Thursday, November 17, 2011

വഴിയില്‍ കിടക്കുന്ന പാമ്പ്


കേരള ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും എതിരെ ഒരു പത്രാധിപ പ്രമുഖന്‍ ഇതുപോലെ സംസാരിച്ചു കേട്ടിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ വഴിയില്‍ കിടക്കുന്ന പാമ്പാണ്. അതിനെ ആരാണ് പേടിക്കാത്തത് എന്ന് എം.എസ്. മണി ചോദിക്കുന്നു. അദ്ദേഹത്തിന് സ്വന്തം പ്രായത്തിന് ഇണങ്ങിയ പക്വത ഉണ്ടാകട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മണി പറയുന്നു.

പാമോയില്‍ അഴിമതി റിപ്പോര്‍ട്ട് വസ്തുതയായിരുന്നില്ല. ലാവലിന്‍ അഴിമതിയില്‍ പിണറായി വിജയന് പങ്കില്ല''-പത്രാധിപര്‍ എം.എസ്.മണി തുറന്നു പറയുകയാണ്. കേരള കൗമുദിയില്‍ മണി മുഖ്യപത്രാധിപരായിരിക്കുമ്പോള്‍ ആ പത്രത്തിലൂടെ പുറത്തുവന്നതാണ് പാമോയില്‍ ഇറക്കുമതി കുംഭകോണ വാര്‍ത്ത. ആ റിപ്പോര്‍ട്ട് ചില തല്‍പ്പരകക്ഷികള്‍ പടച്ചുവിട്ട നുണക്കഥയായിരുന്നു എന്ന് തികഞ്ഞ ഉത്തരവാദിത്വത്തോടെ എഡിറ്റര്‍ എം.എസ്. മണി പറയുന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ താല്പര്യപ്രകാരം ആസൂത്രണം ചെയ്ത കള്ളക്കഥയാണ് പമോയില്‍ കേസ് എന്ന് എം.എസ്. മണി വിശദീകരിക്കുന്നു. 1991-ല്‍ അധികാരത്തില്‍ വന്ന കരുണാകരന്‍ സര്‍ക്കാര്‍ മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടി. തമിഴ് നാട്ടിലെ ജയലളിത സര്‍ക്കാരിനും സമാനമായ അനുവാദം ലഭിച്ചു. അങ്ങനെ കേരളത്തില്‍ ഇറക്കിയ പാമോയില്‍ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ തിരിമറി ഉണ്ടായി എന്നാണ് കേരള കൗമുദി വാര്‍ത്ത. ആ വാര്‍ത്ത വി.എസ്.അച്യുതാനന്ദന്റെ താല്പര്യപ്രകാരം ചിലര്‍ തട്ടിക്കൂട്ടിയതാണെന്ന് ടെലിവിഷന്‍ ചാനല്‍ ഇന്റര്‍വ്യൂവില്‍ മണി വെളിപ്പെടുത്തുന്നു. രണ്ടു ദശാബ്ദം കരുണാകരനെ വേട്ടയാടിയതും അദ്ദേഹം മണ്‍മറഞ്ഞിട്ടും പലനിലയില്‍ കോടതിയില്‍ തുടരുന്നതുമായ കേസാണ് പാമോയില്‍ കുംഭകോണം.
 
