Tuesday, November 8, 2011

മക്കളേ, മര്യാദയ്‌ക്കൊക്കെ സമരം ചെയ്യണേ, കാശൊന്നുമില്ല കയ്യില്‍

അങ്ങനെ വേണം, അങ്ങനെതന്നെ വേണം...ങ്‌ഹാ..
പൊതുമുതല്‍ നശിപ്പിച്ച്‌ അടിപൊളി പ്രക്ഷോഭം നടത്തിയിട്ട്‌ പൊടിയും തട്ടി ചുമ്മാതെയങ്ങ്‌ പോകാമെന്ന്‌ ഇനിയാരും വിചാരിക്കണ്ട. കത്തിക്കും കത്തിക്കും കേരളമാകെ കത്തിക്കും, അടിക്കും ഞങ്ങള്‍, പൊളിക്കും ഞങ്ങള്‍, അടിച്ചുപൊളിച്ച്‌ മലത്തും ഞങ്ങള്‍...തുടങ്ങിയ വീരോജ്ജ്വല മുദ്രാവാക്യങ്ങള്‍ എത്രവേണമെങ്കിലും പറയുന്നതിനു വിരോധമില്ല. അതിന്റെ പേറ്റന്റൊന്നും ആരും കൊണ്ടുപോയിട്ടുമില്ല. പക്ഷേ, ഇനി തിയറി മതി പ്രാക്ടിക്കല്‍ വേണ്ട. എന്നുവെച്ചാല്‍ മുദ്രാവാക്യം മതി, കൈയേറ്റം വേണ്ടെന്നു ചുരുക്കം. ശുംഭന്‍മാര്‍ എന്ന്‌ ജയരാജന്‍ പറഞ്ഞാലും കോടതി കോടതിതന്നെയാണ്‌. നിയമം അതിന്റെ കരുത്ത്‌ മര്യാദയ്‌്‌ക്കു കാണിക്കാന്‍ തുടങ്ങിയാല്‍ നിയമലംഘകരുടെ പത്തിക്കുതന്നെ കിട്ടും നല്ല പെരുക്ക്‌. അതിന്‌ ഇതില്‍പരമെന്തുവേണം, തെളിവ്‌. പൊതുമുതല്‍ സംരക്ഷണ നിയമം ഇന്നലെയോ മിനിഞ്ഞാന്നോ പെട്ടെന്നു നിര്‍മിച്ചതല്ല. 1984 മുതല്‍തന്നെയുണ്ട്‌ അത്‌. ആവശ്യത്തിനു പല്ലും നഖവുമൊക്കെയുണ്ടുതാനും. പക്ഷേ, നടപ്പാക്കേണ്ട ഏമാന്‍മാര്‍ നഖം കടിച്ചു നോക്കിനിന്നു.കുട്ടിസഖാക്കള്‍ക്കും 'ജനകീയ' സമരക്കാരും കേറിയിറങ്ങിയങ്ങു മേഞ്ഞു. ഫലമോ. കോടികളുടെ പൊതുസ്വത്താണ്‌ കത്തിയും ചിതറിത്തെറിച്ചും ആകാശത്തിനും ഭൂമിക്കുമിടയില്‍ പറന്നുകളിച്ചും നഷ്ടപ്പെട്ടത്‌. സ്വന്തം കുടുംബത്തിലെ കസേരക്കാലെങ്ങാനും ഉരഞ്ഞ്‌ പെയിന്റ്‌ പോയാലോ എന്നു പേടിച്ച്‌ കുഞ്ഞിനെപ്പോലെ എടുത്തുനീക്കുന്ന മഹാന്മാര്‍ പൊതുമുതലില്‍ തീര്‍ത്തത്‌ ബ്ലഡ്‌ പ്രഷര്‍ മാത്രമല്ല. ഭാര്യയോടുള്ള വഴക്ക്‌, അയല്‍ക്കാരനോടുള്ള ദേഷ്യം, നേതാവിനോടുള്ള കലി, സീറ്റുകിട്ടാത്തതിലെ കലിപ്പ്‌... എല്ലാം സമര രംഗത്തു തീര്‍ത്തു, അര്‍മാദിച്ചു. 
ഇപ്പാള്‍ ദാ, നിയമത്തിന്റെ വകുപ്പുകള്‍ കര്‍ശനമായി നടപ്പാക്കാനുള്ള ഹൈക്കോടതി നിര്‍ദേശം പൊലീസ്‌ പാലിച്ചു തുടങ്ങിയതോടെ നശീകരണത്തോതില്‍ വമ്പിച്ച കുറവുണ്ടായിരിക്കുന്നു. 
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കു കേസില്‍ ജാമ്യം അനുവദിക്കണമെങ്കില്‍ നശിപ്പിക്കപ്പെട്ട മുതലിന്റെ മൂല്യത്തിനു തുല്യമായ തുക കോടതിയില്‍ കെട്ടിവയ്‌ക്കണമെന്ന വകുപ്പാണ്‌ പാവം പൊതുമുതലിനു തുണയായത്‌. ഇത്‌ ഇനി വിട്ടുവീഴ്‌ചയില്ലാതെ പാലിക്കാനാണു ഹൈക്കോടതിയുടെ നിര്‍ദേശം. നിയമം കടലാസില്‍ കിടന്നാല്‍പോരാ, നടപ്പാക്കി കാണിച്ചുകൊടുക്കണമെന്ന്‌ സുപ്രീംകോടതി പറയുകയും ചെയ്‌തിട്ടുണ്ട്‌. 
ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ കോഴിക്കോട്‌ ചേവായൂര്‍ പൊലീസ്‌ ചാര്‍ജ്‌ ചെയ്‌ത കേസില്‍ ജാമ്യവ്യവസ്‌ഥ കര്‍ശനമാക്കിയ ഹൈക്കോടതി പൊതുമുതലിന്റെ നഷ്‌ടം പരിഹാരപ്പണം കൊണ്ടുമാത്രം തീരുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 
പ്രാദേശിക സമരങ്ങളില്‍ പോലും നാലും അഞ്ചും ലക്ഷം രൂപയുടെ നഷ്‌ടമുണ്ടാവുമായിരുന്നു. ഇനി മുതല്‍ ഇത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്കു ജാമ്യം ലഭിക്കാന്‍ നഷ്‌ടം കണക്കാക്കുന്ന അത്രയും തുക കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും. രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന സമരങ്ങളില്‍ പണം കെട്ടിവയ്‌ക്കേണ്ട ബാധ്യത പാര്‍ട്ടികള്‍ക്കാണ്‌. കാര്യങ്ങള്‍ അങ്ങനെ മാറിമറിഞ്ഞതോടെ, കല്ലും കമ്പിപ്പാരയും കൊടുത്ത്‌ സമരത്തിനു പറഞ്ഞയിച്ചിരുന്ന നേതാക്കള്‍ ഇപ്പോള്‍ നയം മാറ്റി. കുട്ടിപ്പട്ടാളത്തിന്റെ കണ്ണെത്തുന്നിടത്തുനിന്ന്‌ കൊടിക്കമ്പ്‌ പോലും എടുത്തുമാറ്റാനാണ്‌ ഇപ്പോഴത്തെ തിടുക്കും. മക്കളേ, മര്യാദയ്‌ക്കൊക്കെ സമരം ചെയ്യണേ, കാശൊന്നുമില്ല കയ്യില്‍ എന്നാണ്‌ ഉപദേശമെന്നുമുണ്ട്‌ കേള്‍വി. ആരിതു പറയുന്നറിയാമോ, തൂക്കുമരത്തില്‍ ഊഞ്ഞാലാടിയ..... തുടങ്ങിയ ഉശിരന്‍ മുദ്രാവാക്യങ്ങള്‍ പതിയെപ്പതിയെ നിരോധിക്കാനും പകരം, പൊതുസ്വത്തെന്നാല്‍ ഞങ്ങടെ സ്വത്ത്‌, തൊട്ടുകളിച്ചാല്‍ തട്ടിക്കളയും, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചോ...എന്ന മട്ടില്‍ മുദ്രാവാക്യങ്ങളുടെ ശൈലിയൊന്നു പരിഷ്‌കരിക്കാനുമാണത്രേ ആലോചന.
സമരം ലാത്തിച്ചാര്‍ജിലെത്തിയാല്‍ ലാത്തി പിടിച്ചുവാങ്ങി തിരിച്ചടിച്ചിരുന്ന കാലവും ഇനി തിരിച്ചുവരില്ല. ലാത്തി പൊതുസ്വത്തായതുകൊണ്ട്‌ അത്‌ ഒടിഞ്ഞാലും കാശ്‌ കൊടുക്കേണ്ടിവന്നാലോ. അടികൊണ്ട്‌ ഓടുന്ന വഴിക്ക്‌ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കല്ലെറിയുന്നതിനു പകരം സ്വന്തം നെഞ്ചത്തടിച്ചു രോഷം തീര്‍ക്കാം. സെക്രട്ടേറിയറ്റിനും കലക്ട്രേറ്റുകള്‍ക്കും മുമ്പില്‍ സമരം നടത്തുന്നതിനു മുന്നോടിയായി, പ്രദേശത്തെ കല്ലുകള്‍ മുഴുവന്‍ പെറുക്കി നീക്കി പ്രകോപനം ഒഴിവാക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കുന്നതും പാര്‍ട്ടികളുടെ പരിഗണനയിലുണ്ടത്രേ....!

No comments:

Post a Comment

Note: Only a member of this blog may post a comment.