Tuesday, September 6, 2011

വി എസ്‌ പക്ഷത്തെ തുടച്ചുനീക്കാന്‍ മാസ്റ്റര്‍പ്ലാന്‍

പാര്‍ട്ടികോണ്‍ഗ്രസിനു മുന്നോടിയായ സിപിഎം സമ്മേളനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്‌ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ വി എസ്‌ പക്ഷത്തിന്റെ പിടി പൂര്‍ണമായും ദുര്‍ബലമാക്കാനുള്ള തന്ത്രങ്ങള്‍ക്ക്‌ അവസാന രൂപമായി. ഔദ്യോഗികപക്ഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്‌ സമ്മേളനത്തെ നേരിടാന്‍ തയ്യാറാകുന്നത്‌. നിലവില്‍ വി എസ്‌ പക്ഷ സെക്രട്ടറിമാരുള്ള പത്തനംതിട്ട, കൊല്ലം ജില്ലാ കമ്മിറ്റികളില്‍ കൂടി ഔദ്യോഗിക പക്ഷ സെക്രട്ടറിമാര്‍ വരും. എന്നാല്‍ ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്തഗോപനെ മാത്രമാണു മാറ്റുക. കൊല്ലം ജില്ലാ സെക്രട്ടറി രാജഗോപാല്‍ തുടരും. അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്കു പാതി ചാഞ്ഞാണു നില്‍പെന്നും ഈ സമ്മേളനത്തോടെ പൂര്‍ണമായി മാറുമെന്നും വ്യക്തമായ സൂചനകളുണ്ട്‌.
ഒദ്യോഗിക പക്ഷം പതിനാലു ജില്ലകളിലും ആധിപത്യമുറപ്പിക്കുന്നതോടെ വിഎസ്‌ പക്ഷമെന്നാല്‍ വിഎസ്‌ മാത്രമാകുമെന്ന്‌ ഔദ്യോഗിക പക്ഷത്തെ പ്രമുഖരുടെ നിരയിലുള്ള കേന്ദ്ര കമ്മിറ്റി അംഗം സ്‌കൂപ്‌ഇന്ത്യയോടു പറഞ്ഞു. വി എസ്‌ പക്ഷക്കാരനെന്നു പറയാവുന്ന പ്രമുഖന്‍ മുന്‍ എംപി കെ ചന്ദ്രന്‍ പിള്ള മാത്രമാകും. എസ്‌ ശര്‍മ, സിഎസ്‌ സുജാത എന്നീ പ്രമുഖര്‍ വി എസ്‌ പക്ഷത്തല്ല ഉണ്ടാവുക. എറണാകുളത്തെ പോരുമായി ബന്ധപ്പെട്ട്‌ ശര്‍മക്കെതിരേയും ചില ആരോപണങ്ങള്‍ക്ക്‌ കളമൊരുങ്ങിയിരുന്നു. അതിനു തുടര്‍ച്ചയായി ആടിത്തുടങ്ങിയ ശര്‍മ ഇപ്പോള്‍ വിഎസ്‌ പക്ഷത്തെ മുന്നണിപ്പോരാളിയല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ മല്‍സരിക്കുന്നതുമായി ബന്ധപ്പെട്ടുതന്നെ സുജാത ഔദ്യോഗിക പക്ഷത്തേക്കു മാറി. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇവരുടെയൊക്കെ സാന്നിധ്യത്തിലാണ്‌ കഴിഞ്ഞ മാസം വി എസ്‌ ഔദ്യോഗിക പക്ഷത്തിന്റെ രൂക്ഷ വിമര്‍ശനത്തിന്‌ വിധേയനായത്‌. ജെ മേഴ്‌സിക്കുട്ടിയല്ലാതെയാരും വിഎസിനു വേണ്ടി ഒരു വാക്കുപോലും മിണ്ടിയുമില്ല.
ഇപ്പോള്‍തന്നെ എല്ലാ ജില്ലാ കമ്മിറ്റികളിലും ഔദ്യോഗിക പക്ഷത്തിനാണ്‌ ആധിപത്യം. ഒരിടത്തുപോലും ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ വി എസ്‌ പക്ഷത്തിനു ഭൂരിപക്ഷമില്ല. കൊല്ലത്തും പത്തനംതിട്ടയിലും ജില്ലാ സെക്രട്ടറിമാരുണ്ടെന്നു മാത്രം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സമ്മേളനത്തില്‍, മലപ്പുറം ജില്ലാ സെക്രട്ടറി ഉമര്‍ മാസ്റ്റര്‍ മാറിയേക്കുമെന്നു സൂചനയുണ്ടെങ്കിലും അത്‌ പ്രായാധിക്യം കൊണ്ടാണ്‌. ഇടുക്കി ജില്ലാ സെക്രട്ടറി മണിയുള്‍പ്പെടെ മുന്‍ വി എസ്‌ പക്ഷക്കാരൊക്കെ തുടരും. അതേസമയം, വി എസിന്റെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കുട്ടനാട്‌ ഒഴികെയുള്ള ഏരിയാ കമ്മിറ്റികള്‍ കൈവിട്ടുപോയിക്കഴിഞ്ഞെന്നാണു വി എസ്‌ പക്ഷത്തിന്റെ മുന്‍കൂര്‍ വിലയിരുത്തല്‍. നേരത്തേ ഒമ്പതെണ്ണം മാത്രമായിരുന്ന ഏരിയാ കമ്മിറ്റികള്‍ ഇപ്പോള്‍ 17 എണ്ണമാണ്‌. ഏരിയാ കമ്മിറ്റികളുടെ വിഭജനത്തോടെയാണിത്‌. ഒമ്പതെണ്ണമായിരുന്നപ്പോള്‍ കുട്ടനാടും ഹരിപ്പാടുമായിരുന്നു വി എസ്‌ പക്ഷത്ത്‌. പിന്നീട്‌ ഹരിപ്പാടും മറുപക്ഷത്തേക്കു ചാഞ്ഞു.
അതിനിടെ, വി എസിന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരായ യുഡിഎഫ്‌ ആരോപണങ്ങളോട്‌ പ്രതിരോധിക്കാന്‍ രംഗത്തുവരാതിരുന്ന ഔദ്യോഗിക പക്ഷം സമ്മേളനങ്ങളില്‍ മുഖ്യ ചര്‍ച്ചയാക്കി മാറ്റാനുദ്ദേശിക്കുന്നത്‌ ഈ അഴിമതിക്കഥകളാണ്‌. അരുണ്‍കുമാറുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പതിനായിരക്കണക്കിനു കോപ്പികളാണ്‌ സംസ്ഥാന വ്യാപകമായി ഔദ്യോഗിക പക്ഷം സമാഹരിക്കുന്നത്‌. ചില ചാനല്‍ ക്ലിപ്പിംഗുകളും ശേഖരിച്ചിട്ടുണ്ട്‌

No comments:

Post a Comment

Note: Only a member of this blog may post a comment.