ചില ആധികാരിക കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചതെന്ന് കരുതുന്ന രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ബി.സി.ജോജോ എന്ന റിപ്പോര്‍ട്ടറാണ് പാമോയില്‍ അഴിമതി കേരളകൗമുദിയില്‍ എഴുതിയത്. പത്രാധിപരെന്ന നിലയില്‍ തന്റെ അനുമതിയോടെയാണ് അത് പ്രസിദ്ധീകരിച്ചതെങ്കിലും പിറ്റേദിവസം തന്നെ അതെല്ലാം കള്ളമാണെന്ന് തനിക്കു ബോദ്ധ്യപ്പെട്ടു എന്ന് മണി പറഞ്ഞു. അതിനാല്‍ തുടര്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. അവ പ്രതിപക്ഷ നേതാവായ അച്യുതാനന്ദനെ ഏല്‍പ്പിക്കാന്‍ റിപ്പോര്‍ട്ടറോടു നിര്‍ദ്ദേശിച്ചു. അങ്ങനെ വി.എസ്. പത്രസമ്മേളനം നടത്തി എല്ലാ പത്രങ്ങള്‍ക്കുമായി പാമോയില്‍ അഴിമതിവിവരം പങ്കുവെച്ചു. തലേദിവസം പറ്റിപ്പോയ തെറ്റിന് മുഖ്യമന്ത്രി കരുണാകരനെ വിളിച്ച് മുഖ്യപത്രാധിപരെന്ന നിലയില്‍ കേരള കൗമുദിക്കുവേണ്ടി താന്‍ മാപ്പുപറഞ്ഞെന്നും എം.എസ്. മണി അറിയിക്കുന്നു. അദ്ദേഹം പാമോയില്‍ അഴിമതിക്കഥയുടെ പശ്ചാത്തലം ഇങ്ങനെ വിവരിച്ചു: ''ദീപികയിലെ പി.പി. ജയിംസിന് വി.എസിന്റെ ആളുകള്‍ നല്‍കിയതാണ് പാമോയില്‍ കഥ. ജയിംസ് റിപ്പോര്‍ട്ട് ചെയ്തിട്ടും ദീപികയില്‍ അതു പ്രസിദ്ധീകരിച്ചില്ല. പിന്നീട് ജയിംസ് അത് ജോജോയെ ഏല്‍പ്പിച്ചു. ഉറവിടത്തെപ്പറ്റി മറച്ചുവെച്ച് പാതിരാത്രിയില്‍ ജോജോ ടെലിഫോണില്‍ വിളിച്ച് വലിയൊരു കുംഭകോണത്തിന്റെ കഥ പറയുന്നു. സത്യമാണെന്ന് ബോദ്ധ്യമുണ്ടെങ്കിലും രേഖകള്‍ എല്ലാം ഭദ്രമാണെങ്കിലും പ്രസിദ്ധീകരിക്കാന്‍ അനുമതിയും നല്‍കി. അടുത്ത ദിവസം സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ഞാന്‍ വസ്തുത മനസ്സിലാക്കി. തെറ്റ് പറ്റിയെന്ന് ബോദ്ധ്യം വന്നു.''
 
നിയമസഭയിലും  നിയമവേദികളിലും പാമോയില്‍ ഇറക്കുമതി അഴിമതിക്കേസുമായി അച്യുതാനന്ദന്‍ യുദ്ധം തുടര്‍ന്നു. സി.എ.ജി. റിപ്പോര്‍ട്ട് ആയുധമാക്കി. എന്നാല്‍ അതൊരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായി വി.എസിന്റെ മാധ്യമ സിണ്ടിക്കേറ്റ് സൃഷ്ടിച്ചെടുത്ത ഇല്ലാക്കഥയാണെന്ന് മണിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നു. അന്നത്തെ കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാനാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വാശിയോടെ പരിശ്രമിക്കുന്നത്.
വി.എസിനുവേണ്ടി വിവിധ പത്രങ്ങളുടെ പ്രതിനിധികള്‍ സമാനസ്വഭാവമുള്ള ഇല്ലാക്കഥകള്‍ റിപ്പോര്‍ട്ടാക്കി പ്രസിദ്ധീകരിച്ച് വായനക്കാരെ വഞ്ചിക്കുന്നതിനെപ്പറ്റി മണി സൂചിപ്പിക്കുന്നുണ്ട്. എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുടുക്കാന്‍ വി.എസ്. ആസൂത്രണം ചെയ്ത അത്തരം കെട്ടുക്കഥള്‍ക്ക് കേരള കൗമുദിയില്‍ താന്‍ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വി.എസ്. പ്രതികാരപൂര്‍വ്വം പകരം വീട്ടിയതായും പത്രാധിപര്‍ മണി പറയുന്നു. സമാനസ്വഭാവമുള്ള വ്യാജറിപ്പോര്‍ട്ടുകള്‍ ഒരേ ഉറവിടത്തില്‍ നിന്ന് അടിക്കടി വന്നുകൊണ്ടിരുന്നപ്പോള്‍ സംശയം തോന്നി. എല്ലാത്തിലും പിണറായി പ്രതിസ്ഥാനത്ത്. അങ്ങനെയെങ്കില്‍ പിണറായിക്കു പറയാനുള്ളതുകൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ വാര്‍ത്തകളുടെ വരവു നിലച്ചു. പകരം മുഖ്യമന്ത്രി അച്യുതാനന്ദന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു വഴി കൗമുദിക്കു ലഭിച്ചുവന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ തടഞ്ഞുകൊണ്ട് പത്രത്തിന്റെ വരുമാനം കുറച്ചു. വാരികകള്‍ വില്‍ക്കുന്ന പെട്ടിക്കടക്കാരെയും ഏജന്റുമാരെയും ഭീഷണിപ്പെടുത്തി സര്‍ക്കുലേഷന്‍ തകര്‍ക്കാന്‍ ശ്രമിച്ചു.  കേരളകൗമുദിയുടെ പത്രാധിപ സമിതിയിലുള്ള അടുപ്പക്കാര്‍ വഴി വിവരങ്ങള്‍ ശേഖരിച്ച് എന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പരാജയപ്പെടുത്തി. ഞാന്‍ തോറ്റു. വി.എസ്. ജയിച്ചു''
 
