Wednesday, November 30, 2011

ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌

എല്‍ഡിഎഫ്‌ ഇന്നു രാവിലെ രൂപീകരിച്ച രാഷ്ട്രീയ മുന്നണിയാണോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാനാകില്ല, സത്യം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ ഇടതുമുന്നണി തയ്യാറാണെന്നും ജനത്തോട്‌ പണം പിരിച്ച്‌ അതു നിര്‍വഹിക്കാന്‍ തയ്യാറാണെന്നുമാണ്‌ ഇടതുമുന്നണി സംഘത്തെ നയിച്ച്‌ ഡാം സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌. ഇന്നു രാവിലെ കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്‌ എന്നു പറഞ്ഞാല്‍ പോര, ഏറ്റവും വലിയ ഒരേയൊരു തമാശ എന്നുതന്നെ പറയേണ്ടിവരും.
എല്‍ഡിഎഫ്‌ അധികാരത്തിലെത്തിയാല്‍ 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ തയ്യാറാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. ഇതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫ്‌. തയ്യാറെന്നും ജനങ്ങളില്‍ നിന്ന്‌ പണം സമാഹരിക്കുമെന്നും വി.എസ്‌. പറഞ്ഞു. കേരളത്തിന്റെ കാശ്‌ കൊണ്ടാകും പുതിയ ഡാം നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ' ഇതാണ്‌ ഇന്നുരാവിലെ ചാനലുകള്‍ പുറത്തുവിട്ട ബ്രേക്കംഗ്‌ ന്യൂസ്‌. നാളെ രാവിലെ പത്രങ്ങള്‍ ഇത്‌ അതേപടി വാര്‍ത്തയാക്കില്ലായിരിക്കാം. കാരണം, ഇത്‌ ഡാമിലേക്കു പുറപ്പെടുന്നതിനു മുമ്പ്‌ പറഞ്ഞതാണല്ലോ. ഡാം സന്ദര്‍ശനം കഴിഞ്ഞു പറയുന്നത്‌ ഇതിലും വലുതാണെങ്കിലോ. ഡാം പൊട്ടിപ്പൊകാതെ തടഞ്ഞു നിര്‍ത്തിക്കളയും, ഡിസംബര്‍ എട്ടിന്റെ മനുഷ്യ മതില്‍ സ്ഥിരമാക്കും, ഇ എസ്‌ ബിജിമോള്‍ എംഎല്‍എയെ അയച്ച്‌ ജയലളിതയെ ഭീഷണിപ്പെടുത്തും, ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഇനി കാണുമ്പോള്‍ ഡാമിനെക്കുറിച്ചു മാത്രം സംസാരിക്കും....അങ്ങനെ എന്താണു പറഞ്ഞുകൂടാത്തത്‌
    2006 മെയ്‌ 18 മുതല്‍ 2011 മെയ്‌ 17 വരെ കേരളം ഭരിച്ചിരുന്നത്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാരാണ്‌ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ വഴിയില്ല. കിളിരൂര്‍ പെണ്‍കുട്ടി ശാരിയുടെ അച്‌ഛനേയും അമ്മയെയും കെഎം ഷാജഹാനെയുമൊക്കെ മറന്നെങ്കിലും കേരള ചരിത്രത്തിലെ ആ സുവര്‍ണ കാലം അച്യുതാനന്ദന്‍ സഖാവ്‌ ഒരിക്കലും മറക്കില്ല. അദ്ദേഹം കാത്തുകാത്തിരുന്ന്‌ നേടിയെടുത്ത കസേരയാണത്‌. അതിന്മേല്‍ ഇരുന്നത്‌ മുള്ളുമുരിക്കില്‍ ഇരിക്കുന്ന വേദനയോടെയും നീറ്റലോടെയുമാണെന്നൊക്കെ സാറാ ജോസഫും സി ആര്‍ നീലകണ്‌ഠനുമൊക്കെ പറഞ്ഞേക്കാം. പക്ഷേ, മുഖ്യമന്ത്രിക്കസേര മുള്ളുമുരിക്കാണെന്നു പറയാനുള്ള വിനയമൊന്നും വി എസിന്‌ ഇല്ല. പിബിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഞാന്‍ മന്ത്രിസ്ഥാനം കൂടി രാജിവെച്ച്‌ വല്ല വഴിക്കും പൊയ്‌ക്കളയുമെന്ന്‌ , അധികാരമോഹം ലവലേശമില്ലെന്നു ശത്രുക്കള്‍ പോലും സമ്മതിക്കുന്ന പാലോളി പറഞ്ഞതായി കേട്ടിട്ടുണ്ട്‌. അത്‌ പാലാളി, ഇത്‌ വി എസ്‌.
