Thursday, November 3, 2011

'എടാ പോടാ' വിളിയില്‍ സഭ മുങ്ങി


തിരുവനന്തപുരം: 'എടാ പോടാ' വിളിയില്‍ സഭ മുങ്ങി. മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ എ.കെ ബാലനെ ചീഫ് വിപ്പ് ജാതിപ്പേരു വിളിച്ചെന്നാരോപിച്ചാണ്
നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി കോടിയേരി പ്രസംഗിച്ചു തുടങ്ങിയത്. എന്നാല്‍ ബാലന് പൊട്ടാ വിളി ഏറെ കേള്‍ക്കേണ്ടി വന്നതു പ്രതിപക്ഷ നേതാവില്‍ നിന്നും ഉപനേതാവില്‍ നിന്നുമാണെന്നു മാത്രം. പത്തനാപുരത്തെ പ്രസംഗത്തിനിടെ പി.സി ജോര്‍ജ്ജ് എ.കെ ബാലനെ പട്ടികജാതിക്കാരനെന്നും എടാ പൊട്ടാ എന്നും  വിളിച്ചുവെന്നാരോപിച്ചാണ് കോടിയേരി കത്തിക്കയറിയത്.നാലുതവണയിലേറെ കോടിയേരി എടാ പൊട്ടാ എന്നു പി.സി ജോര്‍ജ്ജ് ബാലനെ വിളിച്ചുവെന്നാരോപിച്ചപ്പോള്‍ പരസ്യമായി പൊട്ടാ എന്നു വിളി കേള്‍ക്കുന്നതിന്റെ ചമ്മലിലായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ മറുപടിയ്ക്കു ശേഷം പ്രസംഗിച്ചു തുടങ്ങിയ വി.എസ് അച്യുതാനന്ദനാകട്ടെ ബാലന്‍ എന്നതിനു പകരം മുന്‍പ് നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുന്‍ മന്ത്രി എം.എ കുട്ടപ്പനെ 'ആ ഹരിജന്‍ കുട്ടപ്പന്‍' എന്നു വിളിച്ചതിന്റെ ഓര്‍മയിലോ മറവി രോഗത്താലോ കുട്ടപ്പാ , കുട്ടപ്പാ എന്നു വിളിച്ചുവെന്നാരോപിച്ചു.തെറ്റു ചൂണ്ടിക്കാട്ടിയ ദിവാകരന്റെ വാക്കുകള്‍ കേട്ടതോടെ എടാ പൊട്ടാ , എടാ പൊട്ടാ എന്നാക്കി അതു തിരുത്തി.എടാ പട്ടി എന്നു വിളിച്ചിരുന്നെങ്കില്‍ കാണാമായിരുന്നുവെന്ന് പ്രതിപക്ഷ നിരയില്‍ നിന്നും ഒരു കമന്റും ഇതിനിടെ ഉയര്‍ന്നു വന്നു.പി.സി ജോര്‍ജ്ജിന്റെ പ്രസംഗം കേട്ടിട്ടില്ലാത്തവര്‍ക്കെല്ലാം എ.കെ ബാലനെ സഭയിലിരുത്തി അപ്പുറത്തും ഇപ്പുറത്തും നിന്ന് പ്രതിപക്ഷ നേതാവും ഉപനേതാവും  പൊട്ടാ, പൊട്ടാ, എടാ പൊട്ടാ എന്നു വിളിച്ചാക്ഷേപിച്ചുവെന്നാവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ കാര്യം മനസിലാകുകയും ചെയ്തു.
 