കേരള ചരിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും എതിരെ ഒരു പത്രാധിപ പ്രമുഖന്‍ ഇതുപോലെ സംസാരിച്ചു കേട്ടിട്ടില്ല. വി.എസ്. അച്യുതാനന്ദന്‍ വഴിയില്‍ കിടക്കുന്ന പാമ്പാണ്. അതിനെ ആരാണ് പേടിക്കാത്തത് എന്ന് എം.എസ്. മണി ചോദിക്കുന്നു. അദ്ദേഹത്തിന് സ്വന്തം പ്രായത്തിന് ഇണങ്ങിയ പക്വത ഉണ്ടാകട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും മണി പറയുന്നു.
കലാകൗമുദി ഗ്രൂപ്പിന്റെ ഉടമയും കേരള കൗമുദിയുടെ മുഖ്യപത്രാധിപരും ആണ് എം.എസ്.മണി. കഴിഞ്ഞ നവംബര്‍ നാലാം തീയതി എഴുപതാം പിറന്നാള്‍ ആഘോഷിച്ച മണിയെക്കുറിച്ച് മാതൃഭൂമിയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള 'സപ്തതിയില്‍ എത്തിയ അക്ഷര പ്രഭു' എന്ന തലക്കെട്ടില്‍ രസകരമായ ലേഖനം എഴുതി. മംഗളം, വീക്ഷണം ദിനപ്പത്രങ്ങളിലും മണിയുടെ സപ്തതി ആഘോഷത്തെപ്പറ്റി കുറിപ്പുകളുണ്ടായിരുന്നു. കേരളകൗമുദി ഒഴികെ എല്ലാ പത്രങ്ങളിലും ആഘോഷ പരിപാടികളുടെ ചിത്രവും വാര്‍ത്തയും വന്നു. ചാനലുകളെല്ലാം മണിയുടെ അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്തു. എന്തേ മുഖ്യപത്രാധിപരുടെ വ്യക്തി ജിവിതത്തിലെ പ്രധാനപ്പെട്ട സംഭവത്തിന്റെ പൊതു പ്രാധാന്യത്തോട് കേരള കൗമുദി കണ്ണടച്ചു? മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതല്‍ ഒ.എന്‍.വി. കുറപ്പുവരെ കേരളത്തിലെ പ്രമുഖ വ്യക്തികള്‍ കുമാരപുരത്ത് മണിയുടെ വസതിയില്‍ എത്തി അദ്ദേഹത്തിനു സപ്തതി മംഗളം നേര്‍ന്നു. തലസ്ഥാനത്തുണ്ടായിട്ടും വി.എസ്. അച്യുതാനന്ദന്‍ അങ്ങോട്ടു തിരിഞ്ഞുനോക്കിയില്ല. 1961 മുതല്‍ മണിയെ തനിക്ക് അടുത്തു പരിചയമുണ്ടെന്ന് വി.എസ്. സമ്മതിക്കുന്നു. മണി കേരള കൗമുദിയുടെ ഡല്‍ഹി റിപ്പോര്‍ട്ടര്‍ ആയി പ്രവര്‍ത്തിച്ചു തുടങ്ങിയ വര്‍ഷമാണത്.
 
