Monday, September 26, 2011

ശശിയുടെ ഭീഷണി; കോടിയേരിയെ രക്ഷിക്കാന്‍ സി കെ പിയെ ബലിയാടാക്കി


കോഴിക്കോട്: നേരിട്ടു ബന്ധമില്ലാതെ, തന്റേതല്ലാത്ത കുറ്റങ്ങള്‍ ചുമത്തി സി കെ പി പത്മനാഭനെതിരായ നടപടി സി പി എം നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. ലൈംഗികാരോപണത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പടിക്കു പുറത്താക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ
പി ശശിയുടെ ഭീഷണിയെ തുടര്‍ന്ന് നേതൃത്വം സി കെ പിയെ ബലിയാടാക്കിയെന്നാണ് പുതിയ വിവാദം. പാര്‍ട്ടിയില്‍ വിവാദങ്ങളിലൊന്നം പെടാതെ അച്ചടക്കം പാലിച്ച് അണികളില്‍പോലും സുസമ്മതനായ സി കെ പിയെ കുരുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. തനിക്കെതിരെ നടപടി വന്നതോടെ അതിനു കാരണക്കാരനായ സി കെ പിയെ ഒതുക്കാന് ശശി നേരത്തെതന്നെ നേതൃത്വത്തില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. സി കെ പിയെ കുരുക്കുന്നതോടൊപ്പം കര്‍ഷക സംഘം സെക്രട്ടറിയും തന്റെ ഇഷ്ടക്കാരനുമായ കോടിയേരി ബാലകൃഷ്ണനെ രക്ഷപ്പെടുത്തുക എന്നതുമായിരുന്നു ശശിയുടെ തന്ത്രം. ശശിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നില്‍ പ്രധാന കണ്ണി സി കെ പിയായിരുന്നുവെന്നാണ് ശശിയുടെ നിഗമനം. പ്രശ്‌നം നേതൃത്വം മുഖവിലക്കെടുക്കാതിരുന്നിട്ടും ആയത് വിവാദമാക്കി വി എസ് അച്യുതാനന്ദനില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതും സി കെ പിയാണത്രെ. നടപടിയെടുത്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന വി എസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശശിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നത്. ഇതിന്റെ പകതീര്‍ക്കലായിരുന്നു കരുത്തുറ്റ വി എസ് പക്ഷക്കാരനായിരുന്ന സി കെ പിക്കെതിരെ ശശി കളിച്ചത്.
 
എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നേതൃത്വം ശശിയുടെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. തന്നെ കുരുക്കിയവരെ ഒതുക്കിയില്ലെങ്കില്‍ നേതാക്കളെ കുറിച്ചുള്ള എല്ലാ കഥകളും പുറത്തറിയുമെന്നായിരുന്നു പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് ശശി നല്‍കിയതാക്കീത്. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍, കോട്ടമുറിക്കല്‍, ശശി തുടങ്ങിയവര്‍ക്കെതിരെയുള്ള നടപടികളില്‍ അണികള്‍ പ്രതികരിക്കുന്നില്ലെങ്കിലും സി കെ പി പത്മനാഭനെതിരെ അകാരണമായി നേതൃത്വം കൈക്കൊണ്ട നടപടിയില്‍ അവര്‍ ക്ഷുഭിതരാണ്. സംഭവം ബ്രാഞ്ചു സമ്മേളനങ്ങളിലും മറ്റും ഏറെ വിവാദമായിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും പ്രശ്‌നം ചര്‍ച്ചാവിഷയമാകുമെന്നാണ് ചില നേതാക്കളില്‍നിന്നുള്ള സൂചന.കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് തട്ടിയെടുത്തത് ഓഫീസ് സെക്രട്ടറിയാണെന്ന് വ്യക്തമായിരിക്കെ സംസ്ഥാന സെക്രട്ടറി സി കെ പി ക്കെതിരെ നടപടിക്ക് മുതിര്‍ന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ചേതോവികാരമെന്തെന്നാണ് പാര്‍ട്ടിക്കിടയില്‍ ഉയരുന്ന ചോദ്യം. വിവാദ സംഭവം നടക്കുന്ന വേളയില്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു കര്‍ഷക സംഘം സംസ്ഥാനട്രഷറര്‍. അങ്ങിനെയാണെങ്കില്‍ ഫണ്ട് ക്രമക്കേട് നടത്തിയ സംഭവത്തില്‍ കോടിയേരിയും കുറ്റക്കാരനല്ലേ? സി കെ പി പത്മനാഭന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്. ബഹുജന സംഘടനകളുടെ അക്കൗണ്ടുകള്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നീ ഭാരവാഹികളില്‍ ആരെങ്കിലും രണ്ടുപേര്‍ സംയുക്തമായി കൈകാര്യം ചെയ്യണമെന്നാണ് കീഴ്‌വഴക്കം. കര്‍ഷകസംഘം ഫണ്ടിന്റെ കാര്യത്തില്‍ ഈ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും പത്മനാഭന്‍ ഒറ്റക്കാണ് അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘം ട്രഷററായിരുന്നിട്ടും കോടിയേരി ബാലകൃഷ്ണന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
 
പി ശശി പുറത്തായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് സി കെ പിക്കെതിരെയും മറ്റൊരു തരത്തില്‍ നടപടിയുണ്ടായത്. ഇത് പാര്‍ട്ടിയില്‍ ഏറെ സംശയമുണര്‍ത്തുന്നു. കര്‍ഷകസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ച നേരത്തെതന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണെങ്കിലും ശശിക്കെതിരെ നടപടി വന്നശേഷമാണ് സി കെ പിക്കെതിരെ നീക്കങ്ങള്‍ തുടങ്ങിയത്. അതെസമയം സംഘം ഫണ്ടിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കാന്‍ ബാധ്യതപ്പെട്ട ട്രഷററായ കോടിയേരിക്കെതിരെ ഒരക്ഷരംപോലും മിണ്ടാനോ ചോദിക്കാനോ നേതൃത്വം തയ്യാറാവാതിരുന്നത് പി ശശിയുടെ ഭീഷണിക്ക് മുന്നില്‍ ഭയന്നാണെന്ന് ഇപ്പോള്‍ ഉയരുന്ന കോടിയേരി വിവാദം വ്യക്തമാക്കുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.