പത്തനാപുരത്ത് വനംമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശം സര്‍ക്കാരിന്റെ നയമല്ലെന്ന് താന്‍ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു }നിയമസഭയില്‍ വ്യക്തമാക്കിയതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു. അന്നു ഗണേഷ്‌കുമാര്‍ തന്നെ ഇക്കാര്യം നിയമസഭയില്‍ വിശദീകരിക്കാന്‍ തയാറായതാണ്. എന്നാല്‍ പ്രതിപക്ഷം അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല.അദ്ദേഹം ഖേദം പ്രകടിപ്പിക്കാനൊരുങ്ങിയപ്പോള്‍ അതു തടഞ്ഞിട്ടാണ് പിന്നീട് പ്രതിപക്ഷം ആരോപണവുമായി വരുന്നത്. ഇതേത്തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തി പരാമര്‍ശം പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനും മന്ത്രി ഗണേഷ്‌കുമാര്‍ തയാറായി. എന്നിട്ടും പ്രതിപക്ഷം വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. തെറ്റുവന്നാല്‍തെറ്റാണെന്നു പറയും. ഇത് തുറന്നു സമ്മതിക്കാന്‍ തങ്ങള്‍ക്ക് മടിയില്ല. പ്രതിപക്ഷത്തിന്റെ നിഘണ്ടുവില്‍ മാപ്പും ഖേദവുമൊന്നും ഉണ്ടാകില്ല. പി.സി.ജോര്‍ജ് പറഞ്ഞതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരണം നല്‍കാന്‍ തയാറാണ്. അത് തൃപ്തികരമാണെങ്കില്‍ പ്രശ്‌നം ഇവിടം കൊണ്ടവസാനിപ്പിക്കണം. എ.കെ. ബാലനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചിട്ടില്ലെന്നാണ് ജോര്‍ജ്ജ്  പറഞ്ഞത്. പൊതുപ്രവര്‍ത്തകര്‍ക്ക് വീഴ്ച വന്നാല്‍എന്താണ് ചെയ്യേണ്ടത്.തെറ്റു തിരുത്തും.ഖേദം പ്രകടിപ്പിക്കും-മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം പലപ്പോഴും സഭയിലും പുറത്തും ഉപയോഗിച്ച പദപ്രയോഗങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതാണോയെന്ന് ചിന്തിക്കണം.നിങ്ങള്‍ സമൂഹത്തിലെ പല പ്രമുഖ വ്യക്തിത്വങ്ങളെയും കുറിച്ചു പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കാനും ഖദേം പ്രകടിപ്പിക്കാനും തയാറാകാത്തവരാണ്-മുഖ്യമന്ത്രി ആരോപിച്ചു.
 
സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കേസെടുത്തിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരുവിമര്‍ശനം. ബാലനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചതിന് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.പൊലീസിന് പരാതികിട്ടാതെ എങ്ങനെയാണ് കേസ് എടുക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു.കോടതിയില്‍ ആരോ കേസ് കൊടുത്തിട്ടുണ്ട്.അതിനെപ്പറ്റി നിയമസഭയില്‍ എന്തു ചെയ്യാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.  പട്ടികജാതി എന്നു പറഞ്ഞാല്‍ ജാതിപ്പേരാകില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ഇതനുസരിച്ച് പട്ടികജാതിയിലെ  വിഭാഗങ്ങളില്‍ പെടുന്ന ഘടകങ്ങളിലെ പേര് ചേര്‍ത്ത് വിളിച്ചാലെ ജാതിപ്പേരാകുകയുള്ളു. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ എം.എ. കുട്ടപ്പനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നായനാര്‍ക്ക് അനുകൂലമായാണ് കോടതിവിധിയുണ്ടായത്. കേസെടുക്കണമെങ്കില്‍ അപമാനിക്കപ്പെട്ടയാളുടെ സാന്നിധ്യത്തില്‍ ജാതിപ്പേര് വിളിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളുവെന്നാണ് കോടതി ഉത്തരവ്. അതിനാല്‍ ജോര്‍ജ്ജിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണത്തിനു പ്രസക്തിയോ നിലനില്‍ക്കുന്നതോ അല്ല.വനിതവാച്ച് ആന്റ് വാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍സ്പീക്കറുടെ റൂളിങ് ഉണ്ടായതോടെ അത് അടഞ്ഞ അധ്യായമായി. അത് അവിടം കൊണ്ട് തീര്‍ക്കണം. അതിനെ ആദ്യം ചോദ്യം ചെയ്തത് പ്രതിപക്ഷത്തെ രണ്ട് എംഎല്‍എമാരാണ്.
 
