Thursday, September 1, 2011

രാപകല്‍ വിശ്രമില്ലാത്ത മുഖ്യമന്ത്രിക്കൊപ്പം ഇനി ഓഫീസും


തിരുവനന്തപുരം: രാപകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശൈലി അദ്ദേഹത്തിന്റെ ഓഫീസിലേക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ഇന്നുമുതല്‍ മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങി. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ രാവിലെ 9 ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഏതു സമയത്തും ടോള്‍ ഫ്രീ നമ്പര്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാം. പരാതികള്‍ ബി.എസ്.എന്‍.എല്‍ന്റെ ഏതു ഫോണില്‍ നിന്നും 1076 എന്ന നമ്പരിലും മറ്റു സര്‍വീസുകളില്‍ നിന്ന് 1800 425 1076 എന്ന നമ്പരിലും അറിയിക്കാം.

വിദേശത്തുനിന്നു വിളിക്കുന്നവര്‍ 04711076 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. www.keralacm.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരാതികള്‍ അതിവേഗം പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് കോള്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നു ഷിഫ്റ്റിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തനം ഇരുപത്തിനാല് മണിക്കൂറും ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടി അധികാരമേറ്റയുടന്‍ മുഖ്യമന്ത്രി നടപ്പാക്കിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ ലോകമാധ്യമങ്ങള്‍ ഇത് ആഘോഷിക്കുകയും ചെയ്തിരുന്നു. ഭരണകാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനുമാണ് തന്റെ ഓഫീസില്‍ നടക്കുന്ന മുഴുവന്‍ കാര്യങ്ങളും തത്സമയം സംപ്രേഷണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അന്ന് അറിയിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്നതിനു പുറമെ അവിടെ നടക്കുന്ന പത്രസമ്മേളനങ്ങള്‍, യോഗങ്ങള്‍, മന്ത്രിസഭാ തീരുമാന പ്രഖ്യാപനങ്ങള്‍ എന്നിവയും ഈ വെബ്‌സൈറ്റിലൂടെ പരസ്യമാക്കിവരികയാണ്. മുഖ്യമന്ത്രിയുടെ പ്രസ് റിലീസുകള്‍ ഇതില്‍ വായിക്കാനാകും. കൂടാതെ അദ്ദേഹത്തിന് പരാതി നല്‍കാനും സൗകര്യമുണ്ട്. നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും മൊബൈലിലോ ഹാന്‍ഡി ക്യാമറയിലോ പകര്‍ത്തി മുഖ്യമന്ത്രിയ്ക്ക് അയച്ചുകൊടുക്കാനുള്ള സംവിധാനവും വെബ്‌സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യന്ത്രിയെക്കുറിച്ച് പത്രങ്ങളില്‍ വരുന്ന കാര്‍ട്ടൂണുകള്‍, മുഖ്യമന്ത്രിയുടെ പുസ്തകങ്ങള്‍ തുടങ്ങിയവും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതേസമയം അതീവമായ സുതാര്യത മുഖ്യമന്ത്രിയുടെ ഓഫീസിനെ പലതവണ വെട്ടിലാക്കുകയും ചെയ്തിരുന്നു.

ഓഫീസില്‍ നിന്നും ലൈവ് സംപ്രേഷണം നടക്കുന്നതിനിടെ ഉറങ്ങിയ ഓഫീസ് ജീവനക്കാരനും മുഖ്യമന്ത്രിയാണെന്നു പ്രഖ്യാപിച്ച് ഉമ്മന്‍ചാണ്ടിയുടെ കസേരയിലിരുന്ന ചെല്ലചന്ദ്രജോസ് എന്ന യുവാവുമെല്ലാം ഇതിനു ഉദാഹരണം.   സംപ്രേഷണം ആരംഭിച്ച ആദ്യആഴ്ചതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ദൃശ്യങ്ങള്‍ പകര്‍ത്തി യൂട്യൂബില്‍ ചിലര്‍ പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ ക്യാബിനിലെത്തി ഒരു വനിതാജീവനക്കാരിയും ഒരു പുരുഷജീവനക്കാരനും തറ തൂത്തു തുടച്ചു വൃത്തിയാക്കുന്നതായിരുന്നു ഈ ദൃശ്യം. മുഖ്യമന്ത്രിയുടെ ക്യാബിന്‍ വൃത്തിയാക്കുന്നതു കാണാനുള്ള ഭാഗ്യം അങ്ങിനെ പൊതുജനത്തിനു ലഭിച്ചുവെന്നര്‍ഥം. അതിനുപിന്നാലെയാണ് ജീവനക്കാരന്‍ ഉറങ്ങുന്ന വീഡിയോ വന്നത്. എങ്കിലും ഇതൊന്നും വകവയ്ക്കാതെ ഉമ്മന്‍ചാണ്ടി വീണ്ടും സുതാര്യതയില്‍ മുറുകെപ്പിടിച്ചടിരിക്കുകയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.