Friday, November 4, 2011

രഹസ്യ ധാരണയുണ്ടായത് തിരുവനന്തപുരത്ത്



കണ്ണൂര്‍: ഇടതുഭരണകാലത്ത് തടവുകാര്‍ക്ക് ശിക്ഷാ ഇളവു നല്‍കാന്‍ ആര്‍ എസ് എസുമായി സി പി എം നേതാക്കള്‍ ചര്‍ച്ച നടത്തിയത് തിരുവനന്തപുരത്ത് നടന്ന രഹസ്യയോഗത്തില്‍.
ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി സി പി എമ്മിന്റെ കൊടുംക്രിമിനലായ അച്ചാരമ്പത്ത് പ്രദീപന്റെ ശിക്ഷാ ഇളവ് നടപ്പിലാക്കാനാണ് സി പി എം നേതൃത്വം ആര്‍ എസ് എസ്- ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനടക്കം പങ്കെടുത്തിരുന്നതായി സൂചനയുണ്ട്. പ്രദീപനെ ശിക്ഷാ ഇളവു നല്‍കി വിട്ടയക്കുന്നതിനെ ബി ജെ പി എതിര്‍ക്കരുതെന്ന ആവശ്യമാണ് സി പി എം നേതാക്കള്‍ മുന്നോട്ടു വെച്ചത്. ഇതിന് പ്രത്യുപകാരമായി ബി ജെ പി നേതൃത്വത്തിനു മുമ്പാകെ സി പി എം ഓഫറുകള്‍ നിരത്തി. ജയിലില്‍ കഴിയുന്ന ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കും ശിക്ഷാ ഇളവു നല്‍കി വിട്ടയക്കാമെന്നായിരുന്നു ഓഫര്‍. പ്രദീപനെ വിട്ടയക്കുന്നതിനെതിരേ ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് ടി കെ കൗസല്യ നല്‍കിയ ഹരജി പിന്‍വലിക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു. കൗസല്യ ഹരജി നല്‍കിയത് ബി ജെ പി നേതാവ് അഡ്വ പി എസ് ശ്രീധരന്‍ പിള്ള മുഖേനയായിരുന്നു. സി പി എം - ആര്‍ എസ് എസ് ധാരണ പ്രകാരം ശ്രീധരന്‍പിള്ള ഹരജിഭാഗത്തു നിന്ന് പിന്മാറി മറ്റൊരു അഭിഭാഷകനെ ഏല്‍പ്പിച്ച ശേഷം പരാതി പിന്‍വലിപ്പിച്ചു. ഇങ്ങനെയാണ് പ്രദീപന്റെ മോചനത്തിന് വഴിതെളിഞ്ഞത്.
പ്രദീപന്റെ മോചനത്തിനു പകരം ശിക്ഷാ ഇളവു നല്‍കി വിട്ടയച്ച് ബി ജെ പി തടവുകാരില്‍ കണ്ണൂര്‍ ജയിലില്‍ വെച്ച് 2004 ഏപ്രില്‍ ആറിന് നാദാപുരം സ്വദേശിയായ സി പി എം തടവുകാരന്‍ കെ പി രവീന്ദ്രനെ (40) കൊലപ്പെടുത്തിയ കേസിലെ പ്രതി ഫല്‍ഗുനനും ഉള്‍പ്പെട്ടിരുന്നു.
ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കെസിലെ ഒന്നാം പ്രതി പ്രദീപന് ശിക്ഷാ ഇളവു നല്‍കി വിട്ടയച്ച സംഭവം ബി ജെ പി- ആര്‍ എസ് എസ് അണികളെ ഏറെ ക്ഷുഭിതരാക്കിയതാണ്. ഇതിനു ബി ജെ പി  നല്‍കിയ വിശദീകരണം വളരെ വിചിത്രമായിരുന്നു. ഒരു പ്രദീപനെ മോചിപ്പിച്ചതു കൊണ്ട് നമ്മുടെ അമ്പതു പേരുടെയെങ്കിലും മോചനം സാധ്യമായെന്നായിരുന്നു ബി ജെ പി-ആര്‍ എസ് എസ്  നേതാക്കളുടെ പ്രതികരണം.  നമ്മുടെ അമ്പതു കുടുംബങ്ങള്‍ക്ക് സന്തോഷം പകരുന്ന തീരുമാനം ഇതിലൂടെയുണ്ടായെന്നും അണികളോട് വിശദീകരിച്ചു. പിന്നീട് പി എസ് ശ്രീധരന്‍പിള്ളയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഹരജിയില്‍ നിന്ന് താന്‍ പിന്മാറിയതെന്നായിരുന്നു പിള്ളയുടെ പ്രതികരണം.
അച്ചാരമ്പത്ത് പ്രദീപന്റെ ശിക്ഷാ ഇളവുകാര്യവും അതിനു പിന്നില്‍ നടന്ന സി പി എം- ബി ജെ പി ഒത്തുകളിയും സംബന്ധിച്ച് 'വീക്ഷണം' കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ തെളിവുണ്ടോയെന്നാണ് പ്രതിപക്ഷനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്. ജയകൃഷ്ണന്‍മാസ്റ്ററുടെ മാതാവിന്റെ ഹരജി പിന്‍വലിക്കാനിടയായ സാഹചര്യവും ഫല്‍ഗുനനടക്കമുള്ള ആര്‍ എസ് എസ് തടവുകാരുടെ മോചനവും എങ്ങനെ സംഭവിച്ചെന്നതിന് ഒരു പക്ഷേ കോടിയേരിക്കു മുന്നില്‍ പാര്‍ട്ടി രേഖകള്‍ തന്നെ കാണും തെളിവായി. കണ്ണൂരിലെ സി പി എം- ആര്‍ എസ് എസ് നേതാക്കള്‍ക്കെല്ലാം അറിയാവുന്ന ഈ വിഷയത്തില്‍ കോടിയേരി നടിക്കുന്ന അജ്ഞത തികഞ്ഞ കാപട്യമാണെന്ന് പാര്‍ട്ടി അണികള്‍ക്കും നന്നായിട്ടറിയാം.

No comments:

Post a Comment

Note: Only a member of this blog may post a comment.