അപ്പോള്‍, പറഞ്ഞുവന്നത്‌ എന്താണെന്നു വെച്ചാല്‍, താന്‍ മുഖ്യമന്ത്രായിരുന്ന കാലത്ത്‌ വി എസിനു വേണമെങ്കില്‍ ജനത്തിന്റെ കയ്യീന്നു കാശ്‌ പിരിച്ച്‌ ഡാം കെട്ടാമായിരുന്നു. എങ്കില്‍ ഈ പുകിലൊന്നും ഇപ്പോഴില്ലായിരുന്നുതാനും. അന്ന്‌ ഡാമിനു കുലുക്കമുണ്ടാക്കുന്ന ഭൂചലനമൊന്നും ഉണ്ടായില്ല എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷേ, ഡാമിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച്‌ റൂര്‍ക്കി ഐഐടി സംഘത്തിന്റെ റിപ്പോര്‍ട്ടു വന്നതും നിയമസഭ മുല്ലപ്പെരിയാര്‍ ചര്‍ച്ച നടത്തി പ്രമേയം പാസാക്കി അയച്ചതും മറ്റും അക്കാലത്തുതന്നെയാണല്ലോ. പുതിയ ഡാം എന്ന പ്രശ്‌നം അന്നേ സജീവമായിരുന്നു. പുതിയ ഡാം നിര്‍മിച്ചേ പറ്റൂവെന്നു കേരളവും നിര്‍മിക്കാന്‍ പറ്റില്ലെന്നു തമിഴ്‌നാടും നിലപാടുകള്‍ കര്‍ക്കശമാക്കിയതും അക്കാലത്തുതന്നെ.
അന്നൊന്നും, ഞങ്ങള്‍ ബക്കറ്റ്‌ പിരിവു നടത്തി ഡാം നിര്‍മിച്ചു കളയുമെന്ന്‌ വി എസോ കൂട്ടുകാരോ പറഞ്ഞതായി ഓര്‍മയില്ല. ഇന്നു കണ്ടത്‌ നാളെ മറക്കുന്ന ചാനലുകള്‍ പോകട്ടെ, ഒന്നും മറക്കാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ജനവും അങ്ങനൊരു പ്രസ്‌താവന കേട്ടിട്ടേയില്ലത്രേ. സ്വന്തം മുന്നണി തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ പത്രക്കാരെയും ചാനലുകളെയും വിളിച്ചുവരുത്തി വിഎസ്‌ ചിരിച്ചതും മുന്‍ രാഷ്ട്രപതിയും വിഖ്യാത ശാസ്‌ത്രജ്ഞനുമായ ഡോ. എ പി ജെ അബ്ദുല്‍ കലാമിനെ, മേലോട്ടു വാണം വിടുന്നയാള്‍ എന്ന്‌ നല്ല വാക്ക്‌ പറഞ്ഞതുമൊക്കെ ഓര്‍ക്കുന്നുണ്ട്‌.
ഏതായാലും ഇന്നത്തെ ഡയലോഗ്‌ ഇതാണ്‌. വി എസിന്റെ കിടിലന്‍ വാചകമേളാ ഡയലോഗ്‌. 
പക്ഷേ, അതിലൊരു കുഴപ്പമുണ്ട്‌. ഡാം ഞങ്ങള്‍ കാശു പിരിച്ച്‌ നിര്‍മിച്ചുകളയും എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറയുമ്പോള്‍ , അപ്പുറത്ത്‌ നിന്ന്‌ തമിഴ്‌നാട്ടിലെ ഭരണക്കാരും പ്രതിപക്ഷവും ഊറിച്ചിരിക്കും. കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം പതിവു രീതിവിട്ട്‌ ഇത്തവണ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഐക്യപ്പെട്ടു എന്നാണല്ലോ അവരുടെ വിചാരം. അത്‌ കേട്ട്‌ കരയണോ ചിരിക്കണോ എന്നറിയാതെ ജയലളിതയും കരുണാനിധിയും ഇരിക്കുമ്പോഴാണ്‌ ഇന്നത്തെ ഡയലോഗ്‌ വി എസ്‌ പുറത്തുവിട്ടത്‌

No comments:

Post a Comment

Note: Only a member of this blog may post a comment.