Wednesday, November 9, 2011

സി പി എം ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി


കണ്ണൂര്‍: സി പി എം നേതാക്കളുടെ ധാര്‍ഷ്ട്യത്തി നും വിടുവായത്തത്തിനുമേറ്റ തിരിച്ചടിയായി എം വി ജയരാജനു ലഭിച്ച തടവുശിക്ഷ. 
വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന മട്ടില്‍ സകലരേയും പുഛിച്ചു  സംസാരിക്കുന്ന സി പി എം ശൈലിക്കേറ്റ പ്രഹരം കൂടിയാണിത്.
എം വി ജയരാജനെ ശിക്ഷിച്ചതോടെ വീണ്ടും സി പി എം നേതാക്കള്‍ക്ക് കോടതിയും ജഡ്ജിമാരും ശത്രുക്കളായി മാറുകയാണ്. സി പി എമ്മിനനുകൂലമല്ലാത്ത വിധി വന്നാല്‍ കോടതിക്കെതിരേ പ്രകടനവും പ്രതികരണവുമായി പാര്‍ട്ടിയും നേതാക്കളുമെത്തും. സംസ്ഥാനത്തെങ്ങും അത് പല രീതിയില്‍ ആവര്‍ത്തിച്ചതിന്റെ കാഴ്ചകളാണ് ഇന്നലെ കണ്ടത്.ബാലകൃഷ്ണപിള്ളയടക്കം രാഷ്ട്രീയ എതിരാളികള്‍ക്കെല്ലാം ശിക്ഷ കിട്ടിയാല്‍ സി പി എമ്മുകാര്‍ക്ക് പെരുത്ത് സന്തോഷം. ഉമ്മന്‍ചാണ്ടിക്കെതിരേ കോടതി പരാമര്‍ശമുണ്ടായാല്‍ കോടതി വിധി വേജവാക്യം. സി പി എം നേതാക്കളെ മാത്രം  ശിക്ഷിക്കാന്‍ പാടില്ല. പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസില്‍ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ ഉറഞ്ഞു തുള്ളിയവരാണ് സി പി എമ്മുകാര്‍. കൊലക്കേസില്‍ സി പി എമ്മുകാരെ ശിക്ഷിച്ചാലും കോടതിക്കെതിരേ പ്രകടനം നടത്തും, ജഡ്ജിമാരെ ഭീഷണിപ്പെടുത്തും. ജഡ്ജിയെ പ്രതീകാത്മകമായി 'നാടുകടത്തും'. എം വി ജയരാജന്‍ ജുഡീഷ്യറിയെ പൊതുജനമധ്യത്തില്‍  അപഹസിച്ചെന്നു മാത്രമല്ല, ഇത് വിവാദമായ ശേഷം പല തവണ ആവര്‍ത്തിക്കുകയും ചെയ്തു. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ട് ജയരാജനടക്കം സി പി എമ്മിലെ പല നേതാക്കളും നടത്തുന്ന പുലഭ്യം പറച്ചിലുകള്‍ക്ക് നീതിന്യായപീഠം നല്‍കിയ താക്കീതാണ് ഈ ശിക്ഷയെന്ന് വിലയിരുത്തേണ്ടി വരും.
2010 ജൂണ്‍ 26ന് കണ്ണൂരിലായിരുന്നു ജയരാജന്റെ വിവാദപ്രപസംഗം.
 
ഹര്‍ത്താലിനോടനുബന്ധിച്ച് കണ്ണൂര്‍ ഹെഡ്‌പോസ്‌റ്റോഫീസിന് സമീപം പൊതുസ്ഥലത്ത് എല്‍.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കവായാണ് കോടതിയെയും ജഡ്ജിമാരേയും ജയരാജന്‍ അവഹേളിച്ചത്. ജയരാജന്‍ ഹൈക്കോടതിവിധിയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ:‘കോടതിവിധികള്‍ തന്നെ നാടിനും ജനങ്ങള്‍ക്കുമെതിരായി മാറുമ്പോള്‍ കോടതിവിധികള്‍ പുല്ലായി മാറുകയാണ്. ആ വിധി പറഞ്ഞ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് ഇനി എന്ത് വിലയാണുള്ളത്.
ആ ജഡ്ജിമാരുടെ വിധിവാക്യങ്ങള്‍ കേള്‍ക്കാതെ റോഡരികില്‍ ഇതാ ആ വിധി ലംഘിച്ചുകൊണ്ട് ജനങ്ങള്‍ ഇന്ന്‌കേരളത്തിലെല്ലായിടത്തും പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുന്നു. ഇനി എന്തിന് ആ ചില്ലുമേടയിലിരുന്ന് വിധി പറയുന്നു. ആത്മാഭിമാനമുള്ളവരാണെങ്കില്‍ ജഡ്ജിമാരുടെ സ്ഥാനത്തുനിന്ന് അവര്‍ രാജിവെച്ചൊഴിയണം.നിയമം വ്യാഖ്യാനിക്കുകയാണ്, നിയമം ജനങ്ങള്‍ക്കുവേണ്ടി നിര്‍മിച്ച നിയമ നിര്‍മാണ സഭയുടെ ഉദ്ദേശ്യത്തെ വ്യാഖ്യാനിക്കുകയാണ്, അതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവുകളെ വ്യാഖ്യാനിക്കുകയാണ് ജഡ്ജിമാര്‍ ചെയ്യേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ നീതിന്യായ പീഠത്തിലിരുന്നുകൊണ്ട് ഏതാനും ചില ശുംഭന്‍മാര്‍ പറയുന്നത് മറ്റൊന്നുമല്ല. യഥാര്‍ഥത്തില്‍ പറയുന്നത് അവര്‍തന്നെ നിയമം നിര്‍മിക്കുന്നു, അവര്‍തന്നെ ഉത്തരവുകളിറക്കുന്നു. ഇത് ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല.’ അന്നത്തെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശി, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ജയരാജന്റെ പ്രസംഗം.

No comments:

Post a Comment

Note: Only a member of this blog may post a comment.