പിന്നീട് അതു സഭയ്ക്കു പുറത്ത് ചര്‍ച്ച ചെയ്തതും പ്രതിപക്ഷമാണ്.എന്നാല്‍ സ്പീക്കറുടെ റൂളിംഗിനെ ആരു ചോദ്യം ചെയ്താലും അതു തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആരോപണമുനയൊടിച്ചതോടെ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രസംഗിക്കാന്‍ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സീറ്റിലിരുന്ന് പ്രതിഷേധിക്കുകയാണെന്നും വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ചു. 11മണിവരെ സഭ നിര്‍ത്തിവയ്്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും അഭിപ്രായ ഐക്യത്തിലെത്താനായില്ല. 11.10ന് വീനും സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ചെയറിന് സഭാനടപടികള്‍ നടത്തിക്കൊണ്ടുപോകേണ്ടതുണ്ടെന്നും നാടിന്റെയും ജനങ്ങളുടെയും വികസനപ്രശനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച പലപ്പോഴും നടത്താന്‍ കഴിയാതെവരുന്നത് ദുഖകരമാണെന്നും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു.എന്നാല്‍ വിട്ടുകൊടുക്കാന്‍ തയാറാകാതെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ ശക്തമാക്കുകയായിരുന്നു.പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് ശ്രദ്ധക്ഷണിക്കലും സബ്മിഷനും മാറ്റിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.
 
താപവൈദ്യുതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച്  എ.കെ.ബാലനും തൃശൂര്‍ ജില്ലയിലെ കോള്‍നിലങ്ങള്‍ സംബന്ധിച്ച്  പി.എ. മാധവനുമാണ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്. ഇന്ന് അവതരിപ്പിക്കേണ്ട നാല്‍പ്പത് സബ്മിഷനുകളും മാറ്റിവെച്ചു. സഭ നാളത്തേക്കു കൂടി ദീര്‍ഘിപ്പിക്കാന്‍ നിര്‍ദേശിക്കുന്ന കാര്യോപദേശകസമിതിയുടെ അഞ്ചാമത് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയുടെ മേശപ്പുറത്ത് വച്ചു. മന്ത്രിമാരുടെയും എംഎല്‍മാരുടെയും ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്ന 2011ലെ ശമ്പളവും ബത്തകളും നല്‍കല്‍ രണ്ടാംഭേദഗതി ബില്ലും എംഎല്‍എമാരുടെ പെന്‍ഷന്‍ ഭേദഗതി ബില്ലും ഇന്ന് പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം കൂടി സഹകരിക്കുമ്പോള്‍മാത്രം ഈ ബില്ലുകള്‍ പരിഗണിച്ചാല്‍മതിയെന്നാണ് സര്‍ക്കാര്‍നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്റ്റ് കമ്മിറ്റിയില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയ 2011ലെ കേരള ധനകാര്യബില്‍, ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ചു. ചര്‍ച്ച കൂടാതെ ബില്‍പാസാക്കി. ഉച്ചയ്ക്കുശേഷം പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്ന നടപ്പുസാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള, ഉപധനാഭ്യര്‍ഥനകളും മന്ത്രി ശ്രീ.കെ.എം. മാണി അവതരിപ്പിച്ചു. വിവിധ വകുപ്പുകളിലായി പത്തൊമ്പത് ധനാഭ്യര്‍ഥനകള്‍ അതാത് മന്ത്രിമാര്‍ അവതരിപ്പിച്ചു. ആകെ 1360കോടിരൂപയുടെ അധികധനാഭ്യര്‍ഥനായാണ് അവതരിപ്പിച്ചത്. വാര്‍ഷികപദ്ധതിയില്‍വന്ന വര്‍ധനവും വന്‍കിട പദ്ധതികള്‍ക്കുവേണ്ടി നീക്കിവച്ച തുകയുമാണ് അധികധനാഭ്യര്‍ഥനയായി വന്നതെന്ന് ശ്രീ കെ.എം. മാണി പറഞ്ഞു. ഭക്ഷ്യധാന്യവിതരണം, മലയോരഹൈവേ, കൊച്ചി മെട്രൊ, മലയോരഹൈവേ, അതിവേഗ റെയ്ല്‍ ഇടനാഴി, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ വിമാനത്താവളം, പിഎംജിഎസ് വൈ പദ്ധതി എന്നിവയ്ക്കുള്‍പ്പടെ, നീക്കിവച്ച തുകയാണിതെന്നും മന്ത്രി അറിയിച്ചു. ഇതോടെ നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നലത്തേയ്ക്ക് യോഗം പിരിഞ്ഞു.ഇന്നത്തെ സമ്മേളനത്തോടെ സഭ അനിശ്ചിത കാലത്തേക്ക് യോഗം പിരിയും.

No comments:

Post a Comment

Note: Only a member of this blog may post a comment.