Thursday, November 3, 2011

ക്രൂരനായ കൊലയാളിക്ക് ശിക്ഷാഇളവു നല്‍കിയവര്‍ വി എസും കൊടിയെരിയും


കണ്ണൂര്‍: മനസില്‍ കളങ്കമില്ലാത്ത പിഞ്ചുകുട്ടികള്‍ ഒറ്റനോട്ടത്തില്‍ തന്നെ കോടതിയില്‍ തിരിച്ചറിഞ്ഞ ക്രൂരനായ കൊലയാളിക്ക് ശിക്ഷാഇളവു നല്‍കിയവര്‍
ആര്‍ ബാലകൃഷ്ണപ്പിള്ളയെന്ന പൊതുപ്രവര്‍ത്തകന് നല്‍കിയ ഇളവിനെതിരേ കോലാഹലം കൂട്ടുന്നത് പൊതുസമൂഹത്തെ തന്നെ പരിഹസിക്കുന്നതിന് തുല്യമാവുന്നു. അച്ചാരമ്പത്ത് പ്രദീപനെന്ന കൊടുംക്രിമിനലിനെ വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനുമൊന്നും മറന്നു കാണില്ല എന്ന് കരുതാം.  ഇടതുസര്‍ക്കാരിന്റെ അവസാന നാളടുക്കവേ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുമിറങ്ങിയ കൊലയാളി. കേരളത്തെ നടുക്കിയ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസിലെ ഒന്നാം പ്രതി.കഴിഞ്ഞ ഫെബ്രുവരി 20നാണ് അച്ചാരമ്പത്ത് പ്രദീപന്‍ ജയില്‍ മോചിതനായത്. കീഴ്‌ക്കോടതിയും പിന്നീട് ഹൈക്കോടതിയും തൂക്കുമരം വിധിച്ച, പിന്നീട് സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രദീപനെ മോചിപ്പിച്ചവരാണ് ബാലകൃഷ്ണപിള്ളയെന്ന പൊതുപ്രവര്‍ത്തകന്റെ ശിക്ഷാ ഇളവ് മഹാ അപരാധമായി സംസ്ഥാനത്ത് ആഘോഷിക്കുന്നത്.
11 വയസില്‍ താഴെയുള്ള കുട്ടികള്‍ തങ്ങളുടെ അധ്യാപകനെ കണ്‍മുന്നില്‍ കൊലപ്പെടുത്തിയ ക്രിമിനലിനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രദീപനും കുഞ്ഞിപ്പുനത്തില്‍ സുന്ദരന്‍, നല്ലവീട്ടില്‍ ഷാജി, പറമ്പത്ത് ചാത്തമ്പള്ളി ദിനേശ്ബാബു എന്നിവര്‍ക്കും തൂക്കുമരം വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമായി വിശേഷിപ്പിച്ച് ഹൈക്കോടതിയും  ശിക്ഷ ശരിവെച്ചു. ഇതിനെതിരേ ഒരു കോടിയിലധികം രൂപ ചെലവിട്ടു നടത്തിയ നിയമയുദ്ധത്തില്‍ വധശിക്ഷ റദ്ദാക്കാനും പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി കുറക്കാനും സി പി എമ്മിനു സാധിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രദീപന്റെ ശിക്ഷ ഇളവു ചെയ്യാന്‍ ഇടതുസര്‍ക്കാര്‍ പത്തു വര്‍ഷം തടവനുഭവിച്ച ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചു. 209 തടവുകാരെയാണ് ഇത്തരത്തില്‍ വിട്ടയച്ചത്. ഇതില്‍ 39 പേര്‍ കണ്ണൂരില്‍ നിന്നായിരുന്നു.ജയകൃഷ്ണന്‍ മാസ്റ്ററെ ഇരുമ്പുവടി കൊണ്ട് ആദ്യം തലക്കടിച്ചു വീഴ്ത്തുകയും പിന്നീട് ദേഹമാസകലം മാരകമായ മുറിവുകളേല്‍പ്പിക്കുകയും ചെയ്തത് പ്രദീപനായിരുന്നുവെന്ന് പിഞ്ചു വിദ്യാര്‍ത്ഥികളെല്ലാം തിരിച്ചറിഞ്ഞിരുന്നു. 1999 ഡിസംബര്‍ ഒന്നിന് രാവിലെ 10.35ന് കൂത്തുപറമ്പ് മൊകേരി ഈസ്റ്റ് യു പി സ്‌കൂളിലെ ആറാം ക്ലാസ് ബിയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കേയാണ് യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ ക്രൂരമായി കൊലപ്പെടുത്തിയത്. 48 മാരകമായ വെട്ടുകള്‍ അദ്ദേഹത്തിനേറ്റിരുന്നു.
കൊലയാളി സംഘത്തിന് നേതൃത്വം നല്‍കിയ പ്രദീപനെ ഇത്തരത്തില്‍ ശിക്ഷാ ഇളവു നല്‍കി വിട്ടയച്ചതിനെതിരേ ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ്  കോടതിയില്‍ ഹരജി നല്‍കി പ്രദീപന്റെ മോചനം ഏതാനും മാസം വൈകിപ്പിച്ചെങ്കിലും ബി ജെ പി തടവുകാര്‍ക്കും ശിക്ഷാ ഇളവു ലഭിച്ചതുമായി ബന്ധപ്പെട്ട് സി പി എം - ബി ജെ പി നേതൃത്വങ്ങളുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ ഹരജിയില്‍ നിന്ന് കൗസല്യക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള പിന്മാറുകയായിരുന്നു. 2011 ഫെബ്രുവരി 20നാണ് പ്രദീപന്‍ ജയില്‍മോചിതനായത്. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സി പി എം ജില്ലാ സെക്രട്ടറി പി ശശിയും  ഇപ്പോഴത്തെ സി പി എം ജില്ലാ സെക്രട്ടരി പി ജയരാജനുമൊക്കെ ഉള്‍പ്പെട്ട ജയില്‍ ഉപദേശകസമിതിയാണ് കൊടുംക്രിമിനലും ക്രൂരനായ കൊലയാളിയുമായ അച്ചാരമ്പത്ത് പ്രദീപനെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തത്.  സമാനതകളില്ലാത്ത ക്രൂരതയ്ക്ക് നിരപരാധിത്വത്തിന്റെ പരിവേഷം ചാര്‍ത്തിയവര്‍ ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയെന്ന നേതാവിന്റെ ചോരയ്ക്കായി പാഞ്ഞുനടക്കുന്നതിലെ കാപട്യം കേരളത്തിലെ പ്രബുദ്ധരായ സമൂഹം തിരിച്ചറിയുമെന്ന് മാത്രം.

No comments:

Post a Comment

Note: Only a member of this blog may post a comment.