അത്രയും ദീര്‍ഘകാലത്തെ അടുപ്പമുണ്ടായിട്ടും ടെലിഫോണില്‍വിളിച്ച് കുശലം പറായന്‍ പോലുമുള്ള സൗമനസ്യം വി.എസ്. അച്യുതാനന്ദന് ഉണ്ടായില്ല. കേരള  കൗമുദിയും വി.എസ്. അച്യുതാനന്ദനും സമാനമായി ചിന്തിച്ചു. എം.എസ്.മണിയുടെ സപ്തതിയോട് സ്വന്തം പത്രവും വി.എസും പുലര്‍ത്തിയ വാചാലമായ മൗനത്തിന്റെ പൊരുള്‍ എന്ത് എന്ന് മണിയുടെ  വെളിപ്പെടുത്തിലിലൂടെ ഊഹിക്കാം. ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ അര്‍ത്ഥമറിയാവുന്നവര്‍ക്ക് കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ നിന്ന് എം.എസ്. മണിയെന്ന പേര് മായിച്ചുകളയാനാവില്ല. അച്ചടി മാധ്യമ രംഗത്ത് മണിയുടെ അനന്യമായ മുദ്രകള്‍ മായാതെ കിടക്കുന്നു. കേരള കൗമുദിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ നാലു ദശാബ്ദക്കാലം നയിച്ചതും നിയന്ത്രിച്ചതും അദ്ദേഹമാണ്. അതിനിടയില്‍ സംഭവിച്ച ചില അപഭ്രംശങ്ങളെക്കുറിച്ചാണ് മണി ഈയിടെ ഏറ്റുപറച്ചില്‍ നടത്തിയത്. ബുദ്ധിപരമായ സത്യസന്ധത നിഴലിക്കുന്ന കുറ്റസമ്മതങ്ങള്‍. മാധ്യമ പ്രവര്‍ത്തനം മലയാളത്തില്‍ നിഗൂഢവും അസത്യവും അന്തസാരവിഹീനവും അയിത്തീരുന്നത് എങ്ങനെയെല്ലാം  ആണെന്ന് ഒരു ഞെട്ടലോടെ നമ്മള്‍ തിരിച്ചറിയുന്നു. വാര്‍ത്തകളുടെ വസ്തുതയെപ്പറ്റി ജനങ്ങളെ സംശയാലുക്കളാക്കാന്‍ പ്രേരിപ്പിക്കുന്ന വെളിപ്പെടുത്തലാണ് മണി നടത്തിയത്. ന്യായാധിപന്മാരില്‍പ്പോലും ഇരുപതു ശതമാനം കള്ളനാണയങ്ങളുണ്ടെന്ന് മുമ്പ് ഒരു ജഡ്ജി പറഞ്ഞു. പത്രപ്രവര്‍ത്തകരുടെ നിത്യപ്രവര്‍ത്തനത്തില്‍ സത്യത്തിന്റെ ശതമാനം എത്രത്തോളമുണ്ടെന്ന് അറിയാന്‍ വായനക്കാര്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ല. ഓരോ വാര്‍ത്തവായിക്കുമ്പോഴും ഇതുനുണയോ നേരോ എന്ന് ഉറപ്പിക്കാനാവാതെ തെറ്റായ നിഗമനങ്ങളില്‍ ചെന്നുചാടുന്നു. നല്ലമനുഷ്യരെ കള്ളന്മാരായി  പരിചയപ്പെടാന്‍ ഇടവരുന്നു. പെരുംകള്ളന്മാരെ ആദര്‍ശകുസുമങ്ങളായി തെറ്റിദ്ധരിക്കുന്നു. ജീവിതം ഒരു വലിയ നുണയായി പരിണമിക്കുന്നു.
വാര്‍ത്തകളെ വിശ്വസിക്കുന്നവരുടെ ജീവിതം ഒരു ആംഗലേയ കവി പറഞ്ഞതുപോലെ; വെറും ശബ്ദകോലാഹലമാണ്. ഏതോ വിഡ്ഢി പറഞ്ഞ കടങ്കഥയാണ്. ഏങ്കിലും ഒരു വലിയ സംശയം ബാക്കി നില്‍ക്കുന്നു. മണി ഇങ്ങനെ ഉച്ചത്തില്‍ മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി?

No comments:

Post a Comment

Note: Only a member of this blog may post a comment.