Thursday, September 15, 2011

സിപിഎം ഔദ്യോഗിക പക്ഷം വി എസിനെ കുരുക്കാനുള്ള രേഖകള്‍ ചാനലില്‍ നിന്നു ശേഖരിച്ചു


വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി എസ്‌ അരുണ്‍കുമാറുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടെ മുഴുവന്‍ രേഖകളും സ്വകാര്യ ചാനലില്‍നിന്ന്‌ സിപിഎം ഔദ്യോഗിക പക്ഷം സമാഹരിച്ചു. ഇരുപതാം പാര്‍ട്ടി കോഗ്രസിനു മുന്നോടിയായി ഇന്നാരംഭിക്കുന്ന സിപിഎം ബ്രാഞ്ച്‌ സമ്മേളനങ്ങളില്‍ വി എസ്‌ പക്ഷത്തിനെതിരേ ഉപയോഗിക്കാനാണിത്‌.
ഔദ്യോഗിക പക്ഷത്തെ രണ്ടാമനായ പ്രമുഖ നേതാവ്‌ നേരിട്ടാണ്‌ ചാനലില്‍ നിന്ന്‌ രേഖകള്‍ ശേഖരിച്ചത്‌. അരുണ്‍കുമാറിനെതിരേ നടക്കുന്ന വിജിലന്‍സ്‌ അന്വേഷണങ്ങളുടെ രേഖകളും നിയമസഭാ സമിതി അന്വേഷണത്തിന്‌ ഇടയാക്കിയ ഐസിടി ഡയറക്ടര്‍ നിയമനത്തിന്റെ വിശദാംശങ്ങളും നേരത്തേ ശേഖരിച്ചിരുന്നു. ഇതിനു പുറമേ, അരുണ്‍കുമാര്‍ വിവാദ സ്വാമി സന്തോഷ്‌ മാധവനില്‍ നിന്ന്‌ 70 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ വിശദാംശങ്ങള്‍, കൊട്ടാരക്കര സ്വദേശി അമ്പലക്കര സന്തോഷില്‍ നിന്ന്‌ അഞ്ചു ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ പകര്‍പ്പ്‌, ഇതുമായി ബന്ധപ്പെട്ട്‌ തുടര്‍ച്ചയായി ചാനല്‍ സംപ്രേഷണം ചെയ്‌ത വാര്‍ത്തകളുടെ വിഡിയോ ടേപ്പ്‌ തുടങ്ങിയവയാണ്‌ ചാനലില്‍ നിന്ന്‌ വാങ്ങിയത്‌. സമ്മേളനത്തീയതികള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേതെന്നയായിരുന്നു ഇത്‌. 
ഇരുപതോളം വിഷയങ്ങളാണ്‌ വി എസിനെ വെട്ടിലാക്കാന്‍ അരുണ്‍കുമാറുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷം ഉയര്‍ത്തുകയെന്നാണു സൂചന. അരുണ്‍കുമാറിന്റെ മക്കാവു ദ്വീപ്‌ സന്ദര്‍ശനവും കെ എ റഊഫുമായുള്ള സൗഹൃദവും ഇതില്‍പെടും. തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബില്‍ മകനുള്ള അംഗത്വത്തെ വി എസ്‌ ന്യായീകരിച്ചതാണ്‌ മറ്റൊന്ന്‌. പണമുള്ളവര്‍ ഇത്തരം ക്ലബുകളില്‍ അംഗത്വമെടുക്കുമെന്ന മട്ടിലാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ വി എസ്‌ സംസാരിച്ചത്‌. പാര്‍ട്ടി അംഗങ്ങളുടെ മദ്യപാനത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്നതിനിടെ വി എസ്‌ സ്വന്തം മകനു വിവിഐപി ക്ലബിലുള്ള അംഗത്വം ന്യായീകരിച്ചത്‌ പ്രാദേശിക കമ്മിറ്റികളില്‍ വന്‍ ചര്‍ച്ചയാകും.
ഇരുപതാം പാര്‍ട്ടി കോഗ്രസില്‍ വി എസിനെ വീണ്ടും പൊളിറ്റ്‌ബ്യൂറോ അംഗമാക്കാനുള്ള ഏതു സാഹചര്യവും തടയാന്‍ തീരുമാനിച്ചാണ്‌ ഔദ്യോഗിക പക്ഷം നീങ്ങുന്നത്‌. മകന്റെ അഴിമതികളെ ന്യായീകരിക്കുന്നുവെന്നും മകനെതിരായ ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നതും അതീവ ഗൗരവത്തോടെ താഴേത്തട്ടില്‍ നിന്നുതന്നെ ചര്‍ച്ചയാക്കുക വഴി ഇതു സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വി എസ്‌ ആകട്ടെ ഈ തന്ത്രത്തെ പ്രതിരോധിക്കാനാകാത്ത വിധം മകനുമായി ബന്ധപ്പെട്ട്‌ കുരുക്കില്‍പെട്ടിരിക്കുകയുമാണ്‌.
വി എസ്‌ മുഖ്യമന്ത്രിയായിരിക്കെ വിജിലന്‍സ്‌ ഡയറക്ടറാക്കാന്‍ ശുപാര്‍ശ ചെയ്‌ത നെറ്റോ ഡെസ്‌മണ്ടിനെതിരെ ഇപ്പോള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണത്തിനു പിന്നിലും മകനെതിരായ അന്വേഷണമാണെന്നു വാര്‍ത്ത വിരുന്നു. പ്രമുഖ മലയാളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയുടെ ആയിരക്കണക്കിന്‌ കോപ്പികളും ഔദ്യോഗിക പക്ഷം എടുത്തിട്ടുണ്ട്‌. സന്തോഷ്‌മാധവന്റെ പരാതിയില്‍ കേസെടുത്ത്‌ അന്വേഷണം വേണമെന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ നെറ്റോ ഡെസ്‌മണ്ട്‌ നിലപാടെടുത്തതാണ്‌ വി എസിനെ പ്രകോപിപ്പിച്ചത്‌ എന്നായിരുന്നു വാര്‍ത്ത. വൈക്കത്ത്‌ നൂറേക്കറിലധികം വയല്‍ നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞ്‌ അരുണ്‍കുമാറും ഗവമെന്റ്‌ പ്ലീഡറായിരുന്ന ദീപ്‌തി പ്രസേനനും ചേര്‍ന്ന്‌ 80 ലക്ഷം രൂപ വാങ്ങിയൊയിരുന്നു സന്തോഷ്‌ മാധവന്റെ പരാതി. അരുണ്‍കുമാര്‍ 70ഉം ദീപ്‌തി പത്തും. ജയിലില്‍ നിന്നു സന്തോഷ്‌ മാധവന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ അയച്ച പരാതിയെക്കുറിച്ച്‌  നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.