Monday, November 28, 2011

സിപിഎം സമ്മേളനത്തിലെ ചര്‍ച്ചകള്‍ കേട്ട് ജനംചിരിക്കുന്നു


മസിലുപിടുത്തം അവസാനിപ്പിച്ച് നേതാവ് ചിരിക്കണമെന്ന് അണികള്‍. സിപിഎം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായുള്ള ഏരിയാസമ്മേളനങ്ങള്‍ പുരോഗമിക്കവേ കേട്ടുകേഴ് വിയില്ലാത്ത വിഷയങ്ങളാണ് പാര്‍ട്ടി തലകുത്തി നിന്നു ചര്‍ച്ചചെയ്യുന്നതെന്നു ബോധ്യമാകും. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഏരിയാ സമ്മേളനത്തിലാണ് യുവനേതാക്കളില്‍ പ്രമുഖനായ കെ.കെ രാഗേഷ് ചിരിക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നത്. എം.വി.ജയരാജനെ പാര്‍ട്ടി ശാസിച്ചതിനെതിരെയും അഞ്ചരക്കണ്ടിയില്‍ പ്രതിഷേധം ഉയര്‍ന്നു.

കെ.കെ. രാഗേഷ് ശൈലി മാറ്റണമെന്നും ആളുകളെ കണ്ടാല്‍ ചിരിക്കണമെന്നും രാഗേഷിനെ വേദിയിലിരുത്തിക്കൊണ്ട് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. ജയരാജനെ പാര്‍ട്ടി ശാസിച്ചിട്ടില്ലെന്നും പാര്‍ട്ടിക്കു ഗുണകരമായ രീതിയില്‍ ഉപയോഗിക്കാനായി ചില നിര്‍ദേശങ്ങള്‍ നല്‍കുകയാണുണ്ടായതെന്നും സമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സഹദേവന്‍ പറഞ്ഞു. പാര്‍ട്ടി അനുമതിയില്ലാതെ നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതു ശരിയല്ലെന്നും സഹദേവന്‍ അഭിപ്രായപ്പെട്ടു.

ധര്‍മടം എംഎല്‍എ കെ.കെ.നാരായണനു സ്വന്തം പ്രദേശമായ എടക്കടവിലും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാര്‍ഡിലും വോട്ടു കുറഞ്ഞത് അന്വേഷിക്കണമെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടു. മമ്പറം ദിവാകരന്‍ കൈപ്പത്തിയില്‍ മല്‍സരിക്കാതിരുന്നതു നന്നായെന്നായിരുന്നു മറ്റൊരഭിപ്രായം. ചേലോറ ലോക്കലിനു കീഴില്‍ എ.പി. അബ്ദുല്ലക്കുട്ടിക്ക് വോട്ടു കൂടിയതിനെപ്പറ്റി അന്വേഷണം നടത്തണം. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ചേലോറയില്‍ അടിയൊഴുക്കുണ്ടായി. കെ.കെ. രാഗേഷിനു പകരം മറ്റൊരാളായിരുന്നു കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്നതെങ്കില്‍ കെ. സുധാകരന്‍ എംപിയാകില്ലായിരുന്നു എന്നായിരുന്നു മറ്റൊരു വിമര്‍ശനം. രാഗേഷ് മറ്റുള്ളവരോട് ചിരിച്ച് ഇടപഴകണം.

പി. ശശിയെ നേരത്തേ പുറത്താക്കിയിരുന്നെങ്കില്‍ ഭരണം കിട്ടുമായിരുന്നെന്് വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശന്‍, ജില്ലാ കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. നിലവിലെ സെക്രട്ടറി കെ. ഭാസ്‌കരനെത്തന്നെ വീണ്ടും തെരഞ്ഞെടുത്തിട്ടുണ്ട്. സമ്മേളനവേദിയിലെ മത്സരത്തിന്റെ ചൂടുംചൂരം പുറംലോകത്തെയും അറിയിക്കാനായി ട്വന്റി 20 ക്രിക്കറ്റ് സംഘടിപ്പിക്കുന്ന സിപിഎം നേതാക്കളെക്കുറിച്ച് ഇന്നലെ ഡെയ്‌ലി മലയാളം റിപ്പോര്‍ട്ടുചെയ്തിരുന്നു. തലശേരി ഏരിയാ സമ്മേളനത്തോട് അടുപ്പിച്ചാണു ട്വന്റി ട്വന്റി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഡിസംബര്‍ മധ്യത്തോടെ തലശേരി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലാകും മല്‍സരം നടക്കുക

No comments:

Post a Comment

Note: Only a member of this blog may post a comment.