗിച്ചത്.കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍  നിര്‍ണായക പങ്ക് വഹിച്ച സ്ഥലമാണ് ഒഞ്ചിയം. 1948 ഏപ്രില്‍ 30ന് ഒഞ്ചിയത്ത് നടന്ന വെടിവയ്പില്‍ മരിച്ച എട്ടുപേരുടെ അടിത്തറയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഈ പ്രദേശത്താകെ സ്വാധീനം ഉറപ്പിച്ചത്. കേരളത്തില്‍ പാര്‍ട്ടിഗ്രാമം എന്ന ആശയം ഉടലെടുക്കുന്നതുതന്നെ ഒഞ്ചിയത്തുനിന്നാണ്.
 
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒഞ്ചിയത്തെ തങ്ങളുടെ നാടാക്കി സി.പി.എം.  അതേ സി.പി.എമ്മില്‍നിന്നാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (റവലൂഷണറി) രൂപംകൊണ്ടത്. ഇതാണ് ഒഞ്ചിയത്തിന്റെ ഇപ്പോഴത്തെ ഒന്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി. ഈ പാര്‍ട്ടിക്ക് രൂപം നല്‍കിയത് ടി.പി. ചന്ദ്രശേഖരനായിരുന്നു.പാര്‍ട്ടിയിലെ കടുത്ത വി.എസ്. പക്ഷപാതിയായിരുന്ന ചന്ദ്രശേഖരന്‍ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സി.പി.എമ്മിനെ ഒഞ്ചിയത്ത് തരിപ്പണമാക്കി.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിച്ചു വടകരയില്‍ ചന്ദ്രശേഖരന്‍ 21,833 വോട്ട് നേടി.ചന്ദ്രശേഖരന്റെഈ വന്‍നേട്ടം സി.പി.എമ്മിനെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്.
 
സി.പി.എം. നേതാക്കളുടെ നയങ്ങളിലും പ്രവര്‍ത്തനരീതികളിലും വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് ഒഞ്ചിയത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടത്. തുടക്കം മുതലേ ഇവരെ സി.പി.എം. അതിശക്തമായിത്തന്നെ നേരിട്ടു.പക്ഷേ ഒഞ്ചിയത്തിനു പിന്നാലെ വടകര താലൂക്കിലും കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ചന്ദ്രശേഖരന്റെ പാര്‍ട്ടി സി.പിഎമ്മിനെ അടിയറവ് പറയിച്ചു.
ഒഞ്ചിയത്ത് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ വീടുകള്‍ക്കുനേരെ ഭരണ പിന്തുണയോടെ സി.പി.എം. ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഒഞ്ചിയം സര്‍വ്വീസ് സഹകരണബാങ്കിലെ ജീവനക്കാരനായ പുതിയേടത്ത് ജയരാജനെ പട്ടാപ്പകല്‍ ബോംബെറിഞ്ഞ് വെട്ടിനുറുക്കി. 2009 നവംബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കണ്ണൂക്കര ബസാറില്‍ നടുറോഡിലിട്ട് വെട്ടി ജയരാജനെ കൊല്ലാനായിരുന്നു ശ്രമം.പക്ഷേ, ജീവനെടുക്കാനായില്ല. മരണത്തോട് മല്ലടിച്ച ജയരാജന്‍ ആത്മധൈര്യത്തിന്റെ മാത്രം ബലത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നു.
 
ഒരു കൊല്ലം തികയുമ്പോഴേക്കും ഒഞ്ചിയം പഞ്ചായത്തിന്റെ പ്രസിഡന്റായി ജയരാജനെ ജനങ്ങള്‍ തെരഞ്ഞെടുത്തു-ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍. നാല്‍പ്പത്തിയഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായായിരുന്നു ഇവിടെ പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. 2010 മാര്‍ച്ച് 19ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏരിയാകമ്മറ്റി അംഗം കെ.കെ. ജയനെ ഇതേ മാതൃകയില്‍ കണ്ണൂരില്‍ നിന്നെത്തിയ കൊലയാളി സംഘം ആക്രമിച്ചു. വാരിയെല്ലുകളും കൈകാലുകളും ശ്വാസകോശവും കരളും മുറിവേറ്റു തകര്‍ന്ന ജയന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒഞ്ചിയത്ത് നിരവധിപ്പേര്‍ ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് പേര്‍ കള്ളക്കേസില്‍ പ്രതികളായി. നുണപ്രചരണങ്ങള്‍, ഭീഷണി, തൊഴില്‍ നിഷേധം തുടങ്ങി കല്യാണം മുടക്കല്‍വരെ  സി.പി.എം. പ്രയോഗിച്ചിട്ടുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.