Thursday, September 15, 2011

അപഹാസ്യ രഥത്തിലേറാന്‍ അദ്വാനിക്ക് അതിമോഹം


അഴിമതിക്കെതിരെ ചന്ദ്രഹാസമിളക്കി അണ്ണാ ഹസാരെ സ്വന്തമാക്കിയ 'പരസ്യമൂല്യം' ബി.ജെ.പിയിലെ ഏറ്റവും കൗശലക്കാരനായ സീനിയര്‍ നേതാവിനെ ഒട്ടൊന്നുമല്ല അസൂയാലുവാക്കിയതെന്ന് വ്യക്തമായി.
അഴിമതിയുടെ തന്നെ പേരുപറഞ്ഞുള്ള രഥയാത്രയ്ക്ക് എല്‍.കെ അദ്വാനി കോപ്പുകൂട്ടുന്നതിനുപിന്നില്‍ ഹസാരെയെ മറികടക്കാനുള്ള വ്യാമോഹമാണ് ഒന്നാം സ്ഥാനത്തെങ്കിലും ദേശീയ പ്രതിപക്ഷ നിരയില്‍ ചിലര്‍ നടത്തുന്ന അമിതാഭിനയത്തിലുള്ള അസ്വാസ്ഥ്യവും പ്രേരകമായിട്ടുള്ളതായാണ് സൂചന. ഇനിയും ഒരങ്കത്തിന് യൗവനം ബാക്കിയാണെന്ന് തെളിയിച്ചു കാണിക്കാനുള്ള ആഗ്രഹം അദ്വാനി മറച്ചുവയ്ക്കുന്നേയില്ല. സുഷമ സ്വരാജും, അരുണ്‍ ജെയ്റ്റ്‌ലിയും, നിധിന്‍ ഗഡ്കരിയുമൊക്കെ നടത്തുന്ന ഇളകിയാട്ടങ്ങളെ നിഷ്പ്രഭമാക്കി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തന്നെ ഉയര്‍ത്തിക്കാട്ടാന്‍ പശ്ചാത്തലമൊരുക്കുന്നതിനുള്ള കുറുക്കുവഴി ഈ രഥയാത്രയില്‍ തെളിഞ്ഞുകിട്ടുമെന്നും അദ്വാനി കണക്കുകൂട്ടുന്നുണ്ടാകണം. രാമജന്മഭൂമിയിലേയ്ക്ക് കര്‍സേവകരെ സംഘടിപ്പിക്കാന്‍ 1989ല്‍ രഥയാത്ര നടത്തിയ അദ്വാനി ബാബറി മസ്ജിദിന്റെ ഉന്മൂലനത്തിലൂടെ ലക്ഷ്യമിട്ട പ്രധാനമന്ത്രിക്കസേര കൈവിട്ടുപോയത് ചരിത്രസംഭവം. സംഘപരിവാറുമായി ഇണങ്ങിയും പിണങ്ങിയുമുള്ള അഭ്യാസമുറകളും മുഹമ്മദലി ജിന്നയോടുള്ള ആദരപ്രകടനവുമെല്ലാം ഈ മോഹഭംഗത്തിന്റെ അനന്തരഫലമായിരുന്നു. എന്നിട്ടും മഹാ തന്ത്രശാലിയായ വയോധിക നേതാവിന്റെ ഇരിപ്പിടം നേതൃനിരയുടെ മൂലയിലേയ്ക്ക് ഒതുങ്ങി.
 
