Friday, November 4, 2011

ഇന്ധന വില സര്‍ക്കാര്‍ നിശ്ചയിക്കട്ടെ


Imageപെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ടുള്ള എണ്ണക്കമ്പനികളുടെ തീരുമാനം രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. നീതിന്യായാസനങ്ങള്‍ പോലുള്ള അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നുപോലും അമര്‍ഷം കലര്‍ന്ന അഭിപ്രായം ഇതിനെതിരെ ഉയര്‍ന്നിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് വാഹന ഹര്‍ത്താല്‍ നടത്താന്‍ മോട്ടോര്‍ തൊഴിലാളികള്‍ സന്നദ്ധമാകുന്നു. ചൊവ്വാഴ്ച രാജ്യവ്യാപകമായി പണിമുടക്കുമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഇന്ധനവില കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാന്‍ പെട്രോളിയം കമ്പനികളുടെ വില നിര്‍ണയസമിതിക്ക് സര്‍ക്കാര്‍ നല്‍കിയ അധികാരം പിന്‍വലിക്കണമെന്ന് കേരളാ നിയമസഭ ഇന്നലെ ഒരു പ്രമേയം വഴി ഏകകണ്ഠമായി ആവശ്യപ്പെട്ടു. വളരെ ന്യായയുക്തമാണ് ഈ ആവശ്യമെന്ന് പറയണം. കാരണം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിലക്കയറ്റത്തിന് ഇന്ധനവില വര്‍ധന ഇടവരുത്തുന്നു. ഉദ്യോഗസ്ഥ പ്രതിനിധികള്‍ ഉള്‍പ്പെട്ട വിലനിര്‍ണയ സമിതിയുടെ തീരുമാനത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ അടിക്കടി കഷ്ടപ്പെടാന്‍ ഇടവരുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന് നോക്കിനില്‍ക്കാന്‍ കഴിയില്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ന്യായയുക്തമായ രീതിയില്‍ പെട്രോളിയം ഉല്‍പന്നമടക്കം എന്തിന്റെയും വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിലാണ് നിക്ഷിപ്തമായിരിക്കേണ്ടത്. അന്താരാഷ്ട്ര വിലനിലവാരമോ മറ്റേതെങ്കിലും അനിയന്ത്രിത സമ്മര്‍ദ്ദ കാരണങ്ങളോ കൊണ്ട് വില പുതുക്കി നിശ്ചയിക്കേണ്ടിവരികയാണെങ്കില്‍ ജനങ്ങള്‍ക്ക് ഏറ്റവും ലഘുവായ ഭാരമേല്‍പിക്കത്തക്ക തരത്തില്‍ അത് നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കോ ഉദ്യോഗസ്ഥ സമിതികള്‍ക്കോ വിട്ടുകൊടുക്കാന്‍ പാടില്ല. ഒരു പരീക്ഷണത്തിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ ഇതിനകം തന്നെ പെട്രോളിയം വിലനിര്‍ണയ സമിതിയുടെ അടിക്കടിയുള്ള തീരുമാനങ്ങള്‍ ഉണ്ടാക്കിയ ദോഷം കണക്കിലെടുത്ത്, കേരളാ നിയമസഭ ആവശ്യപ്പെട്ടതുപോലെ വില നിര്‍ണയ അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കേണ്ടതാണ്.
രാജ്യത്ത് ഉപയോഗിക്കുന്ന ഇന്ധനങ്ങളില്‍ മുക്കാല്‍ പങ്കും ഇറക്കുമതി ചെയ്യുകയാണ്. അസംസ്‌കൃത എണ്ണ വിദേശത്തുനിന്ന് വാങ്ങി സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിങ്ങനെ വേര്‍തിരിച്ച് വില്‍ക്കുന്ന ജോലിയാണ് എണ്ണക്കമ്പനികള്‍ നിര്‍വഹിക്കുന്നത്. വിദേശനാണ്യ കരുതല്‍ ശേഖരം ഉപയോഗിച്ച് രാജ്യം ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നത്തിന്റെ സംസ്‌കൃത പദാര്‍ത്ഥം ആഭ്യന്തര കമ്പോളത്തില്‍ വില്‍ക്കാനുള്ള അധികാരം ഭരണപരമായ സൗകര്യത്തിന് കമ്പനികളെ ഏല്‍പിച്ചാല്‍ പോലും സര്‍ക്കാരിന് കര്‍ശനമായ നിയന്ത്രണമുണ്ടായിരിക്കണം. വില ഉയര്‍ത്തേണ്ട അസാധാരണ സമ്മര്‍ദ്ദ സാഹചര്യമുണ്ടായാല്‍ ഉദാരമായ സബ്‌സിഡി വ്യവസ്ഥയിലൂടെ ജനങ്ങളുടെ ഭാരം ലഘൂകരിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. പുതുസാമ്പത്തിക നയത്തിന്റെ ഉപജ്ഞാതാക്കള്‍ ജനക്ഷേമകരമായ എല്ലാ ധനകാര്യ ഇളവുകള്‍ക്കും എതിര് നില്‍ക്കുന്ന പ്രവണതയുണ്ട്. ഒരു ജനാധിപത്യ സമൂഹത്തില്‍ തീരെ വിലപ്പോവുന്ന സമീപനമല്ല അത്. എണ്ണക്കമ്പനികള്‍ ഭാവി സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിനകത്തും പുറത്തും ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍മുടക്ക് നടത്തുന്നുണ്ടെന്നത് സത്യമാണ്.
അതിനാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തേണ്ടത് എണ്ണ വിറ്റുകിട്ടുന്ന ലാഭത്തില്‍ നിന്നാകണമെന്ന് വരരുത്. ജനസംഖ്യയില്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമാണെങ്കിലും കൂടുതല്‍ മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യമാണ് നമ്മുടേത്. ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ ഉപയോഗം ചൈനയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കൂടുതലാണ്. ഇറക്കുമതി തീരുവ പരമാവധി കുറച്ചിട്ടും ഇന്ധന വിലക്കയറ്റം യുക്തിസഹമായി നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കോടതി പോലും വിലവര്‍ധനവിനെതിരെ ജനങ്ങളോട് പ്രതികരിക്കാന്‍ ആഹ്വാനം ചെയ്യുന്ന അവസ്ഥ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കാത്തിരിക്കുന്ന സ്ഥാപിത താല്‍പര്യക്കാരായ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക് അക്രമസമരത്തിലൂടെ ജനങ്ങളെ കൂടുതല്‍ കഷ്ടപ്പെടുത്താന്‍ അവസരമൊരുക്കുകയാണ് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം. അതിനാല്‍ ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം കമ്പനികളില്‍ നിന്ന് എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടുക്കേണ്ടതാണ്.


No comments:

Post a Comment

Note: Only a member of this blog may post a comment.