Friday, November 11, 2011

ജയജയം, ജയരാജജയം, ജയില്‍ജയം, ജയ്‌ജയ്‌ജയ്‌

 ജയരാജന്‌ ആ പേരിട്ടത്‌ ആരായാലും അതിന്റെ അര്‍ത്ഥവും വ്യാപ്‌തിയും അറിഞ്ഞുതന്നെ പെരുമാറുന്നതില്‍ വിജയിച്ചുകൊണ്ടേയിരിക്കുകയാണ്‌ അദ്ദേഹം. കണ്ടില്ലേ, കോടതിയെക്കുറിച്ച്‌ നാട്ടുകാരുടെ മനസില്‍ രോഷവും പ്രതിഷേധവും തോന്നിപ്പിക്കാന്‍ സ്വയം ജയില്‍ വരിച്ചിരിക്കുന്നു, ജയരാജന്‍. അയ്യോ, ജയിലിലായല്ലോ എന്ന്‌ സിപിഎമ്മിലെ പോസ്‌റ്റ്‌ മോഡേണ്‍ തലമുറയ്‌ക്കും പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഹായ്‌,ജയിലിലായല്ലോ എന്നാണ്‌ ജയരാജനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചിന്തിക്കുന്നത്‌. അതാണ്‌ ജയരാജനും മറ്റുള്ള രാജന്‍മാരും തമ്മിലും കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒഫ്‌ ഇന്ത്യ മാര്‍ക്‌സിസ്‌്‌റ്റും മറ്റ്‌ പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം. ജയിലെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, സെന്‍ട്രല്‍ ജയിലെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക്‌ ഞരമ്പുകളില്‍ എന്ന്‌ എഴുതാന്‍ പ്രമുഖ കവികള്‍ പേനയെടുത്തതാണ്‌. എന്നാല്‍ പണ്ട്‌ വേറൊരാള്‍ ഇതിനോടു സാദൃശ്യം തോന്നുന്ന എന്തോ ചിലത്‌ എഴുതിയിട്ടുണ്ടെന്ന്‌ ആരോ പറഞ്ഞുകേട്ടതുകൊണ്ട്‌ പിന്‍മാറുകയായിരുന്നത്രേ. ജയം, ജയജയം, ജയരാജജയം, ജയില്‍ജയം, ജയ്‌ജയ്‌ജയ്‌ എന്ന മട്ടിലൊരെണ്ണം തയ്യാറായിട്ടുണ്ട്‌. സുപ്രീംകോടതിയില്‍ നിന്നു സ്‌റ്റേ കിട്ടി അദ്ദേഹം പുറത്തുവരുമ്പോഴോ അല്ലെങ്കില്‍ ആറു മാസം കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോഴോ നടത്തുന്ന സ്വീകരണ ഘോഷയാത്രയിലായിരിക്കും അത്‌ വായിക്കുക. ഹൈക്കോടതിയെക്കുറിച്ച്‌ ഉള്ളില്‍ തുളുമ്പിനിന്ന സനേഹാദരങ്ങളെല്ലാം ചേര്‍ത്താണ്‌ 'തിളങ്ങുന്നവന്‍' എന്ന്‌ അര്‍ത്ഥമുള്ള ആ വാക്ക്‌ അദ്ദേഹം പ്രയോഗിച്ചത്‌. പക്ഷേ, അത്‌ കോടതിയലക്ഷ്യമാണ്‌, ലക്ഷ്യം കോടതി തന്നെയാണ്‌ എന്ന്‌ പി റഹീം എന്നൊരു അഭിഭാഷകനു തോന്നി. അദ്ദേഹമൊരു ഹര്‍ജിയും കൊടുത്തു. ജയരാജനെ ശിക്ഷിക്കണം, മേലാസകലം ബ്ലേഡ്‌കൊണ്ട്‌ വരഞ്ഞ്‌ മുളകു പുരട്ടണം, പൊരിക്കണം എന്നൊക്കെയായിരുന്നു ആവശ്യം. ഹര്‍ജി കൊടുത്തതിലെ സാങ്കേതികപ്പിഴവുകാരണം അതൊരു വിവരം നല്‍കല്‍ മാത്രമായി പരിഗണിച്ച്‌ കോടതി സ്വമേധയാ കേസെടുത്തു.നോക്കണേ, കാര്യങ്ങളുടെ പോക്ക്‌. ഇവനെ ഞങ്ങളിന്നു കാണിച്ചുകൊടുത്തിട്ടേയുള്ളു,ങാഹാ... എന്ന്‌ മീശ പിരിച്ച്‌ , മുഷ്ടി ചുരുട്ടി അടുക്കുന്ന ഒരു ഫീല്‍. എന്നിട്ടോ. വി ആര്‍ കൃഷ്‌ണയ്യരും മറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും പുഴുവാണ്‌ ജയരാജന്‍ എന്നൊരു കമന്റും. കോടതി പകതീര്‍ക്കും പോലെ പെരുമാറി എന്നു പലരും പറഞ്ഞതിനെ എങ്ങനെ കുറ്റം പറയുമെന്നാണ്‌ സഖാവ്‌ പിണറായി മുതല്‍ കടകംപള്ളി സുരേന്ദ്രന്‍ വരെ ചോദിക്കുന്നത്‌. ടമാര്‍, പടാര്‍ എന്ന സ്വരം കേള്‍പ്പിച്ചുകൊണ്ട്‌ ജയരാജനെ കൈകാര്യം ചെയ്‌തെന്നൊരു തോന്നല്‍. ചിലര്‍ ജയിക്കാനായി മാത്രം ജനിക്കും, അവര്‍ ജയിലിലായാലും ജയസ്‌മിതം മായില്ല മുഖത്തുനിന്ന്‌. കണ്ടുതന്നെ പഠിക്കേണ്ട ജനുസാണേ.

No comments:

Post a Comment

Note: Only a member of this blog may post a comment.