ഇന്ത്യയെ വര്‍ഗ്ഗീയ ദുരന്തത്തിലേയ്ക്ക് നയിച്ച അദ്വാനിയുടെ ആദ്യരഥയാത്ര പോലെ ജനശ്രദ്ധ പിടിച്ചുപറ്റാനോ ആപത്ത് വരുത്തി വയ്ക്കാനോ ഇടയാക്കില്ല ഇപ്രാവശ്യത്തെ നീക്കമെന്ന് തീര്‍ച്ച. അണ്ണാ ഹസാരെ കയ്യടക്കിയ 'പോപ്പുലാരിറ്റി' തട്ടിയെടുക്കാമെന്നത് വെറും വ്യാമോഹം മാത്രവും. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പോലുമുള്ള ധാര്‍മ്മികത നഷ്ടമായിരിക്കുകയാണ് ബി.ജെ.പിക്കെന്ന് തിരിച്ചറിയാനുള്ള വിവേകം ഈ രാഷ്ട്രീയ ഭീഷ്മാചാര്യന് നഷ്ടമായിട്ടുണ്ടാകാം. കര്‍ണ്ണാടകയില്‍ യദിയൂരപ്പ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഒഴിഞ്ഞത് ഇന്ത്യ കണ്ട അഴിമതി നാടകങ്ങളിലെ ഏറ്റവും പരിഹാസ്യമായ രംഗാന്ത്യത്തിലായിരുന്നു. അവിടെ ഇപ്പോഴും മുടിചൂടാമന്നനായി വാഴുന്ന യദിയൂരപ്പയുടെയും നിരവധി ബി.ജെ.പി നേതാക്കളുടെയും ഉറ്റതോഴനാണ് നിലവില്‍ കാരാഗൃഹ വാസമനുഷ്ഠിക്കുന്ന ഖനിമാഫിയാ തലവന്‍ ജനാര്‍ദ്ദന റെഡ്ഡി. മുന്‍ മന്ത്രി കൂടിയായ റെഡ്ഡിയുടെ താളത്തിനനുസരിച്ച് യദിയൂരപ്പ അഴിമതി ഭരണം നടത്തിയപ്പോള്‍ അദ്വാനിയും പാര്‍ട്ടിയും അത് ആസ്വദിച്ച് ആനന്ദസ്വര്‍ഗ്ഗത്തിലായിരുന്നു. പതിനാറായിരം കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് ലോകായുക്ത കണ്ടെത്തിയ റെഡ്ഡിയേയും കൂട്ടാളികളേയും റെഡ്ഡിയുടെ തലതൊട്ടപ്പന്മാരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടായിരുന്നു അദ്വാനി രഥയാത്ര പ്രഖ്യാപിക്കേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ഖനിമാഫിയ അഴിഞ്ഞാടുന്ന ബെല്ലാരിയില്‍ നിന്നുതന്നെ യാത്ര 'ഫഌഗ് ഓഫ്' ചെയ്ത് അണ്ണാ ഹസാരെയേക്കാള്‍ മാധ്യമശ്രദ്ധ നേടാനും കഴിയുമായിരുന്നു.
 
അദ്വാനി ഉപപ്രധാനമന്ത്രിയായിരിക്കവേ വീരമൃത്യു പ്രാപിച്ച കാര്‍ഗില്‍ യുദ്ധവീരന്മാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ശവപ്പെട്ടി വാങ്ങിയ ഇടപാടില്‍ പോലും അഴിമതി അരങ്ങേറിയത് രാജ്യത്തിന് മറക്കാനാകുന്നതെങ്ങനെ? ഗഡ്കരിക്കും വെങ്കയ്യ നായിഡുവിനും മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങുന്നത് ഒളി ക്യാമറ ഒപ്പിയെടുത്ത് ജനങ്ങളെ കാണിച്ചത് പാര്‍ട്ടി വലിയ കാര്യമായി പരിഗണിച്ചിട്ടുണ്ടാകില്ല. വോട്ടിന് കോഴക്കേസില്‍ അറസ്റ്റിലായ രണ്ട് എം.പിമാര്‍ ബി.ജെ.പിക്കാരാണെന്നതിന് അദ്വാനി പറയുന്ന ന്യായങ്ങള്‍ എന്തായിരുന്നാലും ജനകോടികളെ കബളിപ്പിക്കാന്‍ അതുകൊണ്ടൊന്നും ആകില്ല. ഉത്തരഖണ്ഡില്‍ പൊഖ്രിയാലിനെ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നിലെ അഴിമതിക്കും ന്യായവാദങ്ങള്‍ നിരത്താന്‍ അദ്വാനിക്ക് കഴിഞ്ഞേക്കും. ഇക്കാര്യങ്ങളെ ചൊല്ലിയായാലും അല്ലെങ്കിലും അദ്വാനിയുടെ രഥയാത്രയെ പുച്ഛിച്ചു തള്ളുകയാണ് ഹസാരെ. അദ്വാനിയുടെ മനസിലിരിപ്പ് മുന്‍കൂട്ടി കാണാനുള്ള വക്രബുദ്ധി ഹസാരെയില്‍ ബാക്കിയുണ്ടെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ രാം ലീല അഭ്യാസപരിപാടികള്‍ നിരീക്ഷിച്ചവര്‍ക്ക് സംശയമുണ്ടാകില്ല. ബി.ജെ.പിയില്‍ നിന്ന് നന്മയുണ്ടാകില്ലെന്ന തിരിച്ചറിവിനുപുറമെ സ്വന്തം പ്രഭാവലയത്തില്‍ വിള്ളലുണ്ടാകരുതെന്ന മോഹവും ഹസാരെയ്ക്കുള്ളതായി അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.