Friday, November 18, 2011

സി.പി.എം ധാരണ പുറത്തായി; മുഖം രക്ഷിക്കാന്‍ നുണക്കഥയുമായി ബി.ജെ.പി നേതൃത്വം രംഗത്ത്


 ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളിയെ ജയിലില്‍ നിന്നിറക്കാന്‍ സി.പി.എമ്മുമായുണ്ടാക്കിയ നാണംകെട്ട ധാരണ പുറത്തായതോടെ ബി.ജെ.പി കടുത്ത സമ്മര്‍ദ്ദത്തിലായി.
ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനാചരണം ഡിസംബര്‍ ഒന്നിന് ആചരിക്കാനിരിക്കേ അണികള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുതിയ കഥകളുമായി രംഗത്തു വന്നിരിക്കുകയാണ് നേതാക്കള്‍. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊലക്കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എം നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യചര്‍ച്ച നടത്തിയിരുന്നുവെന്നാണ് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസിന്റെ വെളിപ്പെടുത്തല്‍. ഏഴു വര്‍ഷം മുമ്പ് നടന്ന ചര്‍ച്ചയെ കുറിച്ച് കഴിഞ്ഞ ദിവസമാണത്രേ ബി.ജെ.പി നേതാക്കള്‍ക്ക് വിവരം ലഭിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നു പറഞ്ഞ കൃഷ്ണദാസ് പത്രലേഖകര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു സി.പി.എം നേതാവിന്റേയും പേര് പറയാതെ ഉരുണ്ടു കളിച്ചു. സി.പി.എമ്മിനോടുള്ള വിധേയത്വം ഇതോടെ വീണ്ടും മറനീക്കി. ഒന്നാം പ്രതി അച്ചാരമ്പത്ത് പ്രദീപനെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിച്ചത് രാഷ്ട്രീയപരിഗണന വെച്ചല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണത്രേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ബി.ജെ.പി നേതൃത്വമിടപെട്ട് പിന്‍വലിപ്പിച്ചത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് കൗസല്യ ബി.ജെ.പി നേതാവ് അഡ്വ ശ്രീധരന്‍പിള്ള മുഖേനയാണ് ഹര്‍ജി നല്‍കിയിരുന്നത്. രാഷ്ട്രീയപരിഗണനയോടെയല്ല തടവുകാര്‍ക്ക്  ശിക്ഷാ ഇളവു നല്‍കുന്നതെന്ന് ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചപ്പോള്‍ കേസുമായി മുന്നോട്ടു പോകുന്നതില്‍ കാര്യമില്ലെന്ന് മനസിലാക്കിയാണ് ഹര്‍ജി പിന്‍വലിച്ചതെന്ന് കൃഷ്ണദാസ് പറഞ്ഞു. ശ്രീധരന്‍പിള്ള മാറി മറ്റൊരു അഭിഭാഷകനെ ഹര്‍ജി പിന്‍വലിപ്പിക്കാന്‍ ചുമതലപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നാഷണല്‍ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ പോയപ്പോഴാണ് മറ്റൊരഭിഭാഷകനെ കേസേല്‍പ്പിച്ചതെന്നായിരുന്നു കൃഷ്ണദാസിന്റെ വിശദീകരണം.
 
ഇതേ സമയം സെന്‍ട്രല്‍ ജയിലില്‍ സി.പി.എം തടവുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്റെ മോചനം ഉറപ്പിച്ച ശേഷമല്ലേ പ്രദീപന്റെ മോചനത്തിനെതിരായ ഹര്‍ജി പിന്‍വലിച്ചതെന്ന ചോദ്യത്തിനും കൃഷ്ണദാസ് വ്യക്തമായ ഉത്തരം നല്‍കിയില്ല. ബി.ജെ.പി പ്രവര്‍ത്തകരെ മോചിപ്പിച്ചിട്ടുണ്ടാകാം എന്ന് ഒഴുക്കന്‍മട്ടില്‍ പ്രതികരിച്ചു.പാലക്കാട്ട് അടുത്തിടെ ചേര്‍ന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ സി.പി.എമ്മിനെ മുഖ്യശത്രുവായി കാണേണ്ടെന്നും കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്നുമുള്ള പുതിയ രാഷ്ട്രീയനിലപാട് പാര്‍ട്ടി സ്വീകരിച്ചതാണ്.ജയകൃഷ്ണന്‍ ബലിദാനദിനം പോലും നാടെങ്ങുമുള്ള അനുസ്മരണസമ്മേളനങ്ങളൊഴിവാക്കി പരിമിതമായ ഒരിടത്ത് മാത്രം ആചരിക്കുന്നത് സി.പി.എം വിധേയത്വത്തിന്റെ ഭാഗമാണ്. രക്തസാക്ഷികളേയും ജീവിക്കുന്ന രക്തസാക്ഷികളേയും മറന്നു കൊണ്ട് സി.പി.എമ്മുമായി കൈകോര്‍ത്ത് നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിന്റെ കാപട്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും തുറന്നു പറഞ്ഞതോടെ  തീര്‍ത്തും പ്രതിരോധത്തിലായി ബി ജെ പി നേതാക്കള്‍. പാലക്കാട് സംസ്ഥാനസമിതി യോഗത്തിനു ശേഷം പാര്‍ട്ടിയുടെ നിലപാട് അണികളില്‍ സൃഷ്ടിച്ചിട്ടുള്ള കടുത്ത ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും തടയിടാനാണ് വാലും തലയുമില്ലാത്ത ആരോപണവുമായി സി.പി.എമ്മിനെ നോവിക്കാതെ കൃഷ്ണദാസ് പത്രസമ്മേളനം നടത്തിയത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ സി.പി.എം നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിന് കോടതിയെ സമീപിക്കാമായിരുന്നു. അതൊന്നും ചെയ്യാതെ കോണ്‍ഗ്രസ് നേതാക്കളും സി പി എം നേതാക്കളും ധാരണയുണ്ടാക്കി അന്വേഷണം നടത്താതിരുന്നുവെന്ന് പറയുന്നതിലെ പൊള്ളത്തരം ഊഹിക്കാവുന്നതേയുള്ളൂ.

No comments:

Post a Comment

Note: Only a member of this blog may post a comment.