Wednesday, September 7, 2011

ജയരാജന് പണം നല്‍കിയതിന് തെളിവുണ്ട്: ബര്‍ലിന്‍

കണ്ണൂര്‍: സിപിഎമ്മില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീട് നിര്‍മ്മിക്കുന്നതിനായി രണ്ടുഘട്ടമായി 20000രൂപ കൈപ്പറ്റിയതിന് തെളിവുകള്‍ ഹാജരാക്കാമെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. ജയരാജന്റെ വക്കീല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ബര്‍ലിന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടു ചെ്ക്കുകളായിട്ടാണ് പണം നല്‍കിയതെന്ന് ബര്‍ലിന്‍ പറയുന്നു.

താന്‍ കുഞ്ഞനന്തന്‍ നായരില്‍നിന്ന് പണം ചോദിച്ചുവാങ്ങിയെന്നതുള്‍പ്പെടെ അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങള്‍ അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ജയരാജന്‍ ബര്‍ലിന് വക്കീല്‍ നോട്ടീസ് അയച്ചത്.

ഇതിന് കണ്ണൂരിലെ അഡ്വക്കേറ്റ് സി.കെ രത്‌നാകരന്‍ മുഖേന നല്‍കിയ മറുപടിയിലാണ് ബര്‍ലിന്‍ പണം വാങ്ങിയതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. തെളിവുകള്‍ ഉചിതമായസമയത്ത് കോടതിയില്‍ ഹാജരാക്കാമെന്നും മറുപടിയില്‍ പറയുന്നുണ്ട്.

ആഗസ്ത് 19ന് നാറാത്ത് സംഘടിപ്പിച്ച സിപിഎംപൊതുയോഗത്തില്‍ പ്രസംഗിക്കവെ കുഞ്ഞനന്തന്‍ നായര്‍ അച്ചാരം പറ്റിയ ചാരനാണെന്ന് പി.ജയരാജന്‍ വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികരണമെന്ന നിലയില്‍ ഞാന്‍ ചാരവൃത്തിക്ക് അച്ചാരം പറ്റിയിട്ടുണ്ടെങ്കില്‍ അതിലൊരു പങ്ക് ജയരാജനും പറ്റിയിട്ടുണ്ടെന്ന് കുഞ്ഞനന്തന്‍ നായര്‍ പ്രതികരിച്ചിരുന്നു.

ഇതിനെതിരെയാണ് ജയരാജന്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. നോട്ടീസില്‍ ആരോപിക്കുന്നതുപോലെ താന്‍ ജയരജനെതിരെ യാതൊരു അപകീര്‍ത്തികരമായ പ്രസ്താവനയും നടത്തിയിട്ടില്ലെന്നും ബര്‍ലിന്‍ മറുപടിയില്‍ പറയുന്നു.

ജയരാജന്‍ ഒട്േടറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായിരുന്നുവെന്നും ഒരു കേസില്‍ ശിക്ഷിച്ചതുകാരണം അദ്ദേഹത്തിന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കിയിരുന്നു എന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിസ്ഥാനം മഹത്തായ പദവിയാകുന്നത് അതൊരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാകുമ്പോള്‍ മാത്രമാണെന്നും എന്നാല്‍ ലൈംഗിക അപവാദത്തില്‍പ്പെട്ട് രണ്ട് ജില്ലാസെക്രട്ടറിമാരെ പുറത്താക്കിയ സാഹചര്യത്തില്‍ ഈ പദവിയെ അത്രമഹത്തായ പദവിയായി കാണാന്‍ കഴിയില്ലെന്നും മറുപടിയില്‍ പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.