Saturday, September 24, 2011

ഇടത് യുവസംഘടനകളുടെ ഗതികേട്


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഇടതുപക്ഷ യുവജന സംഘടനകള്‍ ഈ മാസം 26-ാം തീയതി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനൊരുങ്ങുന്നു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തെപ്പറ്റി യു.ഡി.എഫ് സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമാരംഭിച്ചു എന്ന ഏതോ അറിവിന്റെ അടിസ്ഥാനത്തിലാണ് ഇടത് യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. നിഴലിനോട് യുദ്ധം ചെയ്യാന്‍ രസമായിരിക്കും. അവിടെ തോല്‍വിയും ജയവും ഇല്ല. അതുപോലെ ഒരു നിഴല്‍വേട്ടയാണ് ഇടതുയുവാക്കളുടെ ഈ സമരമെന്ന് കരുതാം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസ്സാണ്. കുറുക്കുവഴിയേ പെന്‍ഷന്‍ ഏകീകരണം എന്ന പേരില്‍ അത് ഒരു വയസ്സോളം നീട്ടിക്കൊടുത്തത് കഴിഞ്ഞ ഇടതുസര്‍ക്കാരാണ്. തികച്ചും വികലവും അശാസ്ത്രീയവുമായിരുന്നു ആ നടപടി. എന്തെന്നാല്‍ പലദിവസങ്ങളായി സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടവരെല്ലാം മാര്‍ച്ച് 31-ാം തീയതി കൂട്ടത്തോടെ പണി നിര്‍ത്തിപ്പോകേണ്ട അവസ്ഥ അതുമൂലം ഉണ്ടായി. പി.എസ്.സി വഴിയുള്ള നിയമനം പലതരം ഘട്ടങ്ങളില്‍ കിടക്കുമ്പോള്‍ ഒറ്റയടിക്ക് വിരമിക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരുടെ ഒഴിവ് പിറ്റേദിവസം തന്നെ നികത്താന്‍ പ്രായോഗിക വിഷമതയുണ്ട്. വിരമിക്കുന്നവരുടെയെല്ലാം പെന്‍ഷന്‍ ആനുകൂല്യം കൊടുത്തുതീര്‍ക്കാനും വിഷമം നേരിടുന്നു.  കഴിഞ്ഞ രണ്ടുവര്‍ഷം ഈ തുഗ്ലക്ക് പരിഷ്‌കാരത്തിന്റെ കെടുതി സംസ്ഥാനം അനുഭവിച്ചു. ഓഫീസുകള്‍ മുഴുവന്‍ മാര്‍ച്ച് മാസം വിരമിക്കുന്നവരുടെ യാത്രയയപ്പ് ബഹളങ്ങളില്‍ മുങ്ങി. ഓഫീസിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.
 
ചില വകുപ്പുകള്‍ക്ക് പെന്‍ഷന്‍ ആകുന്നവരുടെ ആനുകൂല്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ജോലി മാത്രം ചെയ്യാനേ നേരമുണ്ടായുള്ളൂ. ഇതുമൂലം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നാട്ടുകാര്‍ക്ക് ലഭിക്കേണ്ട അവശ്യസേവനങ്ങള്‍ പോലും തടസ്സപ്പെട്ടു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വാഭാവികമായും ആലോചിച്ചിരിക്കാം. വര്‍ഷാവര്‍ഷം പെന്‍ഷന്‍ ഏകീകരണത്തിന്റെ പേരില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇടതുസര്‍ക്കാര്‍ ഇതുപോലെ പല കന്നംതിരിവുകളും ചെയ്തുവെച്ചിട്ടുണ്ട്. അതൊക്കെ മാറ്റിയെടുക്കേണ്ടത് ഉത്തരവാദിത്വമുള്ള ഭരണാധികാരികളുടെ ചുമതലയാണ്. അത് ചെയ്യാനുള്ള ആലോചന ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തി. പെന്‍ഷന്‍ ഏകീകരണത്തിന് പകരം പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന സര്‍വീസ് സംഘടനകളുടെ ചിരകാല ആവശ്യം സ്വാഭാവികമായും സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിന്റെ മുന്നില്‍ വച്ചിട്ടുണ്ടാകാം. അതില്‍ ഇടതുപക്ഷ സംഘടനകളും ഉള്‍പ്പെടും. യുവജനങ്ങളുടെ തൊഴില്‍ അവസരം നഷ്ടപ്പെടും എന്നുകരുതി ആരും ആ ആവശ്യത്തില്‍ നിന്ന് മാറിനിന്നിട്ടില്ല. ഇപ്പോള്‍ ഇടതു യുവാക്കള്‍ ഇല്ലാത്ത തീരുമാനത്തിനെതിരെ സമരം പ്രഖ്യാപിച്ച് രംഗത്തുവരുമ്പോള്‍ സി.പി.എം ഉള്‍പ്പെടെ ഇടതുപക്ഷ സംഘടനകള്‍ക്ക് ഈ വിഷയത്തിലുള്ള നിലപാട് എന്തെന്ന് പരസ്യമായി വ്യക്തമാക്കാന്‍ ബാധ്യതയുണ്ട്. 
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിലനില്‍ക്കുന്ന ഏകസംസ്ഥാനം കേരളമാണ്.
 
രൂക്ഷമായ തൊഴിലില്ലായ്മ നിലനിന്ന കാലത്ത് ഇ.എം.എസ് സര്‍ക്കാരാണ് കേരളത്തിലെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 55 വയസ്സായി കുറച്ചത്. ഇത് പുനഃപരിശോധിക്കാന്‍ സമയമായി എന്ന് ബോധ്യമുള്ളതുകൊണ്ടാകണമെല്ലോ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പെന്‍ഷന്‍ ഏകീകരണമെന്ന പേരില്‍ ഒരുകൊല്ലത്തോളം വിരമിക്കല്‍ കാലാവധി നീട്ടിക്കൊടുത്തത്. അപ്രായോഗികവും അശാസ്ത്രീയവുമായ ആ നടപടിയ്‌ക്കെതിരെ ഇപ്പോള്‍ സമരസജ്ജരായി രംഗത്തുവന്നിരിക്കുന്ന യുവസംഘടനകളെ അന്നൊന്നും കണ്ടില്ല. തൊഴിലില്ലായ്മയോ യുവാക്കളുടെ ക്ഷേമമോ ഒന്നുമല്ല ഈ സംഘടനകളുടെ പ്രഖ്യാപിത സമരത്തിന്റെ ലക്ഷ്യം. കക്ഷിരാഷ്ട്രീയത്തിന്റെ കുന്നായ്മകളില്‍ പ്രതിഷേധിച്ച് അകന്നുകൊണ്ടിരിക്കുന്ന അണികളെ പിടിച്ചുനിര്‍ത്തണം. തികച്ചും സ്വാര്‍ത്ഥമായ രാഷ്ട്രീയലാഭത്തിനുവേണ്ടി ജനവിരുദ്ധ സമരം നടത്താന്‍ മടിയില്ലാത്തവര്‍ സമരവിഷയം തിരഞ്ഞ് ഇല്ലാത്ത തീരുമാനത്തിനെതിരെ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുമ്പോള്‍ സാമാന്യജനം ചിരിക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.